UPDATES

പാകിസ്താനില്‍ നിന്നും ഇന്ത്യ നേരിടുന്ന ഡ്രോണ്‍ ഭീഷണി

അതിര്‍ത്തി കടന്നുള്ള ലഹരി-ആയുധ കടത്തിന് പുതിയ വഴി

                       

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യ നേരിടുന്ന പുതിയ ഭീഷണിയാണ് ഡ്രോണുകള്‍ വഴി വിതരണം ചെയ്യപ്പെടുന്ന മയക്കുമരുന്നുകളും ആയുധങ്ങളും. ഇന്ത്യന്‍ അതിര്‍ത്തി രക്ഷ സേന ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഖ്യമായ പോരാട്ടം ഈ ‘ ഡ്രോണ്‍’ ഭീഷണിക്കെതിരെയാണെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പഞ്ചാബില്‍ ലഹരി വില്‍പ്പനയും ഉപയോഗവും അമിതമായി വര്‍ദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം അതിര്‍ത്തി കടന്നു വരുന്ന മയക്കുമരുന്നുകളാണ്. മുന്‍പ് മനുഷ്യര്‍ അതിര്‍ത്തി വേലികള്‍ നുഴഞ്ഞു കയറിയാണ് ലഹരി കൈമാറ്റം നടത്തിയിരുന്നതെങ്കില്‍, ഇപ്പോഴത് ഡ്രോണ്‍ വഴിയാണെന്നത് ഇന്ത്യന്‍ സേനയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

പഞ്ചാബ് അതിര്‍ത്തി സംരക്ഷിക്കുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഗാര്‍ഡിയന് നല്‍കിയ വിവരമനുസരിച്ച് പാകിസ്താന്‍ മണ്ണില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ച 90 ഡ്രോണുകളാണ് ഈ വര്‍ഷം മാത്രം പിടിച്ചെടുത്തത്. ഇതൊരു റെക്കോര്‍ഡ് നമ്പര്‍ ആണെന്നാണ് ബിഎസ്എഫ് പറയുന്നത്. ഓരോ മാസവും ഈ നമ്പര്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.

കൂടുതലായും കറുപ്പ്, ഹെറോയിന്‍ എന്നീ മയക്കുമരുന്നുകള്‍ കടത്താനാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ചൈനീസ് നിര്‍മിത റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഇന്ത്യന്‍ മണ്ണിലേക്ക് എത്തിക്കാറുണ്ടെന്നാണ് ബിഎസ്എഫ് പറയുന്നത്.

ഹെക്‌സാകോപ്റ്ററുകള്‍ എന്നറിയപ്പെടുന്ന ഡ്രോണുകളാണ് കടത്തലുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഇവയ്ക്ക് എട്ടടി വരെ വീതിയുണ്ടാകും, ഉയര്‍ന്ന റെസല്യൂഷന്‍ കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ഇത്തരം ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 12 കിലോമീറ്റര്‍ വരെ ഉള്ളിലായി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൈന്യം പറയുന്നത്. ചെറിയ ചാക്കുകളിലോ കൊക്ക കോള കുപ്പികളിലോ ആയിരിക്കും മയക്കുമരുന്നുകള്‍ കടത്തുക.

കഴിഞ്ഞ കുറെ ദശാബ്ദക്കാലമായി തന്നെ പാകിസ്താനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മയക്കുമരുന്ന് കടത്ത് നടന്നു വരുന്നുണ്ട്. മുന്‍പൊക്കെ അതിന് മറ്റു പലവഴികളുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഒട്ടകങ്ങള്‍, പ്രാവുകള്‍ എന്നിവയെ മയക്കുമരുന്ന് കടത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. പിന്നെ അതിര്‍ത്തി നൂളൂന്ന മനുഷ്യരെയും ഉപയോഗിച്ചു. ഭൂഗര്‍ഭ പൈപ്പുകള്‍ വഴിയും അതിര്‍ത്തിയിലെ കനത്ത സുരക്ഷ മറികടന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടത്തിയിരുന്നു.

2019 ഓടെയാണ് ഡ്രോണുകള്‍ പഞ്ചാബ് അതിര്‍ത്തിയില്‍ കണ്ടെത്താന്‍ തുടങ്ങിയതെന്നാണ് ബിഎസ്എഫ് പറയുന്നത്. ലഹരി കടത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനുശേഷം ചുരുങ്ങിയ ആഴ്ച്ചകളില്‍ തന്നെ അഞ്ചോ ആറോ ഡ്രോണുകള്‍ പിടികൂടിയെന്നും ബിഎസ്എഫ് ഗാര്‍ഡിയനോട് പറഞ്ഞു. 2023-ല്‍ നടന്ന ലഹരിക്കടത്തിന്റെ 60 ശതമാനവും ഡ്രോണുകള്‍ വഴിയായിരുന്നു. ഇത് അതിര്‍ത്തിവഴിയുള്ള മയക്കുമരുന്ന് വ്യാപാരത്തെ ‘ അഭിവൃദ്ധി’പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍ കടത്തല്‍ മാധ്യമമായതോടെ ഇന്ത്യന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ പുതിയമാനങ്ങള്‍ തേടേണ്ടി വന്നുവെന്നും അതിര്‍ത്തി രക്ഷ സേന പറയുന്നു. ഭൂമിയില്‍ മാത്രമല്ല, ആകാശത്തും ഏതു സമയവും കണ്ണ് വേണ്ടിവന്നിരിക്കുകയാണെന്നാണ് സൈന്യം പറയുന്നത്. അടുത്ത വര്‍ഷത്തോടെ ഡ്രോണുകള്‍ കൊണ്ടുള്ള ശല്യം തങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നാണ് ബിഎസ്എഫ് പ്രതിജ്ഞയെടുത്തിരിക്കുന്നത്.

അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വയലുകള്‍ക്കിടയിലായിരിക്കും പൊതുവില്‍ മയക്കുമരുന്നുകള്‍ ഡ്രോണുകള്‍ വഴി നിക്ഷേപിക്കുന്നത്. പാകിസ്താനില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള പഞ്ചാബ് ഗ്രാമമായ അട്ടാരിയിലെ വയലുകള്‍ ഇത്തരത്തില്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിക്കുന്ന പ്രധാന ഇടമാണ്. ഈ മേഖലയിലെ വയലുകളില്‍ നിന്നാണ് ഞങ്ങള്‍ കൂടുതലും ഡ്രോണുകള്‍ പിടികൂടിയിരിക്കുന്നത്. അതുപോലെ മയക്കുമരുന്നുകളും. 24 മണിക്കൂറും ഡ്രോമുകള്‍ ഇവിടെ പറന്നിറങ്ങാറുണ്ട്. വളരേെയറ ആശങ്കപ്പെടുത്തുന്ന കാര്യമാണ്, എന്നാലും പൊലീസിന്റെ കൂടെ സഹായത്തോടെ ഡ്രോണുകളും അവയ്‌ക്കൊപ്പമുള്ള ലഹരിവസ്തുക്കളും പിടികൂടാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്’ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ഗാര്‍ഡിയനോട് പറയുന്നു.

ഇത്തരം ലഹരി കടത്തിന് പാകിസ്താന്‍ അധികൃതരുടെ സഹായം കിട്ടുന്നുണ്ടെന്ന സംശയമാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്. ഇന്ത്യ പിടികൂടിയ ഡ്രോണുകള്‍ ഭൂരിഭാഗവും ചൈനീസ് നിര്‍മിതവുമാണ്. അയല്‍പക്കത്തു വരുന്ന ഡ്രോണുകള്‍ ചില സമയങ്ങളില്‍ വെടിവച്ചിടുകയാണ് ചെയ്യുക, അല്ലെങ്കില്‍ ആന്റി-ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കും. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ നൂതനമായ സാങ്കേതിക വിദ്യയുടെ സഹായം തേടാനൊരുങ്ങുകയാണെന്നാണ് ബിഎസ്എഫ് പറയുന്നത്. മുമ്പ്, ഡ്രോണുകളെ പറക്കുമ്പോഴുള്ള ശബ്ദം വഴിയോ അല്ലെങ്കില്‍ അവയില്‍ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകള്‍ വഴിയോ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ സാങ്കേതിക മേന്മയുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്, അവ ശബ്ദം ഇല്ലാതെയും ഒരു കിലോമീറ്ററോളം ഉയരത്തിലും പറക്കുന്നവയാണ്. അത്തരം ഡ്രോണുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അതിനായാണ് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതെന്നാണ് ബിഎസ്എഫ് പറയുന്നത്. ശൈത്യകാലം ലഹരി കടത്തുകാരെ സഹായിക്കുന്ന സമയം കൂടിയാണ്. കനത്ത മഞ്ഞ് അന്തരീക്ഷത്തില്‍ മൂടിനില്‍ക്കുന്ന സമയത്ത് ഡ്രോണുകള്‍ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ബിഎസ്എഫ് പറയുന്നു. മാത്രമല്ല ആന്റി-ഡ്രോണ്‍ ടെക്‌നോളജിയുടെ സാന്നിധ്യം മുന്‍കൂട്ടി കണ്ട് ദിശയും ആവൃത്തിയും വ്യത്യാസപ്പെടുത്താനും കഴിയുന്ന തരത്തില്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചുള്ള ഡ്രോണുകള്‍ ശത്രുക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും 90 ശതമാനം കേസുകളും പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അതിര്‍ത്തി രക്ഷ സേന ദ ഗാര്‍ഡിയനോട് അവകാശപ്പെടുന്നത്.

അനിയന്ത്രിതമായ ലഹരി ഒഴുക്ക് പഞ്ചാബിന്റെ ആരോഗ്യസ്ഥിതി മോശമാക്കി കൊണ്ടിരിക്കുകയാണ്. അത് കൂടുതല്‍ മോശമാക്കുകയാണ് ഡ്രോണുകള്‍. കാരണം, അതിര്‍ത്തി കടന്നു വരുന്ന കറുപ്പും ഹെറോയിനും യഥേഷ്ടം പഞ്ചാബില്‍ കിട്ടുന്നതാണ്. അവയുടെ വരവ് കൂടുമ്പോള്‍ അവ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകും. സുലഭമായും കുറഞ്ഞ വിലയിലും ലഹരി കിട്ടുന്ന സാഹചര്യം കൂടുതല്‍ യുവാക്കളെ അതിന് അടിമകളാക്കുന്നു. പഞ്ചാബില്‍ ലഹരി ഉപയോഗത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്കാളിത്തവും ഞെട്ടിക്കുന്നതരത്തിലാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരും സൈന്യത്തിനൊപ്പം തന്നെ ഡ്രോണ്‍ വേട്ടയില്‍ ആവേശത്തോടെ പങ്കെടുക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍