UPDATES

മിന്നൽ മുരളിയിലെ ഉഷയും ഒരു സർക്കാർ ഉത്പന്നത്തിലെ ശ്യാമയും രണ്ടാണ്

ശ്യാമക്ക് ശ്യാമയുടേതായ വ്യക്തിത്വമുണ്ട്, ഉഷക്കും.

                       

നിസാം റാവുത്തറിന്റെ എഴുത്തിൽ രൂപപ്പെട്ട പ്രദീപൻ എന്ന പെയിന്റിം​ഗ് തൊഴിലാളിയെയും ഭാര്യ ശ്യാമയെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു ഒരു സർക്കാർ ഉത്പന്നം എന്ന സിനിമയുടെ സഞ്ചാരം. സമകാലിക വിഷയത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ശ്യാമയെ അവിസ്മരണീയമാക്കിയത് ഷെല്ലി എൻ കുമാർ ആണ്. ഏത് കഥാപാത്രം ഏറ്റെടുത്തലും സ്വതസിദ്ധമായ അഭിനയശൈലിയും മിതത്വവും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള കഴിവ് ഷെല്ലി എന്ന അഭിനേത്രിക്കുണ്ട്. ചിത്രീകരണ സമയത്തെ വിശേഷങ്ങളും ചിത്രത്തെ പറ്റിയും അഴിമുഖത്തോട് സംസാരിക്കുകയുമാണ് ഷെല്ലി.

 

ശ്യാമയാകാനുള്ള വിളി

നിസാം ഇക്കയാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. സിനിമയെ പറ്റി ആദ്യമായി എന്നോട് പറയുമ്പോൾ ഭാരത സർക്കാർ ഉത്പന്നം എന്ന പേരാണ് ഉള്ളിലടക്കിയത്. ചിത്രത്തിൽ ഏറ്റവും ആകർഷകമായതും പേര് തന്നെയാണ് . ഇതിനു പിന്നിലെ ആശയം അറിയാനുള്ള ആകാംഷ ആയിരുന്നു എനിക്കുള്ളിൽ. അധികം ആരും സംസാരിക്കാത്ത വിഷയമാണ് ഒരു സർക്കാർ ഉത്‌പന്നം എന്ന ചിത്രം ചർച്ച ചെയ്യുന്നത്. മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യകരണം പ്രമേയമാകുന്ന ചിത്രമാണിത്. ചിത്രത്തിൽ ശ്യാമ എന്ന കഥാപാത്രം ആവശ്യപ്പെടുന്നത് എന്താണോ അത് മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. നാട്ടിൻ പുറങ്ങളിലും വീടുകളിലും കാണാൻ സാധിക്കുന്ന ഒരു കഥാപാത്രമാണ് ശ്യാമ. അതുകൊണ്ടു തന്നെ ശ്യാമയിലേക്കുള്ള ദൂരം വളരെ ചെറുതായിരുന്നു. അവസാന ഭാഗത്തുള്ള കോടതി സീനുകളൊഴികെ ശ്യാമയെ പ്രേകഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.

ക്യാമറക്ക് പിന്നിലെ കൂട്ട്

വളരെ ആസ്വദിച്ചാണ് ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രം പൂർത്തിയാക്കിയത്. വിനീതും ( വിനീത് വാസുദേവൻ) ഞാനും ഗൗരിയും ( ഗൗരി ജി കൃഷ്ണൻ) വളരെ അടുത്ത കൂട്ടുകാരായിരുന്നു. ഒപ്പം കാമറ ടീം കൂടിയായപ്പോൾ സെറ്റിൽ ആഘോഷ അന്തരീക്ഷമായിരുന്നു. രസകരമായ  ദിവസങ്ങളിലൂടെയാണ് ചിത്രീകരണത്തിന്റെ ഓരോ ദിവസവും കടന്നുപോയത്. ചിത്രീകരണ വേളയിൽ ഞാൻ ഏറ്റവുംകൂടുതൽ ഓർത്തുവെക്കുന്ന അനുഭവം ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു പൂച്ച കുട്ടിയെ രക്ഷിച്ചതാണ്. സുബീഷ് ചേട്ടനോടൊപ്പമുള്ള നിമിഷങ്ങളും മറക്കാനാകാത്തതാണ്, സിനിമയിൽ ഞങ്ങൾ വളരെ സ്നേഹമുള്ള ദമ്പതികളാണെങ്കിലും യഥാർത്ഥ ജീവിത്തത്തിൽ ഞങ്ങൾ ഒന്നിച്ചുള്ള സമയമത്രയും തർക്കിക്കുകയും തമ്മിൽ വിമർശിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ്. ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തിത്വങ്ങളാണ് ഞങ്ങളുടേത്.

ഉഷ ശ്യാമ ഷെല്ലി

യഥാർത്ഥത്തിൽ എന്നെ സ്‌ക്രീനിൽ കാണുന്നത് എനിക്ക് ഭയങ്കര ചമ്മലുള്ള കാര്യമാണ്. റിലീസ് ആയ ആദ്യ ദിവസം ആദ്യ ഷോ കാണാൻ പോയത് എന്റെ കൂട്ടുകാരോടൊപ്പമാണ്. സാധാരണ ജനങ്ങളുടെ അഭിപ്രായമാണ് ഒരു സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനം. ഒരു സർക്കാർ ഉത്പന്നം എന്ന ഞങ്ങളുടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാലിക പ്രസക്തിയുള്ള ഒരു വിഷയം കുടുംബ പ്രേക്ഷകർ കണ്ട് ഇഷ്ടപ്പെടുകയും, അവരത് ആസ്വദിക്കുന്നു വെന്നതും സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. യഥാർത്ഥ ജീവിതവുമായി സാമ്യതയുള്ള സന്ദർഭങ്ങളാണ്‌ ചിത്രത്തിലുടനീളം. ശ്യാമക്ക് മുൻപ് ഞാൻ ചെയ്തതിൽ വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് മിന്നൽ മുരളിയിലെ ഉഷ. പക്ഷെ ഉഷയൊ ശ്യാമയൊ എന്ന് ചോദിച്ചാൽ ഇവർ രണ്ടും രണ്ടാണെന്ന് മാത്രമേ പറയാൻ സാധിക്കു. ശ്യാമക്ക് ശ്യാമയുടേതായ വ്യക്തിത്വമുണ്ട്, ഉഷക്കും അതുപോലെ തന്നെ.

ജിയോ ബേബിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയുമൊപ്പം

ഇനി എന്റേതായി മലയാളത്തിൽ രണ്ട് സിനിമകളാണ് റിലീസ് ആകാനുളളത്. ശരൺ വേണു ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന നാരായണിയുടെ മൂന്ന് ആൺ മക്കൾ എന്ന ചിത്രമാണ് ആദ്യത്തേത്. ജോജു ജോസഫ്, അലൻ സിയർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നാരായണിയുടെ മൂന്ന് ആൺമക്കൾ. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ കഥാപാത്രമാണ് എന്റേത്. ശ്യാമയുടെയും ഉഷയുടേതിൽ നിന്നും വളരെ വ്യത്യസ്‍തമായ കഥാപാത്രമാണ് ചിത്രത്തിൽ എനിക്ക്. ഞാനും സംവിധായകൻ ജിയോ ബേബിയും ജോഡികളായെത്തുന്ന ‘സ്വകാര്യം സംഭവ ബഹുലം’ മാണ് അടുത്ത ചിത്രം. ഒരു സർക്കാർ ഉത്പന്നം പോലെ തന്നെ ഞാൻ വളരെ അധികം ആസ്വദിച്ച് ചെയ്ത ചിത്രമാണ് സ്വകാര്യം സംഭവം ബഹുലം. യഥാർത്ഥത്തിൽ രണ്ട് ചിത്രങ്ങളും ഒരു സർക്കാർ ഉത്‌പന്നത്തിന് മുൻപ് ഷൂട്ടിംഗ് പൂർത്തിയാക്കിയതാണ്.

നിസാം ഇക്കയുടെ വേർപാട്

നിസാം റാവുത്തർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നിസാമിക്ക ചിത്രം റിലീസ് ആകാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഞങ്ങളെ വിട്ട് പിരിഞ്ഞത്. അദ്ദേഹം മരിക്കുന്നതിന്റെ തലേന്നാൾ വൈകീട്ട് വരെ ഞങ്ങളോട് സംസാരിച്ചതാണ്. സിനിമയുടെ ഡയറക്ടറായ ടി വി രഞ്ജിത്തും, ഞാനും കുറച്ച് കൂട്ടുകാരെല്ലാവരും സിനിമയുടെ ചർച്ചക്കായി ഒത്തുകൂടിയിരുന്നു. പക്ഷെ നിസാം ഇക്ക അദ്ദേഹത്തിന്റെ വീട്ടിലായിപ്പോയി. അദ്ദേഹത്തെ കൂട്ടാതെ ഒത്തുകൂടിയതിൽ പരിഭവം പറയുകയും ചെയ്തു. നാളെ രാവിലെ കാണാം എന്നയുറപ്പിന്മേലാണ് ഒടുവിൽ ഞങ്ങൾ സംസാരം അവസാനിപ്പിക്കുന്നത്. പക്ഷെ രാവിലെ ഞാൻ അറിഞ്ഞത് അദ്ദേഹത്തിന്റെ മരണ വാർത്തയാണ്. നിസാം ഇക്കയുടെ വിയോഗം അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഒരോരുത്തരെയും ഞെട്ടിച്ചു കളഞ്ഞു. ജീവിതത്തിന്റെ ചില യാഥാർഥ്യങ്ങൾ ഇങ്ങനെയാണെന്ന് കരുതി ആശ്വസിക്കാൻ മാത്രമേ നമുക്ക് സാധിക്കു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍