Continue reading “ലോക്‌സഭ മണ്ഡല പുനക്രമീകരണം; കേരളത്തിന് നഷ്ടം എട്ട് സീറ്റുകള്‍, ദക്ഷിണേന്ത്യയുടെ പാര്‍ലമെന്റ് പ്രാതിനിധ്യം കുറയും, ഉത്തരേന്ത്യയില്‍ കൂടും, ഗുണം ബിജെപിക്ക്”

" /> Continue reading “ലോക്‌സഭ മണ്ഡല പുനക്രമീകരണം; കേരളത്തിന് നഷ്ടം എട്ട് സീറ്റുകള്‍, ദക്ഷിണേന്ത്യയുടെ പാര്‍ലമെന്റ് പ്രാതിനിധ്യം കുറയും, ഉത്തരേന്ത്യയില്‍ കൂടും, ഗുണം ബിജെപിക്ക്”

">

UPDATES

ഇന്ത്യ

ലോക്‌സഭ മണ്ഡല പുനക്രമീകരണം; കേരളത്തിന് നഷ്ടം എട്ട് സീറ്റുകള്‍, ദക്ഷിണേന്ത്യയുടെ പാര്‍ലമെന്റ് പ്രാതിനിധ്യം കുറയും, ഉത്തരേന്ത്യയില്‍ കൂടും, ഗുണം ബിജെപിക്ക്

                       

പൊതുരംഗത്തേക്കും, നിയമനിര്‍മാണ സഭകളിലേക്കും കൂടുതല്‍ സ്ത്രീകളുടെ കടന്നുവരവിനായി കാലങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ വിജയമെന്ന വിശേഷം നല്‍കിയായിരുന്നു പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്‍ എന്ന സവിശേഷതയില്‍ വനിത സംവരണ ബില്ല് ഭരണ-പ്രതിപക്ഷ പിന്തുണയോടെ ലോക്സഭയില്‍ അവതരിപ്പിച്ചത്. 2021-ലെ സെന്‍സസ് പൂര്‍ത്തിയാക്കി മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കിയശേഷമേ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള സംവരണം നടപ്പിലാകൂ. അതിന് 2029 വരെ കാത്തിരിക്കണം.

ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് അഭിനന്ദിക്കപ്പെട്ടെങ്കിലും, ബില്ലിലെ വ്യവസ്ഥകളില്‍ നിലനില്‍ക്കുന്ന ആശങ്കളും പലകോണുകളില്‍ നിന്നും ഉയര്‍ന്നു. ഇനിയും വ്യക്തത കൈവരാത്ത മണ്ഡല പുനര്‍ക്രമീകരണത്തെക്കുറിച്ചും, സംവരണത്തെക്കുറിച്ചുമാണു പ്രധാന ആശങ്ക(വനിത സംവരണ ബില്ല്; ഇനിയും പരിഹരിക്കപ്പെടാത്ത ആശങ്കകള്‍”).

ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് മണ്ഡല പുനര്‍ക്രമീകരണവുമായി ബന്ധപ്പെട്ട് പുതിയ ആശങ്കകള്‍ ഉരുത്തിരിഞ്ഞിരിക്കുകയാണ്.

കുടുംബാസൂത്രണ പരിപാടികളിലൂടെ ജനസംഖ്യ വിജയകരമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന ലോകസഭാസീറ്റുകളുടെ എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവായിരിക്കും. ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോക്സഭാ സീറ്റുകളുടെ ഡീലിമിറ്റേഷന്‍ അഥവാ മണ്ഡല പുനഃക്രമീകരണം നടപ്പാക്കുന്നതോടെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭ പ്രാതിനിധ്യത്തില്‍ വലിയ നഷ്ടം നേരിടേണ്ടി വരിക.

ജനസംഖ്യ ക്രമത്തില്‍ മണ്ഡലങ്ങള്‍ പുനര്‍ നിശ്ചയിച്ചാല്‍ ബി ജെ പിയോട് അകലം പാലിച്ചു നില്‍ക്കുന്ന തെക്കേ ഇന്ത്യയില്‍ നിന്ന് ലോക്‌സഭ മണ്ഡലങ്ങള്‍ ഗണ്യമായി കുറയുകയും, ബി ജെപിയെ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ പ്രപ്തരാക്കിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതായത് മണ്ഡല പുനഃക്രമീകരണം നടപ്പിലായില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ അധികം എം.പിമാര്‍ ഉത്തരേന്ത്യയില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തും.

ബുധനാഴ്ച ലോക്സഭ പാസാക്കിയ വനിത സംവരണ ബില്‍ ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് 33% സംവരണമാണ് നല്‍കുന്നത്. എന്നാല്‍, ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായാലേ ക്വാട്ട നിലവില്‍ വരികയുള്ളൂ. ഡീലിമിറ്റേഷന്‍ നടപ്പിലാക്കുന്നതിന്, കോവിഡ് -19 മഹാമാരി മൂലം 2021 മുതല്‍ അനിശ്ചിതമായി മാറ്റിവച്ച സെന്‍സസ് സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. 2026 ന് ശേഷം നടത്താനിരിക്കുന്ന ഡീലിമിറ്റേഷനുശേഷം സംസ്ഥാനങ്ങളിലുടനീളം ലോക്സഭാ സീറ്റുകള്‍ പുനര്‍ നിശ്ചയിച്ചാല്‍ തമിഴ്നാടിനും കേരളത്തിനും ഒന്നിച്ച് 16 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ഗവേഷണ പ്രബന്ധത്തില്‍ പറയുന്നുതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു പ്രകാരം ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് 32 സീറ്റുകളില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 24 സീറ്റുകള്‍ നഷ്ടമാകുമെന്നും പറയുന്നു.

ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നഷ്ടപ്പെടുക കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ്. എട്ടു സീറ്റുകള്‍ വീതമാണ് ഈ സംസ്ഥനങ്ങളില്‍ നിന്ന് നഷ്ടമാകുക. ഇതോടെ നിലവില്‍ കേരളത്തില്‍ നിന്നുള്ള 20 ലോകസഭാ സീറ്റുകള്‍ 12 ആയി ചുരുങ്ങും. വെസ്റ്റ് ബംഗാളില്‍ നിന്ന് നാലു സീറ്റുകളും ഒഡീഷയില്‍ നിന്ന് മൂന്നു സീറ്റുകളും കര്‍ണാടകയില്‍ നിന്ന് രണ്ടു സീറ്റുകളും കുറയും. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റ് വീതവും നഷ്ടപ്പെടും.

ഇതുവരെ ബി ജെ പി ഭരണത്തിലെത്താത്ത കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നഷ്ടമാകുന്നതെന്ന് ശ്രേദ്ധേയമാണ്. അതേസമയം ബി ജെപിക്ക് ശക്തമായ അടിത്തറയുള്ള ഉത്തര്‍ പ്രദേശില്‍ 11 ലോകസഭാ സീറ്റുകളുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. ബിഹാറില്‍ 10 സീറ്റുകളും, രാജസ്ഥാനില്‍ ആറു സീറ്റുകളും മധ്യപ്രദേശില്‍ നാലു സീറ്റുകളും വര്‍ദ്ധിക്കും.

Share on

മറ്റുവാര്‍ത്തകള്‍