വിദ്യാഭ്യാസ വായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കിയതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് നടന്നുവരുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ തീരുമാനം. വിദ്യാർത്ഥികൾക്ക് സാമ്പത്തിക ആശ്വാസം നൽകുക, അതുവഴി വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബിഹാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് യോജന’ (Bihar Student Credit Card Yojana) പ്രകാരം എടുത്ത എല്ലാ വിദ്യാഭ്യാസ വായ്പകളുടെയും പലിശ പൂർണ്ണമായും ഒഴിവാക്കുന്നതായാണ് നിതീഷ് കുമാർ വ്യക്തമാക്കി. ഇനിമുതൽ വിദ്യാർത്ഥികൾ മുതലായ തുക മാത്രം തിരിച്ചടച്ചാൽ മതിയാകുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. 2016 ഒക്ടോബർ 2ന് ‘സെവൻ നിശ്ചയ് യോജന’യുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി, 12-ാം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി 4 ലക്ഷം രൂപ വരെ വായ്പ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്. പുതിയ മാറ്റത്തിലൂടെ, വിദ്യാർത്ഥികൾക്ക് പലിശയില്ലാതെ പഠനം തുടരാനുള്ള അവസരമാണ് ലഭിക്കുന്നത്.
മുമ്പ്, ഈ പദ്ധതിക്ക് കീഴിൽ സാധാരണക്കാരോട് 4 ശതമാനം പലിശയാണ് ഈടാക്കിയിരുന്നത്. അതേസമയം, സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾ എന്നിവർക്ക് വെറും 1 ശതമാനം പലിശ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പുതിയ പ്രഖ്യാപനമനുസരിച്ച് ഈ പലിശ നിരക്കുകളെല്ലാം പൂർണ്ണമായും ഒഴിവാക്കി. ഇനിമുതൽ, ഏത് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയാണെങ്കിലും പലിശയില്ലാതെ തന്നെ വായ്പ തിരിച്ചടയ്ക്കാം. “സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്കീമിന് കീഴിൽ നൽകുന്ന വിദ്യാഭ്യാസ വായ്പ തുക ഇനി പലിശരഹിതമായിരിക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചു.
പലിശരഹിത വായ്പകൾക്ക് പുറമെ, വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധിയും സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു. നേരത്തെ 2 ലക്ഷം രൂപ വരെയുള്ള വായ്പകൾ 60 പ്രതിമാസ ഗഡുക്കളായി (അഞ്ച് വർഷം) തിരിച്ചടയ്‌ക്കേണ്ടിയിരുന്നു. എന്നാൽ, ഇപ്പോൾ ഇത് 84 പ്രതിമാസ ഗഡുക്കളായി (ഏഴ് വർഷം) വർദ്ധിപ്പിച്ചിട്ടുണ്ട്. 2 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് തിരിച്ചടവ് കാലാവധി 84 മാസത്തിൽ (ഏഴ് വർഷം) നിന്ന് 120 മാസമായി (10 വർഷം) വർദ്ധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ആശ്വാസം നൽകും.
ഈ മാറ്റം കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും, അതുപോലെ വിദ്യാർത്ഥികളെ കൂടുതൽ അർപ്പണബോധത്തോടെ ഉന്നത വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്ക് ഇത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. വരുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി നേടാനുള്ള ഒരു നീക്കമായിട്ടാണ് ഇതിനെ രാഷ്ട്രീയ എതിരാളികൾ വിലയിരുത്തുന്നത്. സംസ്ഥാനത്തെ യുവജനങ്ങളെ ആകർഷിക്കാൻ ഇത് സഹായകമാകും. ഈ തീരുമാനം വായ്പയെടുത്ത വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുമെങ്കിലും, തിരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ഈ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയപരമായ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ളതാണെന്ന വാദം തള്ളിക്കളയാനാവില്ല.
content summary: Bihar CM waives interest on educational loans, a move for students or votes ?