വിടുതലൈ ഭാഗം രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെത്തിയതോടെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലാണ്. ഏറെനാളത്തെ വെട്രിമാരൻ ചിത്രത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പോസ്റ്ററുകളെത്തിയത്. സൂരി, വിജയ് സേതുപതി ഒപ്പം മഞ്ജു വാര്യരുടെയും
സാന്നിധ്യം തന്നെ ആരാധകരുടെ ആവേശം ആളിക്കത്തിക്കാൻ പോന്നതാണ്. 2023 ൽ ഇന്ത്യൻ എക്സ്പ്രസ്സിൽ റൗണ്ട് ടേബിൾ ചർച്ചക്കിടെ വിടുതലൈ ഭാഗം ഒന്ന് ചിത്രീകരണത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെ പറ്റിയും പിന്നാമ്പുറ കഥകളെ കുറിച്ചും സംവിധായകന്‍ വെട്രിമാരന്‍ പങ്കുവച്ചിരുന്നു. കരണ്‍ ജോഹര്‍ നയിച്ച ചര്‍ച്ചയില്‍ വെട്രിമാരന്‍ പങ്കുവച്ച വിവരങ്ങള്‍ ഏവരെയും അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. Vetrimaran reveals viduthalai backstories
വിസാരണൈ ചെയ്തു തീര്‍ത്തതുപോലെ 35 ദിവസം കൊണ്ട് വിടുതലൈയും പൂര്‍ത്തിയാക്കാമെന്നതായിരുന്നു വെട്രിമാരന്റെ വിശ്വാസം. എന്നാല്‍ സിനിമയ്ക്കായി കണ്ടെത്തിയ ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി; 20 ദിവസം എടുത്താല്‍ സിനിമയുടെ 10 ശതമാനമെങ്കിലുമേ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നിശ്ചയിച്ചിരുന്നതില്‍ നിന്ന് 70 ശതമാനമെങ്കിലും ബഡ്ജറ്റ് കൂടുതലാകുമെന്നും തിരിച്ചറിഞ്ഞതായി വെട്രി പറയുന്നു.
ലൊക്കേഷന്‍ ആയി കണ്ടെത്തിയ മലയിലേക്ക് വാഹനങ്ങള്‍ അനുവദനീയമായിരുന്നില്ല. ഷൂട്ടിംഗ് സാമഗ്രികള്‍ എല്ലാം ചുമന്നു കയറ്റണം. മലയുടെ മുകളില്‍ 250 ഓളം പേര്‍ക്ക് താമസിക്കാനായി ടെന്റുകള്‍ സ്ഥാപിച്ചു, ഞങ്ങള്‍ക്കും കൂടി ഉപയോഗിക്കാനുള്ള ഉദ്ദേശത്തില്‍ ഗ്രാമത്തില്‍, 10-12 ശൗചാലയങ്ങള്‍ സ്ഥാപിച്ചു. ഒരു ദിവസം ശക്തമായ കാറ്റ് വീശി, ഭൂരിഭാഗം ടെന്റുകളും തകര്‍ത്തെറിഞ്ഞു. ഈ പ്രൊജക്ട് എനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് ആ സമയത്ത് മനസിലുണ്ടായ തോന്നല്‍’- വെട്രിമാരന്റെ വാക്കുകള്‍.
|’ ഞാന്‍ നിര്‍മാതാവിനെ വിളിച്ചു, നമുക്ക് മറ്റേതെങ്കിലും പ്രൊജക്ടിനെ കുറിച്ച് ആലോചിച്ചാലോ എന്നു ചോദിച്ചു. ബഡ്ജറ്റിന്റെ നല്ലൊരു ഭാഗം ഇതിനകം ചെലവാക്കിയെന്നും, അതുകൊണ്ട് ഇതുമായി തന്നെ മുന്നോട്ടു പോകാം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. വീണ്ടും കുന്നിന്‍ മുകളിലേക്ക് പോയി അവിടെ ചിത്രീകരണം നടത്തുക ബുദ്ധിമുട്ടായതിനാല്‍, ആ രംഗങ്ങള്‍ മറ്റൊരിടത്ത് ചിത്രീകരിക്കാനുള്ള വഴി നോക്കാന്‍ തീരുമാനിച്ചു. പകരമൊരു ലൊക്കേഷന്‍ കണ്ടെത്തി അവിടെ സിനിമയുടെ ഭൂരിഭാഗം സീനുകളും 10 ദിവസത്തിനുള്ളില്‍ ചിത്രീകരിച്ചെടുക്കാമെന്നായിരുന്നു വിശ്വാസം. എന്നാല്‍ 10 ദിവസം കൊണ്ട് തീര്‍ക്കാമെന്നു കരുതിയത് പുതിയ ലൊക്കേഷനില്‍ 40 ദിവസം ചിത്രീകരണം നടന്നിട്ടും ഒന്നുമൊന്നുമായില്ല. തുടക്കത്തില്‍ കണക്കുകൂട്ടിയതിന്റെ മൂന്നിരട്ടി ബഡ്ജറ്റ് ഈ സമയംകൊണ്ട് കൂടിയിരുന്നു’ വെട്രിമാരന്‍ പറയുന്നു.
വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമായത് നിര്‍മാതാവിന് വലിയ ആശ്വാസമായിരുന്നുവെന്നും വെട്രി പറയുന്നു. കാരണം, സേതുപതി ഭാഗമായൊരു സിനിമ നല്ലൊരു തുകയ്ക്ക് വില്‍ക്കാന്‍ കഴിയും. വിജയ് സേതുപതി വന്നതിനു പിന്നാലെ തിരക്കഥയില്‍ പൊളിച്ചെഴുത്ത് നടത്തിയെന്നും സംവിധായകന്‍ പറയുന്നുണ്ട്.
120 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഞാനെന്റെ നിര്‍മാതാവിനെ വിളിച്ചു, നമ്മള്‍ ഈ സിനിമ രണ്ടു ഭാഗങ്ങളാക്കുന്നുവെന്ന നിര്‍ദേശം അദ്ദേഹത്തോട് പറഞ്ഞു. അതിനു വേണ്ടി 40-50 ദിവസത്തെ ഷൂട്ടിംഗ് കൂടി വേണ്ടി വരുമായിരുന്നു. അദ്ദേഹമെനിക്ക് പിന്തുണ തരികയും ഷൂട്ടിംഗുമായി മുന്നോട്ടു പോകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് വെട്രിമാരന്‍ പറഞ്ഞത്.
‘ രണ്ട് ഭാഗങ്ങളാക്കാമെന്ന് തീരുമാനിച്ചതോടെ, ഒരു ചെറിയ ഇന്റര്‍വെല്‍ സീക്വന്‍സ് ഞങ്ങള്‍ ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സിലെ പ്രധാന ആക്ഷന്‍ സീക്വന്‍സായി മാറ്റിയെടുക്കുകയായിരുന്നു. അതുപോലെ ഒന്നാം ഭാഗത്തിന്റെ തുടക്കഭാഗങ്ങളിലും മാറ്റം വരുത്തി, ആദ്യം ചെയ്തുവച്ചിരുന്നത് വര്‍ക്ക് ആകില്ലെന്നു തോന്നിയതുകൊണ്ട്, മാറ്റി ചെയ്യാന്‍ തീരുമാനിച്ചു, അങ്ങനെയാണ് 10 മിനിട്ടുള്ള ഒരു സിംഗിള്‍ ഷോട്ട് ഓപ്പണംഗ് സീന്‍ എടുക്കുന്നത്. അങ്ങനെയൊക്കെ എങ്ങനെയോ ഞങ്ങള്‍ ഒന്നാം ഭാഗം പൂര്‍ത്തിയാക്കി. സിനിമ റിലീസ് ചെയ്ത ശേഷം എന്റെ ആലോചന മുഴുവന്‍ രണ്ടാം ഭാഗം എന്ത് ചെയ്യണമെന്നതിനെ കുറിച്ചായിരുന്നു’ വെട്രിമാരന്‍ പറയുന്നു.
രണ്ടാംഭാഗം തയ്യാറാണെങ്കിലും, തിയേറ്ററുകളില്‍ എത്തിക്കുന്നതിന് മുമ്പായി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നാണ് വെട്രിമാരന്‍ പറഞ്ഞത്. പൂര്‍ത്തിയാക്കിയതില്‍ പൂര്‍ണതൃപ്തി വരാത്തതുകൊണ്ട് രണ്ടാം ഭാഗത്തിനുവേണ്ടി കുറച്ചു സീനുകള്‍ കൂടി ചിത്രീകരിക്കാന്‍ തീരുമാനിച്ചതായും ഇക്കാര്യം നിര്‍മാതാവ് സമ്മതിക്കുകയും ചെയ്തതായി വെട്രിമാരന്‍ പറയുന്നുണ്ട്. 10 ദിവസം കൂടി ഷൂട്ട് വേണ്ടി വരുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും 18 ദിവസത്തോളം നീണ്ടു, സംവിധായകന്‍ ഇപ്പോള്‍ പറയുന്നത് 35 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ്.
വെട്രിമാരന്‍ ഇക്കാര്യം പറയുമ്പോള്‍, ഇടപെട്ട് കരണ്‍ ജോഹര്‍ തമാശയോടെ ചോദിക്കുന്നുണ്ട്; ആരാണ് ഈ നിര്‍മാതാവ്? എന്ന്. ആ മനുഷ്യനെ തൊഴണം എന്ന കരണിന്റെ കമന്റ് പരിപാടിയില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയുണ്ടായി.
4.5 കോടി ബഡ്ജറ്റ് ഇട്ട് തുടങ്ങിയ സിനിമയായിരുന്നു വിടുതലൈ. ഇപ്പോള്‍ അതിന്റെ ഒന്നാം ഭാഗം പൂര്‍ത്തിയാപ്പോള്‍ തന്നെ ബഡ്ജറ്റ് 65 കോടിയായി! ‘ എന്താണ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നതിനെ കുറിച്ച് സത്യമായിട്ടും എനിക്കൊരു ഊഹവുമില്ലായിരുന്നു, ഇപ്പോഴുമില്ലെന്നു പറയാം, ചില സമയങ്ങളില്‍ ഞാന്‍ ഭയങ്കരമായി ആശയക്കുഴപ്പത്തിലാകും, ഈ സിനിമ യാഥാര്‍ത്ഥ്യമായതില്‍ തന്റെ മൊത്തം ടീമിനും നന്ദി പറഞ്ഞുകൊണ്ട് വെട്രിമാരന്‍ സമ്മതിക്കുന്ന കാര്യങ്ങളാണ്.
വിജയ് സേതുപതിയോട് ആദ്യം എട്ടു ദിവസമായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും താരം 70 ദിവസം വിടുതലൈയുടെ ഭാഗമായെന്നാണ് വെട്രിമാരന്‍ പറഞ്ഞത്.
പത്തു മിനിട്ടുള്ള സിംഗിള്‍ ഷോട്ടായി എടുത്ത ഓപ്പണിംഗ് സീനിനെക്കുറിച്ചും വെട്രിമാരന്‍ പറയുന്നുണ്ട്. ‘ അങ്ങനെയൊരു സീന്‍ ആലോചിച്ചിരുന്നതായിരുന്നില്ല. ബഡ്ജറ്റ് വലുതായി കൊണ്ടിരുന്ന സാഹചര്യത്തില്‍ നിര്‍മാതാവ് തന്നെയാണ്, വിളിച്ചു ചോദിക്കുന്നത്, എന്തായാലും നമ്മളിപ്പോള്‍ കുറെക്കൂടുതല്‍ ചെലവാക്കിയിരിക്കുന്നു, പിന്നെന്തുകൊണ്ട് മാറി ചിന്തിച്ചുകൂടായെന്ന്, അങ്ങനെ ഞങ്ങള്‍ പുതിയൊരു പ്ലാന്‍ ചിന്തിക്കാന്‍ തുടങ്ങി. എന്റെ ആര്‍ട്ട് ഡയറക്ടര്‍ എഞ്ചിനീയര്‍മാരുടെ സഹാത്തോടെ ഉണ്ടാക്കിയ ആ പാലം യഥാര്‍ത്ഥ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിന്റെ ഭാരം താങ്ങാന്‍ തക്കതായിരുന്നു. അതിന്റെ നിര്‍മാണത്തിനായി മൂന്നുമാസം എടുത്തു. ആ ഷോട്ട് എങ്ങനെ കട്ട് ചെയ്യണമെന്നതില്‍ എനിക്ക് ഉറപ്പില്ലാതിരുന്നതുകൊണ്ട് ലോംഗ് ഷോട്ടായി ചിത്രീകരിക്കാമെന്നായിരുന്നു മനസില്‍. ഞാനെന്റെ മുന്‍ സംവിധാന സഹായികളുടെ ഉപദേശം തേടി, അവരൊക്കെ ഇപ്പോള്‍ സ്വതന്ത്ര സംവിധായകരാണ്. ആ രംഗം ചിത്രീകരിക്കാന്‍ എനിക്കൊപ്പം 40-45 അസിസ്റ്റന്റുകളുണ്ടായിരുന്നു. ഏതാണ്ട് 13 ദിവസത്തോളം ഞങ്ങള്‍ റിഹേഴ്‌സല്‍ എടുത്തു. അതിനിടയിലാണ് നിര്‍ഭാഗ്യകരമായൊരു സംഭവം നടന്നത്. സ്റ്റണ്ട് ടീമിലെ ഒരാള്‍, അവരുടെ മുഴുവന്‍ ടീമിന്റെയും പിന്തുണയില്ലാതെ റിഹേഴ്‌സല്‍ ചെയ്യുകയും ബാലന്‍സ് തെറ്റി നിലത്ത് വീണ് മരണപ്പെടുകയും ചെയ്തു. അതിനു പിന്നാലെ ഞങ്ങള്‍ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവച്ചു എന്നും വെട്രിമാരന്‍ പറയുന്നു.
content summary; vetrimaran revealed more stories behind Vithutalai