UPDATES

വിദേശം

ഗ്രീക്ക് പ്രധാനമന്ത്രിയെ കാണാതെ ഋഷി സുനക്; കാരണം പാര്‍തെനോണ്‍ മാര്‍ബിള്‍സോ?

പുരാതന പ്രതാപത്തിന്റെ കാവൽക്കാർ; ഇന്നും തുടരുന്ന പോരാട്ടം

                       

പുരാതന ഗ്രീക്ക് കല മനുഷ്യന്റെ സര്‍ഗാത്മകതയുടെയും നവീകരണത്തിന്റെയും സൗന്ദര്യാത്മകതയെക്കുറിച്ചുമുള്ള ആഴത്തിലുള്ളസാക്ഷ്യമായി ഇന്നും നിലകൊള്ളുന്നു. വിശാലമായ ക്യാന്‍വാസില്‍ വ്യാപിച്ചുകിടക്കുന്ന, ഗ്രീക്ക് കല വൈവിധ്യമാര്‍ന്ന കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒന്നാണ്. അക്കാലത്തെ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവും പ്രതിഫലിപ്പിക്കുന്ന ശൈലികള്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു. പാശ്ചാത്യ നാഗരികതയുടെ തുടക്കം തന്നെ ഗ്രീസില്‍ നിന്നായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പൈതൃകം.ദൈവങ്ങളെയും മനുഷ്യരെയും സംയോജിപ്പിച്ചുകൊണ്ടുള്ള കഥകളും ചരിത്രവുമാണ് ഗ്രീസിന്റെത്. എല്ലാ കാലഘട്ടത്തിലും ഗ്രീസിന്റെ പൈതൃകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലിയ ചര്‍ച്ചാവിഷയവുമായ ഒന്നാണ് പാര്‍തെനോണ്‍ മാര്‍ബിള്‍സ്(parthenon marbles) അഥവ എല്‍ജിന്‍ മാര്‍ബിള്‍സ്(Elgin marbles).

വര്‍ഷങ്ങളായി പാര്‍തെനോണ്‍ മാര്‍ബിള്‍സ്, ഗ്രീസും യുണൈറ്റഡ് കിംഗ്ഡവും തമ്മിലെ പ്രധാന തര്‍ക്ക വിഷയമാണ്. അനധികൃതമായാണ് ഇവ നീക്കം ചെയ്തതെന്നും തിരികെ നല്‍കണമെന്നും അക്രോപോളിസിലെ അവശേഷിക്കുന്ന ഭാഗവുമായി കൂട്ടിച്ചേര്‍ക്കണമെന്നും ഗ്രീസ് കാലങ്ങളായി വാദിക്കുന്നുണ്ട്. നിലവില്‍ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് പാര്‍തെനോണ്‍ മാര്‍ബിളുകളുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. അവ മ്യൂസിയത്തിന്റെ അവിഭാജ്യഘടകമാണെന്നും ആഗോള പ്രേക്ഷകരെ അതു കാണാന്‍ അനുവദിക്കണമെന്നുമാണ് മ്യൂസിയം ഉന്നയിക്കുന്ന പ്രധാന വാദം.

പാര്‍തെനോണിനെ പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ പൊട്ടിപുറപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആസൂത്രിത ചര്‍ച്ചകള്‍ റദ്ദാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനത്തെ ഗ്രീസ് പ്രധാനമന്ത്രി കിറിയാകോസ് മിറ്റ്സോറ്റകിസ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

‘നിശ്ചയിക്കപ്പെട്ട ഞങ്ങളുടെ കൂടിക്കാഴ്ച്ച നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഋഷി സുനക് റദ്ദാക്കിയത്. ഇതില്‍ ഞാന്‍ എന്റെ പ്രതിഷേധം രേഖപെടുത്തുന്നു. ഗ്രീസും ബ്രിട്ടനും തമ്മില്‍ പരമ്പരാഗതമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ബന്ധങ്ങളുടെ ചട്ടക്കൂട് വളരെ വിശാലവുമാണ്. അതിനാല്‍ തന്നെ മറ്റ് അന്താരാഷ്ട്ര വെല്ലുവിളികളോടൊപ്പം ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു’- കിറിയാകോസ് പറയുന്നു. അതോടൊപ്പം കാഴ്ചപ്പാടുകളുടെ കൃത്യതയിലും നീതിയിലും വിശ്വസിക്കുന്നവന്‍ ഒരിക്കലും എതിര്‍ വാദങ്ങളെ ഭയപ്പെടില്ല എന്ന് വിമര്‍ശിക്കുകയും ചെയ്തു. ഗ്രീസ് പ്രധാനമന്ത്രിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച്ച ഉച്ചക്ക് ആയിരുന്നു ഇരുവരും തമ്മിലുളള കൂടിക്കാഴ്ച നടക്കേണ്ടിയിരുന്നത്.

എന്താണ് പാര്‍തെനോണ്‍ മാര്‍ബിള്‍സ്

ഏതന്‍സിലെ അക്രോപോളിസിലെ അഥീന ദേവിയുടെ (പാര്‍തെനോണ്‍) ക്ഷേത്രത്തിലുള്ള വ്യത്യസ്തങ്ങളായ മാര്‍ബിള്‍ വാസ്തു ശില്‍പങ്ങളുടെ ശേഖരമാണ് പാര്‍തെനോണ്‍ ശില്പങ്ങള്‍. പുരാതന ഗ്രീക്ക് ശില്‍പിയായ ഫിദിയാസും സഹായികളും ചേര്‍ന്നാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഈ സങ്കീര്‍ണമായ ശില്‍പങ്ങളില്‍ ഗ്രീക്ക് പുരാണങ്ങള്‍, മതപരമായ ചടങ്ങുകള്‍, ചരിത്ര സംഭവങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും പാര്‍തെനോണ്‍ നിര്‍മിക്കാനുള്ള തീരുമാനം കേവലം മതപരമായ ഒന്നായിരുന്നില്ല, മറിച്ച് ഏതന്‍സ് നഗരത്തിന്റെ രാഷ്ട്രീയ പ്രസ്താവന കൂടിയായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീക് സാമ്രാജ്യം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഏതന്‍സില്‍ ഈ ക്ഷേത്രം നിര്‍മിച്ചത്. ഏതന്‍സിന്റെ ശക്തി, സമ്പത്ത്, സാംസ്‌കാരിക നേട്ടങ്ങള്‍ എന്നിവയുടെ തെളിവായാണ് ഇവ ആഘോഷിക്കപ്പട്ടത്. ബിസി 447 നും 432 നും ഇടയിലാണ് ഇവ നിര്‍മിച്ചതെന്നാണ് അനുമാനം. പനതേനിക് ഉത്സവത്തിന്റെ ഘോഷയാത്ര, അഥീന ദേവിയുടെ ജന്മദിനത്തിന്റെ സ്മരണ, പീരിത്തൂസിന്റെ വിവാഹ വിരുന്ന്, ‘സെന്റോറുകളും’ ‘ലാപിത്തുകളും’ തമ്മിലുള്ള യുദ്ധം ചിത്രീകരിക്കുന്ന ശില്പ പരമ്പര, ദേവന്മാരുടെയും ഐതിഹാസിക നായകന്മാരുടെയും രൂപങ്ങള്‍ എന്നിവയടങ്ങുന്നതാണ്.

സങ്കീര്‍ണത നിറഞ്ഞ ചരിത്രമാണ് പാര്‍തെനോണിനു പറയാനുള്ളത്. ഏഴാം നൂറ്റാണ്ടോടെ, ഈ കെട്ടിടം റോമന്‍ കാത്തലിക് കത്തീഡ്രലായി രൂപാന്തരപ്പെടുത്തി ചില ഘടന മാറ്റങ്ങള്‍ വരുത്തിയിരുന്നു. പിന്നീട് 1458-ല്‍ തുര്‍ക്കികള്‍ അക്രോപോളിസ് പിടിച്ചെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ പാര്‍തെനോണ്‍ ഒരു പള്ളിയായി പ്രഖ്യാപിച്ചു. 1687-ല്‍ തുര്‍ക്കികള്‍ക്കെതിരെ വെനീഷ്യക്കാര്‍ അക്രോപോളിസില്‍ ബോംബാക്രമണം നടത്തിയപ്പോള്‍ പാര്‍തെനോണിന്റെ മധ്യഭാഗം പൂര്‍ണമായും നശിച്ചു. ശില്പങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ പലതും നശിപ്പിക്കപ്പെട്ടു. 1801-03 കാലഘട്ടത്തില്‍ അവശേഷിക്കുന്ന ശില്പങ്ങളുടെ വലിയയൊരു പങ്കും ടര്‍ക്കിഷ് പ്രഭുവായ തോമസ് ബ്രൂസ് നീക്കം ചെയ്തു. അനന്തരമിത് 1816 ബ്രിട്ടീഷ് മ്യൂസിയത്തിന് വില്‍ക്കുകയും ചെയ്തു. തനിക്ക് ഓട്ടോമനില്‍ നിന്ന് അനുമതി ലഭിച്ചതായി തോമസ് ബ്രൂസ് വാദിച്ചു.

പാര്‍തെനോണില്‍ നിന്നുള്ള മറ്റ് ചില ശില്‍പങ്ങള്‍ പാരീസിലെ ലൂവ്രെ മ്യൂസിയത്തിലും കോപ്പന്‍ഹേഗനിലുമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്ന് ഗ്രീസ് സ്വാതന്ത്ര്യം നേടിയതിനു ശേഷം പാര്‍തെനോണ്‍ പുനഃ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ എഞ്ചിനീയര്‍ നിക്കോളാസ് ബാലനോസിന്റെ നേതൃത്വത്തിലുള്ള പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. പിന്നീട് 40 വര്‍ഷത്തിലേറെയെടുത്താണ് ഇത് പുനരുദ്ധരിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഏതന്‍സിനെ നിയന്ത്രിച്ചിരുന്ന ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ബ്രിട്ടീഷ് അംബാസഡറായിരുന്നു ലോര്‍ഡ് തോമസ് ബ്രൂസ് ഏഴാമന്‍. തന്റെ സ്വകാര്യ ശേഖരത്തിനായി ക്ലാസിക്കല്‍ പുരാവസ്തുക്കള്‍ സ്വന്തമാക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 1801-നും ഇടയില്‍ പാര്‍തെനോണ്‍ മാര്‍ബിളുകളുടെ ഒരു പ്രധാന ഭാഗം നീക്കം ചെയ്യുന്നതിനായി ഒട്ടോമന്‍ അധികാരികളില്‍ നിന്ന് അനുമതി തേടി. കെട്ടിടത്തിന്റെ ഫ്രെയ്‌സുകളില്‍ നിന്നും പെഡിമെന്റുകളില്‍ നിന്നും ശില്‍പങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ സംഘം വിവിധ രീതികള്‍ ഉപയോഗിച്ചു. നടപടികളുടെ നിയമസാധുതയും ധാര്‍മികതയും കണക്കിലെടുത്തുകൊണ്ട് തോമസ് ബ്രൂസിന്റെ ഈ നടപടി അക്കാലത്ത് പോലും വലിയ വിവാദമായിരുന്നു.

മാര്‍ബിള്‍ ശില്‍പങ്ങളുടെ ഏറ്റവും പ്രശസ്തമായ ഭാഗങ്ങളിലൊന്നായ പാര്‍തെനോണിന്റെ ഫ്രെയ്‌സ്(ക്ലാസിക്കല്‍ ആര്‍ക്കിടെക്ചറില്‍ ഒരു കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് ചെയ്തിരിക്കുന്ന കൊത്തുപണികളാണ് ഫ്രെയ്സ്) പാര്‍ത്ഥനോണില്‍ അഥീന ദേവിയുടെ ബഹുമാനാര്‍ത്ഥം നടക്കുന്ന മതപരമായ പാനാഥെനൈക് ഘോഷയാത്രയെ ചിത്രീകരിച്ചിക്കുന്നു. ഈ ആഖ്യാന ചിത്രീകരണങ്ങള്‍ പുരാതന ഗ്രീക്ക് സംസ്‌കാരം, മതം, എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നവയാണ്. പാര്‍തെനോണിലെ പാനാഥെനൈക് ഫ്രെയ്‌സ് രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു ഒരു വിഭാഗത്തില്‍ ദേവന്മാര്‍, ദേവതകള്‍, മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രൂപങ്ങളാണ് അടങ്ങിയിരിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍ ഘോഷയാത്രക്കുള്ള തയ്യാറെടുപ്പും അതില്‍ പങ്കെടുക്കുന്നവരെയും മതപരമായ ചടങ്ങുകളുടെ മഹത്വവും പ്രാധാന്യവും കാണിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിക്കുന്നു.

ഗ്രീക്ക് പുരാണങ്ങളില്‍ അഥീന ജ്ഞാനത്തിന്റെയും യുദ്ധത്തിന്റെയും കലയുടെയും ദേവതയാണ്. പന്ത്രണ്ട് ഒളിമ്പ്യന്‍ ദേവതകളില്‍ ഒരാളായി ബഹുമാനിക്കപ്പെടുന്ന അഥീന സിയൂസിന്റെ മകളാണ്. സ്വര്‍ണവും ആനക്കൊമ്പും കൂട്ടിച്ചേര്‍ത്താണ് അഥീന ദേവിയുടെ ശില്പം നിര്‍മിച്ചിരിക്കുന്നത്. അക്കാലങ്ങളില്‍ ആനക്കൊമ്പും സ്വര്‍ണവും കലര്‍ത്തി ശില്പങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഗ്രീക്ക് പൈതൃകത്തിന്റെ മുഖ മുദ്രയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍