UPDATES

വിദേശം

ഒക്ടോബര്‍ 7 ലെ ഓഹരി കച്ചവടം ഹമാസ് ആക്രമണം മുന്‍കൂട്ടി അറിഞ്ഞ് നടന്നതോ?

അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍

                       

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് തൊട്ടുമുമ്പായി ഇസ്രയേല്‍ ഓഹരി വിപണിയില്‍ ചില നിക്ഷേപകര്‍ ഷോര്‍ട്ട് സെല്ലിംഗിലൂടെ വലിയ നേട്ടങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ നീക്കത്തെ പറ്റി ചില നിക്ഷേപകര്‍ മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ടെന്നും അവര്‍ ഓഹരി വിപണിയില്‍ നിന്നും നേട്ടമുണ്ടാക്കിയെന്നും യുഎസ് ഗവേഷകരാണ് അവകാശപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ഇസ്രയേല്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂയോര്‍ക് യൂണിവേഴ്സിറ്റി പ്രൊഫസര്‍ റോബര്‍ട്ട് ജാക്‌സണ്‍ ജൂനിയറും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ജോഷ്വ മിറ്റ്‌സും ചേര്‍ന്ന് തയ്യാറാക്കിയ 66 പേജുകളുള്ള പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹമാസ് ഇസ്രയേല്‍ യുദ്ധത്തിന് മുന്‍പ് നടന്ന ഓഹരി വില്പന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ യുദ്ധം നടക്കുമെന്ന സൂചന മുന്‍കൂട്ടി ലഭിച്ചതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഷോര്‍ട് സെല്ലിങ് നടത്തി സാമ്പത്തിക ലാഭം നേടിയെന്ന കണക്കുകളാണ് റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത്(ഒരു ഓഹരി അല്ലെങ്കില്‍ സെക്യൂരിറ്റിയുടെ വില ഇടിയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന ഒരു ട്രേഡിങ് സ്ട്രാറ്റജിയാണ് ഷോര്‍ട്ട് സെല്ലിങ്.)

ആക്രമണത്തിന് ദിവസങ്ങള്‍ക് മുന്‍പ് നിക്ഷേപകര്‍, ആ വിവരം മുന്‍കൂട്ടി അറിഞ്ഞിരുന്നെന്നും തുടര്‍ന്ന് ഒക്ടോബര്‍ 2- ന് ട്രേഡ് ഗണ്യമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സ്ചേഞ്ച് ട്രേഡ് ഫണ്ടിന്റെ ഷോര്‍ട് സെല്ലിങ് കണക്കുകളെ ചൂണ്ടിക്കാട്ടിയാണ് റോബെര്‍ട്ടും ജോഷ്വായും കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുന്‍പ് ടെല്‍ അവീവ് സ്റ്റോക്ക് എക്സ്ചേയ്ഞ്ചിലെ ഇസ്രയേലി സെക്യൂരിറ്റികളുടെ ഷോര്‍ട് സെല്ലിങ് ഗണ്യമായി വര്‍ധിച്ചുവെന്നു റിപ്പോര്‍ട്ട് വെളിവാക്കുന്നു. ഇത്തരത്തില്‍ ഷോര്‍ട് സെല്ലിങ് നടത്തിയത് വഴി 100 മില്യണിന് മുകളിലാണ് നിക്ഷേപകര്‍ നേടിയെടുത്തത്.

ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോബെര്‍ട്ടിന്റെയും ജോഷ്വായുടെയും അന്വേഷണങ്ങള്‍. ഇസ്രയേല്‍ സെക്യൂരിറ്റീസ് അതോറിറ്റിക്ക് (ഐഎസ്എ) ഈ വിഷയത്തെ പറ്റി അറിയാമെന്നും അവര്‍ വിഷയത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും ഇരുവരും പറയുന്നു. എന്നിരുന്നാലും ഐഎസ്എയുടെ വക്താക്കള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

2008-ലെ സാമ്പത്തിക പ്രതിസന്ധി, 2014-ലെ ഇസ്രയേല്‍-ഗാസ യുദ്ധം, കോവിഡ്-19 മഹാമാരി തുടങ്ങിയ മുന്‍കാലങ്ങളിലെ വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉണ്ടായ വിപണനത്തെ അപേക്ഷിച്ച് ഇപ്പോഴുണ്ടായിരിക്കുന്ന ഓഹരി വില്‍പ്പന വളരെയധികം ഉയര്‍ന്നതാണ്. ഇരുവരുടെയും അന്വേഷണത്തില്‍ ഇസ്രയേലിലെ ഏറ്റവും വലിയ ബാങ്കായ ലൂമിയിലെ 4.43 മില്യണ്‍ പുതിയ ഓഹരികള്‍ സെപ്റ്റംബര്‍ 14 നും ഒക്ടോബര്‍ 5 നും ഇടയില്‍ വിറ്റഴിക്കപ്പെടുകയും ആക്രമണത്തിന് തൊട്ട് അടുത്തദിവസം-ഒക്ടോബര്‍ 8 ന്- ലൂമിയുടെ ഓഹരി മൂല്യം ഏകദേശം 9 % ഇടിവ് വരികയും ചെയ്തതായി കണ്ടെത്തിയിരിക്കുന്നു. അവധി ദിനങ്ങള്‍ കാരണം ഇസ്രയേലില്‍ സാധാരണഗതിയില്‍ താരതമ്യേന കുറഞ്ഞ പ്രവര്‍ത്തനമുള്ള സമയത്താണ് ഷോര്‍ട്ട് സെല്ലിംഗില്‍ കുത്തനെ വര്‍ദ്ധനവുണ്ടായത്.

യുഎസ് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഇസ്രയേലി കമ്പനികളുടെ ഷോര്‍ട്ട് സെല്ലിംഗില്‍ (സ്റ്റോക്ക് വില കുറയുന്നതിനെക്കുറിച്ചുള്ള വാതുവെപ്പ്) കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ആക്രമണത്തിന് തൊട്ടുമുമ്പ് നടന്ന വ്യാപാരങ്ങളിലുണ്ടായ അസാധാരണമായ വര്‍ദ്ധനവ് സംശയാസ്പദമാണ്. ഇന്‍സൈഡര്‍ ട്രേഡിംഗിനെതിരായ നിയമപരമായ വിലക്കുകള്‍ നടപ്പിലാക്കുന്നതിടയിലാണ് ഇത്തരത്തിലുള്ള വ്യാപാരങ്ങള്‍ നടന്നിരിക്കുന്നത്.

ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏപ്രിലിലും ഇതേ രീതിയിലുള്ള ഷോര്‍ട്ടി സെല്ലിങ് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ 2-ന് ഉയര്‍ന്ന അതെ രീതിയില്‍ തന്നെയാണ് ഏപ്രില്‍ 3 നും ഷോര്‍ട്ട് സെല്ലിങ് വ്യാപാരം ഉയര്‍ന്നിട്ടുള്ളത്. ഇസ്രയേലിന്റെ സാമ്പത്തിക വാര്‍ത്താ വെബ്‌സൈറ്റായ ദി മാര്‍ക്കറിലാണ് ആദ്യമായി പഠനത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.

എന്താണ് ഷോര്‍ട് സെല്ലിങ് ?

ഒരു ഓഹരി അല്ലെങ്കില്‍ സെക്യൂരിറ്റിയുടെ വില ഇടിയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന ഒരു ട്രേഡിങ് സ്ട്രാറ്റജിയാണ് ഷോര്‍ട്ട് സെല്ലിങ്. ഇതിനെ ‘ഷോര്‍ട്ടിങ്ങ്’ എന്നും ‘ഷോര്‍ട്ട് പൊസിഷനെന്നും’ ട്രേഡര്‍മാര്‍ വിളിക്കാറുണ്ട്. സാധാരണഗതിയില്‍ വാങ്ങിയ ശേഷമാണ് ഒരു ഓഹരി വില്‍ക്കാറുള്ളത് എങ്കില്‍, വില്‍പന നടത്തിയ ശേഷം പിന്നീട് തിരികെ വാങ്ങുന്ന വ്യാപാര രീതിയെയാണ് ഷോര്‍ട്ട് സെല്ലിങ്ങ്. അതായത്, വില ഇടിയുമെന്ന് കരുതുന്ന ഓഹരി, ബ്രോക്കര്‍മാരില്‍ നിന്നും നിശ്ചിത സമയത്തേക്ക് വായ്പ്പയായി വാങ്ങിയ ശേഷം, ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും പ്രതീക്ഷിച്ച പോലെ വില ഇടിയുന്ന അവസരത്തില്‍, താഴ്ന്ന വിലയില്‍ അത് തിരികെ വാങ്ങി, ലാഭം കരസ്ഥമാക്കുകയും, തുടര്‍ന്ന് ആ ഓഹരി ബ്രോക്കര്‍മാര്‍ക്ക് തിരികെ കൈമാറുകയും ചെയ്യുന്ന രീതിയാണ് ഷോര്‍ട് സെല്ലിങ്.

പ്രധാനമായും രണ്ടു ഘടകങ്ങളാണ് വിപണിയില്‍ ഷോര്‍ട്ട് സെല്ലിങ്ങിന് നിക്ഷേപകരേയും ട്രേഡര്‍മാരേയും പ്രേരിപ്പിക്കുന്നത്. ‘സ്പെക്യുലേഷന്‍’ അഥവാ ഊഹക്കച്ചവടത്തിനായും റിസ്‌ക് ഹെഡ്ജ് ചെയ്യുന്നതിനും വേണ്ടിയാണ് ഷോര്‍ട്ട് സെല്‍ തെരഞ്ഞെടുക്കുന്നത്. പ്രവര്‍ത്തനഫലം മോശമാകുക, പുതിയ നിയമങ്ങള്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കുക എന്നിങ്ങനെ കമ്പനിയെ ദോഷകരമായി ബാധിക്കാവുന്ന നടപടികള്‍ കണക്കിലെടുത്ത്, അതിന്റെ ഓഹരി ഉയര്‍ന്ന നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ വില്‍ക്കുകയും, ഓഹരിയുടെ വില താഴേക്ക് വരുമ്പോള്‍ തിരികെ മേടിക്കുകയും ചെയുന്നതിലൂടെ ലാഭം നേടുക എന്നതാണ് സ്പെക്യൂലേറ്റീവ് ഷോര്‍ട്ട് സെല്ലിന്റെ അടിസ്ഥാനം. അതേസമയം, ഓഹരികള്‍ കൈവശമുള്ള ദീര്‍ഘകാല നിക്ഷേപകര്‍ ഓഹരിയുടെ വില ഇടിയുമ്പോഴുള്ള റിസ്‌ക് ഒഴിവാക്കുന്നതിനായി ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളിലോ അതേ ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നതിനെയോ ഷോര്‍ട്ട് ഹെഡ്ജ് എന്നും പറയുന്നു. അടിസ്ഥാന ആസ്തിയെ ആശ്രയിച്ചിരിക്കുന്ന അസ്സറ്റുകള്‍, സ്റ്റോക്കുകള്‍, കറന്‍സികള്‍ തുടങ്ങിയവയാണ് ഡെറിവേറ്റീവുകള്‍. രണ്ടോ അതിലധികമോ വ്യക്തികള്‍ ചേര്‍ന്നാണ് ഇത്തരം കോണ്‍ട്രാക്ടുകളില്‍ ഏര്‍പ്പെടുന്നത്. അടിസ്ഥാന അസറ്റിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചാണ് ലാഭ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍