രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-146
വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന മേലങ്കിയുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന കെ എം മാണി സ്വന്തം പാര്‍ട്ടിയെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെ ആയിരുന്നു. പിന്നീട് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പിളരുന്നത് ഒരു സ്ഥിരം ഏര്‍പ്പാടാണെന്ന് കാണാം. ഇന്ന് കേരളത്തില്‍ എത്ര കേരളാ കോണ്‍ഗ്രസ് ഉണ്ടെന്നതിന് ഉത്തരം ഓരോ ദിവസവും മാറി മാറി വരുന്നുണ്ടെന്ന് സംസാരവുമുണ്ട്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് കേരളാ കോണ്‍ഗ്രസിന്റെ തുടക്കത്തില്‍ പറഞ്ഞെങ്കിലും പിന്നീട് ഒരു സമുദായത്തിന്റെ രാഷ്ട്രീയ മുഖമായി പാര്‍ട്ടി പരിണമിച്ചു. പി ടി ചാക്കോ എന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ സ്മരണയിലാണ് കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടി പിറക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തില്‍ 1964 ഒക്ടോബര്‍ 9 നു ചേര്‍ന്ന ആ യോഗം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച വഴിത്തിരിവായിരുന്നു കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനം.
കേരളാ കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രിക ബൈബിളിന് തുല്യമായിട്ടാണ് പരിഗണിക്കുന്നതെന്ന സംസാരമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് പതിവുള്ളതും, പ്രകടന പത്രിക ചര്‍ച്ചയാകുന്നതും സ്ഥിരം കാഴ്ച്ചയാണ്. പല കേരളാ കോണ്‍ഗ്രസുകള്‍ കേരള രാഷ്ട്രിയത്തില്‍ ഉണ്ട് എന്നതാണ് പ്രകടന പത്രിക ചര്‍ച്ചയാകുവാന്‍ കാരണം. പ്രതീക്ഷിച്ച അംഗീകാരം ലഭിച്ചില്ലെങ്കില്‍ ആശയപരമായി വലിയ മാറ്റമില്ലാത്ത മറ്റൊരു കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പില്‍ പോകുന്നതിലും അധികം വിമര്‍ശനങ്ങള്‍ ഉണ്ടാകില്ലല്ലോ.
കേരളാ കോണ്‍ഗ്രസിന്റെ മാണി ഗ്രൂപ്പും, ജോസഫ് ഗ്രൂപ്പും തമ്മിലാണ് 2024ലെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഈ അവസരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച ഒരു കാര്‍ട്ടൂണ്‍ രാഷ്ട്രീയ വായനക്കാരുടെ മനസിലേയ്ക്ക് ഓടി വരുന്നത് സ്വാഭാവികം. ഈ കാര്‍ട്ടൂണില്‍ കെ എം മാണി തന്റെ പ്രിയ ചങ്ങാതി പി ജെ ജോസഫിനോട് ചോദിക്കുകയാണ്: ആ പ്രകടന പത്രിക (പുതിയ നിയമം) ഒന്നു തരാമോ? ഒരു സംശയം ഒന്ന് നോക്കാനാണ്… വര്‍ത്തമാനകാല കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയില്‍ ഈ കാര്‍ട്ടൂണ്‍ രസകരം തന്നെ.
കാര്‍ട്ടൂണ്‍ കടപ്പാട്: നാഥന്‍