UPDATES

കര്‍ണാടക മോഡല്‍ തെലങ്കാനയില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്, മുസ്ലീം വോട്ടുകള്‍ നിര്‍ണായകം

ഉത്തരകാലം: ശ്രീജിത്ത് ദിവാകരന്‍ എഴുതുന്നു

                       

294 നിയമസഭ സീറ്റുകളുണ്ടായിരുന്നു അവിഭക്ത ആന്ധ്രപ്രദേശില്‍. തെലുഗുദേശം പാര്‍ട്ടികളും സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസിന്റെ സാന്നിധ്യവുമാണ് കാലങ്ങളോളം അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ നിര്‍ണയിച്ചിരുന്നത്. 2000- ത്തിന് ശേഷം വൈ.എസ് രാജശേഖര റെഡ്ഢിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് വലിയ വളര്‍ച്ചയുമുണ്ടായി. എന്നാല്‍ വൈ.എസ്.ആറിന്റെ മരണവും സ്വതന്ത്ര തെലങ്കാനയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭവും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനവും വൈകാതെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. 2014 ജൂണ്‍ രണ്ടിന് തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളായി അവിഭക്ത ആന്ധപ്രദേശിനെ വേര്‍തിരിക്കാനുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. 2014-ലും 2018-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര തെലങ്കാന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളായിരുന്ന തെലങ്കാന രാഷ്ട്രസമിതി വിജയിക്കുകയും പാര്‍ട്ടി നേതാവായ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാവുകയും ചെയ്തു.

തെലങ്കാന രാഷ്ട്രസമിതി പുതിയ കാലത്തിന്റെ സ്വഭാവങ്ങള്‍ക്കനുസരിച്ച് ഭാരത് രാഷ്ട്രസമിതി അഥവ ബി.ആര്‍.എസ് എന്ന് പേരുമാറ്റിയാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. 119 സീറ്റുകളുള്ള തെലങ്കാനയില്‍ നവംബര്‍ 30 ന് നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പിലെ മത്സരം കനക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസും കോണ്‍ഗ്രസും തമ്മില്‍ തന്നെയാണ് പ്രധാന മത്സരം. ബി.ജെ.പിയും ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമാണ് മത്സര രംഗത്തുള്ള മറ്റു പ്രമുഖര്‍. സി.പി.ഐ കോണ്‍ഗ്രസ് മുന്നണിയില്‍ ഒരു സീറ്റില്‍ മത്സരിക്കുമ്പോള്‍ സി.പി.ഐ.എം സ്വതന്ത്രമായി 19 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട.് തുടര്‍ഭരണത്തിന് ശേഷം ഉയര്‍ന്ന ആരോപണങ്ങളും ഭരണവിരുദ്ധ വികാരവുമെല്ലാം ഉണ്ടെങ്കിലും ബി.ആര്‍.എസിന്റെ അടിത്തറയും ചന്ദ്രശേഖര റാവുവിന്റെ ജനകീയതും ഇപ്പോഴും ഉറച്ചതാണ് എന്നാണ് അവരുടെ കണക്ക് കൂട്ടല്‍.

ഉത്തരകാലം; മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം

അതേസമയം കര്‍ണാടകയില്‍ വിജയിച്ച മാതൃക തെലങ്കാനയില്‍ ആവര്‍ത്തിക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി ഭരണത്തിനെതിരെ സുഘടിതമായ ശൈലിയില്‍ പ്രചരണം നടത്തിയതും മുസ്ലിം-പിന്നാക്ക വിഭാഗ വോട്ടുകള്‍ വിഭജിച്ച് പോകാതെ നേടാന്‍ ശ്രമിച്ചതുമാണ് കോണ്‍ഗ്രസിന്റെ വിജയമുറപ്പിച്ചത് എന്നതാണ് പൊതുവേ വിലയിരുത്തല്‍. മുസ്ലിം-പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രത്യേകം തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും -2014, 2018- ഏതാണ്ട് 75 ശതമാനം മുസ്ലിം വോട്ടുകളും ഉറപ്പിച്ചാണ് ചന്ദ്രശേഖര റാവുവും ടി.ആര്‍.എസും വിജയിച്ചത് എന്നത് മനസിലാക്കിയാണ് ഇത്തവണ കോണ്‍ഗ്രസ് ശ്രമങ്ങളാരംഭിച്ചത്.

തെലങ്കാനയുടെ മിക്കവാറും ജില്ലകളില്‍ മുസ്ലിം സാന്നിധ്യമുണ്ടെങ്കിലും ഹൈദരബാദ്, രംഗറെഡ്ഡി, മഹ്ബൂബ്നഗര്‍, നല്‍ഗൊണ്ട, മേദക്, നിസാമാബാദ്, കരിംനഗര്‍ ജില്ലകളില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാണ്. 201-ലെ തെലങ്കാന സാമൂഹ്യ വികസന റിപ്പോര്‍ട്ടനുസരിച്ച് 17.3 ലക്ഷം മുസ്ലിങ്ങള്‍ ഹൈദരബാദില്‍ തന്നെ വസിക്കുന്നുണ്ട്. അത് ഹൈദരബാദിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നാണ്. ഹൈദരബാദ് നഗരത്തിലുള്ള 24 നിയമസഭ സീറ്റുകളില്‍ പത്തെണ്ണെത്തിലെങ്കിലും മുസ്ലിം വോട്ടുകളാണ് നിര്‍ണായകമാവുക. 2011 സെന്‍സസ് അനുസരിച്ച് തെലങ്കാനയില്‍ 12.75 ശതമാനം മുസ്ലിങ്ങളാണുള്ളത്. 119 നിയമസഭ സീറ്റുകളില്‍ 40 എണ്ണത്തിലും മുസ്ലിം ജനസംഖ്യ നിര്‍ണായക വോട്ടര്‍മാരാണെങ്കിലും കഴിഞ്ഞ നിയമസഭയില്‍ മുസ്ലിം പ്രാതിനിധ്യം വിരലില്‍ എണ്ണമായിരുന്നു.

അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു 2022 ലേ ന്യൂനപക്ഷങ്ങളിലൂന്നിയാകണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളെന്ന് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബി.ആര്‍.എസിന്റെ പക്ഷത്തുള്ള മുസ്ലിം വോട്ടുകളെ തങ്ങളിലേയക്ക് എത്തിക്കാനുള്ള തന്ത്രങ്ങളാണ് ആദ്യം ആവിഷ്‌കരിക്കേണ്ടത് എന്നായിരുന്നു നിര്‍ദ്ദേശം. 2014 തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തെലങ്കാനയില്‍ നിയമസഭ പോര് നടക്കുന്നത് എന്നത് വളരെ പ്രധാനമാണ്. മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനെ രക്ഷക വേഷത്തില്‍ കാണുന്നതിന്റെ ഗുണം തെലങ്കാനയില്‍ അവര്‍ക്ക് ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. പക്ഷേ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കനഗോലുവിന്റെ തന്ത്രങ്ങള്‍ വിജയിച്ചതിന് ശേഷമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന് കണ്ണ് തെളിഞ്ഞത്.

എന്നാല്‍ കര്‍ണാടകയിലെ അതേ ചിത്രമല്ല തെലങ്കാനയില്‍ ഉള്ളത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സംവിധാനം തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങള്‍ മൂന്ന് വര്‍ഷം മുന്നേ തന്നെയെങ്കിലും ആവിഷ്‌കരിച്ച് തുടങ്ങിയിരുന്നു. അതേ സമയം തെലങ്കാനയില്‍ ഈ ആശയങ്ങളെല്ലാം കര്‍ണാടക വിജയത്തിന് ശേഷമാണ് ഉണ്ടാകുന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയെ നേരിട്ടാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇവിടെ ബി.ആര്‍.എസ് ആണ്, ബി.ജെ.പി അല്ല മുഖ്യ എതിരാളികള്‍. അതുകൊണ്ട് തന്നെ മുസ്ലിങ്ങള്‍ പൂര്‍ണമായും ബി.ആര്‍.എസിനെ വിട്ട് കോണ്‍ഗ്രസിലേയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുക വയ്യ. എങ്കിലും ബി.ആര്‍.എസ് സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് മുതലെടുക്കാനാവുമെന്ന് പലരും കരുതുന്നു.

ഇത് തിരിച്ചറിഞ്ഞ് തന്നെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ ഈ ജൂണ്‍ മാസത്തിലേ പ്രഖ്യാപിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളിലും മുസ്ലിം-ക്രിസ്ത്യന്‍ കുടുംബങ്ങളിലും പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയുടെ രൂപയുടെ സാമ്പത്തിക സഹായം, വായ്പകള്‍ക്ക് ഇളവ് എന്നിങ്ങനെയുള്ള പദ്ധതികള്‍ക്ക് മികച്ച പ്രതികരണമാണുണ്ടായത്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പദ്ധതി 4000 കോടി രൂപയുടേതാണ്. മുസ്ലിം, ക്രിസ്ത്യന്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന നവവിവാഹിതര്‍ക്ക് 1.6 ലക്ഷം രൂപയുടെ സഹായം, എല്ലാ സമുദായങ്ങളിലേയും പുരോഹിതന്മാര്‍ക്ക് 10,000 മുതല്‍ 12,000 രൂപ വരെ മാസ വേതനം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ അതിലുണ്ട്.

ഭരണം ലഭിക്കുകയാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ ജാതി സെന്‍സസ് നടത്തി വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പ്. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള നിലനില്‍ക്കുന്ന 23 ശതമാനം പിന്നാക്ക സംവരണം 42 ശതമാനമാക്കും, മുഡിരഗ്, ഗംഗാപുത്ര, യാദവ്, കുറുമ, ഗൗഡ്, മുന്നാര്‍ കാപ്പു, പത്മശാലി, വിശ്വകര്‍മ്മ, രാജക തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക ഊന്നലും വാഗ്ദാന പട്ടികയിലുണ്ട്. തൊട്ടടുത്ത സംസ്ഥാനത്തെ മുഖ്യമന്ത്രിയും പിന്നാക്ക വിഭാഗ നേതാവുമായ സിദ്ധരാമയ്യയെ കൊണ്ടുവന്നാണ് ഈ പ്രത്യേക പ്രകടന പത്രിക കോണ്‍ഗ്രസ് പ്രകാശിപ്പിച്ചത്. 140 ഉപജാതി വിഭാഗങ്ങളിലായി ചിതറികിടക്കുന്ന പിന്നാക്ക വിഭാഗങ്ങള്‍ തെലങ്കാനയുടെ മൊത്തം ജനസംഖ്യയുടെ 56 ശതമാനം വരുമെന്നാണ് കണക്ക്. അവരെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ വോട്ട് ബാങ്കായി അത് മാറും.

2014-ല്‍ ഭരണം ലഭിച്ച ഉടനെ മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ-സാമ്പത്തിക അവസ്ഥ പഠിക്കുന്നതിന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. സര്‍ക്കാരിന് കീഴിലുള്ള 23 വിഭാഗങ്ങളിലായി 7.36 ശതമാനമാണ് മുസ്ലിം ജീവനക്കാരുടെ പ്രാതിനിധ്യമെന്ന് കമ്മീഷന്‍ കണ്ടെത്തി. 12.36 ശതമാനം മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനത്ത് അത് കുറവാണെന്നുള്ളത് കൊണ്ട് മുസ്ലിങ്ങള്‍ക്ക് 12 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചന്ദ്രശേഖര റാവു വാഗ്ദാനം ചെയ്തു. കേന്ദ്രത്തിന്റെ അനുമതിയോ പ്രത്യേക നിയമമോ ഇല്ലാതെ അത്തരമൊരു സംവരണം കൊണ്ടുവരാനാകില്ല എന്ന് തിരിച്ചറിയാതെയല്ല അത്തരമൊരു വൃഥാ വാഗ്ദാനം നല്‍കിയത് എന്നിപ്പോള്‍ സര്‍വ്വകര്‍ക്കുമറിയാം. മാത്രമല്ല, പലരായി കയ്യേറിയിട്ടുള്ള വഖഫ് ബോര്‍ഡിന്റെ ഭൂമി തിരിച്ച് പിടിക്കും അവര്‍ക്ക് ജുഡിഷ്യല്‍ അധികാരം നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും ബി.ആര്‍.എസിന് സാധിക്കാനായിട്ടില്ല. ബി.ജെ.പിയാകട്ടെ ഭരണം ലഭിച്ചാല്‍ നിലവില്‍ മുസ്ലിങ്ങള്‍ക്കള്‍ക്കുള്ള നാല് ശതമാനം സംവരണം കൂടി എടുത്ത് കളയുമെന്ന് പ്രഖ്യാപിച്ചു.

അസാദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ പിന്തുണ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ചന്ദ്രശേഖര റാവുവിനെ സഹായിക്കാറുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ എ.ഐ.എം.ഐ.എം നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഓള്‍ഡ് ഹൈദരബാദ് പ്രദേശത്തെ ഏഴ് സീറ്റുകളിലടക്കം ഒന്‍പത് സീറ്റുകളിലാണ് ഇത്തവണ എ.ഐ.എം.ഐ.എം മത്സരിക്കുന്നത്. രംഗറെഡ്ഡി ജില്ലയിലെ രാജേന്ദ്രനഗര്‍ മണ്ഡലത്തില്‍ ഒരു മുസ്ലിം ഇതര സ്ഥാനാര്‍ത്ഥിയേയും എ.ഐ.എം.ഐ.എം നിര്‍ത്തിയിട്ടുണ്ട്- സ്വാമി യാദവ്. ഇത് കൂടാതെ ജൂബ്ലി ഹില്‍സില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസറുദ്ദീനെതിരെയും എ.ഐ.എം.ഐ.എം മത്സരിക്കുന്നു. മറ്റുള്ള 110 സീറ്റുകളിലും അവരുടെ പിന്തുണ ബി.ആര്‍.എസിനാണ്. എന്നാല്‍ യു.പി, ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒവൈസിയും എ.ഐ.എം.ഐ.എമ്മും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുകയായിടുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം,

എന്തായാലും മുസ്ലിം വോട്ടുകളോ പിന്നാക്ക വോട്ടുകളോ ഇത്തവണ ചിതറിപ്പോകാതെ ഒരുമിക്കുകയാണെങ്കില്‍ അത് തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും. അതുകൊണ്ട് തന്നെ തൂക്ക് മന്ത്രിസഭയല്ല, വ്യക്തമായ ഭരണം തന്നെ ആര്‍ക്കാണെങ്കിലും ലഭിക്കുമെന്ന് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കര്‍ണാടകയുടെ വീര്യം തെലങ്കാനയിലും പ്രകടിപ്പിക്കാനായാല്‍ അത് വലിയ നേട്ടം തന്നെയായിരിക്കും കോണ്‍ഗ്രസിന്.

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍