സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാര്‍ക്കുള്ളതല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്നും ഹൈക്കോടതി
അകൗണ്ടന്റായി ജോലിചെയ്തിരുന്ന തൃശൂര്‍ മാപ്രാണം സ്വദേശി ജോഷിക്കു ഏഴരവര്‍ഷം മുന്‍പാണ് വാഹാനാപകടത്തില്‍ സാരമായി പരിക്കേല്‍ക്കുന്നത്. അപകടത്തെ തുടര്‍ന്ന് കിടപ്പിലായതോടെ ജീവിതം വഴിമുട്ടി. അവിടെ നിന്ന് സിവില്‍ എഞ്ചിനീറിങ് പഠനം പൂര്‍ത്തിയാക്കി വീണ്ടും ജോലി ചെയ്യുന്നതിനിടയിലാണ് കഴുത്തില്‍ ട്യൂമര്‍ കണ്ടെത്തുന്നത്. ഇതോടെ ജീവിതം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തി. മക്കളുടെ ഉന്നതവിദ്യാഭ്യാസവും ചികിത്സ ചെലവിനും വഴിയില്ലാതെ സാമ്പത്തിക ദുരിതത്തിലായതോടെയാണ് ബാങ്കില്‍ നിക്ഷേപിച്ച 72 ലക്ഷം പിന്‍വലിക്കാന്‍ ജോഷി തീരുമാനിക്കുന്നത്. ഈ തുകയും ഭാര്യയുടെയും, ഭാര്യാമാതാവിന്റേതുമടക്കമുള്ള പണവും തൃശൂര്‍ മാപ്രാണത്തുള്ള കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇത്രയും തുകയുടെ നിക്ഷേപം മുഴുവനായും തിരിച്ചു നല്‍കാന്‍ ബാങ്കിന് കഴിയില്ലെന്നു അറിയിച്ചതോടെ മുഖ്യമന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ദയാവധത്തിന് അനുമതി തേടി ജോഷി കത്തയച്ചിരിക്കുകയാണ് ജോഷി. ആദ്യകാലങ്ങളില്‍ കരുവന്നൂര്‍ ബാങ്കിലെ ജീവനക്കാര്‍ തുടര്‍ച്ചയായി തന്നെ സമീപിച്ചതിലൂടെയാണ് തന്റെയും ഭാര്യയുടെയും ഭാര്യാമാതാവിന്റെയുമടക്കമുള്ള പണം നിക്ഷേപിക്കാന്‍ തയ്യാറായതെന്നാണ് ജോഷി അഴിമുഖവുമായി സംസാരിച്ചപ്പോള്‍ പറയുന്നു. ഇന്നാലിപ്പോള്‍, അതേ ബാങ്ക് തന്റെ അവസ്ഥ കണ്ടിട്ടു പോലും മനസിലായാതെ നില്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
ജോഷി സംസാരിക്കുന്നു.”ചികിത്സാ ചെലവിന് ആവശ്യത്തിന് പണം നല്‍കാത്തതിനാല്‍ ദേവസിയുടെ ഭാര്യ ഫിലോമിന മരിച്ച സംഭവത്തിലും ഇത് തന്നയല്ലേ നടന്നത്. നിക്ഷേപിച്ച തുക ഫിലോമിന ചേച്ചി മരിച്ചതിനു ശേഷമാണ് വീട്ടില്‍ കൊണ്ടുപോയി നല്‍കാന്‍ ബാങ്ക് തയ്യാറായത് (ബാങ്കിലെ നിക്ഷേപകനായ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന 2022 ജൂലൈയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മുപ്പത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും ബാങ്ക് പണം നല്‍കിയില്ലെന്നായിരുന്നു ദേവസിയുടെ പരാതി). മരണത്തിനു ശേക്ഷം മാത്രമേ നിക്ഷേപിച്ച തുക തിരികെ നല്‍കുകയുള്ളു എന്ന നയമാണ് ബാങ്ക് സ്വീകരിക്കുന്നത്. ചികിത്സയിലിരിക്കെ ലഭിച്ച പണമല്ലാതെ മറ്റെരു തുകയും ബാങ്ക് നല്‍കിയിട്ടില്ല. കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും കാലതാമസം നേരിട്ടിരുന്നു. ഒടുവില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പത്തു ശതമാനം നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും അകൗണ്ടിലിട്ടു നല്‍കാതെ നേരിട്ടു ചെല്ലുന്നവര്‍ക്കു മാത്രമേ നല്‍കിയിരുന്നുള്ളു. അതും കൃത്യമായി നല്‍കാന്‍ കഴിഞ്ഞോ എന്നതും ചോദ്യ ചിഹ്നമാണ്.”
ഒരാള്‍ക്ക് മാത്രമായി മുഴുവന്‍ തുകയും നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബാങ്ക്. ”കോടതിയുടെ നിര്‍ദേശം അനുസരിച്ചു 10% മുതലും 50 % പലിശയും എല്ലാ നിക്ഷേപകര്‍ക്ക് ബാങ്ക് നല്‍കിവരുന്നുണ്ട്. നിലവിലുള്ള നിര്‍ദ്ദേശത്തെ മറികടക്കാന്‍ ബാങ്കിന് കഴിയില്ല. കോടതി ആവശ്യപ്പെട്ടാല്‍ മുഴുവന്‍ തുകയോ അല്ലെങ്കില്‍ കൂടുതല്‍ പരിശീലയോ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തി നിക്ഷേപകന് നല്‍കാന്‍ ബാങ്ക് തയ്യാറാണ്”- ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സിലര്‍ ചന്ദ്രശേഖരന്‍ പറയുന്നു. ദയാവധത്തിന് കത്തയച്ച നിക്ഷേപകന് ബാങ്ക് പണം നല്‍കിയതായും അദ്ദേഹം പറയുന്നു.
എന്നാല്‍ ബാങ്ക് പറയുന്ന ഈ തുക ആദ്യ ഘട്ടത്തില്‍ ചികിത്സ ചെലവിനും മറ്റുമായി നല്‍കിയ പലിശയാണെന്നാണ് ജോഷി അഴിമുഖത്തോടു പറയുന്നത്. എന്റെ നിക്ഷേപ തുക അനുസരിച്ച് എട്ടേകാല്‍ ശതമാനം പലിശയാണ് കിട്ടേണ്ടത്. എന്നാല്‍ എനിക്ക് ബാങ്കില്‍ നിന്ന് ലഭിച്ച കത്തില്‍ വ്യക്തമായി പറയുന്നുണ്ട് ബാങ്കിന്റെ കയ്യില്‍ പണമില്ലാത്തതുകൊണ്ട് പലിശ നല്‍കാന്‍ ബാങ്കിന് സാധിക്കുന്നില്ലെന്ന്. വാഗ്ദനം ചെയ്ത പലിശ തരുന്നതിനു പകരം വര്‍ഷത്തില്‍ ഒരിക്കല്‍ നാലുശതമാനം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളു എന്നും പറയുന്നുണ്ട്. ഇതെങ്ങനെ അംഗീകരിക്കാനാവും”? പണം തിരിച്ചടക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് എന്തിനാണ് ബാങ്ക് വായ്പ്പ കൊടുക്കാന്‍ തയ്യാറായതെന്നും ജോഷി ചോദിക്കുന്നു. വാക്കാല്‍ ശുപാര്‍ശയില്‍ 150 കോടിയാണ് ബാങ്ക് വായ്പ നല്‍കിയതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ബാങ്ക് ഉത്തരം നല്‍കാന്‍ തയ്യാറാകണമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.
ചന്ദ്രശേഖരന്‍ പറയുന്നതനുസരിച്ച് 108.6 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുത്തു തീര്‍ത്തിട്ടുണ്ട്. ബാക്കി നില്‍ക്കുന്ന 282 കോടി രൂപ രണ്ടു വര്‍ഷത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. കഴിയുന്നത്ര വേഗത്തില്‍ ഇത് കൊടുത്തു തീര്‍ക്കണമെങ്കില്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തവര്‍ തിരിച്ചടക്കേണ്ടതുണ്ട്. അഞ്ചു ബ്രാഞ്ചുകളില്‍ നിന്നായി 300 കോടി രൂപയാണ് വയ്പ്പ ഇനത്തില്‍ ബാങ്കിന് കിട്ടാനുള്ളത്. ഒരു വ്യക്തിയെ മാത്രം പരിഗണിച്ചു തുക കൂടുതല്‍ അനുവദിച്ചു നല്‍കാന്‍ കഴിയില്ല. നിലവില്‍ ബാങ്കിന് കിട്ടാനുള്ള തുക പിരിച്ചെടുത്തു കണ്‍സോര്‍ഷ്യം വഴിയും സര്‍ക്കാര്‍ സഹായത്തോടെയുമാണ് നിക്ഷേപകര്‍ക്ക് പണം നല്‍കി കൊണ്ടിരിക്കുന്നതെന്നും ചന്ദ്രശേഖരന്‍ പറയുന്നു.
അതെ സമയം തട്ടിപ്പു കേസില്‍ അന്വേഷണത്തിന് കാലതാമസം നേരിടുന്നതില്‍ ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി. സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ചോദ്യം ചെയ്ത് കേസിലെ പ്രതിയായ അലി സാബ്‌റി നല്‍കി ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കരവന്നൂരിലെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാര്‍ക്കുള്ളതല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് അന്വേഷണം എവിടെവരെയായെന്ന് ഇഡിയോട് കോടതി ആരാഞ്ഞിരുന്നു. അന്വേഷണം തുടരുന്നുവെന്നാണ് ഇഡി ഇതിന് മറുപടി നല്‍കിയത്. ഇതോടെയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്.
അന്വേഷണത്തിലുണ്ടാകുന്ന കലാതാമസമാണ് കേസ് നല്‍കാന്‍ ആളുകള്‍ വിസമ്മതിക്കുന്നതിനു പിന്നിലെന്ന് ജോഷി പറയുന്നു. ”എനിക്ക് എന്റെ കുടുംബത്തിനും മുന്നോട്ടുള്ള ജീവിതത്തിന് പണം ആവശ്യമായി വന്നതുകൊണ്ടാണ് ഞാന്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. കേസ് നല്‍കാന്‍ സാധിക്കാത്ത നിക്ഷേപകരും നാട്ടുകാരും ഉള്‍പ്പെടെ എനിക്ക് പിന്തുണ നല്‍കുന്നുണ്ട്” ജോഷി പറയുന്നു.
ആദ്യഘട്ടത്തില്‍ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 54 പേര്‍ക്കെതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടംഘട്ട അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ക്കെതിരെ കുറ്റപത്രം നല്‍കുമെന്നാണ് സൂചന.