UPDATES

വിദേശം

‘വിശുദ്ധ നഗര’ത്തില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് ഗൂഢാലോചനയും ജറുസലേമിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ജൂത ഭീഷണിയും

വിശുദ്ധ നഗരത്തിലെ ക്രിസ്ത്യാനികള്‍ ജൂതരില്‍ നിന്നും ‘ അസ്തിത്വ ഭീഷണി’ നേരിടുകയാണെന്ന് ജറുസലേം അര്‍മേനിയന്‍ പാത്രിയാര്‍ക്കേറ്റ്

                       

വിശുദ്ധ നഗരത്തിലെ ക്രിസ്ത്യാനികള്‍ ജൂതരില്‍ നിന്നും ‘ അസ്തിത്വ ഭീഷണി’ നേരിടുകയാണെന്ന് ജറുസലേം അര്‍മേനിയന്‍ പാത്രിയാര്‍ക്കേറ്റ്. 2023 നവംബര്‍ 16 നു പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ നേരിടേണ്ടി വരുന്ന ജൂത അധിനിവേശത്തിന്റെ ഭീകരതയെക്കുറിച്ച് വെളിപ്പെടുത്തുന്നത്. 16-ാം നൂറ്റാണ്ടിന്റെ ചരിത്രം മുതല്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ അസ്തിത്വ ഭീഷണി നേരിടുകയാണ്. ഇന്നത് ജറുസലേമിലെ എല്ലാ വിഭാഗം ക്രിസ്ത്യനികളും നേരിടേണ്ടി വരികയാണെന്നും അര്‍മേനിയന്‍ പാത്രിയാര്‍ക്കെറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഒന്നാണ് സമ്പന്നമായ ചരിത്രമുള്ള അര്‍മേനിയന്‍ പാത്രിയാര്‍ക്കേറ്റ് അഥവ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭ. ആഗോളതലത്തില്‍ വിശേഷ പ്രാധാന്യമുള്ളതാണ് ജറുസലേമിലെ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭ. ‘വിശുദ്ധ നഗര’മായ ജറുസലേമിലെ അര്‍മേനിയന്‍ ക്രിസ്ത്യാനി സമൂഹത്തിന്റെ നേതൃത്വം സഭയ്ക്കാണ്. ജറുസലേമിലെ അര്‍മേനിയന്‍ ക്വാര്‍ട്ടറിലാണ് സഭ ആസ്ഥാനം. ജറുസലേം പഴയ നഗരത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തായാണ് അര്‍മേനിയന്‍ ക്വാര്‍ട്ടര്‍. മതിലുകളാല്‍ ചുറ്റപ്പെട്ട പഴയ നഗരത്തിലെ നാല് ഭാഗങ്ങളില്‍ ഒന്നാണ് അര്‍മേനിയന്‍ ക്വാര്‍ട്ടര്‍. അര്‍മേനിയന്‍ ക്രിസ്ത്യന്‍ സമൂഹം വസിച്ചുപോരുന്ന പ്രദേശമാണ് അര്‍മേനിയന്‍ ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്. ചരിത്രപരമായൊരു സ്ഥാനമാണ് ഈ സമൂഹത്തിന് ജറുസലേമിലുള്ളിത്. നൂറ്റാണ്ടുകളായി ആ ജനവിഭാഗം താമസിച്ചു പോരുന്ന പ്രദേശത്താണ് ഇപ്പോള്‍ ജൂത കുടിയേറ്റത്തിന്റെ ഭീകരത വര്‍ദ്ധിച്ചുവരുന്നതായി ക്രിസ്ത്യന്‍ സഭ നേതൃത്വം ലോകത്തോട് പറയുന്നത്. അര്‍മേനിയന്‍ ക്വാര്‍ട്ടറില്‍ നിയമപരമായ യാതൊരു രേഖകളോ മുന്നറിയിപ്പുകളോ ഇല്ലാതെ പൊലീസും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് വലിയ തോതിലുള്ള നശീകരണങ്ങളും ഒഴിപ്പിക്കലുകളും സമീപ ദിവസങ്ങളിലായി നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പരാതി. അര്‍മേനിയന്‍ സമൂഹത്തിലെ എല്ലാവരും പ്രദേശം വിട്ടുപോകണമെന്ന ഭീഷണിയാണ് മുഴക്കിയിട്ടുള്ളതെന്നും സഭ പറയുന്നു.

ജറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യം നിലനിര്‍ത്താന്‍ വിശുദ്ധ നഗരത്തിലെ എല്ലാ ക്രിസ്ത്യന്‍ സഭകളും ഒരുമിച്ച് നിന്ന് മുന്നനുഭവമില്ലാത്ത ഈ സാഹചര്യത്തെ നേരിടണമെന്നാണ് അര്‍മേനിയന്‍ പാത്രിയാര്‍ക്കേറ്റ് അഭ്യര്‍ത്ഥിക്കുന്നത്.

അര്‍മേനിയന്‍ ഗാര്‍ഡന്‍ അഥവ കൗസ് ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന ജറുസലേമിലെ പ്രദേശത്ത് നിന്നും എല്ലാ അര്‍മേനിയക്കാരും ഒഴിഞ്ഞു പോകണമെന്നാണു പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അവിടെ അനധികൃത നിര്‍മാണങ്ങള്‍ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അര്‍മേനിയക്കാര്‍ ആരോപിക്കുന്നു. ഇതിനെതിരേ സഭയുടെ നേതൃത്വത്തില്‍ പ്രതിരോധം ശക്തമാണ്. വേലികള്‍കെട്ടിയും കാറുകള്‍ നിരത്തിയിട്ടും അവര്‍ കൗസ് ഗാര്‍ഡനിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണില്‍ യാതൊരുവിധ അനധികൃത നിര്‍മാണങ്ങളും അനുവദിക്കില്ലെന്നാണ് അര്‍മേനിയക്കാരുടെ മുന്നറിയിപ്പ്.

ചതിയിലൂടെ ഉണ്ടാക്കിയൊരു കരാരിന്റെ പുറത്താണ് അര്‍മേനിയന്‍ ക്വാര്‍ട്ടറില്‍ ജൂത അധിനിവേശം നടത്തുന്നതെന്നാണ് പരാതി.

ജറുസലേം അര്‍മേനിയന്‍ അപ്പസ്‌തോലിക സഭ ആര്‍ച്ച് ബിഷപ്പ് നൂര്‍ഹാന്‍ മനോഗിയന്‍ അര്‍മേനിയന്‍ ക്വാര്‍ട്ടറില്‍ ഉള്‍പ്പെട്ട കൗസ് ഗാര്‍ഡന്‍ പ്രദേശം ഒരു നിഗൂഡ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ ഓസ്‌ട്രേലിയന്‍ ജൂത ബിസിനസുകാരന് 99 വര്‍ഷത്തെ പാട്ടത്തിന് കൊടുക്കാന്‍ കരാര്‍ ഒപ്പിട്ടു. യഥാര്‍ത്ഥത്തില്‍, അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയിലെ ഒരു വികാരിയുടെ ചതിയായിരുന്നു ആ കരാര്‍. സഭയുടെ റിയല്‍ എസ്‌റ്റേറ്റ് ഡയറക്ടറായിരുന്ന ബാരറ്റ് യെറെറ്റ്‌സന്‍ ആണ് തന്റെ ജനങ്ങളെ ഒറ്റുകൊടുത്തത്. ഇയാള്‍ ഇപ്പോള്‍ തെക്കന്‍ കാലിഫോര്‍ണിയായില്‍ പ്രവാസത്തില്‍ കഴിയുകയാണ്. കൗസ് ഗാര്‍ഡനില്‍ ഒരു ആഢംബര ഹോട്ടല്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ നടന്നൊരു ഗൂഢാലോചനയില്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് നൂര്‍ഹാന്‍ മനോഗിയന്‍, ആര്‍ച്ച് ബിഷപ്പ് സെവാന്‍ ഗറിബിയാന്‍, വിവാദ ബിസിനസുകാരന്‍ ഡാനിയേല്‍ റൂബെന്‍സ്റ്റെന്‍ എന്ന ഡാനി റോത്ത്മാന്‍ എന്നിവരും പങ്കാളികളായിരുന്നു.

നഗോര്‍ണോ-കറബാക്കിലെ വംശീയ പോരാട്ടം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

2021 -ല്‍ വളരെ രഹസ്യമായാണ് കരാര്‍ ഒപ്പ് വയ്ക്കല്‍ നടന്നത്. കൗസ് ഗാര്‍ഡന്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതാണ് കരാര്‍. ഈ വര്‍ഷം മേയില്‍ ആണ് വിവരം പുറത്താകുന്നത്. അര്‍മേനിയന്‍ ക്വാര്‍ട്ടറിലെ തന്ത്രപ്രധാനമായ പ്രദേശമാണ് കൗസ് ഗാര്‍ഡന്‍. 2021 മുതല്‍ മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ് ഇവിടം. യഹൂദരുടെ പുണ്യസ്ഥാനമായ ‘വിലാപ മതിലില്‍'(പടിഞ്ഞാറന്‍ മതില്‍) പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയയായി ഇവിടം ഉപയോഗിക്കുന്നുണ്ട്. ഈ കരാര്‍ വലിയ കുഴപ്പങ്ങള്‍ക്കാണ് കാരണമായത്. അര്‍മേനിയന്‍ ക്വാര്‍ട്ടറിന്റെ പൂര്‍ണാധികാരത്തിനു വേണ്ടി പൊരുതുന്ന ജനങ്ങളെ വഞ്ചിക്കുന്ന ഒന്നായിരുന്നുവത്. ഈ പ്രദേശത്ത് പരാവസ്തുഖനനം നടത്തിയ സമയത്ത് ബൈസാന്റിയന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. അതെല്ലാം കൊണ്ട് തന്നെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഈ പ്രദേശം വൈകാരികമായ ഇടമാണ്.

കരാര്‍ തങ്ങളെ ചതിക്കുന്നതാണെന്ന് അര്‍മേനിയന്‍ സമൂഹം തിരിച്ചറിഞ്ഞതോടെ അവര്‍ കരാര്‍ റദ്ദാക്കുന്നതിനായി പോരാട്ടം തുടങ്ങി. ജറുസലേമിലെ ഭൂമി ഇസ്രയേലികള്‍ക്ക് വിറ്റഴിക്കുന്നതാണ് കരാര്‍ എന്നു പലസ്തീന്‍ കുറ്റപ്പെടുത്തി. ജോര്‍ദ്ദാനും കരാറിനെതിരേ രംഗത്തു വന്നു. സഭാ നേതൃത്വവും ഈ ചതിക്കരാര്‍ നിലനില്‍ക്കുന്നതല്ലെന്നു വാദിച്ചു. അര്‍മേനിയന്‍ സിനഡില്‍ വോട്ടെടുപ്പ് നടത്തി അംഗീകാരം നേടാത്ത കരാര്‍ ആയതിനാല്‍ നിയമസാധുതയില്ലെന്ന് സഭ നേതൃത്വം പറഞ്ഞത്. ‘അനര്‍ഹമായ പ്രാതിനിധ്യം,, അനാവശ്യ സ്വാധീനം, നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ എന്നിവയാല്‍ കളങ്കപ്പെട്ടിരുന്ന കരാര്‍’ ആണെതെന്ന് ചൂണ്ടിക്കാണിച്ച് അര്‍മേനിയന്‍ അപ്പസ്‌തോലിക സഭ കരാര്‍ റദ്ദാക്കി. എന്നാല്‍, കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള സഭയുടെ നിയമപരമായ നിലപാട് അവഗണിച്ചുകൊണ്ട് കൗസ് ഗാര്‍ഡനില്‍ അനധികൃത നിര്‍മാണം നടത്താനാണ് ജൂത ഗൂഢാലോചന സംഘം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബിസിനസ് താത്പര്യത്തിനപ്പുറം ഈ മേഖലയില്‍ ജൂത കുടിയേറ്റക്കാര്‍ അവകാശവാദം ഉന്നയിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നാണ് അര്‍മേനിയന്‍ ക്വാര്‍ട്ടര്‍ പ്രതിരോധ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അര്‍മേനിയന്‍ ക്വാര്‍ട്ടറിന്റെ 25 ശതമാനം പാട്ടത്തിന് എടുക്കാനുള്ള വിവാദ കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള അപ്പസ്‌തോലിക സഭയുടെ കത്ത് അവഗണിച്ചുകൊണ്ട് പ്രദേവാസികളുടെ സ്വത്തു വകകള്‍ അനധികൃതമായി പൊളിച്ചു നീക്കുകയാണെന്നാണ് സഭ നേതൃത്വം പറയുന്നത്. എല്ലാ അര്‍മേനിയക്കാരും പ്രദേശം വിട്ടൊഴിഞ്ഞു പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അപ്പസ്‌തോലിക സഭ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച്ച കൗസ് ഗാര്‍ഡനിലെത്തിയ ജൂത കുടിയേറ്റ സംഘത്തെ അവിടുത്തെ അര്‍മേനിയന്‍ താമസക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പൊലീസ് മൂന്ന് അര്‍മേനിയക്കാരെ അറസ്റ്റ് ചെയ്തു, അതിലൊന്ന് പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് പരാതി. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ജറുസലേം പൊലീസ് ജൂതരെ സഹായിക്കുകയും ക്രിസ്ത്യാനികളെ കുറ്റവാളികളാക്കുകയുമാണ് ചെയ്യുന്നത്. പൊലീസുകാര്‍ ചെയ്യുന്നത് ജൂതരെ കൗസ് ഗാര്‍ഡനില്‍ താമസിപ്പിക്കാനുള്ള സഹായങ്ങളാണെന്നും അര്‍മേനിയന്‍ സമൂഹം ആരോപിക്കുന്നു. ആ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചെടുക്കുകയാണ് അതുവഴിയവര്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ജൂതരെ തങ്ങളുടെ പ്രദേശത്ത് അധിവസിപ്പിക്കാനുള്ള ശ്രമങ്ങളെ അവിടെയുള്ള അര്‍മേനിയക്കാര്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധിക്കുകയാണ്. സമാധാനപരമായാണ് ഇത്തരം പ്രതിരോധങ്ങള്‍ അര്‍മേനിയക്കാര്‍ നടത്തുന്നതെങ്കിലും മറുഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ അന്തരീക്ഷം പ്രക്ഷുബ്ധമാക്കുകയാണെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ ദേശീയ സുരക്ഷ വകുപ്പ് മന്ത്രി ഇതാമര്‍ ബെന്‍-ഗ്വിറുമായി ബന്ധമുള്ള ജൂത കുടിയേറ്റക്കാരാണ് കൗസ് ഗാര്‍ഡനില്‍ അധിനിവേശം നടത്തുന്നതെന്നാണ് ആക്ഷേപം. ഇവരെ ഉപയോഗിച്ചാണ് റിയല്‍ എസ്‌റ്റേറ്റ് താത്പര്യക്കാര്‍ പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ആയുധധാരികളായ സംഘത്തെ അവര്‍ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. അര്‍മേനിയക്കാരുടെ സ്വത്തുവകകള്‍ പൊളിച്ചൂ നീക്കുകയാണ്. പ്രദേശവാസികളെ പ്രകോപിച്ചിട്ട് ഏറ്റുമുട്ടലിനുള്ള കളമൊരുക്കുകയുമൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ ഭരണകൂടത്തിന്റെ അനുവാദം ഇത്തരം പ്രവര്‍ത്തികള്‍ക്ക് കിട്ടുന്നുണ്ടെന്നും വിവരങ്ങളുണ്ട്. വിവാദ വ്യവസായി ഡാനി റോത്ത്മാനും, കുടിയേറ്റ-അധിനിവേശ പ്രസ്ഥാനങ്ങളുടെ പിന്തുണക്കാരിയായ സാദിയ ഹെര്‍ഷ്‌കോപ്പുമാണ് അര്‍മേനിയന്‍ ക്വാര്‍ട്ടറിലെ ജൂത അധിനിവേശത്തിന് നേതൃത്വം കൊടുക്കുന്നവരെന്നാണ് വിവരം. ഇസ്രയേല്‍ ദേശ സുരക്ഷ മന്ത്രി ബെന്‍-ഗ്വിറുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് സാദിയ ഹെര്‍ഷ്‌കോപ്പ്. 2005-ല്‍ പലസ്തീന്‍ അറബുകള്‍ക്കെതിരേ ഷെഫ്-അമ്‌റില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കാളിത്തമുണ്ടെന്ന് സാദിയയ്‌ക്കെതിരേ ആരോപണമുണ്ട്.

ജറുസലേമിലെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരേ സമീപ മാസങ്ങളിലായി വലിയ തോതില്‍ ജൂത അതിക്രമങ്ങള്‍ നടന്നു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസ ഘോഷയാത്രകള്‍ക്ക് നേരെ അക്രമം നടത്തുക, സെമിത്തേരികളും ആരാധാനാലയങ്ങളും തകര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇസ്രയേല്‍ സര്‍ക്കാരിന്റെ പിന്തുണയോടെ നടന്നു വരികയാണെന്നാണ് ക്രിസ്ത്യന്‍ സഭ നേതൃത്വങ്ങളുടെ പരാതി. ഇത്തരം അക്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ക്രിസ്ത്യന്‍ വിശ്വാസികളെ പുറത്താക്കി കൊണ്ട് അവരുടെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും.

അര്‍മേനിയന്‍ ക്വാര്‍ട്ടറില്‍ കടന്നു കൂടിയ ജൂത അധിനിവേശക്കാര്‍ എങ്ങനെയാണ് അവിടെ അരാജകത്വം ഉണ്ടാക്കുന്നതെന്ന് പ്രശസ്ത സ്‌കോടിഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ എക്‌സില്‍ എഴുതിയിട്ടുണ്ട്. അര്‍മേനിയന്‍ അപ്പസ്‌തോലികയുടെ പ്രസ്തവാന പങ്കുവച്ചുകൊണ്ടാണ് തന്റെ അനുഭവം വില്യം പറയുന്നത്. 1994-ല്‍ ഏതാനും ആഴ്ച്ചകള്‍ വില്യം അര്‍മേനിയന്‍ ക്വാര്‍ട്ടറില്‍ താമസിച്ചിരുന്നു. അവിടെയുണ്ടായിരുന്ന സായുധരായ കുടിയേറ്റക്കാര്‍(ജൂതര്‍) ‘ അറബികള്‍ക്ക് മരണം’ എന്നാക്രോശിക്കുന്നത് താന്‍ സ്ഥിരം കേള്‍ക്കാറുള്ളതായിരുന്നുവെന്നു വില്യം പറയുന്നു. അവര്‍(ജൂതര്‍) മതിലിന് സമീപത്തുകൂടി പോകുന്ന വഴിക്ക് വീടുകളുടെ ജനാലകളും കടകളുമൊക്കെ തകര്‍ത്തുകൊണ്ടാണ് പോകുന്നതെന്നും വില്യം ഡാല്‍റിംപിള്‍ എഴുതുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍