ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ ആവശ്യമാണ് രാജസ്ഥാനില്‍ അധികാരം പിടിക്കേണ്ടത്. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു കഴിയുമ്പോഴും അതിശക്തമായ വിഭാഗീയത രണ്ടു പാര്‍ട്ടിയെയും ഒരുപോലെ പ്രശ്‌നത്തിലാക്കുകയാണ്. 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 163 സീറ്റുകളില്‍ വിജയിച്ചു രാജസ്ഥാന്‍ ഭരിച്ച പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ 2018 ലെ തെരഞ്ഞെടുപ്പില്‍ 70 സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് പ്രതിപക്ഷത്തിരിക്കുവാനേ സാധിച്ചുള്ളൂ. കോണ്‍ഗ്രസിനെ പിളര്‍ത്തിക്കൊണ്ട് ഭരണം തട്ടിയെടുക്കാനുള്ള ബി.ജെ.പി ശ്രമവും ഇതിനിടയില്‍ ഉണ്ടായത് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.
കോണ്‍ഗ്രസിന്റെ നിലവിലെ മുഖ്യമന്ത്രി അശോക് ഗലോട്ടും യുവ നേതാവായ സച്ചിന്‍ പൈലറ്റുമാണ് കോണ്‍ഗ്രസിനെ വിഭാഗീയതയുടെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. നാലാം തവണയും മുഖ്യമന്ത്രിയാകും എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് 72 വയസ്സുകാരനായ അശോക് ഗലോട്ട്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് സച്ചിന്‍ പൈലറ്റ്. മുന്‍പ് കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹം നിലവില്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ആയി സേവനമനുഷ്ഠിക്കുകയാണ്. നിലവിലെ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 സീറ്റുകളാണ് ഉള്ളത്.
രാജസ്ഥാനില്‍ ബിജെപിയുടെ വസുന്തര രാജ സിന്ധ്യ ഏറെ ജനകീയയായ നേതാവാണ്. അവരോളം ജനസമ്മതിയുള്ള മറ്റൊരു നേതാവും ബിജെപിയില്‍ ഇല്ല എന്ന് തന്നെ പറയണം. അവരായിരുന്നു 2013ല്‍ ബിജെപി ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്നത്. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അവരെ ഉള്‍കൊള്ളുവാന്‍ സാധിച്ചിട്ടില്ല. അത് കൊണ്ട് അവരെ ബി.ജെ.പിയുടെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കുന്നുമില്ല. വസുന്ധര രാജ സിന്ധ്യയെ ഒഴിവാക്കിക്കൊണ്ട് ബിജെപിയുടെ ഒരു വിഭാഗം, നേതൃത്വം കയ്യേറാന്‍ ശ്രമിക്കുന്നത് പകല്‍പോലെ വ്യക്തവുമാണ്. ഒരു ഡസനിലേറെ ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി മോഹവുമായി രാജസ്ഥാനില്‍ ഉള്ളത്.
കഴിഞ്ഞ 30 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തുടര്‍ഭരണം നല്‍കാത്ത ഒരു സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ രാഷ്ട്രീയ ചരിത്രം മാറ്റി എഴുതപ്പെടും എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ആകെയുള്ള 200 സീറ്റുകളില്‍ ആര് മേല്‍ക്കൈ നേടുമെന്നുള്ള കാര്യത്തില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കുവാന്‍ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യം ആണ് അവിടെയുള്ളത്.
രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതാണ്. കോടിക്കണക്കിന് യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് എടുക്കേണ്ട ഒരു പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. രാജസ്ഥാനില്‍ വ്യാപകമായി നടന്ന സ്ത്രീ പീഡനങ്ങള്‍ മറ്റൊരു ചര്‍ച്ചാ വിഷയമാണ്. 2021ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം നടന്ന സംസ്ഥാനം രാജസ്ഥാന്‍ ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നയാക്കി നടത്തിയ സംഭവത്തിന് രാജ്യം ആശങ്ക രേഖപ്പെടുത്തിയപ്പോള്‍ അതേസമയം രാജസ്ഥാനില്‍ ഒരു സ്ത്രീയെ ജീവനോടെ കത്തിച്ച സംഭവം പ്രതിരോധമായി പിടിച്ചാണ് ബിജെപി നേരിട്ടത്. ജയ്പൂര്‍ മേയര്‍മാര്‍ രണ്ടുതവണ രാജിവെക്കാന്‍ ഉണ്ടായ സാഹചര്യം അവരുടെ ഭര്‍ത്താക്കന്മാര്‍ നടത്തിയ അഴിമതിയുടെ പേരിലായിരുന്നു. ബിജെപിക്ക് ഇത് ഒരു വലിയ രാഷ്ട്രീയ ആയുധം തന്നെയാണ്. രാജസ്ഥാനിലെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിക്കപ്പെട്ടതും ബിജെപി ആയുധമാക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല.
പിന്നാക്കെ വിഭാഗക്കാര്‍ ധാരാളമുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. ജാതി സെന്‍സസ് നടത്തുമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രഖ്യാപനം ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ പിന്തുടര്‍ച്ചയായി തന്നെ വേണം കാണുവാന്‍. ഇത് ചെറിയ അളവില്‍ അല്ല ബിജെപിയെ അലോസരപ്പെടുത്തുന്നത് എന്നുള്ളതും ഇവിടെ എടുത്തു പറയേണ്ടതാണ്. പിന്നാക്ക വിഭാഗത്തെ സ്വാധീനിക്കാനുള്ള പുത്തന്‍ അടവുകള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി അവിടെ.
രാജസ്ഥാനിലെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ബിജെപി നേതാവും വൈസ് പ്രസിഡന്റമായിരുന്ന ഭൈറോണ്‍ സിംഗ് ഷെഖാവത്തിന്റെ മരുമകനും സിറ്റിങ് എം എല്‍ എയുമായ നര്‍പത് സിംഗ് രാജ്‌വിക്ക് ടിക്കറ്റ് നല്‍കിയിട്ടില്ല. മൂന്ന് തവണ ജയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. 12 സിറ്റിങ്ങ് എം.എല്‍ എ മാരെ മാറ്റി നിര്‍ത്തിയാണ് 41 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി. പുറത്തിറക്കിയത്. അതുകൊണ്ടുതന്നെ ഒരു വലിയ വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വിമത പ്രവര്‍ത്തനങ്ങള്‍ രാജസ്ഥാനില്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേ ഉള്ളൂ. വസുന്ധര രാജ സിന്ധ്യയൊക്കെ അടുത്ത ലിസ്റ്റില്‍ ഉണ്ടാകുമെന്നാണ് സംസാരം.
കേന്ദ്രമന്ത്രിമാര്‍ പലരെയും രാജസ്ഥാനില്‍ പരീക്ഷിക്കുന്ന ബിജെപി, ഒളിമ്പിക്‌സ് താരവും കേന്ദ്ര മന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റത്തോഡിനെ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രചരണത്തില്‍ മേല്‍ കൈ കൊടുക്കുന്നത് കാണാം. ബിജെപി ഒരുപക്ഷേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇദ്ദേഹത്തെ ആയിരിക്കും മുന്നില്‍ നിര്‍ത്തുക എന്നുള്ള സംസാരവും വ്യാപകമാണ്.