June 14, 2025 |

ഞാന്‍ ഞാന്‍ ഞാനാണ് താരം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-126

തെരഞ്ഞെടുപ്പ് കാലമായ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാലിനെ കുറിച്ചാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ വ്യക്തിത്വവും നേതാവും ആയിരുന്നു ലീഡര്‍ എന്ന ഒറ്റപേരില്‍ അറിയപ്പെട്ടിരുന്ന കെ കരുണാകരന്‍. അദ്ദേഹത്തിന്റെ പുത്രിയാണ് പത്മജ വേണുഗോപാല്‍. കെ കരുണാകരന്റെ മകനായ കെ മുരളീധരനും കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. കെ മുരളീധരന് കെഎസ്‌യു പ്രവര്‍ത്തനങ്ങളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളും സേവാദള്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ആദ്യകാലങ്ങളില്‍ പ്രസംഗിക്കുവാന്‍ പോലും ബുദ്ധിമുട്ടായിരുന്നു കെ മുരളീധരന്. ഇന്ന് കോണ്‍ഗ്രസിലെ ശക്തനായ വാഗ്മിയും പ്രാസംഗികനുമാണ് അദ്ദേഹം.

ദേശീയ ഐക്യത്തിലെ പെണ്‍കുട്ടി

കെ കരുണാകരന്റെ മകള്‍ പത്മജ കെ കരുണാകരന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ ഒട്ടേറെ സ്ഥാനങ്ങളില്‍ കേറിപ്പറ്റിയ വ്യക്തിയാണ്. ചാലക്കുടി പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ലോനപ്പന്‍ നമ്പാടനോട് തോല്‍ക്കുകയും രണ്ടുതവണ തൃശ്ശൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ച് തോല്‍ക്കുകയും ചെയ്ത വ്യക്തിയാണ് പത്മജ. കോണ്‍ഗ്രസ് പ്രസ്ഥാനം പിതാവിന്റെ പേരില്‍ കെടിഡിസി ചെയര്‍പേഴ്‌സണ്‍ സ്ഥാനം അവര്‍ക്ക് നല്‍കുകയുണ്ടായി. അതുമാത്രമല്ല മഹിളാ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളിലും അവര്‍ക്ക് നല്‍കിയത് കോണ്‍ഗ്രസിന്റെ കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്രരേഖയാണ്. വേണ്ടത്ര സ്ഥാനങ്ങള്‍ നല്‍കിയില്ല എന്നുള്ള അവരുടെ പരാതി അതുകൊണ്ടുതന്നെ അസ്ഥാനത്താണ്. പത്മജയെ ഒട്ടേറെ വേദികളില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍, തന്നെ കോണ്‍ഗ്രസ് അവഗണിക്കുന്നു എന്നുള്ള പേരില്‍ ബിജെപിയിലേക്ക് പോയത് തികച്ചും ആക്ഷേപഹാസ്യമായി മാത്രമേ നിരീക്ഷിക്കാന്‍ സാധിക്കൂ.

പത്മജയുടെ ബിജെപിയിലേക്കധള്ള പോക്ക് വ്യക്തിപരമായി രാഷ്ട്രീയ രംഗത്ത് അവര്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കുവാന്‍ സാധിക്കില്ല എന്നുള്ള ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതേസമയം പത്മജയുടെ ബിജെപിയിലേക്കുള്ള പോക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ കാര്യമായി ബാധിക്കും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.കരുണാകരനും മുരളീധരനും എന്‍സിപിയിലേക്ക് പോയ സമയത്ത്‌
കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്  പാര മാസികയില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഇപ്പോഴും പ്രസക്തമായി തന്നെ നമുക്ക് കാണുവാന്‍ സാധിക്കും. അച്ഛനാണ് താരം എന്നുള്ളതും, പെങ്ങളാണ് താരം എന്നുള്ളതും സോണിയ ഗാന്ധി വെട്ടി മാറ്റുന്നു. ഒടുവില്‍ ഞാനാണ് താരം എന്ന് സ്വയം എഴുതി ചേര്‍ക്കുന്ന കെ മുരളീധരനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. പിന്നില്‍ ബ്രഷുമായി നില്‍ക്കുന്ന സോണിയ ഗാന്ധിയെയും കാണാം. ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് ഒടുവില്‍ കോണ്‍ഗ്രസില്‍ മടങ്ങി എത്തിയ വ്യക്തിയാണ് കെ മുരളീധരന്‍. താനാണ് താരമെന്ന ധ്വനി അദ്ദേഹത്തിന്റെ മിക്ക പ്രസ്താവനകളിലും ഇന്നും മറഞ്ഞ് നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ച കാര്‍ട്ടൂണ്‍ ഇന്നും രാഷ്ട്രീയപരമായി പ്രസക്തം തന്നെ.

കടപ്പാട്; പാര മാസിക

Leave a Reply

Your email address will not be published. Required fields are marked *

×