ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച്ച നടന്ന പഞ്ചാബ്- ലക്‌നൗ മത്സരം ടീം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി. മായങ്ക് യാദവ് ആയിരുന്നു ആ പ്രതീക്ഷ. ലക്‌നൗവിന് 21 റണ്‍സിന്റെ വിജയം നേടാന്‍ സഹായിച്ചത് മായങ്കിന്റെ ബൗളിംഗ് മികവ് കൂടിയായിരുന്നു. 27 റണ്‍സിന് മൂന്നു പഞ്ചാബ് വിക്കറ്റുകളാണ് ഈ ഫാസ്റ്റ് ബൗളര്‍ നേടിയത്. വാസ്തവത്തില്‍ വിക്കറ്റ് നേട്ടമല്ല, ടീം ഇന്ത്യയെ ഒന്നാകെ സന്തോഷിപ്പിക്കുന്ന കാര്യം; മായങ്ക് യാദവിന്റെ ബൗളിംഗ ്‌സ്പീഡാണ്. വേഗത കൊണ്ടും കൃത്യതകൊണ്ടും എതിര്‍ ബാറ്റര്‍മാരെ വിറപ്പിച്ച മായങ്കിന്റെ കൈയില്‍ നിന്നും പാഞ്ഞ ‘ വെടിയുണ്ട’കളില്‍ ഒന്നിന്റെ വേഗത 155.8 കിലോമീറ്ററായിരുന്നു! പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരേ എറിഞ്ഞ ആ പന്തില്‍ പേരുകേട്ട ‘iഗബ്ബറിന്’ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ എന്നീ അപകടകാരികളുടെ വിക്കറ്റുകളാണ് മായങ്ക് നേടിയത്. കഴിഞ്ഞ സീസണിലാണ് ഡല്‍ഹി താരം ഐപിഎല്ലിന്റെ ഭാഗമാകുന്നതെങ്കിലും, പരിക്ക് വില്ലനായി. ഒരു മത്സരം പോലും കളിക്കാനായില്ല. ആ നഷ്ടത്തിന് പകരം വീട്ടാന്‍ ഒറ്റ മത്സരം കൊണ്ട് കഴിഞ്ഞു എന്നതാണ് മായങ്കിന്റെ മികവ്. നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍. അരങ്ങേറ്റ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും! 21 കാരന്‍ തന്റെ ബൗളിംഗ് വേഗതയില്‍ സ്ഥിരത പുലര്‍ത്തി എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആവേശം നല്‍കുന്നത്. 147 കിലോമീറ്ററില്‍ നിന്നും 155 കിലോമീറ്റര്‍ വരെയായിരുന്നു മായങ്കിന്റെ വേഗത.
മായങ്കിന്റെ തീതുപ്പും പന്തുകള്‍ കണ്ടപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അദ്ദേഹത്തിന്റെ പിതാവ് തന്നെയാണ്. കോര്‍ട്രലി ആംബ്രോസിന്റെ ആരാധകനാണ് മായങ്കിന്റെ പിതാവ് പ്രഭു യാദവ്. വിന്‍ഡീസ് ഇതിഹാസത്തെ പോലൊരു ബൗളറായി തന്റെ മകനും വളരുന്നത് ആ പിതാവിന്റെ കാലങ്ങളായുള്ള സ്വപ്‌നമായിരുന്നു. പൊലീസ്, അംബുലന്‍സ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സൈറണ്‍ നിര്‍മിക്കുന്ന ഫാക്ടറിയിലെ ജോലിക്കാരനായ പ്രഭു, എല്ലാ ദിവസവും ജോലി കഴിഞ്ഞു വരുമ്പോള്‍, ഡല്‍ഹി വെങ്കിടേശ്വര കോളേജിലെ സോണറ്റ് ക്ലബ്ബില്‍ നിന്നും തന്റെ മകനെയും കൂട്ടിയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള മോട്ടിനഗറിലെ(ഇവിടെ അടുത്ത് തന്നെയായിരുന്നു വിരാട് കോഹ്‌ലിയുടെ വീടും) വീട്ടിലേക്ക് പോകുന്നത്. ആ യാത്രയില്‍ പ്രഭു യാദവ് പതിനാലുകാരനായ മായങ്കിന് ആംബ്രോസിന്റെ കഥ പറഞ്ഞുകൊടുക്കും. ‘ അദ്ദേഹത്തെ(ആംബ്രോസിനെ) പന്തുകള്‍ തങ്ങളുടെ തല തകര്‍ക്കുമെന്ന ഭയമായിരുന്നു മറ്റുള്ളവര്‍, ആ ഭയം ഉണ്ടാക്കാന്‍ നീയും അദ്ദേഹത്തെ പോലെയാകണം” എന്നായിരുന്നു അച്ഛന്‍ മകനോട് ഉപദേശിച്ചിരുന്നു. ആ വാക്കുകളായിരിക്കണം ശനിയാഴ്ച്ച ലക്‌നൗവിലെ അകാന ഗ്രൗണ്ടില്‍ പഞ്ചാബിന് മുന്നില്‍ പൊട്ടിത്തെറികളായത്.
അച്ഛന്‍ ആംബ്രോസിന്റെ ആരാധകനാണെങ്കിലും, മായങ്കിന്റെ ആരാധനാപാത്രം മറ്റൊരാളാണ്; ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ഇതിഹാസം ഡെയ്ന്‍ സ്റ്റെയ്ന്‍. ‘ എനിക്ക് ആംബ്രോസിനെയും വാല്‍ഷിനെയുമായിരുന്നു ഇഷ്ടം. വേഗതയും ബൗണ്‍സറുകളും കൊണ്ട് ആംബ്രോസിനോടായിരുന്നു കൂടുതല്‍ ഇഷ്ടം. രണ്ടുപേരുടെയും കളികളെക്കുറിച്ച് ഞാന്‍ അവന് പറഞ്ഞുകൊടുക്കുമായിരുന്നു’ പ്രഭു യാദവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
കഥകള്‍ കേട്ട് വളര്‍ന്നത് വിന്‍ഡീസ് മഹാരഥന്മാരുടെതായിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളറായെയായിരുന്നു മായങ്ക് ആരാധിച്ചത്. വീട്ടിലിരുന്ന് ക്രിക്കറ്റ് മത്സരം മുഴുവനായി കാണുന്നത് ഇഷ്ടപ്പെടാത്ത മായങ്ക്, സ്റ്റെയ്ന്‍ കളിക്കുന്ന മത്സരങ്ങളില്‍ കുത്തിയിരുന്നു കാണുമായിരുന്നു. സ്റ്റെയിനെക്കാള്‍ മികച്ചവനാണോ ആംബ്രോസ് എന്നായിരുന്നു മകന്‍ അച്ഛനോട് ചോദിച്ചിരുന്നത്. ആരായിരുന്നു മികച്ചത് എന്നപേരില്‍ വീട്ടില്‍ ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നുവെന്നും പ്രഭു യാദവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
ലക്‌നൗവിന്റെ അടുത്ത മത്സരം തൊട്ട് എതിരാളികള്‍ മായങ്കിനെ കാണുമ്പോള്‍, തലയില്‍ ഹെല്‍മെറ്റ് ഉണ്ടെന്ന് ഉറപ്പിക്കും. എന്നാല്‍ ഈ പയ്യനെ എതിരാളികള്‍ പേടിക്കാന്‍ തുടങ്ങിയത് ഇപ്പോഴല്ല. ഡല്‍ഹിയില്‍ ആഭ്യന്തര മത്സരം കളിക്കുമ്പോള്‍, അവനെ മറ്റുള്ളവര്‍ വിളിച്ചിരുന്നത് ‘lതലയ്ക്ക് എറിയുന്നവന്‍’ എന്നായിരുന്നു. ഡല്‍ഹിയിലെ മൈതാനങ്ങളില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് ആ ഭയം ഉയര്‍ന്നിരിക്കുന്നുവെന്നു മാത്രം. ശനിയാഴ്ച്ചത്തെ പ്രകടനം കണ്ടശേഷം, ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ പറഞ്ഞത്, ഇന്ത്യ അവരുടെ വേഗക്കാരനെ കണ്ടെത്തിയിരിക്കുന്നു എന്നാണ്. എല്‍എസ്ജിയുടെ ബൗളിംഗ് കോച്ച് മോണി മോര്‍ക്കലും മായങ്കിനെ പ്രശംസിച്ചിട്ടുണ്ട്. ഋഷഭ് പന്തിനെ ഇന്ത്യക്ക് സമ്മാനിച്ച ഡല്‍ഹി പരിശീലകന്‍ താരക് വര്‍മ തന്നെയാണ് മായങ്കിലെ പ്രതിഭയെയും ഉയര്‍ത്തിക്കൊണ്ടുവന്നത്. സോണറ്റ് ക്ലബ്ബിലെ കളി താരകിന്റെ ശ്രദ്ധയില്‍ പെടുന്നതോടെയാണ് മായങ്കിന്റെ തലവര മാറുന്നതും.
‘ ജീവിതത്തില്‍ ഞാന്‍ വേഗത ഇഷ്ടപ്പെടുന്നവനാണ്, റോക്കറ്റ്, ജെറ്റ്, സൂപ്പര്‍ ബൈക്‌സ്. ഇവയെല്ലാം എന്നെ ത്രില്‍ അടപ്പിക്കാറുണ്ട്’- മത്സരശേഷം മായങ്ക് പറഞ്ഞ വാക്കുകളാണ്.
സയ്യീദ് മുഷ്താഖ് അലി ട്രോഫിയില്‍ 153 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിഞ്ഞതോടെയാണ് സിലക്ടര്‍മാരുടെ റഡാറില്‍ മായങ്ക് പതിയുന്നത്. ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മായങ്കിന് വിളിയുണ്ടാകുമെന്നും കരുതിയതാണ്. പക്ഷേ ഫിറ്റ്‌നസ് പ്രശ്‌നം ആ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. 60 ശതമാനമെങ്കിലും എന്റെ ശരീരം ഫിറ്റ് ആയിരുന്നുവെങ്കില്‍ ഒറ്റക്കാല് കൊണ്ടായാലും ഞാന്‍ പന്തെറിഞ്ഞേനെ’ എന്നായിരുന്നു മായങ്ക് നിരാശയോടെ പറഞ്ഞത്. ശനിയാഴ്ച്ച പുറത്തെടുത്ത അതേ പ്രകടനമാണ് വരും മത്സരങ്ങളിലും തുടരുന്നതെങ്കില്‍ അധികം വൈകാതെ ദേശീയ ടീമില്‍ മായങ്കിനെ കാണാന്‍ അധികം വൈകില്ല.