UPDATES

Op-ed

വിജയ് കാണിച്ച ധൈര്യവും നയന്‍താരയുടെ വിധേയത്വവും

നയന്‍താരയുടെ മാപ്പ് അപേക്ഷ കാണുമ്പോള്‍, മനസില്‍ വരുന്നത് 2017 ഒക്ടോബര്‍ 25 ന് പുറത്തു വന്നൊരു പ്രസ്താവനയാണ്

                       

‘അന്നപൂരണി’ മൂലം വികാരം വൃണപ്പെട്ടവരോട് ചിത്രത്തിലെ നായികയും തെന്നിന്ത്യന്‍ സിനിമയിലെ
‘ ലേഡി സൂപ്പര്‍ സ്റ്റാറു’മായ നയന്‍താര മാപ്പ് അപേക്ഷിച്ചു. അതും രാമന്റെ പേരില്‍. ഹിന്ദുത്വം ശിലയിട്ട രാമരാജ്യത്തിന്റെ പ്രതിഷ്ഠ കര്‍മത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഇന്ത്യ എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടുള്ള മാപ്പ് പറച്ചില്‍.

നയന്‍താര മാപ്പ് പറയില്ല എന്ന തെറ്റിദ്ധാരണയൊന്നും ഇല്ലായിരുന്നു, എങ്കിലും കുറച്ച് ആര്‍ജ്ജവം പ്രതീക്ഷിച്ചിരുന്നു. ‘ ജയ് ശ്രീറാം’ വിളിച്ചു മാപ്പ് അപേക്ഷിക്കുന്ന തരത്തില്‍ സംഘപരിവാറിനു മുന്നില്‍ സമ്പൂര്‍ണ കീഴടങ്ങല്‍ നടത്തുമെന്ന് കരുതിയില്ല.

എന്താണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് നയന്‍താരയ്ക്ക് ബോധ്യമുണ്ടായിരിക്കും. കീഴടങ്ങാതെയുള്ള നില്‍നില്‍പ്പ് സാധ്യമാകില്ലെന്നവര്‍ ഭയന്നിരിക്കണം. സ്വന്തം പേരു പോലും തനിക്കെതിരായ ആക്രമണത്തിനുള്ള ആയുധമാക്കപ്പെടുമെന്നവര്‍ പേടിച്ചിട്ടുണ്ടാകണം.

തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും പൊതുവില്‍ കണ്ടുവരുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള വിയോജിപ്പും വിമര്‍ശനവുമായിരുന്നു. അവരുടെ സിനിമകളും സിനിമ പ്രവര്‍ത്തകരും കൃത്യമായ നിലപാടുകള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ പറയുന്നവരാണ്.

നയന്‍താരയുടെ മാപ്പ് അപേക്ഷ കാണുമ്പോള്‍, മനസില്‍ വരുന്നത് 2017 ഒക്ടോബര്‍ 25 ന് പുറത്തു വന്നൊരു പ്രസ്താവനയാണ്. ‘യേശു രക്ഷിക്കുന്നു’ എന്ന തലക്കുറിപ്പോടെയുള്ള ലെറ്റര്‍ പാഡിലെ പേര് സി. ജോസഫ് വിജയ് എന്നായിരുന്നു.

തന്റെ മതം പറഞ്ഞ് ബിജെപി-സംഘപരിവാറുകാര്‍ നടത്തി വന്ന കോലാഹലങ്ങള്‍ക്കുള്ള സാക്ഷാല്‍ വിജയ്‌യുടെ മറുപടിയായിരുന്നു അത്. ഇപ്പോഴത്തെ പോലെ സിനിമയുടെ പേരില്‍ തന്നെയായിരുന്നു വിജയ്‌ക്കെതിരേയും ഹിന്ദുത്വ ശക്തി തിരിഞ്ഞത്. മെര്‍സല്‍ എന്ന വിജയ് ചിത്രത്തില്‍ നോട്ട് നിരോധനത്തെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിച്ചതും, അമ്പലങ്ങള്‍ക്ക് പകരം ആശുപത്രികള്‍ പണിയണം എന്ന് ആഹ്വാനം ചെയ്തതുമൊക്കെയായിരുന്നു ബിജെപിക്കാരെയും പരിവാറുകാരെയും പ്രകോപിപ്പിച്ചത്. അതിനവര്‍ വിജയ്‌യെക്കൊണ്ട് മാപ്പ് പറയിക്കാന്‍ ഇറങ്ങി. അയാള്‍ പക്ഷേ, സിനിമയിലെ നായകനെക്കാള്‍ കരുത്തോടെ നിന്നു. അപ്പോഴവര്‍ വിജയ്‌യെ ക്രിസ്ത്യാനിയാക്കി. ജോസഫ് വിജയ് ആയതുകൊണ്ടാണയാള്‍ പിള്ളയാര്‍ കോവില്‍ പൊളിച്ച് ആശുപത്രി കെട്ടാന്‍ പറഞ്ഞതെന്ന വര്‍ഗീയത പരത്തി. തമിഴിനു പുറമെ മറ്റുള്ള ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരുള്ള വിജയ്യുടെ ജാതിയോ മതമോ അന്നേവരെ ഒരൊറ്റയാള്‍പോലും അന്വേഷിക്കുകയോ പറയുകയോ ചെയ്തിരുന്നില്ല, പക്ഷേ, സംഘപരിവാര്‍ അയാളെ ക്രിസ്ത്യാനിയാക്കി, ശത്രുവാക്കി.

‘പൂര്‍ണമായി ദൈവത്തില്‍ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ പതിവായി സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരാള്‍’ എന്നാണ് നയന്‍താര സംഘപരിവാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതെങ്കില്‍, മതം പറഞ്ഞ് തന്നെ ആക്രമിക്കാന്‍ വന്നവരുടെ മുന്നിലേക്ക്, അതേ ഞാന്‍ ജോസഫ് വിജയ് ആണ്, ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെന്ന് സധൈര്യം പറഞ്ഞുകൊണ്ടായിരുന്നു വിജയ് വന്നത്. ഒരാളോടും മാപ്പ് പറയാന്‍ നിന്നില്ല, ഒരാളെയും പേടിച്ചില്ല. ഭരണകൂടം പിന്നീടും അയാളെ പലതരത്തില്‍ പേടിപ്പിക്കാന്‍ നോക്കിയതൊക്കെ നമ്മള്‍ കണ്ടതാണ്.

പ്രകാശ് രാജ്, കമല്‍ഹാസന്‍, വിജയ്, സിദ്ധാര്‍ത്ഥ്, അരവിന്ദ് സ്വാമി, വിജയ് സേതുപതി തുടങ്ങി പലരുണ്ട് സംഘപരിവാര്‍ ഭീഷണികളെ ഭയക്കാത്തവരായി. അവരൊക്കെയും നഷ്ടപ്പെടാന്‍ പലതുമുള്ള സെലിബ്രിറ്റികള്‍ തന്നെയാണ്. എങ്കിലുമവര്‍ക്ക് നിലപാടുകളുണ്ട്. ജനാധിപത്യം പറഞ്ഞാല്‍, നീ ക്രിസ്ത്യാനിയല്ലേ, മുസ്ലിം അല്ലേ, ഹിന്ദുവിന്റെ ശത്രുവല്ലേ എന്നു ചോദിക്കാന്‍ മാത്രമറിയുന്നവരുടെ മുന്നില്‍ നട്ടെല്ല് വളയ്ക്കാന്‍ തയ്യാറാകുന്നില്ല. അവന്‍ പ്രകാശ് രാജ് അല്ല എഡ്വേര്‍ഡ് രാജ് ആണെന്നു പ്രചരിപ്പിച്ചതു മുതല്‍ എന്തൊക്കെയാണ് പ്രകാശ് രാജിനെതിരേ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രകാശ് രാജ് ഭയപ്പെട്ടോ?

ചോദിക്കാനും പറയാനും ഒരു പ്രകാശ് രാജ് എങ്കിലുമുണ്ടല്ലോ!

മതമാണ്, മതം മാത്രമാണ് സംഘപരിവാറിന് ആകെ അറിയാവുന്ന രാഷ്ട്രീയം. ആ രാഷ്ട്രീയം കൊണ്ടാണവര്‍ ഇന്ന് ഒരു ജനാധിപത്യ രാജ്യത്തെ മതവത്കരിക്കുന്നത്. ആ ഫാസിസത്തെയാണ് നയന്‍താരയെ പോലുള്ളവര്‍ അംഗീകരിച്ചു കൊടുക്കുന്നത്. ഒരുപക്ഷേ അവര്‍ക്ക് വേറെ വഴിയില്ല എന്നു കരുതിക്കാണും. നയന്‍താരയില്‍ നിന്നും താന്‍ ഡയാന മറിയം കുര്യനാകുമെന്നും ഇത്രയും നാള്‍കൊണ്ട് നേടിയെടുത്ത പേര് ഒരു ‘ക്രിസ്ത്യാനി’യിലേക്ക് ചുരുങ്ങിപ്പോകുമെന്നുമവര്‍ ഭയന്നിരിക്കണം. വിജയ് ജോസഫ് വിജയ് ആയതുപോലെ, പ്രകാശ് രാജ് എഡ്വേര്‍ഡ് രാജ് ആയതുപോലെ, കമല്‍ കമാലുദ്ദീന്‍ ആയതുപോലെയൊക്കെ.

നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ, 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെന്നു ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചതിന്റെ പേരില്‍ അന്ന് തൃശൂര്‍ കളക്ടറായിരുന്ന ടി വി അനുപമ ഐഎഎസ് സംഘപരിവാറിന്റെ ശത്രുവായത്. അതോടെ കളക്ടര്‍ അനുപമ, അനുപമ ക്ലിന്‍സന്‍ ജോസഫ് ആയി. അനുപമയുടെ ഭര്‍ത്താവ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അനുപമ ഹിന്ദുക്കളെ അപമാനിക്കാന്‍ മനഃപൂര്‍വമെന്നോണം സുരേഷ് ഗോപിക്കെതിരേ തിരിഞ്ഞതെന്നു പറഞ്ഞു, തൃശൂര്‍ കളക്ടര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണെന്നും അതുകൊണ്ട് ഹിന്ദുവല്ലാത്ത അനുപമയെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആഹ്വാനം ചെയ്തു ഫെയ്‌സ്ബുക്ക് കാമ്പയിന്‍ നടന്നു. സംഘപരിവാറിനെ വിമര്‍ശിച്ചതിനാണ് അന്ന് വരെ മലയാളികള്‍ കമല്‍ എന്നുമാത്രം വിളിച്ചിരുന്ന സംവിധായകന്‍ കമാലുദ്ദീനായത്. സംഘപരിവാറിനെ ചോദ്യം ചെയ്തു എന്ന കാരണത്താലാണ് മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകര്‍ മതം മാറി ക്രിസ്ത്യാനിയായ ഷാനി പ്രിജി ജോസഫ് ആയത്.

സ്ത്രീയെ അംഗീകരിക്കാത്ത രാധ രവിമാര്‍ ‘ലേഡി സൂപ്പര്‍ സ്റ്റാറു’കളെ ആഘോഷിക്കുമെന്നു കരുതരുത്; തമിഴിലാണെങ്കിലും മലയാളത്തിലായാലും

സ്ത്രീകള്‍ രണ്ടാം നിരക്കാരായൊരു ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ച അഭിനേത്രി എന്ന നിലയില്‍ നയന്‍താരയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ്, ഇപ്പോഴവര്‍ നടത്തിയിരിക്കുന്ന കീഴടങ്ങലിനെ വിമര്‍ശിക്കുന്നത്. രണ്ട് പതിറ്റാണ്ടിനടുത്തായി മുന്‍നിര നായികയായി അവര്‍ നില്‍ക്കുന്നു. നയന്‍താര സിനിമകള്‍ക്ക് ഇന്നും തമിഴില്‍ മാര്‍ക്കറ്റുണ്ട്. കഴിഞ്ഞ 19 വര്‍ഷമായിട്ട് വിജയിച്ചു തന്നെ നില്‍ക്കുന്നൊരു സൂപ്പര്‍താരമാണവര്‍. പക്ഷേ, ആ വാഴ്ത്തുകളൊന്നും ഇപ്പോള്‍ കാണിച്ചിരിക്കുന്ന സംഘപരിവാര്‍ വിധേയത്വത്തെ ലളിതവത്കരിക്കുന്നില്ല.

നമ്മുടെതൊരു ജനാധിപത്യ രാജ്യമാണ്, നമുക്കൊരു ഭരണഘടനയുണ്ട്, നമ്മുടെ ഐഡന്റിറ്റി ഇന്ത്യന്‍ എന്നാണ്. അതൊക്കെയാണ് നയന്‍താര മറന്നു പോയത്. ആ മറവി മനഃപൂര്‍വമാണെങ്കില്‍ നയന്‍താര വഞ്ചിച്ചിരിക്കുന്നത് അവരെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുവരുന്ന ലക്ഷകണക്കിന് മനുഷ്യരെയാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍