UPDATES

ഗുണ നിലവാരം ഉറപ്പ് നൽകുന്ന ‘ ഒരു സർക്കാർ ഉത്പന്നം ‘

ടി.വി.രഞ്ജിത്ത് പ്രേക്ഷകർക്ക് നൽകിയ ഗുണനിലവാരമുള്ള ഉത്പന്നം

                       

അന്യന്റെ ജീവിതം മലയാളിക്കെന്നും ആഘോഷമാണ്. അയലത്തെ വീട്ടിലെന്ത് നടന്നാലും അറിയാനുള്ള ആകാംഷയോടെ കണ്ണും നട്ടിരിക്കുന്നവരാണ് ചിലരെങ്കിലും. സർക്കാർ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നാട്ടുകാർക്ക് മുന്നിൽ അപഹാസ്യനായി നിൽക്കേണ്ടി വരുന്ന പ്രദീപിന്റെയും ശ്യാമയുടെയും കുടുംബത്തിന്റെ കഥയുമായാണ് ഒരു സർക്കാർ ഉത്പന്നം പ്രേക്ഷർക്ക് മുന്നിലെത്തുന്നത്.

അച്ചാംതുരുത്തിയെന്ന ഗ്രാമത്തെ ചുറ്റി പറ്റിയാണ് കഥ. കുട്ടികളില്ലാത്തവർ നേർച്ചക്കായെത്തുന്ന മീനൂട്ടിക്കാവ് എന്ന സ്ഥലത്തേക്കുള്ള രണ്ട് ദമ്പതിമാരുടെ യാത്രയിലാണ് ഒരു സർക്കാർ ഉത്പന്നത്തിന്റെ കഥ ആരംഭിക്കുന്നത്. ഗ്രാമത്തിന്റെ ഭംഗിയും തനിമയും ചിത്രത്തിൽ ഉടനീളം കാണാം. സാധാരണക്കാരിൽ സാധാരണക്കാരനായ പ്രദീപിന്റെയും ശ്യാമയുടെയും ജീവിതത്തിൽ വില്ലനായെത്തുന്നത് കേന്ദ്ര സർക്കാരിന്റെ പുരുഷ വന്ധ്യകരണ പരിപാടിയാണ്.

രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടായാൽ തന്നെ ആ കുടുംബത്തെ പരിഹാസത്തോടെ നോക്കുകയും സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകൾ ഉള്ളിടത്ത് നാല് കുട്ടികളുള്ള പ്രദീപന്റെയും ശ്യാമയുടെയും കാര്യം പറയാനുണ്ടോ. കുഞ്ഞുങ്ങളില്ലാത്തവരോടും ഇല്ലാത്തതിന്റെ പേരിൽ കുത്തുവാക്കുകൾക്കൊണ്ട് നോവിക്കുമ്പോഴും ഉപദേശങ്ങളുമായി ചെല്ലുമ്പോഴും മറ്റുള്ളവർ അനുഭവിക്കുന്ന വേദനയും, നൊമ്പരവും കൃത്യമായി സംവിധായകൻ എടുത്ത് കാണിക്കുന്നുണ്ട്.

ഒപ്പം മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി സുഖം കണ്ടെത്തുന്നവർക്കുള്ള ഒരു കുത്തൽ കൂടി സംവിധായകൻ കൊടുക്കുന്നുണ്ട്. അന്തവിശ്വാസവും അതേസമയം ശാസ്ത്രപരമായുള്ള വസ്തുതകളും ചേർത്താണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മനുഷ്യരുടെ ദുരവസ്ഥയെ ചൂഷണം ചെയ്ത് ജീവിക്കുന്ന കപട വിശ്വാസ വ്യാപാരത്തിന്റെ പടി പടിയായുള്ള വളർച്ചയും ചിത്രം കൃത്യമായി കാണിക്കുന്നുണ്ട്. സാധാരണക്കാരുടെ വിശ്വാസങ്ങളിലേക്കും ആചാരങ്ങളുടെ അടിസ്ഥാനത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ മീൻ പിടിച്ച് പൂജ നടത്തുന്നതും ദൈവത്തിന് നിവേദ്യമായി കറിവെക്കുന്നതും ചിത്രത്തിൻ്റെ മറ്റൊരു രസകരമായ വശമാണ്. എന്ത് ചെയ്താലും ഫ്ളക്സ് വച്ച് പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയെയും ചിത്രത്തിൽ വിമർശിക്കുന്നു.

പ്രദീപിന്റെ വന്ധ്യകരണത്തിന് ശേഷവും ശ്യാമ ഗർഭിണിയാകുയും സമൂഹത്തിന് മുമ്പിൽ പിഴച്ചവളെന്ന അപഹാസ്യം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്നു. ഒടുവിൽ നീതിക്കുവേണ്ടി ഗർഭിണിയായ ശ്യാമ കോടതിയെ സമീപിക്കുകയും വിജയം നേടുകയും ചെയ്യുന്നതാണ് ഇതി വൃത്തം. 1980-കളിൽ കേന്ദ്രസർക്കാർ ആരംഭിച്ച എൻഎസ്‌വി പരിപാടി സർക്കാർ ഡോക്ടർമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലം ആയിരങ്ങളെ ബാധിച്ചത് എങ്ങനെയെന്ന് ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നു.

നാട്ടുകാരുടെ സദാചാര പോലീസ് ചമയലും പരദൂഷണവും ഓരോ കുടുംബത്തെയും വ്യക്തികളെയും എത്രമാത്രം ബാധിക്കുന്നുവെന്നതും ചിത്രത്തിൽ പരാമർശിക്കപ്പെടുന്നു. ഒപ്പം വ്യക്തിപരമായ നേട്ടങ്ങൾക്കായി ആളുകളെ സഹായിക്കുന്ന ഇടതുപക്ഷ പാർട്ടിയുടെ ബന്ധു നിയമനം എന്ന വിവാദവും തമാശരൂപേണ ഒരു സർക്കാർ ഉൽപ്പന്നം അവതരിപ്പിക്കുന്നു. ആശാവർക്കർമാരുടെ ദൈനംദിന ജീവിതരീതികളും അവർ അഭിമുകീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങൾ എന്നിവയിലൂടെയുളള യാത്ര കൂടിയാണ് ഒരു സർക്കാർ ഉത്പ്പന്നം.

ആക്ഷേപഹാസ്യ രൂപത്തിലുളള പ്രമേയമാണ് ഒരു സർക്കാർ ഉത്പന്നത്തിന്റെ പ്രധാന ആകർഷണം. മലയാള സിനിമയിൽ ചിത്രം മുന്നോട്ട് വെക്കുന്ന വിഷയം ചർച്ച ചെയ്ത സിനിമകൾ കുറവാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ കൂടിയായ നിസാം റാവുത്തറിന്റെ വിഷയത്തിലുള്ള അറിവ് ചിത്രത്തിൽ പ്രകടമാണ്. എൻഎസ്‌വിയെക്കുറിച്ചുള്ള ( നോ-സ്കാൽപൽ വാസക്ടമി ) രസകരമായ നിരവധി വസ്തുതകൾ സിനിമ എടുത്തുകാണിക്കുണ്ട്.

പ്രദീപ് എന്ന കഥാപാത്രം സുബീഷ് സുധി വളരെ തന്മയത്തത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു. മിന്നൽ മുരളിയിലെ ഉഷ എന്ന ശക്തമായ കഥാപാത്രത്തിന് ശേഷം ശ്യാമയായി വേഷമിട്ട ഷെല്ലി എൻ കുമാർ മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. സാമൂഹിക പ്രവർത്തകനായെത്തുന്ന സംവിധായകൻ ലാൽ ജോസും നല്ല പ്രകടനം പുറത്തെടുത്തിട്ടുണ്ട്. പ്രദീപിൻ്റെ സുഹൃത്തിന്റെ വേഷത്തിലെത്തുന്ന വിനീത് വാസുദേവനും, ഗൗരി ജി കിഷൻ അവതരിപ്പിച്ച ആശാ വർക്കർ ദിവ്യ എന്ന കഥാപാത്രത്തോട് ഇരുവരും നീതി പുലർത്തിയിരിക്കുന്നു. ഗോകുലൻ അവതരിപ്പിക്കുന്ന വെളിച്ചപ്പാടിന്റെ കഥാപാത്രവും ജാഫർ ഇടുക്കി അവതരിപ്പിച്ച പാർട്ടി നേതാവിന്റെ കഥാപാത്രവും ശ്രദ്ധേയമാണ്. മറ്റൊരു ശ്രദ്ധേയ കഥാപത്രമായ ഹെൽത്ത് ഇൻസ്പെക്ടർ ബാബുസേനൻ എന്ന നെഗറ്റീവ് വേഷം അജു വർഗീസിൻ്റെ കൈകളിൽ ഭദ്രമാണ്.

കണ്ണൂർ കായലിന്റെ ദൃശ്യഭംഗിയോടൊപ്പം നാടോടി കഥയുടെ ചേലുള്ള പാട്ടുകൾ കൂടി ചേരുമ്പോൾ ചിത്രത്തിൽ ചിത്രത്തിലെ ഓരോരുത്തരും പ്രേക്ഷകന്റെ മനസ്സിൽ പതിയുന്നു. നവാഗതനായ സംവിധായകൻ ടി.വി.രഞ്ജിത്ത് പ്രേക്ഷകർക്ക് നൽകിയ ഗുണനിലവാരമുള്ള ഒരു ഉൽപ്പന്നം തന്നെയാണ് ‘ഒരു സർക്കാർ ഉത്പന്നം’.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍