June 20, 2025 |

ജനക്കൂട്ടം വോട്ടാകുമോ…?

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-145

എല്ലാ തിരഞ്ഞെടുപ്പുകളിലും ശക്തി പ്രകടനങ്ങളും പൊതുയോഗങ്ങളും പതിവാണ്. ഇതില്‍ പങ്കെടുക്കുന്നവരില്‍ എത്രപേര്‍ അതാത് പാര്‍ട്ടികളുടെ അണികളാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെയാണ് ആള്‍ക്കൂട്ടം ഒരിക്കലും വോട്ടാകില്ല എന്ന് പരക്കെ പറയുന്നത്. വടക്കേ ഇന്ത്യയില്‍ ആള്‍ക്കൂട്ടത്തെ കൂലിക്ക് കിട്ടുന്നതായി കേട്ടിട്ടുണ്ട്, അത് അറിയാം. സമാനമായ രീതിയില്‍ തമിഴ്‌നാട്ടിലും ഈ പ്രവണത ഉണ്ട് എന്നാണ് കേട്ടിട്ടുള്ളത്. കേരളത്തില്‍ അങ്ങനെയുണ്ടോ എന്നുള്ളത് വ്യക്തമല്ല. എന്തായാലും പൊതുയോഗങ്ങളിലും ശക്തിപ്രകടനങ്ങളിലും പ്രമുഖ നേതാക്കള്‍ വരുമ്പോഴുള്ള ആള്‍ക്കൂട്ടം ഒരിക്കലും വോട്ടാകില്ല എന്ന് തന്നെയാണ് നമ്മുടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കാലങ്ങളായി തെളിയിക്കുന്നത്. ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ പ്രഗല്‍ഭരും, പ്രശസ്തരുമായ വ്യക്തികളുടെ സാന്നിധ്യവും അല്പം പണമിറക്കിയുള്ള പ്രവര്‍ത്തനങ്ങളും മാത്രം മതിയാകും.

വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍

ബാലറ്റ് ബോക്‌സില്‍ ആള്‍ക്കൂട്ടം വോട്ടായി മാറുന്നതിന് വോട്ടര്‍മാരുടെ വിശ്വാസം നേടേണ്ടതുണ്ട്. ഇത്തരത്തില്‍ ജനക്കൂട്ടത്തെ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുക എന്നുള്ള ഒരു രീതി എല്ലാ മുന്നണികളും എല്ലാ കാലത്തും പിന്തുടര്‍ന്ന ഒരു കാര്യമാണ്. ആള്‍ക്കൂട്ടം കണ്ട് തെറ്റിദ്ധരിക്കപ്പെട്ട് വോട്ട് ചെയ്യുന്നവരും സമൂഹത്തിലുണ്ട് എന്നതാണ് സത്യം. ജനസംഖ്യയില്‍ ഒട്ടും പിന്നിലല്ലാത്ത നമ്മുടെ രാജ്യത്തെ ജനങ്ങളെ തിരിച്ചറിയുക എന്നുള്ളത് തന്നെ വലിയ പ്രയാസമുള്ള കാര്യമാണെന്ന് ആര്‍ക്കും മനസിലാകും. ജനസംഖ്യ വളരെയധികം ഉള്ള ഇന്ത്യയിലെ വോട്ടര്‍മാരെ സ്വന്തമാക്കുന്നതില്‍ മികച്ച വൈഭവം തന്നെ ഓരോ മുന്നണിക്കും ഉണ്ടാകേണ്ടതുണ്ട്. അവരെ സ്വന്തം വരുതിയില്‍ വരുത്തുക എന്നുള്ളതാണ് ഒരു മുന്നണിക്ക് ഒരു തെരഞ്ഞെടുപ്പിലൂടെ നേടേണ്ട വിജയം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയക്കാരും നോട്ടമിടുന്നതും വോട്ടര്‍മാരുടെ മനസ്സ് കീഴടക്കുക എന്നുള്ളതിലാണ്.

എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റ് സാമുവല്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ആള്‍ക്കൂട്ടത്തിന്റെ വിഷയമാക്കിയുള്ളതാണ്. അദ്ദേഹം വരച്ച കാര്‍ട്ടൂണില്‍, തീവണ്ടിയില്‍ തിങ്ങിനിറഞ്ഞു പോകുന്ന ഇന്ത്യന്‍ ജനതയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തിങ്ങി നിറഞ്ഞ തീവണ്ടി യാത്ര വടക്കേ ഇന്ത്യയില്‍ സര്‍വ്വസാധാരണവുമാണ്. അതുകൊണ്ടുതന്നെയാകും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സാമുവല്‍ അങ്ങനെ തന്റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. എല്ലാവരെയും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് ആത്മഗതവും കാര്‍ട്ടൂണിലുണ്ട്. ആള്‍ക്കൂട്ടത്തില്‍ എത്രപേര്‍ വോട്ട് ചെയ്യും എന്നുള്ള സംശയം ഓരോ മുന്നണിയിലെ നേതാക്കള്‍ക്കും ഉണ്ടായിട്ടുള്ളത് പോലെ തന്നെയാണ് തിങ്ങി നിറഞ്ഞ തീവണ്ടിയിലെ യാത്രക്കാരെ പരിശോധിക്കലും.

കാര്‍ട്ടൂണ്‍ കടപ്പാട്: ടി. സാമുവല്‍

 

Leave a Reply

Your email address will not be published. Required fields are marked *

×