UPDATES

വിദേശം

യു കെയിലെ കൗമാരക്കാരുടെ തലവര മാറ്റാൻ സുനക് സർക്കാർ

യു കെയിലെ കൗമാരക്കാരുടെ തലവര മാറ്റാൻ സുനക് സർക്കാർ

                       

യുകെയിൽ പുകവലി നിരോധനം ഏർപ്പെടുത്തുമെന്ന് പ്രധാന മന്ത്രി ഋഷി സുനക്. പുകവലിരഹിത തലമുറയെ സൃഷ്ടിക്കുന്നതിനും യുകെയിൽ പുകവലി സംബന്ധമായ മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള സർക്കാരിൻ്റെ പദ്ധതികളെ പിന്തുണയ്ക്കാൻ എംപിമാർ വോട്ട് ചെയ്യുകയും ചെയ്തു.

എന്താണ് യുകെയിലെ പുകവലി നിരോധനം?

പുകവലി നിരോധനം വരുന്നതോടെ യുകെയില്‍ 15 വയസില്‍ താഴെയുള്ളവരുടെ പുകവലി ഉപയോഗം നിയമവിരുദ്ധമാവും. ക്രിമനല്‍ ശിക്ഷ നിയമ വകുപ്പിന്റെ കീഴിലാണ് ഇത് വരിക. അതായത് 15 വയസ്സോ അതിന് താഴെയുള്ളവര്‍ക്കോ ഇനി സിഗരറ്റ് വാങ്ങാന്‍ സാധിക്കില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ 2009-നോ അതിനു ശേഷമോ ജനിച്ചവര്‍ സിഗരറ്റ് വാങ്ങുന്നതും അവര്‍ക്ക് വില്‍പ്പന നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഇതിനൊപ്പം സിഗരറ്റ് വില്‍പ്പനയിലും നിയന്ത്രണം വരുന്നുണ്ട്. നിലവില്‍ 18 വയസ്സാണ് നിയമപരമായി സിഗരറ്റ് വില്‍ക്കാനുള്ള പ്രായം. ഇത് അടുത്ത വര്‍ഷം മുതല്‍ 19 ആകും. ഇതോടെ ഫലപ്രദമായി പുകവലി നിരോധനം നടത്താന്‍ സാധിക്കുമെന്നാണ് സുനക് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍പ്പന നടത്തിയാല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കടകള്‍ക്ക് 100 പൗണ്ട് (10,417.91 ഇന്ത്യന്‍ രൂപ) പിഴ ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിഴ ഇനത്തില്‍ പിരിച്ചെടുക്കുന്ന പണം നിയമത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് തന്നെ വിനിയോഗിക്കും. അതത് പ്രാദേശിക സര്‍ക്കാരുകള്‍ക്കായിരിക്കും ഈ പണം ഉപയോഗിക്കാനുള്ള അവനകാശം. അതേസമയം കോടതികളിലെത്തുന്ന കേസുകളില്‍ ചുമത്താവുന്ന പിഴ 2,500 പൗണ്ട് (2,60,524.05 ഇന്ത്യന്‍ രൂപ)യ്ക്ക് മുകളിലായിരിക്കും. കൂടാതെ കരിഞ്ചന്തയില്‍ സിഗരറ്റിന്റെ ലഭ്യത തടയുന്നത് ഉള്‍പ്പെടുന്ന എന്‍ഫോഴ്സ്മെന്റിനായി 30 മില്യണ്‍ പൗണ്ട് ചെലവഴിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

പുകവലി കണക്കുകൾ പറയുന്നത് ?

യുകെയിലെ കൗമാരക്കാരിലെ പുകവലി ഉപയോഗ നിരക്ക് കുത്തനെ ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ 16-നും 17-നും ഇടയില്‍ പ്രായമുള്ളവരില്‍ 12 ശതമാനത്തിലധികം പുകവലിക്കുന്നവരാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിഗരറ്റ് വലിക്കുന്ന 11 മുതല്‍ 17 വയസ് പ്രായമുള്ളവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും, ഈ പ്രായ വിഭാഗത്തില്‍ വേപ്പിങ് പ്രീതി വര്‍ദ്ധിച്ചിരിക്കുകയാണ്, ഡിസ്‌പോസിബിള്‍ വേപ്പുകള്‍ക്കാണ് ഏറ്റവും ജനപ്രീതി. (നിക്കോട്ടിന്‍ അല്ലെങ്കില്‍ ഫ്‌ലേവര്‍ഡ് ദ്രാവകങ്ങള്‍ ബാഷ്പീകരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഡിസ്‌പോസിബിള്‍ വേപ്പുകള്‍.)
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) കണക്കുകള്‍ പ്രകാരം, 2022ല്‍ യുകെയില്‍ 18 വയസിന് മുകളിലുള്ളവരുടെ പുകവലി ഉപഭോഗം 12.9% ആണ്. അതായത് ഏകദേശം 6.4 ദശലക്ഷം. 25-34 പ്രായ വിഭാത്തിലുള്ളവരാണ് ഏറ്റവും കൂടുതല്‍ പുകവലിക്കാര്‍. അതേസമയം ഏറ്റവും കുറവ് 65 വയസും അതില്‍ മുകളില്‍ പ്രായമുള്ളവരിലുമാണ്. നിലവിലെ പുകവലിക്കാരുടെ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞ അനുപാതം ഇംഗ്ലണ്ടിലും ഏറ്റവും ഉയര്‍ന്ന അനുപാതം വെയില്‍സിലുമാണ്. സമീപ വര്‍ഷങ്ങളില്‍ പുകയിലയുടെ വില ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. 20 കിംഗ് സൈസ് സിഗരറ്റുകളുടെ ഒരു പാക്കറ്റിന് ഇപ്പോള്‍ 15 പൗണ്ടിലധികം വിലയുണ്ട് (1,561.66 ഇന്ത്യന്‍ രൂപ), ഇതില്‍ 6.33 പൗണ്ട് നികുതിയാണ്.
പുകവലി വിരുദ്ധ ചാരിറ്റി സംഘടനയായ ആഷ് പറയുന്നതനുസരിച്ച്, പുകയില നികുതിയിലെ തുടര്‍ച്ചയായ വര്‍ദ്ധനവ് ചില ഉപഭോക്താക്കളെ പുകവലി കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായും നിര്‍ത്തുന്നതിനോ പ്രോത്സാഹിപ്പിച്ചേക്കാം എന്നാണ്.

ജീവനെടുക്കുന്ന ലഹരി

ഒരു സിഗരറ്റ് കത്തുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, ലെഡ്, അമോണിയ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് വ്യത്യസ്ത രാസവസ്തുക്കളാണ് പുറത്തുവിടുന്നത്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും വിഷമയമാണ്. ഏകദേശം 70ലതികം ഘടകങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നവയാണ്. കൂടാതെ, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഗുരുതരമായ രോഗങ്ങളിലേക്കും പുകവലി ഒരു വ്യക്തിയെ നയിക്കുന്നു. യുകെയിലുടനീളം പ്രതിവര്‍ഷം നടക്കുന്ന 80,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഇതാണ്. നിരോധനത്തിലൂടെ വൈകല്യം, അനാരോഗ്യം എന്നിവയും ഫലപ്രദമായി തടയമെന്നാണ് സര്‍ക്കാര്‍ വാദം. പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നത് വഴി ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 470,000-ലധികം ഹൃദ്രോഗം, സ്‌ട്രോക്ക്, ശ്വാസകോശ അര്‍ബുദം, രോഗങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നു.

ലക്ഷ്യങ്ങളില്‍ വേപ്പിങ് രഹിത യുകെയും

യുവാക്കള്‍ക്കിടയിലെ വേപ്പിങ് പരിഹരിക്കാനും കൂടിയാണ് ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്‍ ലക്ഷ്യമിടുന്നത്.വേപ്പിങ് സിഗരറ്റ് വലിക്കുന്നതിനോളം ദോഷകരമല്ലെങ്കിലും. ഇതുവരെ പുകവലിക്കാത്ത ആരും വേപ്പിങ് ആരംഭിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ അനുശാസിക്കുന്നുണ്ട്. കാരണം വേപ്പിങ് ഉപയോക്താക്കളുടെ ശ്വാസകോശത്തിനും ഹൃദയത്തിനും മസ്തിഷ്‌കത്തിനും ദീര്‍ഘകാല തകരാറുകള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീപകാലത്താണ് വേപ്പിങ്ങിന്റെ ജനപ്രീതി വര്‍ദ്ധിച്ചത്. 2025 ഏപ്രിലില്‍ ഇംഗ്ലണ്ടില്‍ വ്യാപകമായി ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കാനുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു, ഈ നിരോധനം യുകെയിലുടനീളം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷകള്‍. നിക്കോട്ടിന്‍ വേപ്പ് പാക്കറ്റിലെ ഉള്ളടക്കം, സുഗന്ധങ്ങള്‍, എന്നിവ കുട്ടികള്‍ക്ക് ആകര്‍ഷകമാക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും. 2026 ഒക്ടോബര്‍ മുതല്‍ വേപ്പിങിന് പുതിയ നികുതി ഏര്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ, നിക്കോട്ടിന്‍ പൗച്ചുകള്‍ പോലെയുള്ള വേപ്പിങിന് ഇതരമാര്‍ഗങ്ങളും ഇനി മുതല്‍ കുട്ടികള്‍ക്ക് നിയമവിരുദ്ധമായിരിക്കും.

ഈ രാജ്യങ്ങളില്‍ നില്‍ക്കുന്നത് കര്‍ശന നിയമങ്ങള്‍

പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ന്യൂസിലന്‍ഡിലെ നയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് കരുതപ്പെടുന്നത്. 2008ന് ശേഷം ജനിച്ച ആരെയും സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ വാങ്ങുന്നതില്‍ നിന്ന് നിരോധിക്കാന്‍ ന്യൂസിലന്‍ഡിലെ മുന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.മെക്‌സിക്കോയിലാണ് ലോകത്തിലെ ഏറ്റവും കര്‍ശനമായ പുകവലി വിരുദ്ധ നിയമങ്ങള്‍ നിലനില്‍ക്കുന്നത്, ബീച്ചുകളിലും പാര്‍ക്കുകളിലും പുകവലി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാറുകള്‍, കഫേകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് തടയുന്ന നിയമം പാസാക്കാനും പദ്ധതിയിടുന്നുണ്ട്. 2040-ഓടെ പോര്‍ച്ചുഗല്‍ പുകവലി രഹിത തലമുറയാണ് ലക്ഷ്യമിടുന്നത്. 2035ഓടെ പുകയില ഉപയോഗം 5% ശതമാനത്തില്‍ താഴെയായി കുറയ്ക്കാനാണ് കാനഡ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യം, പാക്കറ്റുകളില്‍ അല്ലാതെ, ഓരോ സിഗരറ്റുകളിലും ആരോഗ്യ മുന്നറിയിപ്പുകള്‍ അച്ചടിക്കണമെന്ന് നിയമിക്കുന്ന ആദ്യത്തെ രാജ്യമായി കാനഡമാറിയിരുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍