UPDATES

ഹമാസ് ചെയ്ത ക്രൂരത കാണാതെ പോകുന്ന ഇടതുപക്ഷ വഞ്ചന; യുവാല്‍ നോഹ് ഹരാരി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍

അമേരിക്കയിലെയും യൂറോപ്പിലെയും സോഷ്യലിസ്റ്റുകള്‍ സ്റ്റാലിനെ പിന്തുണച്ചിരുന്നുവെന്ന് ചരിത്രപരമായ ഉദ്ദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്നുണ്ട് ഹരാരി

                       

ഹമാസ് ഇസ്രയേലിനുള്ളില്‍ നടത്തിയ ഭീകരാക്രമണത്തിനെതിരേ പ്രതിഷേധിക്കാന്‍ ഉപേക്ഷ കാണിക്കുന്ന അമേരിക്കയിലെയും യൂറോപ്പിലെയും പുരോഗമന-ഇടതുപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടുകയാണ് പ്രശസ്ത ഇസ്രയേല്‍ ചരിത്രകാരനും എഴുത്തുകാരനുമായ യുവാല്‍ നോഹ് ഹരാരി. ഹമാസിന്റെ ക്രൂരത കാണാതെ പോകുന്നതിലൂടെ ‘ അങ്ങേയറ്റത്തെ ധാര്‍മിക വിവേചനവു’മാണ് ഇവര്‍ പുലര്‍ത്തുന്നതെന്നും, ഇത് ഇടതുപക്ഷ രാഷ്ട്രീയത്തെ ഒറ്റുകൊടുക്കുന്നതാണെന്നും ഹരാരി കുറ്റപ്പെടുത്തുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള രണ്ടു പുസ്തകങ്ങളായ സാപ്പിയന്‍സ്(sapiens), ഹോമോ ഡ്യൂസ്(homo deus) എന്നിവയുടെ രചയിതാവായ ഹരാരി, ഹമാസ് അതിക്രമത്തിനെതിരേ ഇസ്രയേലി അക്കാദമിക് വിദഗ്ധരും സമാധാനപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട 90 പേരുടെ കൂട്ടത്തിലുണ്ട്. ആഗോള ഇടതുപക്ഷത്തിനുള്ളിലെ ഘടങ്ങള്‍ പല അവസരങ്ങളിലും ഹമാസിനെ ന്യായീകരിക്കുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് പ്രസ്താവനയില്‍ പരാതിപ്പെടുന്നുണ്ട്.

ഇസ്രയേലിലെ സുപ്രധാന രാഷ്ടീയ വ്യക്തിത്വമാണ് 47 കാരനായ ഹരാരി. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ രാഷ്ട്രീയ കൂട്ടായ്മയുടെയും നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതടക്കമുള്ള അതിന്റെ പ്രവര്‍ത്തനങ്ങളുടെയും പ്രധാന എതിരാളിയാണ്. ദ ഗാര്‍ഡിയനോട് സംസാരിക്കവെ ഹരാരി പറഞ്ഞത്, പ്രസ്താവനയില്‍ ഒപ്പിടുന്നതിനു മുമ്പായി തന്റെ രാജ്യത്തെ സമാധാന പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നുവെന്നാണ്. അവര്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു, തങ്ങള്‍ ഒറ്റപ്പെട്ടുപോയെന്നും, സമാധാന പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടാകുമെന്ന് കരുതിയവരില്‍ നിന്നും വഞ്ചന നേരിടേണ്ടി വന്നുവെന്നും അവര്‍ക്കു തോന്നിയതായി പറഞ്ഞു. ഇതിനുശേഷമാണ് താനീ വിഷയത്തില്‍ ഇടപെടുന്നതും, അക്കാദമിക് വിദഗ്ധരും കലാകാരന്മാരും ബുദ്ധിജീവികളും ഹമാസിനെ അപലപിച്ചുകൊണ്ട് പുറത്തറിക്കിയ സംയുക്ത പ്രസ്താവനയില്‍ ഒപ്പിടുന്നതെന്നും ഹരാരി വ്യക്തമാക്കി.

ഹമാസ് കൂട്ടക്കൊല നടത്തിയ തെക്കന്‍ ഇസ്രയേലിലെ കിബ്ബൂട്‌സ്മിലായിരുന്നു ഹരാരിയുടെ അമ്മാവനും അമ്മായിയും താമസിച്ചിരുന്നത്. തങ്ങളുടെ അയല്‍ക്കാരെയെല്ലാം ഹമാസ് ആയുധധാരികള്‍ കൊന്നുതള്ളുമ്പോള്‍, അക്രമികളുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരിക്കാന്‍ സാധിച്ചതുകൊണ്ട് ഹരാരിയുടെ അമ്മായിയുടെയും അമ്മാവന്റെയും ജീവന്‍ തിരിച്ചു കിട്ടി. 14,00-ല്‍ അധികം മനുഷ്യരെയാണ് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് കൊന്നൊടുക്കിയത്. 220 പേരെ ബന്ദികളാക്കുകയും ചെയ്തു.

ലണ്ടനില്‍ വച്ച് കണ്ടുമുട്ടിയ അമേരിക്കന്‍-യൂറോപ്യന്‍ ഇടതുപക്ഷക്കാരുടെ സംസാരം തന്നെ ഞെട്ടിച്ചു കളഞ്ഞെന്നാണ് ഹരാരി ഗാര്‍ഡിയനോട് പറഞ്ഞത്. അവര്‍ ഹമാസിനെ പിന്തുണയ്ക്കുക മാത്രമല്ല, എല്ലാ കുറ്റവും ഇസ്രയേലിന്റെ മേല്‍ ആരോപിക്കുകയാണെന്നും ഹരാരി പറയുന്നു. ഭീകരാക്രമണത്തിന്റെ ഇരകളായ ഇസ്രയേലി പൗരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തയ്യാറായില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.

സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട മറ്റൊരു പ്രധാന വ്യക്തിത്വം ഇസ്രയേലി നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്മാന്‍ ആണ്. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ക്ഷേമത്തിന്റെയും വക്താക്കളായ ഇടതുപക്ഷത്തെ വ്യക്തികള്‍ ഇത്രയേറെ ധാര്‍മിക വിവേചനവും രാഷ്ട്രീയ അശ്രദ്ധയും കാണിക്കുമെന്ന് ഒരിക്കലും വിവാരിച്ചിരുന്നില്ലെന്നാണ് ഗ്രോസ്മാന്‍ പരാതിപ്പെടുന്നത്.

പ്രസ്താവനയുടെ ഒടുക്കത്തില്‍ അവര്‍ വ്യക്തമായൊരു നിലപാട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ‘പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന പിടിച്ചടക്കലിനെയും അധിനിവേശത്തെയും എതിര്‍ക്കുന്നതുപോലെ തന്നെ, നിരപരാധികളായ മനുഷ്യര്‍ക്കു നേരെ നടക്കുന്ന ക്രൂരമായ അതിക്രമത്തെയും എതിര്‍ക്കുന്നതില്‍ വൈരുദ്ധ്യം പാടില്ല. ഉറച്ചൊരു ഇടതുപക്ഷക്കാരന്‍ രണ്ട് സഹാചര്യത്തിലും ന്യായമായ നിലപാട് സ്വീകരിക്കും’.

ഹമാസ് ആക്രമണം ഉണ്ടായതിന്റെ പിറ്റേന്ന് ഹവാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയൊരു പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട് ഹരാരി. പ്രസ്താവനയില്‍ പറയുന്നത്, എല്ലാ അക്രമങ്ങളുടെയും പൂര്‍ണ ഉത്തരവാദി ഇസ്രയേല്‍ ഭരണകൂടമാണെന്നാണ്. കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ഒരു ശതമാനം പോലും ഉത്തരവാദിത്തമില്ല, 100 ശതമാനം ഉത്തരവാദിത്തവും ഇസ്രയേലിനാണ് എന്നും ആ പ്രസ്താവനയില്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ ഒരു പ്രസ്താവന കൂടി ഹരാരി ഉദ്ദരിക്കുന്നുണ്ട്. ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന വര്‍ഗ്ഗവിവേചനത്തിന്റെ നേരിട്ടുള്ള ഫലമാണ് ഹമാസ് ആക്രമണം എന്നായിരുന്നു പ്രസ്താവനയിലെ ആക്ഷേപം എന്നാണ് ഹരാരി പറയുന്നത്.

അമേരിക്കയിലെയും യൂറോപ്പിലെയും സോഷ്യലിസ്റ്റുകള്‍ സ്റ്റാലിനെ പിന്തുണച്ചിരുന്നുവെന്ന് ചരിത്രപരമായ ഉദ്ദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്നുണ്ട് ഹരാരി. ” ഇതാദ്യമായിട്ടല്ല, തീവ്ര ഇടതുപക്ഷം അവരുടെ നിശ്ചിതമായ നീതി വീക്ഷണത്തിന്റെ പേരില്‍ നിഷ്ഠൂര പ്രസ്തഥാനങ്ങളോടും ഭരണകൂടങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നത്”. അത്തരം സമീപനങ്ങള്‍ ഒരുപക്ഷേ പരിപൂര്‍ണമായ നീതി നടപ്പാക്കപ്പെടാമെന്ന വിശ്വാസത്തിലോ സങ്കല്‍പ്പത്തിലോ സ്ഥാപിക്കപ്പെടുന്നതാകാം. മറുപക്ഷത്തിന്റെ കുറ്റകൃത്യങ്ങളടക്കം എല്ലാത്തിനെയും ഒരുപക്ഷം കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം സങ്കീര്‍ണമാണ്. ഒരേയാളുകള്‍ തന്നെ ഒരേസമയം ഇരകളും കുറ്റവാളികളുമാകുന്നു. അധികം സംഘര്‍ഷങ്ങളിലും കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും അനുപാതം 100%-0% എന്ന നിലയിലായിരിക്കില്ല, അതിനിടയില്‍ എവിടെയോ ആയിരിക്കും. ഇതാണ് സാമാന്യമായ രീതി, എന്നാല്‍ അളുകള്‍ക്കിത് അംഗീകരിക്കാന്‍ മടിയാണ്’; ഹരാരി വിശദീകരിക്കുന്നു.

അന്താരാഷ്ട്ര ഇടതുപക്ഷ സംഘത്തിന്റെ പ്രതികരണം ഏതുതരത്തിലായിരിക്കുമെന്നത് ഇസ്രയേലി ഇടതുപക്ഷത്തിന് പ്രധാനമായിരുന്നു. കാരണം, ദ്വിരാഷ്ട്രം എന്ന സമാധാനപരമായ പരിഹാരത്തിനുള്ള പ്രതീക്ഷയുടെ അവസാന കോട്ടയായിരിക്കും അതെന്നാണ് കരുതിയിരുന്നത്. അത്തരമൊരു പരിഹാരത്തിന് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ് എന്നും ഹരാരി ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്രതാരങ്ങളായ ടില്‍ഡ സ്വിന്റോണ്‍, സ്റ്റീവ് കൂഗന്‍, സംവിധായകന്‍ മൈക്ക് ലെയ്ഗ് എന്നിവര്‍ ഒപ്പിട്ട ഒരു കത്ത് ഹരാരി ഉദ്ധരിക്കുന്നുണ്ട്. ‘ഗാസയിലെ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് അറുതി വരുത്തുക’ എന്നാവശ്യപ്പെടുന്ന കത്തില്‍, ഹമാസിന്റെ ക്രൂരതയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് ഹരാരി ചൂണ്ടിക്കാണിക്കുന്നത്. കുറ്റവാളികളാരായാലും, അവര്‍ നടത്തുന്ന സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും കത്തില്‍ വിമര്‍ശിക്കുമ്പോഴും ഹമാസിന്റെ ചെയ്തികളെ കുറ്റപ്പെടുത്തി കാണുന്നില്ലെന്നാണ് ഹരാരി പറയുന്നത്.’ ഒക്ടോബര്‍ ഏഴിന് നടന്ന ആ കൂട്ടക്കുരുതിയെക്കുറിച്ച് ഒരു വാക്കുപോലുമില്ല’ എന്നാണദ്ദേഹം പരിതപിക്കുന്നത്.

അഭിനേത്രി മൗറീന്‍ ലിപ്മാനും ഹരാരിയുടെതിന് സമാനമായി ‘ ആര്‍ട്ടിസ്റ്റ്‌സ് ഫോര്‍ പലസ്തീന്‍’ എന്ന ഗ്രൂപ്പ് പുറത്തിറക്കിയ കത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.’ രക്തമൊലിക്കുന്ന ഹൃദയരഹിത ലിബറലുകള്‍’ എന്നായിരുന്നു ലിപ്മാന്റെ കുറ്റപ്പെടുത്തല്‍. പ്രശസ്ത ടെലിവിഷന്‍ അവതാരക റേച്ചല്‍ റിലി ഉള്‍പ്പെടെ 200-ല്‍ അധികം പേരുടെ പിന്തുണയുള്ള മറ്റൊരു കത്തില്‍ ലിപ്മാനും ഒപ്പ് വച്ചിട്ടുണ്ട്. ആ കത്തില്‍ അവര്‍ ആഹ്വാനം ചെയ്യുന്നത്, ഹമാസിനെ ഒരു ഭീകരസംഘടനയായി തന്നെ പരാമര്‍ശിക്കണമെന്നാണ്. ബിബിസിയോടും ഇതേകാര്യം ആവശ്യപ്പെടുന്നുണ്ട്.

‘ഗാസയിലെ അല്‍-അഹ്‌ലി അറബ് ആശുപത്രിയില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നായിരുന്നു ന്യൂയോര്‍ക് ടൈംസിന്റെ ആദ്യത്തെ ദിവസത്തെ തലക്കെട്ട്. പിറ്റേദിവസം പത്രം പറഞത്, തങ്ങള്‍ ഹമാസിന്റെ അവകാശവാദങ്ങളെ ആശ്രയിക്കുന്നുണ്ടൊന്നാണ്. എഡിറ്റര്‍മാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു, വിവരങ്ങള്‍ പരിശോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകേണ്ടതുമാണെന്നും’ ഹരാരി ചൂണ്ടിക്കാണിക്കുന്നു.

ഇസ്രയേലിലെയും ഗാസയിലെയും ജനം ഒരുപാട് അനുഭവിക്കുന്നുണ്ട്. നിങ്ങളുടെ മനസ് നിങ്ങളുടെ സ്വന്തം വേദനയില്‍ നിറഞ്ഞിരിക്കുമ്പോള്‍, മറ്റൊരാളുടെ വേദനയിലേക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കുന്നതില്‍ വഞ്ചന അനുഭവപ്പെടുമെന്നും ഹരാരി പറയുന്നു.

‘ ഇയൊരു സാഹചര്യത്തില്‍ സമാധാനത്തിനുള്ള സാധ്യത ഞങ്ങള്‍ പുറത്തുള്ളവരെ ഏല്‍പ്പിക്കുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ഒന്നും ചെയ്യാനാകില്ല, പക്ഷേ പുറത്തുള്ളവര്‍ക്ക് അതാകുമെന്നും, നിലവിലെ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നും ഞങ്ങള്‍ പ്രതിക്ഷിക്കുന്നു. ബുദ്ധിജീവികളും കലാകാരന്മാരും അക്കാദമിക് വിദഗ്ധരും കുറച്ചുകൂടി ആഴത്തില്‍ കാര്യങ്ങളെ സമീപിക്കണം. യാഥാര്‍ത്ഥ്യത്തിന്റെ സങ്കീര്‍ണത മനസിലാക്കണം, പ്രത്യേകിച്ച് ഇന്നത്തെ സത്യാനന്തര കലാവസ്ഥയില്‍. ബൗദ്ധികമായും വൈകാരികമായുള്ള അലസതയോടെ ഒരു വശം മാത്രം തെരഞ്ഞെടുക്കുകയാണെന്നാണ് തോന്നുന്നത്’ ഹരാരിയുടെ വാക്കുകള്‍.

ഇസ്രയേല്‍ ഗാസയെ നശിപ്പിക്കണമെന്ന ആശയം ഒരിക്കലും അംഗീകരിക്കപ്പെടില്ലെന്നും ഹരാരി പറയുന്നു. ‘ ഗാസയെ തുടച്ചു നീക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങളൊന്നും ഞങ്ങള്‍ കാണുന്നില്ല. പലസ്തീനികള്‍ നേരിടുന്ന സാഹചര്യം ഭീകരമാണ്. കഴിയുന്നത്ര സാധാരണക്കാരെ കൊന്നൊടുക്കാമെന്ന ഉദ്ദേശം ഇസ്രയേലിനില്ല. അസദ് ഭരണകൂടം ഹോമ്‌സിലും ആലെപ്പോയിലും ചെയ്തതുപോലെയുണ്ടാകില്ല. ഹമാസിനെ നിരായുധീകരിച്ചതുകൊണ്ട് മാത്രമായില്ല, പലസ്തീന്‍ ജനതയ്ക്ക് ബദല്‍ മാര്‍ഗം ഭാവിയിലേക്ക് ഉണ്ടാക്കുകയും ചെയ്യുന്നിടത്താണ് പരിഹാരം’ എന്നും യുവാല്‍ നോഹ് ഹരാരി പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍