ഗാസയില്‍ ഒന്നും അവസാനിച്ചിട്ടില്ല, അവിടെയിപ്പോഴും ബോംബുകള്‍ പൊട്ടുന്നുണ്ട്, കെട്ടിടങ്ങള്‍ തകരുകയും, മനുഷ്യന്റെ നിലവിളികള്‍ ഉയരുകയും ചെയ്യുന്നുണ്ട്.
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നുവെന്ന് പറയുമ്പോഴും ഗാസയെന്ന ലോകത്തിലെ ഏറ്റവും വലിയ ശ്മശാനത്തില്‍ മനുഷ്യ മൃതദേഹങ്ങള്‍ കുടിക്കൊണ്ടേയിരിക്കുകയാണ്. അതിലൊരാള്‍, ആ നാടിന് പ്രിയപ്പെട്ടൊരു കവിയായിരുന്നു; രെഫാത്ത് അലരീര്‍. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രെഫാത്ത് കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ച്ച സുഹൃത്തുക്കളാണ് അറിയിച്ചത്.
പലസ്തീന്‍ പുതുതലമുറ എഴുത്തുകാരില്‍ പ്രമുഖനായിരുന്നു സര്‍വകലാശാല അധ്യാപകനും ഗവേഷകനുമായ അലരീര്‍. ഇസ്രയേലിന്റെ അധിനിവേശത്തിനെതിരേ ധിക്കാരത്തോടെ ചെറുത്തിരുന്നൊരു പോരാളി. തന്റെ നാടിനെക്കുറിച്ച് ലോകത്തിന് വായിക്കാന്‍ അയാള്‍ കഥയും കവിതകളുമെഴുതി. ഇംഗ്ലീഷിലായിരുന്നു എഴുതിക്കൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ സൈന്യം തന്റെ വീട് തകര്‍ക്കുകയാണെങ്കില്‍, തന്റെ പേന സൈനികരുടെ മുഖത്തേക്ക് വലിച്ചെറിയുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു അലരീര്‍ എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
‘ എന്റെ ഹൃദയം തകര്‍ന്നുപോയിരിക്കുന്നു… എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന രെഫാത് അലരീറും കുടുംബവും കൊല്ലപ്പെട്ടിരിക്കുന്നു’- ഗാസയിലെ മറ്റൊരു കവിയായ അബു തോഹ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകിട്ട് വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അലരീറും കുടുംബവും കൊല്ലപ്പെടുന്നത്.
ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയിരുന്ന സമയത്ത് വടക്കന്‍ ഗാസ വിട്ടു പോകാനുള്ള മുന്നറിയിപ്പ് അനുസരിക്കാന്‍ അലരീര്‍ തയ്യാറായിരുന്നില്ല. സംഘര്‍ഷത്തിന്റെ കേന്ദ്രം തന്നെ വടക്കന്‍ ഗാസയായിരുന്നു. ‘കുടുംബം മുഴുവന്‍ അവനോട് അപേക്ഷിച്ചിരുന്നു, കാരണം അവിടം അത്രമേല്‍ അപകടകരമായിരുന്നു. എന്നാല്‍, തന്നോട് പോകാന്‍ അഭ്യര്‍ത്ഥിച്ചവരോടെല്ലാം കവി തിരിച്ചു പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു; ഞാനൊരു അക്കാദമീഷ്യന്‍ മാത്രമാണ്, ഒരു സാധാരണക്കാരന്‍, ഞാനെന്റെ വീട്ടിലാണുള്ളത്, ഞാനിവിടം വിട്ടു പോകില്ല’ അലരീറിന്റെ ആ ഉറച്ച നിലപാടിനെക്കുറിച്ച് എഎഫ്പിയോട് പറഞ്ഞത്, കവിയുടെ മറ്റൊരു സുഹൃത്തും കിഴക്കന്‍ ഗാസ നഗരമായ ഷെജയ്യയില്‍ ചരിത്രാധ്യാപകനുമായ മൊഹമെദ് അല്‍ അറേയ്ര്‍ ആയിരുന്നു.
ഇസ്രയേല്‍ വ്യോമാക്രമണത്തിന് കീഴിലുള്ള ഗാസയിലെ ദുരത ജീവിതത്തെക്കുറിച്ച് അലരീര്‍ ഓരോ ദിവസവും തന്റെ എക്‌സ് അകൗണ്ടില്‍ എഴുതുമായിരുന്നു. പലതും വിവാദഹേതുവായി. ‘ ഞങ്ങള്‍ വെടിമരുന്നിന്റെയും സിമന്റിന്റെയും കട്ടിയുള്ള പാളികളാല്‍ പൊതിയപ്പെട്ടിരിക്കുന്നു’ ഡിസംബര്‍ നാലിലെ കുറിപ്പിതായിരുന്നു. ഒരുപക്ഷേ അതായിരുന്നിരിക്കും അവസാന ത്തേതും. അന്നു തന്നെ പങ്കുവച്ചിരുന്ന മറ്റൊരു പോസ്റ്റില്‍, ഷെജയ്യില്‍ കുടുങ്ങിപ്പോയ തന്റെ ബന്ധുക്കളെയും കുട്ടികളെയും കുറിച്ചും വ്യാകുലപ്പെടുന്നുണ്ട്.
ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല, അതുകൊണ്ട് അവന്‍ സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു’ അലരീര്‍ സ്വയമെടുത്ത വിധി നിര്‍ണയത്തെക്കുറിച്ച് സുഹൃത്ത് അറെയ്‌റിന്റെ വാക്കുകള്‍. വടക്ക് നിന്നും തെക്കോട്ട് പോയവരാണ് ഇസ്രയേല്‍ ബോംബുകളുടെ ഇരകളാകാതെ ഇപ്പോഴും ബാക്കി നില്‍ക്കുന്നത്. അതെത്ര നാളെന്ന് അവര്‍ക്കും അറിയില്ല.
‘ ഞങ്ങള്‍ക്കിതൊരു വലിയ നഷ്ടമാണ്’ എന്നായിരുന്നു അലരീറിന്റെ മരണവാര്‍ത്ത പങ്കുവച്ചുകൊണ്ട് മറ്റൊരു സുഹൃത്തായ അഹമെദ് അല്‍നൗഖ് എക്‌സില്‍ കുറിച്ചത്.
ഗാസയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു രെഫാത്ത് അലരീര്‍. ഷേക്‌സ്പിയര്‍ സാഹിത്യം പഠിപ്പിക്കുന്നതില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ കൂട്ടക്കൊലയെ ന്യായീകരിച്ചൊരാള്‍ കൂടിയാണ് അലരീര്‍. ബിബിസി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, ‘നിയമപരം’, ‘ധാര്‍മികം’ എന്നായിരുന്നു. വാര്‍സോ ഗെട്ടോ പ്രക്ഷോഭത്തോടായിരുന്നു ഹമാസ് ആക്രമണത്തെ താരതമ്യം ചെയ്തത്. നാസി ക്രൂരതകള്‍ക്കെതിരേ 1943-കളില്‍ നൂറു കണക്കിന് ജൂതമാര്‍ നടത്തിയ പ്രക്ഷോഭമാണ് ചരിത്രത്തില്‍ വാര്‍സോ ഗെട്ടോ എന്ന പേരില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. 14,000 ജൂതരാണ് ആ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്.
ഹമാസിനെ പ്രതിരോധിച്ചായിരുന്നു സാമൂഹ്യ മാധ്യമത്തില്‍ അലരീര്‍ വിശദീകരണങ്ങളും നിലപാടുകളും എഴുതിയിരുന്നത്. ഒക്ടോബര്‍ ഏഴിന് തടവിലാക്കിയ ബന്ദികളെ ഹമാസ് അംഗങ്ങള്‍ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തെ എതിര്‍ത്തെഴുതിയൊരാളായിരുന്നു അലരീര്‍. ഗാസ വംശഹത്യയില്‍ പുകമറ സൃഷ്ടിക്കാന്‍ ഇസ്രയേല്‍ കെട്ടിചമച്ച നുണകളാണെന്നായിരുന്നു അലരീറിന്റെ മറുപടി.
‘ഞങ്ങള്‍ വെറും അക്കങ്ങളല്ല’ എന്ന പേരിലൊരു സംഘടനയുണ്ട് ഗാസയില്‍, അലരീര്‍ അതിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു. ഗാസയിലെ എഴുത്തുകാര്‍ക്ക് വിദേശത്തുള്ള ഉപദേഷ്ടാക്കളുടെ സഹായത്തോടെ അവരുടെ അനുഭവങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ കവിതകളും കഥകളുമാക്കി എഴുതാന്‍ സഹായിക്കുന്ന ഒരു പദ്ധതിയായിരുന്നു ഇത്. ഒക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 17,400 പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഹമാസ് ഭരണകൂടത്തിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. അതില്‍ പകുതിയിലടുത്ത് കുട്ടികളാണ്. ഗാസയുടെ യാഥാര്‍ത്ഥ്യം ലോകം അറിയണമെന്നായിരുന്നു രെഫാത്ത് അലരീര്‍ ആഗ്രഹിച്ചതും ശ്രമിച്ചതും. ഇപ്പോള്‍ അയാളും അതിലൊരു കഥയായിരിക്കുന്നു; ലോകം അറിയേണ്ടൊരു കഥ!
രെഫാത് അലറീര്‍ എഴുതിയ കവിത(മലയാളം പരിഭാഷ ശ്രീജിത്ത് ദിവാകരന്‍)
‘ഞാന്‍ മരിക്കണമെന്ന് ഉറപ്പാണെങ്കില്‍
നീ ഉറപ്പായും ജീവിക്കണം.
എന്റെ കഥ പറയാന്‍,
എന്റേതല്ലാം വില്‍ക്കാന്‍,
എന്നിട്ട് ഒരു മുറി തുണിയും
കുറച്ച് ചരടും വാങ്ങാന്‍.
(അത് നീളന്‍ വാലുള്ള, വെള്ള നിറത്തിലുള്ളതാകണേ) !
അപ്പോള്‍
ഗാസയിലെവിടെ നിന്നെങ്കിലും ഒരു കുഞ്ഞ്
ഉയരെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നോക്കുമ്പോള്‍,
-സ്വന്തം ഉടലിനോടും തന്നോട് തന്നെയും,
ഒരു യാത്രാമൊഴി പോലും പറയാതെ-
തിടുക്കപ്പെട്ട് പോയ,
ഉപ്പയെ തിരയുമ്പോള്‍,
ഒരു പട്ടം കാണും.
നീയുണ്ടാക്കി തന്ന എന്റെ പട്ടം
ഉയരത്തില്‍ പറക്കുന്നത്.
അപ്പോളൊരു നിമിഷമാ കുഞ്ഞ് കരുതും
സ്നേഹവുമായി തിരികെ എത്തുന്ന
ഒരു മാലാഖ അവിടെയുണ്ടെന്ന്.
ഞാന്‍ മരിക്കണമെന്ന് ഉറപ്പാണെങ്കില്‍
അതിലൊരു പ്രതീക്ഷ ബാക്കിയുണ്ടാകട്ടെ,
അതൊരു കഥയായി നിലനില്‍കട്ടെ.’
If I must die, let it be a tale. #FreePalestine #Gaza pic.twitter.com/ODPx3TiH1a
— Refaat in Gaza 🇵🇸 (@itranslate123) November 1, 2023