UPDATES

കേരളം

TodayIn India: ‘മാസപ്പടി’; അനങ്ങാതെ കോണ്‍ഗ്രസ്, ആവേശം കുഴല്‍നാടന് മാത്രം

                       

കേരള രാഷ്ട്രീയത്തിലെ ‘മാസപ്പടി’ വിവാദം ദേശിയ തലത്തിലും ശ്രദ്ധയാവുകയാണ്. കേരളത്തിലെ സ്വകാര്യ കരിമണല്‍ ഘനന കമ്പനി സി.എം.ആര്‍.എല്ലില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കിട്ടിയ പണത്തിന്റെ കണക്കിനെ ചൊല്ലിയുള്ള തര്‍ക്കം കേരളത്തില്‍ ശക്തി പ്രാപിക്കുകയാണ്. കേരളത്തിന്റെ അതിര്‍ത്തി വിട്ട് ഈ വിവാദവും ചര്‍ച്ചയും രാജ്യ തലസ്ഥാനത്തേക്ക് എത്തിയിരിക്കുന്നു എന്നുള്ളതാണ് വസ്തുത. വീണയുടെ ഭര്‍ത്താവ് സംസ്ഥാനത്തെ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് എന്നുള്ളതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.

മാസപ്പിടി ആരോപണം ശക്തമായ രീതിയില്‍ കഴിഞ്ഞ ദിവസം നിയമസഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഡ്വ: മാത്യു കുഴല്‍നാടന്‍ അവതരിപ്പിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ സമയം പ്രതിപക്ഷ നേതാവ് വി. ഡി. സതീശനടക്കമുള്ളവര്‍ സഭയില്‍ ഉണ്ടായിരുന്നില്ല എന്നതാണ്. എന്തായിരിക്കും അതിന് കാരണം എന്ന് ഏറെ ചിന്തിക്കേണ്ടതില്ല. സ്വകാര്യ കരിമണല്‍ ഇടപാട് കമ്പനി സി.എം.ആര്‍.എല്ലിന്റെ മാസപ്പടി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പിണറായി വിജയന്റെ മകള്‍ മാത്രമല്ല ലിസ്റ്റില്‍. മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരും കാണാം. സംസ്ഥാനത്തെ പല പ്രമുഖരുടെ പേരുകളുടെ കൂട്ടത്തില്‍ പി. കെ. കുഞ്ഞാലികുട്ടിയും ലിസ്റ്റിലുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിക്കെതിരെ ഇത്ര വലിയ ആരോപണം ഉണ്ടായിട്ടും പ്രതിഷേധം കടുപ്പിക്കാതെ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ യുവതുര്‍ക്കികള്‍ നിയമസഭയില്‍ വിഷയം അവതരിപ്പിക്കുന്ന അവസരത്തില്‍ അപ്രത്യക്ഷമാകുന്നത് അതൊക്കെ കൊണ്ടാണ്. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ പ്രസംഗ സമയത്ത് പ്രതിപക്ഷ അംഗങ്ങളോട് ഭരണപക്ഷ അംഗങ്ങള്‍ കാണിച്ച അതേ നിലപാടാണ് കേരള നിയമസഭയില്‍ കണ്ടത്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരം ഇടപാടുകള്‍ ഒട്ടേറെ തവണ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. ജയിന്‍ സഹോദരന്മാര്‍ അടക്കമുള്ള ഒട്ടേറെ പേരും ഹവാല ഇടപാടില്‍ സമാനമായ രീതിയില്‍ ആരോപണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. പിന്നീട് ഉണ്ടായ ബിര്‍ള സഹാറ ഡയറി ഒട്ടേറെ രാഷ്ട്രീയ നേതാക്കളെ മാസപ്പടി വിവാദത്തില്‍ കൊണ്ടെത്തിച്ചിട്ടുണ്ട് എന്നുള്ള കാര്യം രാജ്യത്തിന് അറിവുള്ളതാണ്. ഇപ്പോഴത്തെ കേരളത്തിലെ മാസപ്പടി വിവാദം രാജ്യത്ത് മുന്‍പ് ഉണ്ടായ എല്ലാ ഇടപാടുകളും തേഞ്ഞു പോയതു പോലെ തേഞ്ഞു പോകുമോ എന്ന ആശങ്ക സമൂഹത്തില്‍ ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല…

Share on

മറ്റുവാര്‍ത്തകള്‍