UPDATES

പ്രമീള ദന്തവതെ; വനിത സംവരണ ബില്ലില്‍ ആദ്യം ഓര്‍ക്കേണ്ട പേര്

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം തവണ അവതരിപ്പിക്കുകയും വലിച്ചുകീറിയെറിയപ്പെടുകയും ചെയ്ത മറ്റൊരു ബില്ലും ഉണ്ടാകില്ല

                       

നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷ സജീവമാകുമ്പോള്‍, ഈയൊരു അവകാശത്തിനായി വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇറങ്ങി തിരിച്ച ഒരു വനിതയെ ഓര്‍ക്കേണ്ടത് അനിവാര്യം. മുന്‍ പാര്‍ലമെന്റ് അംഗവും ജനതാദള്‍ (സെക്കുലര്‍) ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രമീള ദന്തവതെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സോഷ്യലിസത്തിനും വേണ്ടി നല്‍കിയ സംഭാവനകളിടെ പേരില്‍ ഇന്നും ഓര്‍മിക്കപ്പെടുന്നു. പാര്‍ലമെന്റിലും നിയമ നിര്‍മാണ സഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന പ്രമീളയുടെ പോരാട്ടം നിരവധി മുന്‍നിര രാഷ്ട്രീയ പ്രതിനിധികളുടെ അപ്രീതിക്ക് കാരണമായിരുന്നുവെങ്കിലും സ്വാതന്ത്ര്യം കിട്ടി എട്ടു പതിറ്റാണ്ടിലേക്ക് എത്താന്‍ പോകുന്ന കാലത്തെങ്കിലും നടപ്പാകുന്നുവെന്നത് ആ സ്ത്രീയുടെ കൂടി വിജയമാണ്.

മഹാരാഷ്ട്രയില്‍ നിന്നുള്ള എം പിയായിരുന്ന പ്രമീള ദന്തവതെയാണ് വനിത സംവരണ ബില്‍ ഒരു സ്വകാര്യ ബില്ലായി ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ശക്തയായ ഒരു ഫെമിനിസ്റ്റും തികഞ്ഞൊരു സോഷ്യലിസ്റ്റും ആയിരുന്നു പ്രമീള. മാര്‍ഗരറ്റ് ആല്‍വ, ഗീതാ മുഖര്‍ജി, സുശീല ഗോപാലന്‍, പ്രമീള ദണ്ഡവതെ തുടങ്ങി നിരവധി പ്രമുഖ വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു, അവര്‍ രാജ്യത്തുടനീളം ബില്ലിനെക്കുറിച്ച് അഭിപ്രായം തേടുകയും കരട് തയ്യാറാക്കുകയും ചെയ്തു. അതിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഡോ. രഞ്ജന കുമാരിയെപ്പോലുള്ളവര്‍ സഹായിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം തവണ അവതരിപ്പിക്കുകയും വലിച്ചുകീറിയെറിയപ്പെടുകയും ചെയ്ത മറ്റൊരു ബില്ലും ഉണ്ടാകില്ല. ബില്ലിന്റെ പേരില്‍ പാര്‍ലമെന്റില്‍ സംഘര്‍ഷമുണ്ടായി. പ്രമീള ഉള്‍പ്പെടെ ബില്ല് അവതരിപ്പിച്ചവരും പിന്തുണച്ചവരും 24 മണിക്കൂര്‍ പണിമുടക്ക് നടത്തി, രാഷ്ട്രപതി ഭവന് പുറത്ത് റോഡ് ഉപരോധിച്ചു. നിരാഹാര സമരങ്ങള്‍ നടത്തി. കറുത്ത സാരി ധരിച്ച് സ്ത്രീകള്‍ പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗാലറിയില്‍ പ്രതിഷേധിച്ചു. ഇങ്ങനെയെല്ലാം 23 വര്‍ഷത്തോളം പ്രമീളയുള്‍പ്പെടെയുള്ള വനിതകള്‍ നിരന്തരം നടത്തിയ പോരാട്ടത്തിനൊടുവില്‍ 2010-ലാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.

കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന സുശീല ഗോപാലന്‍, ഗീതാ മുഖര്‍ജി എന്നിവരോടൊപ്പം സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതില്‍ പ്രമീള ദണ്ഡവതെ വഹിച്ച പങ്ക് വളരെ വലുതാണ്. 1970-കളില്‍ മൃണാള്‍ ഗോര്‍ (സോഷ്യലിസ്റ്റ്) അഹല്യ രംഗനേകര്‍ (സിപിഎം), താരാ റെഡ്ഡി (സിപിഐ) എന്നിവരോടൊപ്പം വിലക്കയറ്റത്തിനെതിരായ പോരാട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുണ്ട്.

ഒരിക്കല്‍ ഇന്ദിരാഗാന്ധി സംസാരിച്ചുകൊണ്ടിരുന്ന സമ്മേളനത്തിനിടയില്‍ ‘ആളുകളക്ക് റേഷന്‍ ആണ് വേണ്ടത്, ഭാഷണ്‍ അല്ല’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു സമ്മേളനം തടസപ്പെടുത്തുകയും ചെയ്ത ധീരയായിരുന്നു പ്രമീള. 1970-ല്‍ ദണ്ഡവതെ സമാജ്വാദി മഹിള സഭയുടെ പ്രസിഡന്റായിരിക്കെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഒരു പൊരുതി തുടങ്ങുമ്പോള്‍ ഇന്ത്യയിലെ സ്ത്രീ വിമോചന പ്രസ്ഥാനം അതിന്റെ ശൈവദശയിലായിരുന്നു.

1928 ഓഗസ്റ്റ് 27 ന് ജനാര്‍ദന്റെയും ലക്ഷ്മിഭായി കരന്ദേയുടെയും മകളായി കൊങ്കണിലെ മാല്‍വന്‍ താലൂക്കിലെ ആചാരയിലാണ് പ്രമീള ജനിച്ചത്. ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠനം പൂര്‍ത്തിയാക്കി. പഠന കാലഘട്ടത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ എതിരാളി പ്രസ്ഥാനമായ രാഷ്ട്ര സേവാദളില്‍ അംഗമായിരുന്നു. ഗായികയായും, നര്‍ത്തകിയായും തിളങ്ങി നിന്നിരുന്ന പ്രമീള, ദളിന്റെ സാംസ്‌കാരിക വിഭാഗമായ കല പതക്കിലെ സജീവ സാന്നിധ്യമായിരുന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനാം വഴിയാണ് പ്രമീള തന്റെ ജീവിത പങ്കാളിയായ മധു ദന്തവതെയുമായി പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഗോവയുടെ വിമോചനം, അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിലും ഇരുവരും വഹിച്ച പങ്ക് വലുതാണ്. 1975 ജൂണ്‍ 26-ന്, മധു ദന്തവതെയെ സര്‍ക്കാര്‍ അറസ്റ്റുചെയ്തു. പ്രമീളയെ ജൂലൈ 17-നും തുറുങ്കിലടച്ചു. ഇരുവരും അടിയന്തരാവസ്ഥ കാലയളവില്‍ പരസ്പരമയച്ച കത്തുകള്‍ വളരെ പ്രസിദ്ധമാണ്. ജനത പാര്‍ട്ടി മന്ത്രിസഭയില്‍ റെയില്‍/ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയായിരുന്നു മധു ദന്തവതെ.

ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനായുള്ള ‘ഭൂമി കൈയേറ്റ’ പ്രസ്ഥാനത്തിലും പ്രമീള വളരെ സജീവമായിരുന്നു. 1968-ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രമീള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് ശിവസേനയുമായി സഖ്യമുണ്ടാക്കി, 1980-ല്‍ മുംബൈ സൗത്ത് സെന്‍ട്രലില്‍ നിന്ന് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പ്രമീള  തന്റെ ജീവിതാവസാനം വരെയും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

ജീവിതാവസാനം വരെയും സമൂഹത്തിലെ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരെയും ഒപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അഹോരാത്രം പോരാട്ടം നടത്തിയ വ്യക്തിയാണ് പ്രമീള . സ്ത്രീകളുടെ പ്രശ്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സംഘടനയായ മഹിള ദക്ഷയതാ സമിതിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്ത്രീധന കൊലപാതകങ്ങള്‍ക്കും നവവധുവിനെ ചുട്ടുകൊല്ലുന്നതിനും എതിരെ പ്രമീള പ്രചാരണം നടത്തി. 1975-76 ലെ അടിയന്തരാവസ്ഥ കാലത്ത് അവര്‍ യെരവാഡയില്‍ ജയിലില്‍ കിടന്നു. ജമീല വര്‍ഗീസ്, രഞ്ജന കുമാരി എന്നിവരോടൊപ്പം, ഇന്ത്യയിലെ വിധവകളും നിരാലംബരായ സ്ത്രീകളും (Widows, abandoned and destitute women in India ,1989) എന്ന പുസ്തകത്തിന്റെ സഹ എഴുത്തുകാരിയാണ്. പിന്നീട് ഡല്‍ഹിയിലേക്ക് താമസം മാറിയപ്പോള്‍ ഡല്‍ഹിയിലും മഹിളാ ദക്ഷയതാ സമിതി സ്ഥാപിച്ചു. 2001 ഡിസംബര്‍ 31 -ന് പ്രമീള ദന്തവതെ
ലോകത്തോട് വിട പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍