അദാനിയുടെ ഓഹരി തട്ടിപ്പിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്, രഹസ്യ വിദേശ നിക്ഷേപകര്‍ അടുപ്പക്കാര്‍ തന്നെ
അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട വമ്പിച്ച ഓഹരി തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന പുതിയ തെളിവുകള്‍ പുറത്ത് വന്നു. അദാനി ഗ്രൂപ്പിലേയ്ക്ക് വിദേശത്ത് നിന്ന് രഹസ്യ നിക്ഷേപം നടത്തിയിട്ടുള്ളവരില്‍ രണ്ട് പേര്‍ ഭൂരിപക്ഷ ഓഹരി ഉടമകളായ അദാനി കുടുംബത്തിന്റെ തന്നെ ബിനാമികളാണെന്നുള്ളതിന്റെ രേഖകള്‍ മാധ്യമ അന്വേഷണസംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് ഇന്ത്യന്‍ അന്വേഷണ സംഘങ്ങള്‍ നടത്തിയിരുന്ന അന്വേഷണങ്ങളൊന്നും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോകുന്നില്ല എന്നതായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.
ഒ.സി.സി.ആര്‍.പി (സംഘടിത കുറ്റകൃത്യങ്ങളും അഴിമതികളും പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ)ക്ക് വേണ്ടി ആനന്ദ് മാംഗ്നലേയും രവി നായരും എന്‍.ബി.ആര്‍ ആര്‍ക്കാഡിയോയും ചേര്‍ന്ന് സംഘടിപ്പിച്ച രേഖകളാണ് ഈ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ വെളിച്ചത്ത് എത്തിച്ചിരിക്കുന്നത്. ദ ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ റ്റൈംസ് എന്നീ മാധ്യമങ്ങളുമായി ഓ.സി.സി.ആര്‍.പി പങ്കുവച്ചിട്ടുള്ള ഈ തെളിവുകളില്‍ വിവിധ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ നിന്നുള്ള ഫയലുകള്‍, ബാങ്ക് റെക്കോര്‍ഡുകള്‍, അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര ഇ-മെയ്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
അദാനി ഗ്രൂപ്പിലേയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം നടത്തുന്നവര്‍ ആരാണെന്നുള്ളതാണ് നിഗൂഢമായി തുടര്‍ന്നിരുന്നത്. അതില്‍ ചുരുങ്ങിയത് രണ്ട് പേരെങ്കിലും അദാനി ഗ്രൂപ്പിന്റെ തന്നെ പ്രതിനിധികളാണെന്നാണ് പുതിയ കണ്ടെത്തല്‍. ഈ നിക്ഷേപകരില്‍ നാസര്‍ അലി ഷബാന്‍ അലി, ചാങ് ചുങ് ലിങ് എന്നിവര്‍ക്ക് വര്‍ഷങ്ങളായി അദാനി ഗ്രൂപ്പ് കമ്പിനികളുമായി ബിസിനസ് ബന്ധമുണ്ട്. ഇവര്‍ പലപ്പോഴും ഈ കമ്പനികളില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളുമായിരുന്നു. അദാനി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ വിനോദ് അദാനിയുമായി വളരെ അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല, അവര്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ കൂടിയായ വിനോദ് അദാനിയുടെ കമ്പനിയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നുമാണ്.
ഒരു കമ്പനിയുടെ 75 ശതമാനത്തിന് മേല്‍ ഓഹരികളും അതേ കമ്പനിയുടെ പ്രതിനിധികളുടെ കൈവശമുള്ളത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, ഓഹരി മൂല്യത്തിന്റെ തട്ടിപ്പ് കൂടിയാണ് എന്ന് ഇന്ത്യന്‍ ഓഹരി വിപണി വിദഗദ്ധന്‍ അരുണ്‍ അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഇത് വഴി കമ്പനികള്‍ സ്വന്തം ഓഹരികള്‍ക്ക് കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുകയും മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക മാത്രമല്ല, കൂടുതല്‍ വായ്പകള ലഭിക്കാന്‍ പ്രയോജനപ്പെടുകയും ചെയ്യും. കമ്പിനികളുടെമൂല്യം വര്‍ദ്ധിക്കുന്നതിനൊപ്പം പുതിയ കമ്പിനികള്‍ രൂപീകരിക്കാനും കഴിയും’- അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
2013-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് എട്ട് ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം ഉണ്ടായിരുന്ന അദാനി ഗ്രൂപ്പിന്റെ മൂല്യം 260 ബില്യണ്‍ ഡോളറിലേയ്ക്ക് ഒന്‍പത് വര്‍ഷം കൊണ്ട് ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ വലിയ അഴിമതികളും തട്ടിപ്പുകളും നടന്നിട്ടുണ്ടെന്ന് വിവിധ മേഖകളില്‍ വിവിധ കാലങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായ നിലപാടുകളാണ് എപ്പോഴും പിന്തുടര്‍ന്നത്. അദാനിക്ക് വേണ്ടി നിയമങ്ങളും ചട്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുകയും വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഈ തട്ടിപ്പിന്റെ കൂടുതല്‍ വിശദമായ വിവരങ്ങള്‍ അഴിമുഖത്തില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നു.
(ഒ സി സി ആര്‍ പി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്നും)