December 11, 2024 |
Share on

ദേശീയ ഐക്യത്തിലെ പെണ്‍കുട്ടി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-125

തെരഞ്ഞെടുപ്പില്‍ ഐക്യം ഉണ്ടാക്കുക എന്നുള്ളത് വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ ഏക കക്ഷി ഭരണം ഇന്ത്യയില്‍ സമീപകാലത്ത് സംഭവിക്കാന്‍ സാധ്യത ഇല്ല. വ്യത്യസ്ത ആശയങ്ങള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കുടക്കീഴില്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. ഒരു സംസ്ഥാനത്തെ പ്രമുഖരായ രണ്ടു പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നുള്ളത് വളരെ ദുഷ്‌കരം പിടിച്ച ഒരു പണിയാണ്. ദേശീയ ഐക്യം രൂപീകരിച്ച സമയത്തും ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന ഇന്ത്യാ സഖ്യം നേരിടുന്നതും ഒരേ പ്രശ്‌നം തന്നെയാണ്. അതു തന്നെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുന്ന ഭരണത്തിന് ശക്തി പകരുന്നതും,

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും, തെരഞ്ഞെടുപ്പിലെ ഒന്നാകലും

1949 ല്‍ തമിഴ്‌നാട്ടില്‍ ഇ.വി. രാമസ്വാമി നായ്കര്‍ ഹിന്ദിക്കെതിരായും ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടിയും സ്ഥാപിച്ച ദ്രാവിഡര്‍ കഴകം (1944 വരെ ജസ്റ്റിസ് പാര്‍ട്ടി എന്നറിയപ്പെട്ടു) ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ്. 1956-നു ശേഷം സി. എന്‍. അണ്ണാദുരൈയുടെ നേതൃത്ത്വത്തില്‍ ഡി.എം.കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയായി ഇത് മാറി. 1969ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി. എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടത്തു. അത്രയും തഴക്കവും പഴക്കവുമുള്ള മുതിര്‍ന്ന നേതാവാണ് അദ്ദേഹം. അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള കരുണാനിധി ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്. 1973ല്‍ ഡി.എം.കെ. പിളരുകയും എം.ജി. ആറിന്റെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ. രൂപം കൊള്ളുകയും ഉണ്ടായി. എം.ജി.ആറിന്റെ ജനസ്വാധീനം വര്‍ധിക്കുകയും 1987 ല്‍ മരിക്കുന്നതു വരെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ജയലളിതയുടെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ. ശക്തമായി. ദേശീയ ഐക്യം രൂപീകരിച്ച സമയത്ത് തമിഴ്‌നാട്ടില്‍ നിന്ന് ജയലളിതയെ കൂട്ടിയപ്പോള്‍ കരുണാനിധി പിണങ്ങി പുറത്തുപോകുന്ന സാഹചര്യം ഉണ്ടായി. കരുണാനിധിയെ തള്ളി പുറത്താക്കി എന്ന സംസാരവും അന്നുണ്ടായിരുന്നു. എം. ജി. രാമചന്ദ്രനോടൊപ്പമാണ് (എം.ജി.ആര്‍) ജയലളിത സിനിമാ ജീവിതം ആരംഭിച്ചത്, ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980-ല്‍ ജയലളിത എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെ.യില്‍ അംഗമായി, അവരുടെ രാഷ്ട്രീയ പ്രവേശനം മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും താല്‍പര്യമുള്ളതായിരുന്നില്ല.

കാര്‍ട്ടൂണിസ്റ്റ് കുട്ടി ഈ വിഷയം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണ്‍ ആജ്കല്‍ പത്രത്തില്‍ വരച്ചത് ശ്രദ്ധേയമായിരുന്നു. ഒരു സിനിമാതാരം ആണ് എന്നുള്ള വസ്തുതയും അവരുടെ തടിച്ച ശരീരപ്രകൃതിയും കാര്‍ട്ടൂണില്‍ കാണാം എന്നുള്ളത് എടുത്തുപറയണം. ജയലളിത അവിവാഹിതയാണെന്നുള്ളതും ഒരു സ്ത്രീയാണെന്നുള്ളതും കമന്റില്‍ പെണ്‍കുട്ടിയെന്ന് വ്യദ്ധരായ നേതാക്കള്‍ അതിസംബോധന ചെയ്യുന്നതും ആക്ഷേപഹാസ്യത്തിന്റെ ശക്തി കൂട്ടുകയാണ്. വരൂ പെണ്‍കുട്ടി, ഞങ്ങളുടെ ദേശീയ ഐക്യത്തിന്റെ ഭാഗമാകൂ എന്നാണ് അവര്‍ പറയുന്നത്. ദേശീയ ഐക്യത്തിന്റെ നീളന്‍ കസേരയില്‍ ബിജു പട്‌നായ്ക്കും, രാമറാവുവും ബൊമ്മയും കരുണാനിധിയെ തള്ളി മാറ്റി ജയലളിതയ്ക്ക് ഇരിക്കുവാനുള്ള ഇടം നല്‍കുന്നതാണ് കാര്‍ട്ടൂണ്‍. പുറത്താക്കപ്പെട്ട കരുണാനിധി പ്രായമായ മൂന്നുപേരെയും നോക്കുന്നുമുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: ആജ്കല്‍

×