കുടുംബ വഴക്കുകളെ കുറിച്ച് നാം എത്രയോ കേട്ടിട്ടുണ്ട്. ഒരു വീട്ടില്‍ നടക്കുന്ന വഴക്ക് എത്ര വലുതായാലും ചിലപ്പോള്‍ പുറമേ നിന്നുള്ളവര്‍ അതില്‍ ഇടപെട്ടാല്‍ അവര്‍ ഒറ്റപ്പെടുന്നതായി കാണാം. കുടുംബത്തിലുള്ളവരെല്ലാവരും ഒന്നിക്കുന്ന സന്ദര്‍ഭങ്ങളും പല കുടുംബങ്ങളിലും കാണാവുന്നതാണ്. അങ്ങനെ പല സംഭവങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. കുടുംബ വഴക്കില്‍ ഇടനിലക്കാരനായി ചെന്ന് പ്രതിയായി മാറുന്ന അവസ്ഥ ഉണ്ടായതായി കേട്ടിട്ടുമുണ്ട്. സമാനമായ അനുഭവം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിലും.
ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഉണ്ട് എന്നുള്ളത് പരസ്യമായ കാര്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രവര്‍ത്തനം പരസ്യമായി നടക്കുന്നു എന്നുള്ളത് അത്ഭുതവും കൗതുകവുമാണ്. പ്രതിപക്ഷത്തെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്നത് എന്നത് പരസ്യമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് സമവാക്യം കൂടി കണക്കിലാക്കേണ്ടതുണ്ട് എന്നുള്ളതാണ് പ്രത്യേകത. അങ്ങനെ ഗ്രൂപ്പുകള്‍ ശക്തമാണെന്ന് ഒരിക്കലും തെരഞ്ഞെടുപ്പിനോടടുത്താല്‍ തോന്നില്ല. എല്ലാ ഗ്രൂപ്പുകളും ഒന്നിക്കും.
കോണ്‍ഗ്രസ് ഐയില്‍ എത്ര ഗ്രൂപ്പുണ്ടായാലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ ഗ്രൂപ്പുകളും ഒന്നിക്കും എന്നുള്ള പ്രസ്താവന ഒരിക്കല്‍ കെ കരുണാകരന്‍ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് ഗ്രൂപ്പിന്റെ പിടിവലി നടക്കുന്നതിനിടയില്‍ കരുണാകരന്‍ പറഞ്ഞ പ്രസ്താവനയെ അടിസ്ഥാനമാക്കി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം എസ് മോഹനചന്ദ്രന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തില്‍ കെ കരുണാകരന്‍ ഗ്രൂപ്പും എ കെ ആന്റണി ഗ്രൂപ്പും ആണ് ശക്തമായി ഉണ്ടായിരുന്നത്. ഇതുകൂടാതെ ഒട്ടേറെ ചെറിയ ഗ്രൂപ്പുകളും ഉണ്ടായിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ ഗ്രൂപ്പുകളും ഒന്നിക്കുന്നു എന്ന പ്രസ്താവന വളരെ രസകരമായി കാര്‍ട്ടൂണില്‍ എം എസ് മോഹനചന്ദ്രന്‍ ചിത്രീകരിച്ചിരിക്കുന്നു.
കാര്‍ട്ടൂണ്‍ കടപ്പാട്: ജനയുഗം