നിരവധി വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേന്ദ്ര-സംസ്ഥാന നിയമനിര്‍മാണ സഭകളില്‍ വനിത സംവരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചു. പക്ഷേ, ബില്ല് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള നടപടി ക്രമങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സംവരണ സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതു പോലെയുള്ള കാര്യങ്ങളില്‍ ബില്ല് വിശദീകരണം നല്‍കുന്നില്ല. ബില്ലില്‍ ഇപ്പോഴുള്ള ന്യൂനതകള്‍ പരിഹരിക്കപ്പെടണം എന്നതാണ് പ്രധാന ആവശ്യം.
ഇന്ത്യന്‍ നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി 1990-കളുടെ പകുതി മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 2010 മാര്‍ച്ചില്‍ രാജ്യസഭ ഭരണഘടനയിലെ നൂറ്റിയെട്ടാം ഭേദഗതി ബില്ല് പാസാക്കിയെങ്കിലും, നിയമ നിര്‍മാണം ലോക്‌സഭ അംഗീകരിക്കാത്തതു മൂലം ബില്ല് പരാജയപ്പെടുകയാണുണ്ടായത്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ അന്തിമശ്രമഫലം എന്നോണം സെപ്തംബര്‍ 19 ന് ഭരണഘടനയിലെ നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി എന്ന നിലയില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ലോക്‌സഭയില്‍ വനിത സംവരണ ബില്‍ അവതരിപ്പിച്ചു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും വേഗത്തില്‍ പാസാക്കിയാലും, പ്രാബാല്യത്തില്‍ എത്താന്‍ കാലതാമസം നേരിടും.
13 വര്‍ഷം മുമ്പ് രാജ്യസഭ പാസാക്കിയ ബില്ലും, രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച വനിത സംവരണ ബില്ലും തമ്മിലുള്ള സമാനതകളും, വൈരുദ്ധ്യങ്ങളും എന്തൊക്കെയാണെന്നതും പരിശോധിക്കേണ്ടതുണ്ട്.
2023 ലെ ഭരണഘടനയിലെ നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി ബില്‍, അതായത് വനിത സംവരണ ബില്ല് അനുസരിച്ച്, ഹൗസ് ഓഫ് പീപ്പിള്‍സിലേക്കുള്ള (ലോക്‌സഭ)തെരഞ്ഞെടുപ്പില്‍ നികത്തേണ്ട മൊത്തം സീറ്റുകളുടെ എണ്ണത്തില്‍ സ്ത്രീകള്‍ക്കായി ഏകദേശം മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യപ്പെടും. ബില്ലിലെ ഈ വ്യവസ്ഥകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ അസംബ്ലിക്കും ബാധകമാണ്.
മുന്‍ ബില്ലിന് സമാനമായി 2023 ലെ ബില്ലിലും 330(എ), 332(എ) എന്നീ പുതിയ ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പുതിയ വ്യവസ്ഥകള്‍ ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും കാതലായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും. 2023-ലെ ബില്ല് അവതരിപ്പിച്ചതിനുശേഷം വരുന്ന ആദ്യത്തെ സെന്‍സസ് പ്രകാരമുള്ള മണ്ഡല പുനര്‍നിര്‍ണയം നടന്നതിനുശേഷമായിരിക്കും സംവരണപ്രകാരമുള്ള സീറ്റുകള്‍ നിശ്ചയിക്കുക. ‘നിയമനിര്‍മാണ സമിതിയുള്ള ഒരു രാജ്യത്തിലെ (സംസ്ഥാന അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശം) പ്രാദേശിക നിയോജക മണ്ഡലങ്ങളുടെ പരിധികള്‍ നിശ്ചയിക്കുന്ന പ്രക്രിയയാണു മണ്ഡല പുനര്‍നിര്‍ണയം അഥവ ഡീലിമിറ്റേഷന്‍. വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണത്തിലും ഓരോ സംസ്ഥാനത്തിനും വേണ്ടിയുള്ള നിയമസഭാ സീറ്റുകളുടെ എണ്ണത്തിലും മാറ്റം വരുത്താന്‍ ഈ പ്രക്രിയ കാരണമാകും.
2010-ലെ ബില്ലില്‍ എന്നപോലെ, നിലവിലെ ബില്ലിലും സംവരണ കാലാവധി, സംവരണം ആരംഭിച്ച തീയതി മുതല്‍ 15 വര്‍ഷത്തേക്ക് ആയിരിക്കണമെന്നു നിര്‍ദേശിക്കുന്നുണ്ട്. ഡീലിമിറ്റേഷന്‍ പ്രക്രിയ വഴി വനിത സംവരണം നടപ്പിലാക്കുമെന്നുള്ള വ്യവസ്ഥയാണ് ഇപ്പോഴത്തെ ബില്ലും മുന്‍പ് ഉള്ളതും തമ്മിലുള്ള പ്രധാന വ്യത്യാസം.
42-ാം ഭേദഗതി മണ്ഡല പുനര്‍ക്രമീകരണ പ്രക്രിയ 2000-ന് ശേഷമുള്ള ആദ്യ സെന്‍സ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുവരെ മരവിപ്പിച്ചിരിക്കുകയാണ്. 2001-ല്‍ ഇത് 25 വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഇപ്പോള്‍, 2026 ന് ശേഷമുള്ള ആദ്യ സെന്‍സസ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ശേഷമായിരിക്കും ഡീലിമിറ്റേഷന്‍ നടക്കുക എന്നാണ് വിവരം. സാധാരണഗതിയില്‍, 2031 ലെ സെന്‍സസ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ ഡീലിമിറ്റേഷന്‍ സാധ്യമാകു. എന്നാല്‍ കോവിഡ് -19 മഹാമാരി മൂലം 2021 ലെ സെന്‍സസ് വൈകിയിരുന്നു. അതുകൊണ്ട് തന്നെ ഈ സമയക്രമത്തിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം. നിലവിലെ സ്ഥിതിഗതികള്‍ അനുസരിച്ച്, 2021-ലെ സെന്‍സസിന്റെ ആദ്യഘട്ടം 2025 ലാണ് നടക്കുക. 2024-ല്‍ ഹൗസ് ലിസ്റ്റിംഗ് നടന്നതിനുശേഷം, മാത്രമേ 2025-ലെ സെന്‍സസ് സാധ്യമാകു. സെന്‍സസിനു ശേഷമുള്ള നമ്പറുകളുടെ പ്രസിദ്ധീകരണത്തിന് രണ്ടു വര്‍ഷത്തെ കാലതാമസമെങ്കിലും നേരിട്ടേക്കും. ഇപ്രകാരം 2021 ലെ സെന്‍സസ് ഫലം 2026ന് ശേഷം പ്രസിദ്ധീകരിക്കുകയാണെങ്കില്‍, ഇത് നിയോജകമണ്ഡലങ്ങളുടെ പുനര്‍ക്രമീകരണത്തിന് ഇടയാകും.
സംവരണ സീറ്റുകള്‍ എങ്ങനെ തിരിച്ചറിയും?
പാര്‍ലമെന്റിലെയും സംസ്ഥാന അസംബ്ലികളിലെയും മൂന്നിലൊന്ന് സീറ്റുകളും സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്ന് ബില്ലില്‍ പറയുന്നുണ്ട്. എന്നിരുന്നാലും, ഈ സീറ്റുകള്‍ എങ്ങനെ തിരിച്ചറിയുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതി ബില്ല് നടപ്പിലാക്കുന്നതിന് ഒരു നിയമം ഉണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. അതിനാല്‍, സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രത്യേക നിയമത്തിലൂടെ സീറ്റ് നിര്‍ണയം പരിഹരിക്കപ്പെടും. 2010 ല്‍ യുപിഎ ഭരണഘടന ഭേദഗതി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴും, അതിന്റെ ഭേദഗതി ബില്ലിലും സ്ത്രീകള്‍ക്ക് ഏതൊക്കെ സീറ്റുകള്‍ നീക്കിവെക്കുമെന്ന് തിരിച്ചറിയാനുള്ള രീതി വ്യക്തമാക്കിയിരുന്നില്ല.
എന്നിരുന്നാലും, തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ കൂടുതല്‍ തവണ സീറ്റ് സംവരണം ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാനും നറുക്കെടുപ്പിലൂടെ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത മണ്ഡലങ്ങള്‍ ലഭിക്കുമെന്നും അന്നത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ബില്ലും സംവരണ സീറ്റുകളുടെ റോട്ടഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ബില്ലിന്മേലുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ ആരംഭിക്കുമ്പോള്‍ മാത്രമേ 33% സീറ്റുകള്‍ എങ്ങനെ തിരിച്ചറിയാനാവും എന്നതില്‍ വ്യക്തത കൈവരികയുള്ളു.
എസ് സി/ എസ് ടി സീറ്റുകള്‍ എങ്ങനെ തീരുമാനിക്കും?
2002 ലെ ഡീലിമിറ്റേഷന്‍ ആക്റ്റ്, സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ സംവരണം ചെയ്യേണ്ട പാര്‍ലമെന്റ്, അസംബ്ലി മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കേണ്ട ചുമതല ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ നിക്ഷിപ്തമാണ്. സെക്ഷന്‍ 9(1) (സി) പ്രകാരം ഒരു മണ്ഡലത്തിലെ മൊത്തം ജനസംഖ്യയുടെ അനുപാതത്തില്‍ സംവരണ വിഭാഗക്കാര്‍ താരതമ്യേന കൂടുതലുണ്ടെങ്കില്‍, ആ മണ്ഡലമാണ് സംവരണ മണ്ഡലമാക്കുന്നത്. ജനസംഖ്യയില്‍ സംവരണ വിഭാഗത്തിലെ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമായിരിക്കണമെന്നതെന്നാണ് വിവക്ഷ. മണ്ഡല പുനര്‍ക്രമീകരണത്തിനായി സംവരണം നടപ്പിലാക്കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 82, 170 (3) എന്നിവ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഓരോ സെന്‍സസിന് ശേഷവും ലോക്സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും നിയോജക മണ്ഡലങ്ങള്‍ (എണ്ണവും അതിരുകളും) പുനഃക്രമീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ആര്‍ട്ടിക്കിള്‍ 82 നിര്‍ദേശിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 170(3) ലെജിസ്ലേറ്റീവ് അസംബ്ലികളുടെ ഘടനയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ബില്ലില്‍ നിര്‍ദേശിക്കുന്ന പ്രകാരം പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും നഗര തദ്ദേശ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കുള്ള സംവരണം എങ്ങനെയാണ് നടപ്പിലാക്കുക എന്നതും പ്രധാന ചോദ്യമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 (ഡി), പഞ്ചായത്തുകളില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് സീറ്റ് സംവരണം നല്‍കുന്നതിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. പിന്നാക്ക വിഭാഗത്തിലുള്ള പൗരന്മാര്‍ക്ക് അനുകൂലമായി ഏതെങ്കിലും പഞ്ചായത്തിലോ പഞ്ചായത്തുകളിലെ ചെയര്‍പേഴ്സണ്‍മാരുടെ ഓഫീസുകളിലോ സീറ്റുകള്‍ സംവരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിന് നിയമ തടസം ഇല്ലെന്നും ആര്‍ട്ടിക്കളില്‍ വിശദമാക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 243 ഡിയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കണം.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2021 സെപ്റ്റംബര്‍ എട്ടിന് ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, അസം, മഹാരാഷ്ട്ര, തമിഴ്നാട്, ഒഡീഷ, കേരളം, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, മണിപ്പൂര്‍, തെലങ്കാന, സിക്കിം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ 18 സംസ്ഥാനങ്ങളിലെ പഞ്ചായത്തി രാജ് സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം വനിത പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.