December 10, 2024 |
Share on

കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ‘രാം കെ നാം’ പ്രദര്‍ശിപ്പിച്ചതിന് അറസ്റ്റും കേസും

ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ ഹിന്ദുത്വ സംഘങ്ങളെ തൊടാതെ പൊലീസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന തെലങ്കാനയില്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ പുരസ്‌കാരലബ്ധി നേടിയ ഡോക്യുമെന്ററി ‘ രാം തെ നാം’ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ കേസ്. ഹിന്ദുത്വ സംഘം ഡോക്യുമെന്ററി പ്രദര്‍ശനം തടയുകയും സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തിരുന്നു. വിവരമറഞ്ഞെത്തിയ പൊലീസ് അറസ്റ്റ് ചെയ്തതും കേസ് ചുമത്തിയതും പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെയായിരുന്നില്ല, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചവര്‍ക്കും കണ്ടവര്‍ക്കും എതിരെയായിരുന്നു. ജനുവരി 20 ശനിയാഴ്ച്ച ഹൈദരാബാദിലെ മാര്‍ലീസ് ജോയിന്റ് ബ്രിസ്‌റ്റോ എന്ന കഫേയിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഹൈദരാബാദ് സിനിഫൈല്‍സ് എന്ന ഗ്രൂപ്പായിരുന്നു സംഘാടകര്‍. കഫെ ഉടമകകള്‍ക്കും സിനിഫൈല്‍സ് ഗ്രൂപ്പിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുമെതിരെയാണ് കേസ് എടുത്തത്. ഇവര്‍ക്കെതിരേ നിയമവിരുദ്ധമായി കൂട്ടം ചേരല്‍(സെക്ഷന്‍ 143), പൊതുശല്യം(സെക്ഷന്‍ 290), മതവികാരം വൃണപ്പെടുത്തല്‍(സെക്ഷന്‍ 295 എ) ഐപിസി 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. രാം ജന്മഭൂമി പ്രസ്ഥാനവും ബാബ്‌റി മസ്ജിദ് തകര്‍ക്കലും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ഇന്നും ഇന്ത്യയില്‍ പ്രസക്തമാണ്.

സൈനിക്പുരിയിലെ കഫേയില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചയുമാണ് സിനിഫൈല്‍ ടീം സംഘടിപ്പിച്ചിരുന്നത്. പ്രദര്‍ശനം പകുതിയിലെത്തുന്നതിനു മുന്‍പേ പത്തോളം പേര്‍ എത്തുകയും പരിപാടി അലങ്കോലപ്പെടുത്തുകയുമായിരുന്നുവെന്ന് ഹൈദരാബാദ് സിനിഫൈല്‍സ് പുറത്തറിക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് തങ്ങളുടെ മതവികാരം വൃണപ്പെടുത്തുമെന്നും വന്നവര്‍ സംഘാടകരോടും പ്രേക്ഷകരോടിമായി അലറി. സംഘാടകര്‍ ഹിന്ദു വിരുദ്ധരാണെന്നായിരുന്നു അവരുടെ ആരോപണം. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്ന സ്‌ക്രീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സ്‌ക്രീനിംഗ് തുടരാന്‍ സാധിക്കാത്ത തരത്തിലായിരുന്നു അവരുടെ ബഹളം. കുറച്ചു സമയത്തിനു ശേഷം സ്ഥലത്ത് പൊലീസ് എത്തി- സിനിഫൈല്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.

സ്ഥലത്തെത്തിയ പൊലീസിനോട് രാം കെ നാം ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെന്നും യൂട്യൂബില്‍ ഉള്‍പ്പെടെ ഇത് ലഭ്യമാണെന്നുമൊക്കെ വിശദീകരിക്കാന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും അതൊന്നും കേള്‍ക്കാനല്ല പൊലീസ് തയ്യാറായത്. പൊതു പ്രദര്‍ശനത്തില്‍ വിയോജിപ്പില്ലാതെ സെന്‍സര്‍ബോര്‍ഡ് 1992-ല്‍ ‘ യു’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്യുമെന്ററിയാണ് ‘ രാം കേ നാം’. അതേ വര്‍ഷം തന്നെ ദേശീയ പുരസ്‌കാരവും, ഫിലിം ഫെയര്‍ പുരസ്‌കാരവും ഡോക്യുമെന്ററി സ്വന്തമാക്കി. മാത്രമല്ല, ദൂരദര്‍ശനില്‍ പ്രൈം ടൈമില്‍ ഈ ഡോക്യുമെന്റി സംപ്രേക്ഷണം ചെയ്യണമെന്നാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യങ്ങളൊക്കെ സംഘാടകര്‍ പൊലീസിനോട് വിശദീകരിച്ചെങ്കിലും പ്രദര്‍ശനം സംഘടിപ്പിച്ചവരെയും കാണാനെത്തിയവരെയും കഫെ ഉടമയെയുമെല്ലാം നെരെദ്‌മെട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു നിയമപാലകരെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ അക്രമികളും പൊലീസ് സ്റ്റേഷനില്‍ വന്നെങ്കിലും അവര്‍ക്കെതിരേ യാതൊരുവിധ കുറ്റങ്ങളും ചുമത്തിയിരുന്നില്ല. പൊലീസ് ചോദ്യം ചെയ്തതു മുഴുവന്‍ സംഘാടകരെയും പങ്കെടുത്തവരെയുമായിരുന്നു. ഒരു സംഘാടകനെയും പരിപാടിയില്‍ പങ്കെടുത്തൊരാളെയും ഒരു രാത്രി മുഴുവന്‍ ലോക്കപ്പില്‍ അടച്ചെന്നും അഭിഭാഷകനെ കാണാന്‍ പോലും അനുവദിച്ചില്ലെന്നും സിനിഫൈല്‍സ് ആരോപിക്കുന്നു. പിറ്റേദിവസം(ജനുവരി 21) സംഘാടകരില്‍ ഒരാള്‍, പങ്കെടുത്തവരില്‍ ഒരാള്‍, കഫെ ഉടമകളായ രണ്ടു പേര്‍ എന്നിവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ച ഫിലിം പ്രൊജക്ടറും ലൗഡ് സ്പീക്കറും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം കുറ്റം ചുമത്തിയവരെ ജാമ്യത്തില്‍ വിട്ടെങ്കിലും ഔദ്യോഗികമായ ജാമ്യ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്നും സംഘാടകരുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും സംഘാടകര്‍ തങ്ങളുടെ പ്രസ്താവനയിലൂടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഈ സംഭവം രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള വര്‍ധിച്ചുവരുന്ന നിയന്ത്രണത്തിന്റെയും പൗരന്മാരുടെ ജനാധിപത്യാവകാശത്തിനെതിരായ ആക്രമണത്തിന്റെയും മറ്റൊരു ഉദാഹരണമാണ്. തെലങ്കാന ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള അവരുടെ അവകാശവാദം പോലെയാണെങ്കില്‍ ഹൈദരാബാദ് പൊലീസ് ചെയ്യേണ്ടിയിരുന്നത് ഡോക്യുമെന്ററി പ്രദര്‍ശനം തുടരാന്‍ അനുവദിക്കുകയും പ്രദര്‍ശനം തടയാനെത്തിയ അക്രമികള്‍ക്കെതിരേ നടപടിയെടുക്കുകയുമായിരുന്നു വേണ്ടത്. എന്നാലുണ്ടായത് തീര്‍ത്തും ഭരണഘടനവിരുദ്ധമായി അക്രമികളുടെ ഭാഗം ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തിയും. ബിജെപിയെയും സംഘപരിവാറിനെയും കോണ്‍ഗ്രസ് നേതാക്കള്‍ ഫാസിസ്റ്റ് എന്നാണ് പരസ്യമായി വിളിക്കുന്നത്, എന്നാല്‍ ഈ സംഭവം അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതിലും തമ്മിലുള്ള വൈരുദ്ധ്യമാണ് കാണിക്കുന്നതെന്നാണ് സിനിഫൈല്‍സ് ടീം കുറ്റപ്പെടുത്തുന്നത്. മതേതരത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന കോണ്‍ഗ്രസ് അത് ഉറപ്പാക്കേണ്ട സമയമാണിത്, ജനങ്ങളുടെ ജനാധിപത്യ മതേതരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം, എന്നാല്‍ അതൊന്നുമല്ല നടന്നത്. പൊലീസിന്റെ പ്രവര്‍ത്തികള്‍ക്ക് ഏത് പാര്‍ട്ടിയാണ് അധികാരത്തിലെന്നത് ഒരു പ്രശ്‌നമാകുന്നില്ലെന്നാണ് ഞങ്ങള്‍ ഭയപ്പെടുന്നത്. ഭരണകൂട അധികാരം ആര്‍എസ്എസ് ആഭ്യന്തരമായി പിടിച്ചെടുത്തതും അതിനോടുള്ള പൊലീസിന്റെ അഭിനിവേശവും ഈ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യമാണ് എന്നും സിനിഫൈല്‍സ് അവരുടെ പ്രസ്താവനയില്‍ പറയുന്നു.

×