UPDATES

വിദേശം

‘മന്ത്രവാദ വേട്ട’ തുടരുകയാണെന്ന് ട്രംപ്; ‘ തന്ത്രശാലിയായ വ്യവസായി’ ഇത്തവണ രക്ഷപെടില്ലെന്ന്‌ വിമര്‍ശകര്‍

ഇതാദ്യമായല്ല ട്രംപിനെ നേരെ അഴിമതിയാരോപണങ്ങള്‍ ഉണ്ടാവുന്നത്

                       

ഡോണള്‍ഡ് ട്രംപിനുമേലുള്ള അഴിമതി ആരോപണങ്ങളുടെ കുരുക്ക് മുറുക്കാനെന്നപോലെ 100 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് ആരോപണമാണ് മാന്‍ഹട്ടന്‍ കോടതിയിലെ തിങ്കളഴ്ച്ചത്തെ വിചാരണയില്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍ കോടതിയുടെ ആരോപങ്ങള്‍ രാഷ്ട്രയ്യ പകപോക്കല്‍ മാത്രമാണെന്ന നിലപടില്‍ ഉറച്ചു നില്‍ക്കുകയാണ് മുന്‍ പ്രസിഡന്റ്. തനിക്കുണ്ടായിരുന്ന യഥാര്‍ത്ഥ ആസ്തിയെക്കാള്‍ 2.2 ബില്യണ്‍ ഡോളര്‍ കൂടുതല്‍ പണം പെരുപ്പിച്ചു കാണിച്ചു ട്രംപ് തട്ടിപ്പ് നടത്തിയതെന്നാണ് വിചാരണ കോടതി ഉന്നയിക്കുന്ന ആക്ഷേപം. 2011 മുതല്‍ 2021 വരെ തെറ്റിദ്ധരിപ്പിക്കുന്ന സാമ്പത്തിക പ്രസ്താവനകളാണ് ട്രംപ് നടത്തുന്നതെന്നു ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസും ആരോപിക്കുന്നു. തന്റെ ഓഫീസിന്റെ മൂന്ന് വര്‍ഷത്തെ അന്വേഷണത്തെ അടിസ്ഥാനമാക്കി, തട്ടിപ്പ് നടത്തിയതിന് ട്രംപിന് 250 മില്യണ്‍ ഡോളറെങ്കിലും പിഴയടയ്‌ക്കേണ്ടതുണ്ടെന്നാണ് ജെയിംസ് വാദിക്കുന്നത്.

തന്റെ ബിസിനസ് ജീവിതം ആരംഭിച്ച നഗരത്തിലെ ട്രംപ് ടവറിന് കുറച്ച് മൈലുകള്‍ തെക്കുള്ള ന്യൂയോര്‍ക്ക് കോടതിയില്‍ തന്നെയാണ് ബിസിനസില്‍ നടത്തിയ തിരിമറിയുടെ വിചാരണക്കായി അമേരിക്കയെ അഞ്ചു കൊല്ലം ഭരിച്ച ട്രംപ് എത്തിയത്. ട്രംപിന്റെ വരവ് പ്രതീക്ഷിച്ച് നിരവധി ടിവി ക്യാമറകളും റിപ്പോര്‍ട്ടര്‍മാരും കോടതിക്ക് പുറത്ത് കാത്തുനിന്നിരുന്നു. ഇത് തനിക്കു നേരെ നടക്കുന്ന ‘മന്ത്രവാദ വേട്ട’യുടെ തുടര്‍ച്ചയാണെന്നും, തന്റെ മേലാരോപിക്കപ്പെടുന്ന അഴിമതി കെട്ടിച്ചമച്ചതാണെന്നും, മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടത്തുന്ന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിനെയും ജഡ്ജിയെയും വംശീയമായും ലിംഗപരമായും ആക്ഷേപിക്കുകയും ചെയ്തു. കറുത്തവന്‍, വംശീയവാദി എന്നൊക്കെയായിരുന്നു പരാമര്‍ശം. ഭീകരപരിപാടിയാണേ് നടക്കുന്നതെന്നും, ഒരു തെമ്മാടി ജഡ്ജിയാണ് കേസ് നോക്കുന്നതെന്നുമൊക്കെ അധിക്ഷേപിക്കുന്നുണ്ടായിരുന്നു. ‘നിങ്ങള്‍ എത്ര ശക്തനാണെങ്കിലും, എത്ര പണമുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും, ആരും നിയമത്തിന് അതീതരല്ല’ എന്നായിരുന്നു കോടതിക്ക് പുറത്ത് ലെറ്റീഷ്യ ജെയിംസ് ട്രംപിന് മറുപടി നല്‍കിയത്. മൂന്ന് വര്‍ഷത്തെ അന്വേഷണത്തില്‍, ട്രംപ് തന്റെ 23 വ്യത്യസ്ത സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും മൂല്യം ദശലക്ഷക്കണക്കിന് ഡോളറായി പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ജെയിംസ് പറയുന്നത്. തനിക്കനുകൂലമായി വായ്പ്പകള്‍ നേടിയെടുക്കുന്നതിനാണ് ആസ്തി ഇരട്ടിപ്പിച്ചു കാണിച്ചു തെറ്റായ സാമ്പത്തിക പ്രസ്തവനകള്‍ ട്രംപ് നടത്തിയതെന്നാണ് ലെറ്റീഷ്യ ജയിംസ് വാദിക്കുന്നത്. മിയാമിയിലെ ട്രംപ് ഗോള്‍ഫ് ക്ലബ്, ചിക്കാഗോയിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ആന്‍ഡ് ടവര്‍, വാഷിംഗ്ടണ്‍ ഡിസിയിലെ ഓള്‍ഡ് പോസ്റ്റ് ഓഫീസ് കെട്ടിടം തുടങ്ങിയ വസ്തുക്കള്‍ വാങ്ങാന്‍ ട്രംപ് ആ വഞ്ചനാപരമായ പ്രസ്താവനകള്‍ ഉപയോഗിച്ചു വായ്പ വാങ്ങിയെടുത്തുവെന്നും ജെയിംസിന്റെ ഓഫീസ് വാദിക്കുന്നു. ഇത്രയും കാലങ്ങള്‍ കൊണ്ട് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കാണിച്ചു ട്രംപ് നേടിയ തുകയില്‍ നിന്ന് 250 മില്യണ്‍ ഡോളര്‍ ആണ് ലെറ്റീഷ്യ പിഴയായി ആവശ്യപെടുന്ന ഏറ്റവും കുറഞ്ഞ തുക.

ട്രംപിന്റെ കേസ് ബെഞ്ച് ട്രയല്‍ ആയാണ് നടക്കുന്നത്. അതായത് ജൂറി ഉണ്ടാകില്ല. കേസിന്റെ മേല്‍നോട്ടക്കാരനായ ന്യൂയോര്‍ക്ക് സുപ്രീം കോടതി ജസ്റ്റിസ് ആര്‍തര്‍ എന്‍ഗോറോണ്‍ മാത്രമായിരിക്കും കേസില്‍ തീരുമാനമെടുക്കുക. ഇതൊരു സിവില്‍ വിചാരണ ആയതിനാല്‍, ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജയിലിലേക്ക് അയക്കപ്പെടുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്യേണ്ടതില്ല എന്നാണ് ട്രംപിനെതിരായ സര്‍ക്കാരിന്റെ കേസ് വിശദീകരിച്ചുകൊണ്ട് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ കെവിന്‍ വാലസ് അറിയിച്ചത്. ട്രംപും മറ്റ് പ്രതികളും തങ്ങളുടെ സാമ്പത്തിക പ്രസ്താവനകള്‍ തെറ്റായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നിയമ ലംഘനം നടത്തിയെന്നാണ് വാലസും പറയുന്നത്. ഇതിനെ സംബന്ധിച്ചുള്ള കൃത്യമായ തെളിവുകള്‍ കൂടി ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ ട്രംപ് പടുത്തുയര്‍ത്തിയ ഡോളറുകള്‍ ലാഭമുള്ള വ്യവസായത്തില്‍ അന്യായമായ ലാഭമോ, ഇരകളോ ഇല്ലെന്ന് ട്രംപിന് വേണ്ടി ഹാജരായ ഡിഫന്‍സ് അറ്റോര്‍ണിമാരായ ക്രിസ്റ്റഫര്‍ കിസും അലീന ഹബ്ബയും വാദിച്ചു.

ഇതാദ്യമായല്ല ട്രംപിനെ നേരെ അഴിമതിയാരോപണങ്ങള്‍ ഉണ്ടാവുന്നത്. ട്രംപ് ടവര്‍ പണികഴിപ്പിച്ച തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വിസമ്മതിച്ചത് മുതല്‍, ട്രംപ് സര്‍വകലാശാല അടച്ചുപൂട്ടുന്നത് വരെയുള്ള അഴിമതികള്‍ സിറാക്കൂസ് സര്‍വകലാശാലയിലെ വിസിറ്റിംഗ് ലോ ലക്ചററായ ജോണ്‍സ്റ്റണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങളില്‍ നിന്ന് എളുപ്പം പുറത്തു കടക്കുന്ന തന്ത്രശാലിയായ വ്യവസായിയെന്ന ഖ്യാതിയുള്ള ട്രംപിനെ സംബന്ധിച്ച് ഇത്തവണ സാഹചര്യം അനുകൂലമല്ല. ട്രംപിന്റെ സാമ്രാജ്യത്തിനു മേല്‍ കരിനിഴല്‍ വീഴാന്‍ ഈ ആരോപണങ്ങള്‍ പര്യാപ്തമാണ്. വ്യാജ ബിസിനസ് രേഖകള്‍ കെട്ടിച്ചമക്കുന്നതും അത് ബിസിനസ് ഇടപാടുകളില്‍ ഉപയോഗിക്കുന്നതും ഉള്‍പ്പെടെ ട്രംപിന്റെ വഞ്ചനയ്ക്ക് എതിരെ അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് അധികാരം നല്‍കുന്ന നിയമം പ്രോസിക്യൂട്ടര്‍മാര്‍ അംഗീകരിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച രേഖകളില്‍ തട്ടിപ്പിന്റെ തെളിവുകള്‍ കണ്ടതായി ന്യൂയോര്‍ക്ക് സുപ്രീം കോടതി ജസ്റ്റിസ് ആര്‍തര്‍ എന്‍ഗോറോണ്‍ തന്റെ വിധിയില്‍ പറയുന്നുണ്ട്.

ട്രംപ് തന്റെ ആസ്തി 812 മില്യണ്‍ ഡോളറിനും 2.2 ബില്യണ്‍ ഡോളറിനും ഇടയില്‍ അധികമായെന്ന പ്രസ്താവന നടത്തിയതിന്റെ നിര്‍ണായക തെളിവുകള്‍ ജെയിംസ് സമര്‍പ്പിച്ചതായാണ് എന്‍ഗോറോണ്‍ പറയുന്നത്. എന്‍ഗോറോണ്‍, കേസ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് വഞ്ചനാക്കുറ്റത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തെളിവായി സമര്‍പ്പിച്ച രേഖകളില്‍ സാമ്പത്തിക നേട്ടത്തിനായി അദ്ദേഹം മനഃപൂര്‍വം തന്റെ ആസ്തികള്‍ പെരുപ്പിച്ചതായി വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും മാറി അദ്ദേഹം സ്വയം നിര്‍മ്മിച്ച ഫാന്റസി ലോകത്തിനുള്ളിലാണെന്ന് കോടതി വിമര്‍ശിച്ചു. ട്രംപിനും അദ്ദേഹത്തിന്റെ മുതിര്‍ന്ന മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയറിനും എറിക് ട്രംപിനുമുള്ള അവരുടെ ബിസിനസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ട്രംപിനും കുടുംബത്തിനും ന്യൂയോര്‍ക്കില്‍ വ്യാപാരം തുടരുന്നത് അസാധ്യമാകും. ഒപ്പം ന്യൂയോര്‍ക്കില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്താനുള്ള അധികാരവും നഷ്ടമാകും. അതോടൊപ്പം മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ട്രംപ് ടവര്‍ ഉള്‍പ്പെടെ ന്യൂയോര്‍ക്കിലെ സകല സ്വത്തുക്കളും റിസീവര്‍ക്ക് (ഒരു സ്വതന്ത്ര മൂന്നാം കക്ഷി) കൈമാറാനും അദ്ദേഹം നിര്‍ബന്ധിതനാകും. തിങ്കളാഴ്ച ചേര്‍ന്ന കോടതിയുടെ ആദ്യ വിചാരണയില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ അദ്ദേത്തിന് കനത്ത പിഴ നല്‍കേണ്ടി വരും. കൂടാതെ സ്വത്ത് പെരുപ്പിച്ചു കാണിച്ചതിലൂടെ നേടിയ സാമ്പത്തിക ലാഭവും ഉപേക്ഷിക്കേണ്ടതായി വരും. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് എന്നതിലുപരി ട്രംപ് പടുത്തുയര്‍ത്തിയ ലോക പ്രശസ്തമായ തന്റെ വ്യവസായത്തിന് കൂടിയാണ് മങ്ങലേല്‍ക്കാന്‍ പോകുന്നത്.

Share on

മറ്റുവാര്‍ത്തകള്‍