ചെറിയ ബജറ്റില്‍ നിര്‍മിച്ച്, എന്നാല്‍ പ്രേക്ഷക ഹൃദയം കീഴടക്കി വന്‍വിജയമായി തീര്‍ന്ന സിനിമകളുണ്ട്. അത്തരത്തില്‍ പറയാവുന്ന, അപ്രതീക്ഷിതമായി ജാപ്പനീസ് ബോക്സ് ഓഫീസ് തൂത്തുവാരിയായ ഒരു ചിത്രമാണ് വണ്‍ കട്ട് ഓഫ് ദ ഡെഡ്. ചില സിനിമകള്‍ നമ്മള്‍ ഓരോരുത്തരും കണ്ടു തന്നെ അനുഭവിക്കേണ്ട ഒന്നാണ്. ഈ ഗണത്തില്‍ പെടുന്നതാണ് വണ്‍ കട്ട് ഓഫ് ദ ഡെഡ്. വെറും രണ്ട് ദിവസങ്ങള്‍കൊണ്ട് കുറഞ്ഞ ചെലവില്‍ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ടില്‍ നിര്‍മ്മിച്ചതാണെന്നത് മറ്റൊരു അതിശയകരമായ വസ്തുത. മാറ്റി വയ്ക്കാന്‍ കയ്യില്‍ 90 മിനിറ്റുകള്‍ ഉണ്ടെങ്കില്‍ വണ്‍ കട്ട് ഓഫ് ദ ഡെഡ് നിങ്ങള്‍ക്ക് ഒരു മടിയും കൂടാതെ കാണാം. ഈ ജാപ്പനീസ് ലോ-ബജറ്റ് സോംബി കോമഡി ചിത്രം ഒരിക്കലും നിരാശപ്പെടുത്താനിടയില്ല. കാണികളെ അമ്പരപ്പിക്കാന്‍ പാകത്തിന് തികഞ്ഞ നര്‍മത്തോടെയും സൂക്ഷ്മതയോടെയും നിര്‍മിച്ചതാണ് വണ്‍ കട്ട് ഓഫ് ദ ഡെഡ്.
സംവിധായകനും ഛായാഗ്രാഹകനും അഭിനേതാക്കളും അടങ്ങുന്ന സംഘം പ്രേതബാധ ഉണ്ടെന്ന് കരുതപ്പെടുന്ന പഴയൊരു ജല ശുദ്ധീകരണ പ്ലാന്റില്‍ സിനിമ ചിത്രീകരിക്കാനെത്തുന്നതാണ് വണ്‍ കട്ട് ഓഫ് ദി ഡെഡിന്റെ പ്രമേയം. ജല ശുദ്ധീകരണ പ്ലാന്റിന്റെ മറവില്‍ ഒരു കാലത്ത് ജാപ്പനീസ് സൈന്യം മനുഷ്യരെ ഉപയോഗിച്ച് കൊണ്ടുളള പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. സോംബി ചിത്രം ചെയ്യാന്‍ ഉദ്ദേശിച്ച സംവിധായകന് തന്റെ സംഘത്തിന്റെ അഭിനയത്തില്‍ നിരാശനാകുന്നു, തുടര്‍ന്ന് അദ്ദേഹം തന്റെ ചിത്രത്തിന്റെ ആധികാരികതയ്ക്കായി യഥാര്‍ത്ഥ സോംബികളെ ആവാഹിക്കാനായി രക്തക്കളം(പെന്റഗ്രാം) വരയ്ക്കുന്നു.
അതോടെഅഭിനേതാക്കള്‍ എല്ലാവരും സോംബികളായി മാറുകയും കഥ മറ്റൊരു തലത്തിലേക്ക് കടക്കുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിനിമയിലെ സംവിധയകന്റെ കഥാപാത്രം ചെയ്ത തകയുക്കിയെ ഒരു തത്സമയ ടെലിവിഷന്‍ ചാനല്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള സോംബി ചിത്രം നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചതാണ്. കൂടാതെ ഒരൊറ്റ ക്യാമറ ഉപയോഗിച്ച് തുടര്‍ച്ചയായ ഒരു ടേക്കില്‍ ഇത് ചിത്രീകരണം നടത്തണം എന്നാണ് ചാനലിന്റെ ആവശ്യം. ഈ ഫ്ളാഷ് ബാക്ക് കാണിക്കുന്ന സമയം മാത്രമാണ് കാഴ്ചക്കാരന് തങ്ങള്‍ ആദ്യം കണ്ടത് യഥാര്‍ത്ഥത്തില്‍ ഉള്ളതായിരുന്നില്ല എന്ന കാര്യം ബോധ്യപ്പെടുന്നത്. ഈ രംഗത്തോടെ ചിത്രത്തിലെ ഭയാനകത അവസാനിക്കുകയും, വണ്‍ കട്ട് ഓഫ് ദ ഡെഡ് കോമഡി ചിത്രമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.
വണ്‍ കട്ട് ഓഫ് ദ ഡെഡിന്റെ രചനയും, സംവിധാനവും, എഡിറ്റിങ്ങും ചെയ്തതും ഷിന്‍ ഇച്ചിരൊ യുവേദയാണ്. ആറ് ടേക്കുകളിലായി 37 മിനിറ്റ് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ടില്‍ രണ്ട് ദിവസം കൊണ്ട് ചെയ്ത ചിത്രമാണ്. 3.12 ബില്യണ്‍ യെന്‍(16,45,064.55 ഇന്ത്യന്‍ രൂപ)ആണ് ചിത്രത്തിന് വേണ്ടി ചെലവായത്. എന്നാല്‍ ചിത്രം ജാപ്പനീസ് ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചു. നൂറു കോടിക്കു മുകളില്‍(1,71,02,94,437.59 ഇന്ത്യന്‍ രൂപ) കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടു.