മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വിമർശനം ഉയർന്നതോടെയാണ് ചിത്രം പിൻവലിച്ചത്.
നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂർണി : ദ ഗോഡസ് ഓഫ് ഫുഡ് നെറ്റ്ഫ്ലിക്സ് പിൻവലിച്ചു. ഡിസംബർ 1 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്. പ്ലാറ്റ്‌ഫോമിൽ പ്രദർശനം ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയിൽ ചിത്രത്തിനെതിരെ മുംബൈ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യപക വിമർശനം ഉയർന്നതോടെയാണ് നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിച്ചത്.
ലോകം മുഴുവൻ ഭഗവാൻ ശ്രീരാമന്റെ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി ഉറ്റുനോക്കുമ്പോൾ ഹിന്ദു വിരുദ്ധ ചിത്രം പ്രദർശിപ്പിക്കുകയാണ് നെറ്റ്ഫ്ലിക്സ് എന്ന് മുംബൈ പോലീസിൽ പരാതി നൽകിയ രമേശ് സോളങ്കി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. സിനിമ നിർമ്മിച്ച സീ സ്റുഡിയോസിന്റെ പേരിലുകൾപ്പെടെ നൽകിയ പരാതിയുടെ പകർപ്പും രമേശ് പങ്കുവച്ചിട്ടുണ്ട്. സിനിമയിൽ ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്നതായി തനിക്ക് തോന്നിയ രംഗങ്ങളും രമേശ് എക്‌സിൽ കുറിച്ചിട്ടുണ്ട്. ” ചിത്രത്തിൽ ഹിന്ദു പൂജാരിയുടെ മകൾ ബിരിയാണി പാചകം ചെയ്യാൻ നമസ്‌കരിക്കുന്നു.ലൗ ജിഹാദിനെയാണ് ഈ സിനിമ പ്രോത്സാഹിപ്പിക്കുന്നത്.
ഭഗവാൻ ശ്രീരാമനും മാംസാഹാരിയാണെന്ന് പറഞ്ഞ്കൊണ്ടാണ് ഫർഹാൻ (ജയ് ) നടിയെ മാംസം കഴിക്കാൻ പ്രേരിപ്പിക്കുന്നത്.”നയൻതാര, ജയ്, നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ശക്തമായതോടെ ജനുവരി 10-ന് നെറ്റ്ഫ്ലിക്‌സ് പ്ലാറ്റ്‌ഫോമിൽ നിന്ന് സിനിമ നീക്കം ചെയ്തു. സീ സ്റ്റുഡിയോസ് വിശ്വഹിന്ദു പരിഷത്തിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. മത വികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം എഡിറ്റ് ചെയ്ത് മറ്റുംവരെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുമെന്നും അറിയിച്ചിരുന്നു. “ഹിന്ദുക്കളുടെയും ബ്രാഹ്മണരുടെയും മതവികാരം വ്രണപ്പെടുത്താൻ സിനിമയുടെ സഹ നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല, അതാത് സമുദായങ്ങളുടെ വികാരങ്ങൾക്കുണ്ടായ അസൗകര്യത്തിനും ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു.” നിർമ്മാതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.