UPDATES

‘രജനികാന്ത് സിനിമ ഫസ്റ്റ് ഷോ കാണുന്ന ആരാധകനാണ്, ആ ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു’:

സൂരജ് പോപ്‌സ്/അഭിമുഖം

                       

‘നാന്‍ പേസാമെ ഇറുക്കേ, നീ തിട്ടികിട്ടേ ഇറുക്കേ…?’

ആ ചോദ്യത്തിന് മുന്നില്‍ ആദ്യമൊന്ന് പകച്ചു സൂരജ്. എന്തെങ്കിലുമൊന്ന് പറഞ്ഞൊപ്പിക്കാന്‍ ശ്രമിക്കുമ്പോഴേക്കും ചുരുങ്ങിയത് നാല് തലമുറയെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന, വിട്ടുവിട്ടുള്ള ആ ട്രേഡ് മാര്‍ക്ക് ചിരി മുഴങ്ങി…

ചെന്നൈയിലെ ഷൂട്ടിംഗ് സെറ്റിലിരുന്ന് ഇക്കാര്യം പറയുമ്പോള്‍ സൂരജിന്റെ സംസാരത്തിലും ഒരു ‘സൂപ്പര്‍ സ്റ്റാര്‍’ ശൈലി.

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശാന്ത് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ പരിചിതനായ സൂരജ് പോപ്‌സിന് രജനികാന്തിനൊപ്പം അഭിനയിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. രജനി-മോഹന്‍ലാല്‍-ശിവരാജ് കുമാര്‍ എന്നീ മൂന്ന് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച സിനിമയില്‍ താനും ഒരു ഭാഗമായെന്ന് ഓര്‍ത്തുള്ള സന്തോഷത്തിന്റെ അളവും താഴുന്നില്ല.

കുമ്പളങ്ങി നൈറ്റ്‌സും ജയലിറും; ഈ രണ്ട് സിനിമകളും ഞാനെന്റെ ജീവിതത്തില്‍ മറക്കില്ല; പോപ്‌സ് പറയുന്നു.

വിജയ് ആന്റണിയുടെ കോടിയിലൊരുവന്‍ എന്ന തമിഴ് ചിത്രത്തില്‍ പോപ്‌സ് ഒരു വേഷം ചെയ്തിരുന്നു. ആ സിനിമ കണ്ടിട്ടാണ് സണ്‍ പിക്‌ച്ചേഴ്‌സില്‍ നിന്നും വിളി വരുന്നത്.

‘ ഒരു പടമുണ്ട്, ഒരു വേഷം ചെയ്യാമോ എന്നു ചോദിച്ചാണ് സണ്‍ പിക്‌ചേഴ്‌സില്‍ നിന്നും വിളിക്കുന്നത്. ഡയറക്ടര്‍ നെല്‍സണ്‍ ആണെന്നു പറഞ്ഞിരുന്നു. അങ്ങേര് കോടിയിലൊരുവന്‍ കണ്ടിട്ടുണ്ടായിരുന്നു. ഞാന്‍ ബിസ്റ്റും. ആരാണ് ഹീറോയെന്ന് ചോദിച്ചു. അത് നമ്മള് ചോദിച്ചുപോണ ചോദ്യമാണല്ലോ…അപ്പോഴാണ് അവര് പറയുന്നത്, രജനി സാറാണെന്ന്….

പിന്നൊരു ചോദ്യവും എനിക്കുണ്ടായിരുന്നില്ല. എത്ര കാശ് തരുമെന്നു പോലും ചോദിച്ചില്ല. അതിന്റെ പേരിലെങ്ങാനും രജനി സാറിന്റെ പടം പോയാലോ?

രജനികാന്ത് പടം ഫസ്റ്റ് ഷോ കാണാന്‍ പോകുന്നവനാണ് ഞാന്‍. ബാഷയൊക്കെ എന്തോരം ഉന്തും തള്ളും കൊണ്ട് കണ്ടതാണ്. രജനികാന്ത് സിനിമ ആദ്യത്തെ ഷോ തന്നെ കാണണം, എന്നാലേ അതിന്റെയൊരു വൈബ് ശരിക്കും ആസ്വദിക്കാന്‍ പറ്റൂ.

നമ്മള് ആരാധിച്ചു നടക്കുന്നൊരു താരം, പുള്ളിയെയൊക്കെ നേരില്‍ കാണുമെന്ന് സ്വ്പനം പോലും കണ്ടിട്ടില്ല. എന്നെപ്പോലൊരാള്‍ക്ക് രജനികാന്തിനെ നേരില്‍ കാണാന്‍ പറ്റുമെന്ന് ആരെങ്കിലും കരുതുമോ? എന്നിട്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, സിനിമയില്‍ മാത്രം കണ്ടിരുന്ന രജനി സാറിനെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി നേരിട്ട് കണ്ടൂ, അതും അദ്ദേഹത്തിനൊപ്പം അഭിനയിച്ചുകൊണ്ട്. ഞാന്‍ രജനി സാറിനോട് ഡയലോഗ് പറഞ്ഞൂ, തോളത്ത് പിടിച്ചൂ…

ഞങ്ങള് തമ്മിലുള്ള സീന്‍, റീടേക്ക് എടുക്കണണെന്ന് ഡയറക്ടര്‍ പറഞ്ഞപ്പോള്‍, ആദ്യം നിന്ന പൊസിഷനിലേക്ക് വീണ്ടും പോകുമ്പോഴാണ് രജനി സാര്‍ എന്നോട് ചോദിക്കുന്നത്; ‘നാന്‍ പേസാമെ ഇറുക്കേ, നീ തിട്ടികിട്ടേ ഇറുക്കേ…?’ ഞാനെന്തൊക്കെയോ പറഞ്ഞൊപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തമാശയ്ക്ക് ചോദിച്ചതാണെന്നും പറഞ്ഞ് അദ്ദേഹമൊരു ചിരി…നമുക്കതൊന്നും ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണ്.

ഒരു ആക്‌സിഡന്റില്‍ എന്റെ കൈയ്‌ക്കൊരു പ്രശ്‌നം പറ്റിയാരുന്നു. ആ കൈകുത്തിയാണ് ആ സീനില്‍ ഞാന്‍ താഴെ വീഴുന്നത്. ഷോട്ട് കഴിഞ്ഞപ്പോള്‍, വേദന തോന്നിയതുകൊണ്ട് കൈ ഞാനൊന്നു തിരുമി. രജനി സാര്‍ അത് കണ്ടു, കൈയ്ക്ക് എന്തെങ്കിലും പറ്റിയോന്ന് ചോദിച്ചു, ചെറിയ വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ പോകാമെന്നാണ് അദ്ദേഹം പറഞ്ഞത്. ചെറിയൊരു ആര്‍ട്ടിസ്റ്റിനോട് പോലും അദ്ദേഹത്തിനൊരു കരുതലുണ്ട്. അതാണ് ആ മനുഷ്യന്റെ വലുപ്പവും.

എനിക്കൊരു വിഷമമെയുള്ളൂ; ഈ രജനിപ്പടം എനിക്ക് ഫസ്റ്റ് ഷോ കാണാന്‍ പറ്റിയില്ല….

മലയാളത്തില്‍ ഇതുവരെ കിട്ടാത്തൊരു ഭാഗ്യം കൂടി ജയിലര്‍ തന്നു. മോഹന്‍ലാലുള്ള സിനിമയില്‍ എനിക്കും അഭിനയിക്കാന്‍ പറ്റി. കോമ്പിനേഷന്‍ സീനൊന്നും ഇല്ലെങ്കിലും ലാലേട്ടന്റെ പടത്തില്‍ ഞാനുമുണ്ടെന്ന് പറയാല്ലോ…

സത്യത്തില്‍ മോഹന്‍ലാലൊക്കെ ഈ സിനിമയില്‍ ഉണ്ടെന്ന് ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. മോഹന്‍ലാല്‍ സിനിമയിലും നമ്മള് ഭാഗമായില്ലേ, അതുമതി…

വിനായകന്‍ ചേട്ടനാണ് വില്ലനെന്ന് അറിയാരുന്നു. സെറ്റില്‍ കണ്ടപ്പോള്‍ സന്തോഷായി. ഒരു മലയാളിയാണല്ലോ കൂടെയുള്ളത്. അധികം സംസാരിക്കത്തൊന്നുമില്ലാത്തയാളാണല്ലാ വിനായകന്‍ ചേട്ടന്‍. എന്നെക്കണ്ടപ്പോള്‍, നീയുണ്ടല്ലേ, പൊളിക്ക്…പൊളിക്ക് എന്നാണ് പറഞ്ഞത്.

ഒരു രക്ഷയുമില്ലാത്ത മനുഷ്യന്‍…അഭിനയത്തിന്റെ കാര്യത്തില്‍ ഒരു രക്ഷയുമില്ല…തകര്‍ത്തേക്കാണ്…അജ്ജാതി പൊളിയാണ് പൊളിച്ചേക്കണത്. ഞാന്‍ ലൈവ് കണ്ടോണ്ട് നിക്കാണ് പുള്ളി പൊളിക്കണത്…

ഇവരുടെയൊക്കെ കൂടി അഭിനയിക്കുക, ഇങ്ങനെയൊരു സിനിമയുടെ ഭാഗമാവുക…ഇതൊക്കെ നമ്മുടെ ഭാഗ്യമല്ലേ…അതാണ് ഞാന്‍ പറഞ്ഞത്, കുമ്പളങ്ങി നൈറ്റ്‌സും, ഇപ്പോള്‍ ജയിലറും, രണ്ടു പടവും ഒരിക്കലും ഞാന്‍ മറക്കില്ല…’

കോടിയിലൊരുവന്റെ സംവിധായകന്‍ ആനന്തകൃഷ്ണന്റെ സിനിമയിലാണ് സൂരജ് പോപ്‌സ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശശികുമാറിന്റെ സിനിമ കഴിഞ്ഞാണ് ശ്രീവിഷ്ണു നായകനാകുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. സെറ്റില്‍ പോപ്‌സിനെ തിരക്കി അസിസ്റ്റന്റ് ഡയറക്ടര്‍ വന്നതുകൊണ്ട്, സംസാരം തത്കാലം നിര്‍ത്തേണ്ടി വന്നു. ഫോണ്‍ വയ്ക്കുന്നതിനു മുമ്പ്, ജയിലര്‍ വഴി തമിഴില്‍ കൂടുതല്‍ തിരക്കിലേക്ക് പോകട്ടെ എന്നൊരു ആശംസ പറഞ്ഞപ്പോള്‍, മറുപടി ഇങ്ങനെ; താങ്ക്‌സ് മച്ചാനെ…നമുക്ക് പൊളിക്കാം…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍