UPDATES

സിഎംആര്‍എല്ലും മാസപ്പടി വിവാദവും

സിഎംആര്‍എല്ലും കേരളത്തിലെ ധാതുഖനനവും

                       

കമ്പനിയുടെ തടസമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത രാഷ്ട്രീയക്കാര്‍, ട്രേഡ് യൂണിയനുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത കേരളത്തില്‍ വലിയ പ്രചാരം നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി ഉള്‍പെടെയുള്ളവര്‍ നിയമവിരുദ്ധമായ തുക കൈപ്പറ്റിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് എന്ന കമ്പനി സിഎംആര്‍എല്‍-ന് സോഫ്റ്റ്വെയര്‍-ഐടി സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായാണ് 1.72 കോടി രൂപ നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വീണയുടെ കമ്പനി സിഎംആര്‍എല്‍-ന് യാതൊരു സേവനങ്ങളും നല്‍കിയിരുന്നില്ലെന്നും കൈപ്പറ്റിയ തുക തികച്ചും നിയമവിരുദ്ധമാണെന്നുമാണു വ്യക്തമാക്കുന്നത്. വീണ സിഎംആര്‍എല്‍ കമ്പനിയുമായി നടന്ന സാമ്പത്തിക ഇടപാടുകളില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയ വിശദീകരണം. സിഎംആര്‍എല്‍ ഓഫീസിലെ 2019ലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വിവിധ വ്യക്തികള്‍ക്ക് അനധികൃതമായി പണം നല്‍കിയെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ എംഡി ശശിധരന്‍ കര്‍ത്ത ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് മുമ്പാകെ നടത്തിയ വെളിപെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഈ വിവാദം പ്രതിപക്ഷ പാര്‍ട്ടികളും അവഗണിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും ഉള്‍പ്പെടെ വലിയ തുകകള്‍ കമ്പനിയില്‍ നിന്നും നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതാണ് കാരണം.

എന്താണ് സിഎംആര്‍എല്‍
കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന ഇല്‍മനൈറ്റ് ധാതു പ്രധാന അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമറ്റഡ്. കൊച്ചിയിലെ എടയാര്‍ വ്യാവസായിക മേഖലയിലാണ് സിഎംആര്‍എല്‍ സ്ഥിതി ചെയ്യുന്നത്. ഇന്‍മനൈറ്റ് ധാതുവിന്റെ സഹായത്തോടെ സിഎംആര്‍എല്‍ ഉത്പാദിപ്പിക്കുന്ന സിന്തറ്റിക് റൂട്ടയില്‍, ഫെറസ് ക്ലോറൈഡ്, സിമോക്സ് തുടങ്ങിയ രാസ സംയുക്തങ്ങള്‍ അസംഖ്യം വ്യാവസായിക യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. സ്പോഞ്ച് നിര്‍മാണം, കടല്‍ വെള്ളത്തിന്റെ ശുദ്ധീകരണം, സിമന്റ് നിര്‍മാണം, തുകല്‍-ടെക്സ്റ്റയില്‍സ് സംരംഭങ്ങള്‍, ഡൈയിംഗ് യൂണിറ്റുകള്‍, മരുന്ന് നിര്‍മാണം എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് സിഎംആര്‍എല്‍ ഉത്പാദിപ്പിക്കുന്ന രാസ സംയുക്തങ്ങള്‍ കൂടിയേ മതിയാകു. എന്നാല്‍ സിഎംആര്‍എല്‍-ന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തു-ഇല്‍മനൈറ്റ് ഖനനം ചെയ്യുന്നത് പൂര്‍ണമായും പൊതുമേഖല സ്ഥാപനങ്ങളാണ്. മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഭാര്യ ജയ കര്‍ത്ത, മകന്‍ ശരണ്‍ കര്‍ത്ത എന്നിവരും ഓഹരിയുടമകളാണ്. നബീല്‍ മാത്യൂ ചെറിയാന്‍, ജോളി ചെറിയാന്‍ എന്നിവര്‍ കമ്പനിയുടെ പ്രെമോട്ടര്‍മാരാണ്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, സച്ച് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എന്‍ആര്‍ഐ ബിസിനസുകാരന്‍ മാത്യു ചെറിയാന്‍ എന്നിവരാണ് കമ്പനിയുടെ മറ്റു പ്രെമോട്ടര്‍മാര്‍.

ആദായ നികുതി റിപ്പോര്‍ട്ട്
ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ 2013-19 കാലയളവില്‍ സിഎംആര്‍എല്‍ 135 കോടി രൂപയുടെ അനധികൃതമായ വരുമാനം സമാഹരിച്ചതായാണ് കണ്ടെത്തിയത്. ഇതില്‍ 95 കോടി രൂപ വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വീതിച്ചു നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, പോലീസുകാര്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് പല സമയങ്ങളിലായി പണം നല്‍കിയെന്ന് സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറിനെ ഉദ്ധരിച്ച് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇല്‍മനൈറ്റ് ധാതുവിന്റെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് പോലീസുകാര്‍ക്കും, മാധ്യമ സ്ഥാപനങ്ങള്‍ക്കും പണം നല്‍കിയതെന്നും ഇത് അവര്‍ ആവശ്യപെട്ടതിന് ശേഷമാണെന്നും സിഎംഎര്‍എല്‍ ചീഫ് ഫിനാല്‍ഷ്യല്‍ ഓഫീസറിന്റെ മൊഴി വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഗതാഗതം സിഎംആര്‍എല്‍ നേരിട്ട വലിയ വെല്ലുവിളിയാണ്. വാസ്തവത്തില്‍ കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ നടക്കുന്ന ധാതുക്കളുടെ ഖനനത്തിന്റെ മുഖ്യ ഗുണഭോക്താക്കളാണ് സിഎംആര്‍എല്‍. കേരളത്തില്‍ ധാതുക്കളുടെ ഖനനം പൂര്‍ണമായും പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് നടക്കുന്നത്. കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൊല്ലത്ത് ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് കേരളത്തിന്റെ തീരദേശത്തെ വിവിധ ബ്ലോക്കുകളായി തിരിച്ചാണ് ഖനനം നടത്തുന്നത്.

ധാതു ഖനനവും പ്രക്ഷോഭങ്ങളും
കൊല്ലം ജില്ലയിലെ ആലപ്പാട് പ്രദേശവാസികള്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് (ഐആര്‍ഇഎല്‍) നടത്തുന്ന ഖനനത്തിന് എതിരെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിഷേധത്തിലാണ്. ധാതു ഖനനം രൂക്ഷമായ കടല്‍ ശോഷണത്തിന് പുറമേ മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആവര്‍ത്തിച്ചുള്ള കടല്‍ ക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനി നടത്തുന്ന ഡ്രെഡ്ജിംഗ്, സീവാഷിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപെട്ടാണ് പ്രദേശവാസികള്‍ സമരം ചെയ്യുന്നത്. കാലക്രമേണ പ്രക്ഷോഭങ്ങള്‍ ആലപ്പുഴ ജില്ലയിലെ മറ്റ് തീരദേശ ഗ്രാമങ്ങളിലേയ്ക്കും വ്യാപിച്ചു. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ മാനേജ്മെന്റ് 2008-ല്‍ നടത്തിയ പഠനത്തില്‍ ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളില്‍ തീരദേശ ശോഷണം അതിരൂക്ഷമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ആലുഴയിലെ പുറക്കാട് പഞ്ചായത്തില്‍ ഉള്‍പെടെ ഇക്കാലയളവില്‍ അനധികൃതമായ ഖനനം നടന്നിരുന്നു. ഇത്തരത്തില്‍ അനധികൃതമായി ഖനനം ചെയ്ത ധാതുക്കള്‍ തമിഴ്നാട്ടിലെ സിഎംആര്‍എല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് എത്തിച്ചിരുന്നത്. ധാതു ഖനനം വെല്ലുവിളിയായ കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമങ്ങളില്‍ നിന്നും സിഎംആര്‍എല്‍ കടുത്ത പ്രതിഷേധമാണ് നേരിട്ടത്. എറണാകുളത്തെ എടയാര്‍ വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ പെരിയാര്‍ നദിയുടെ മലിനീകരണത്തിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയും പ്രക്ഷോഭങ്ങള്‍ നേരിട്ടിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കള്‍ കമ്പനിയിലേക്ക് എത്തിക്കുന്നതിന് പോലീസ് സഹായം തേടേണ്ട സാഹചര്യങ്ങളും സിഎംആര്‍എല്‍ നേരിട്ടിട്ടുണ്ട്. പെരിയാര്‍ നദിയുടെ മലിനീകരണം ചൂണ്ടിക്കാട്ടി കമ്പനിക്ക് എതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എതിരേ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.

സ്വകാര്യ കമ്പനികളുടെ ധാതു ഖനനം
നിലവില്‍ പൂര്‍ണമായും പൊതുമേഖല സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ധാതു ഖനനം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതുമായി ബന്ധപെട്ട എല്ലാ ചര്‍ച്ചകളും വിരല്‍ ചൂണ്ടുന്നത് സിഎംആര്‍എല്‍ എന്ന കമ്പനിക്ക് നേരെയാണ്. കേരളത്തിലെ തീരദേശ പ്രദേശങ്ങളിലെ ധാതുക്കളുടെ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് 2013ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് തുടക്കമിടുന്നത്. സിഎംആര്‍എല്‍ കമ്പനിക്ക് നേരിട്ടുള്ള ധാതു ഖനനത്തിന് അനുമതി നല്‍കുന്നതിനെ അനുകൂലിച്ച് നല്ലൊരു വിഭാഗം സിപിഎം നേതാക്കളും അന്ന് രംഗത്തെത്തിയിരുന്നു. എടയാര്‍ വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ ഉള്‍പെടെയുള്ള ഫാക്ടറികളെ സംരക്ഷിക്കുന്നതിന് 2012ല്‍ മനുഷ്യ ചങ്ങല തീര്‍ത്തവരുടെ കൂട്ടത്തില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രമേശ് ചെന്നിത്തല, ബിജെപി പ്രസിഡന്റ് വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തിരുന്നു. സിപിഎം ട്രേഡ് യൂണിയനുകളായ ഐഎന്‍ടിയുസി, സിഐടിയു എന്നിവര്‍ക്ക് പുറമേ കോണ്‍ഗ്രസും ചേര്‍ന്ന് സിഎംആര്‍എല്‍-ന് ധാതു ഖനനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപെട്ട് 2013-ല്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് വി.എസ് അച്യുതാനന്ദനാണ്. എന്നാല്‍ സ്വകാര്യ മേഖലയിലെ ധാതു ഖനനത്തിന് അനുമതി നല്‍കുന്നതിനെ ചൊല്ലി സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത തീരുമാനങ്ങള്‍ വീണ്ടും വൈകുന്നതിന് കാരണമാകുന്നു. ധാതു ഖനനം പൊതുമേഖല സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ മൂല്യവര്‍ദ്ധനവ് സാധ്യമല്ലെന്നതാണ് സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപെടുന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന വാദം. ഖനനത്തിന് അനുമതി നിഷേധിക്കുന്നത് ആലപ്പുഴ ജില്ലയില്‍ അനധികൃത ഖനനത്തിന് കാരണമാകുമെന്ന് സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടുന്നു.

Share on

മറ്റുവാര്‍ത്തകള്‍