UPDATES

ആഫ്രിക്കൻ വ്യവസായി ആന്റണി ഫെർണാണ്ടസ് രവി പൂജാരിയായ കഥ

പൂജാരിയെ എങ്ങനെയാണ് കണ്ടെത്തിയത്?

                       

ബുർക്കിന ഫാസോ, സെനഗൽ തുടങ്ങിയ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യവസായത്തിൽ അതീവ തൽപ്പരനായൊരു പ്രശസ്ത വ്യക്തിയുണ്ടായിരുന്നു. ‘ആന്റണി ഫെർണാണ്ടസ്’. gangster Ravi Pujari

പശ്ചിമാഫ്രിക്കയിലെ ഒരു ഇന്ത്യൻ ഹോട്ടൽ ശൃംഖലയുടെ പങ്കാളിയും ക്രിക്കറ്റ് ഗെയിമുകൾക്ക് ധനസഹായം നൽകുന്ന കായിക പ്രേമികൂടിയായിരുന്നു ഫെർണാണ്ടസ്. കുടുംബത്തോടൊപ്പം താമസിച്ചു പോന്നിരുന്ന ഫെർണാണ്ടസ് പ്രാദേശിക കമ്മ്യൂണിറ്റികളിലെ അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയായിരുന്നു. എന്നാൽ 2019 ജനുവരിയിൽ സെനഗലിലെ ഡാക്കറിലെ ഒരു ബാർബർ ഷോപ്പിൽ നിന്ന് ലോക്കൽ പോലീസ് ഈ വ്യവസായിയെ അറസ്റ്റ് ചെയ്തു. കുറ്റം 25 വർഷത്തോളം നീണ്ടു നിന്ന ആൾമാറാട്ടം ഉൾപ്പെടെ പല കേസുകൾ. ആരായിരുന്നു ഇയാൾ എന്നല്ലേ? ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ തുടങ്ങിയവരുമായി ബന്ധമുണ്ടായിരുന്ന നിരവധി കൊലകേസുകളിൽ പ്രതിയായിരുന്ന കുപ്രശസ്തനായ കുറ്റവാളി രവി പൂജാരി.

മുംബൈ അധോലോകവുമായി ബന്ധമുണ്ടായിരുന്ന പൂജാരി 1994-ലാണ് നാടുകടക്കുന്നത്. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യവസായം നടത്തുന്ന ആൻ്റണി ഫെർണാണ്ടസ് എന്ന പേരിൽ താമസിച്ചു വരികയായിരുന്നു രവി പൂജാരി. 2015 മുതൽ 2018 വരെ കർണാടകയിലെ നിരവധി രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് കൊള്ളയടിക്കൽ തുടങ്ങിയതോടെയാണ് പൂജാരിയുടെ പതനം ആരംഭിച്ചത്. ഇതോടെ ” ഗോസ്റ്റ് ലൈക്ക് ഗാങ്സ്റ്റർ ” എന്ന ഗുണ്ടസംഘത്തെ കണ്ടെത്താൻ പോലിസ് തീവ്രശ്രമം ആരംഭിച്ചു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ), വോയ്‌സ് ഓവർ ഇൻറർനെറ്റ് പ്രോട്ടോക്കോൾ (വിഒഐപി) തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു പൂജാരി ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്.

എങ്ങുമെത്താത്ത പോലിസ് അന്വേഷണം

‘ദേശസ്‌നേഹിയായ ഗുണ്ട’ എന്ന് സ്വയം വിശേഷിപ്പിച്ച രവി പൂജാരിക്ക് 1993ലെ മുംബൈ സ്‌ഫോടനം നടത്തിയ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നു. സ്‌ഫോടനത്തിന് ശേഷം മതപരമായ ഭിന്നതകൾ മൂലം ഇരുവരും പിരിഞ്ഞതായി പറയുന്നു. പിന്നീട് മുംബൈയിൽ വളർന്നു വന്ന ഛോട്ടാ രാജന്റെ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.

കർണാടക പോലീസ് പൂജാരിയെ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ചോ ഇന്ത്യയിൽ ഇപ്പോഴും കൊള്ളയടിക്കുന്ന പദ്ധതിയെക്കുറിച്ചോ പശ്ചിമാഫ്രിക്കയിൽ കാര്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല.ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ തുടരുമ്പോഴും, പണത്തിനായി തൻ്റെ പഴയ ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യവസായികളെയും അഭിനേതാക്കളെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിടുന്നുണ്ടായിരുന്നു.

1994-ൽ മുംബൈയിലെ കൊലപാതക കേസിൽ ജാമ്യം നേടി രക്ഷപെട്ടതിനു ശേഷം പൂജാരി നേപ്പാൾ, ബാങ്കോക്ക്, ഓസ്‌ട്രേലിയ, ഉഗാണ്ട, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക്i കടന്നതായി സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ 2018- വരെ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്നില്ല. ഗുണ്ടാസംഘം പണം തട്ടിയ കോളുകൾക്ക് പിന്നാലെ പോയ പോലീസിന് പൂജാരിയെ ട്രാക്കുചെയ്യാൻ കഴിഞ്ഞിരുന്നില്ല. കോൾ റെക്കോർഡുകൾകൾ പസഫിക് മേഖല, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളായിരുന്നു കാണിച്ചിരുന്നത്. പൂജാരിയുമായി ബന്ധമുണ്ടായിരുന്ന ചില പോലീസ് യൂണിറ്റുകളും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

പൂജാരിയെ എങ്ങനെയാണ് കണ്ടെത്തിയത്? 

പല പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലും സ്ഥിതി ചെയ്യുന്ന ‘മഹാരാജ’ എന്ന റസ്റ്റോറൻ്റ് ശൃംഖലയിലെ നിക്ഷേപകനാണ് പൂജാരിയെന്ന സൂചനയാണ് പശ്ചിമാഫ്രിക്കയിലെ ഗുണ്ടാസംഘത്തിൻ്റെ പാതയിൽ പോലീസിനെ എത്തിച്ചത്. ബുർകിനാ ഫാസോയിൽ ആൻ്റണി ഫെർണാണ്ടസിൻ്റെ പേരിലാണ് പൂജാരി താമസിച്ചിരുന്നതെന്നും അദ്ദേഹം സെനഗലിലേക്ക് മാറിയിരിക്കാമെന്നും പോലീസ് കണ്ടെത്തി. സെനഗലിൽ പൂജാരിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട സെനഗലിലെ ഇന്ത്യൻ വിദേശ ഉദ്യോഗസ്ഥർ രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ളവരുടെ ഔദ്യോദിക സഹായം തേടി.

2018 ഡിസംബർ ആദ്യം ഒരു പ്രാദേശിക ക്രിക്കറ്റ് ഇവൻ്റിന്റെ പരസ്യത്തിൽ ആൻ്റണി ഫെർണാണ്ടസിൻ്റെ ചിത്രമുള്ള ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിൽ നിന്നാണ് പൂജാരിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ സുപ്രധാന തുടക്കം.

ഇതേത്തുടർന്ന് സെനഗലിലെ ഇന്ത്യൻ അധികൃതരെ പ്രാദേശിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുകയും ഫെർണാണ്ടസ് എന്ന പൂജാരിയെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഗുണ്ടാസംഘത്തെ പിടികൂടുന്നതിനും കൈമാറുന്നതിനും ആവശ്യമായ രേഖകൾ നിർമ്മിക്കാൻ കർണാടക പോലീസിനും മുന്നറിയിപ്പ് നൽകി.

2019 ജനുവരി 19 ന്, ഡാക്കറിലെ ഒരു പ്രാദേശിക ബാർബർ ഷോപ്പിലെത്തിയ പൂജാരിയെ പോലിസ് പിടികൂടി. ഒരു വർഷത്തിനുശേഷം, 2020 ഫെബ്രുവരി 22 ന്, ഇയാളെ ഇന്ത്യൻ അധികാരികൾക്ക് കൈമാറി. 2018 ജൂലൈയിൽ പൂജാരിയെ കണ്ടെത്താനുള്ള ചുമതല ലഭിച്ച അന്നത്തെ അഡീഷണൽ ജനറൽ ഓഫ് പോലീസ് (എഡിജിപി) (ഇൻ്റലിജൻസ്) അമർ കുമാർ പാണ്ഡെയുടെ നേതൃത്വത്തിലുള്ള കർണാടക പോലീസ് സംഘം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു.

രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട പൂജാരി 2015-2018 കാലഘട്ടത്തിൽ കർണാടകയിലെ 10 രാഷ്ട്രീയക്കാരെയാണ് രവി പൂജാരി ലക്ഷ്യം വെച്ചത്. 2022ൽ പോലീസ് ഡയറക്ടർ ജനറലായി വിരമിച്ച അന്നത്തെ എഡിജിപി പാണ്ഡെയെ പൂജാരിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ചുമതല അന്നത്തെ കർണാടക പോലീസ് മേധാവി നീലമണി രാജു ഏൽപ്പിക്കുന്നത് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.

2017 ഓഗസ്റ്റിൽ എംപി സുരേഷിനെ പൂജാരി ലക്ഷ്യമിട്ടിരുന്നതായി പറയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഗുജറാത്തിൽ നിന്നുള്ള 44 എംഎൽഎമാരെ എംപി സുരേഷും നിലവിലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും സംരക്ഷിച്ചതിന് പിന്നാലെയാണിത്.

2018 ആയപ്പോഴേക്കും, കർണാടകയിൽ മാത്രം, കൊള്ളയടിക്കൽ കൊലപാതകങ്ങൾ ഉൾപ്പെടെ 96 കേസുകളിൽ പൂജാരിപിടികിട്ടാപ്പുള്ളിയായിരുന്നു. മഹാരാഷ്ട്ര , ഗുജറാത്ത്, കേരളം, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഡസൻ കണക്കിന് കൊലപാതകം, കൊള്ളയടിക്കൽ, ബ്ലാക്ക് മെയിൽ കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവിൽ, 2001 ജനുവരി 5-ന് നഗരഹൃദയത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായി സുബ്ബരാജുവിന് നേരെ നടന്ന വെടിവെപ്പിലും ഇയാൾ പ്രതി ചേർക്കപ്പെട്ടു. (2022-ൽ ഈ കേസിൽ കുറ്റവിമുക്തനായി) കൂടാതെ 2007 ഫെബ്രുവരി 15-ന് പൂജാരിയുടെ കൊള്ളയടിക്കാനുള്ള ശ്രമത്തെ ഉടമ എതിർത്ത റിയൽറ്റി സ്ഥാപനമായ ഷബ്നം ഡെവലപ്പേഴ്‌സിൻ്റെ ഓഫീസിലെ രണ്ട് തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു. (ഈ കേസിൽ വിചാരണയിലാണ്).

സെനഗൽ അധികൃതർക്ക് അയച്ച വിരലടയാളത്തിലൂടെയാണ് പുതിയ പേര് സ്വീകരിച്ച പൂജാരിയുടെ ഐഡൻ്റിറ്റി കണ്ടെത്തിയത്. പൂജാരിയുടെ സഹായികൾ അറസ്റ്റിലായ കുറ്റപത്രങ്ങളുടെ ഫ്രഞ്ച് വിവർത്തനങ്ങളും ഉൾപ്പെട്ട രേഖകൾ 2019 മാർച്ചോടെ കൈ മാറി.സെനഗലുമായി ഇന്ത്യക്ക് ഉഭയകക്ഷി കൈമാറൽ ഉടമ്പടി ഇല്ലായിരുന്നു. 2000-ൽ അംഗീകരിച്ച ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ (UNCTOC) പ്രകാരമാണ് പൂജാരിയെ കൈമാറാൻ ഇന്ത്യൻ സർക്കാർ നീക്കം നടത്തിയത്.

മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം പൂജാരിക്കെതിരെ ഫയൽ ചെയ്ത കേസുകൾ യുഎൻസിടിഒസിക്ക് കീഴിലുള്ള ഇയാളെ കൈമാറാൻ സഹായിച്ചു, കൂടാതെ പൂജാരിക്കായി പുറപ്പെടുവിച്ച ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് സെനഗലിൽ അറസ്റ്റ് ചെയ്യാൻ സഹായിച്ചു. 64കാരനായ പൂജാരി ഇപ്പോൾ ജയിലിലാണ്.

English summary; How Mumbai gangster Ravi Pujari Was traced by Karnataka police

Share on

മറ്റുവാര്‍ത്തകള്‍