UPDATES

വിദേശം

ഇത്തവണ ട്രംപിന്റെ വിധിയെന്താകും?

മുന്‍ പ്രസിഡന്റ് മുമ്പത്തെ പോലെ രക്ഷപ്പെട്ടു പോരില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്

                       

‘ആളുകള്‍ എപ്പോഴും വലുതും മനോഹരവുമായ എന്തിലെങ്കിലും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ അതിനെ സത്യസന്ധമായ അതിശയോക്തി എന്ന് വിളിക്കാനും ആഗ്രഹിക്കുന്നു. 36 വര്‍ഷം മുമ്പ് ഡോണള്‍ഡ് ട്രംപ് തന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായ ‘ദി ആര്‍ട്ട് ഓഫ് ദ ഡീലില്‍’ എഴുതിയിട്ടുണ്ടിങ്ങനെ. എന്നാല്‍ ഈ ആഴ്ച്ച ഒരു ന്യൂയോര്‍ക് കോടതി ജഡ്ജി ട്രംപിന്റെ വഞ്ചനയെ ‘സത്യസന്ധമായ അതിഭാവുകത്വം’ എന്നാണ് വിശേഷിപ്പിച്ചത്.

അമേരിക്കയുടെ മുന്‍ പ്രസിഡന്റിനെതിരേ പല കേസുകളാണുള്ളത്. തിങ്കളാഴ്ച്ച മാന്‍ഹട്ടന്‍ കോടതിയില്‍ ആരംഭിച്ചിരിക്കുന്ന കേസ അദ്ദേഹത്തിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. മറ്റുള്ള കേസുകളെക്കാള്‍ അധികം വ്യക്തിപരമായത്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ട്രംപിന്റെ സങ്കീര്‍ണ്ണവും അതിവിശാലവുമായ ഇടപാടുകളെ കുറിച്ച് മൂന്ന് വര്‍ഷത്തെ നീണ്ട അന്വേഷണത്തിന് ശേഷമാണ് കോടതിയിലെത്തുന്നത്. തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റു സാമ്പത്തിക ഇടപാടുകള്‍ക്കും വേണ്ട ധനസഹായത്തിനായി ട്രംപ് തന്റെ ആസ്തികളുടെ മൂല്യത്തില്‍ ക്രമക്കേടുകള്‍ കാണിച്ചു എന്നാണ് ലെറ്റീഷ്യ ജെയിംസ് വാദിക്കുന്നത്.

ന്യൂയോര്‍ക്ക് സുപ്രീം കോടതി ജസ്റ്റിസ് ആര്‍തര്‍ എന്‍ഗോറോണ്‍, കേസ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് വഞ്ചനാക്കുറ്റത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിധി എതിരായാല്‍ ട്രംപിന്റെ പ്രതിച്ഛായക്ക് ലഭിച്ച വലിയൊരു പ്രഹരമായിരിക്കും ഒപ്പം ന്യൂയോര്‍ക്കില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്താനുള്ള അധികാരവും നഷ്ടമാകും. അതോടൊപ്പം മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ട്രംപ് ടവര്‍ ഉള്‍പ്പെടെ ന്യൂയോര്‍ക്കിലെ സകല സ്വത്തുക്കളും റിസീവര്‍ക്ക് (ഒരു സ്വതന്ത്ര മൂന്നാം കക്ഷി) കൈമാറാനും അദ്ദേഹം നിര്‍ബന്ധിതനാകും.

ഇത്രയും കാലം കൊണ്ട് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കാണിച്ചു ട്രംപ് സ്വന്തമാക്കിയ ആസ്തിയില്‍ നിന്നും 250 മില്യണ്‍ ഡോളര്‍ ആണ് ലെറ്റീഷ്യ പിഴയായി ആവശ്യപെടുന്ന ഏറ്റവും കുറഞ്ഞ തുക. ട്രംപിനെപ്പോലെ ധനികനാണെന്ന് ആവകാശപ്പെടുന്ന ആള്‍ക്ക് പോലും ഇതൊരു വലിയ തുകയാണ്. ട്രംപ് കുടുമ്പത്തിന്റെ പ്രശസ്തി ഇതിലൂടെ കൂടുതല്‍ മോശമാവുകയാണ്. ട്രംപിന്റെ പിതാവ് കെട്ടിപ്പടുത്ത പാരമ്പര്യ ബിസിനസുകള്‍ക്ക് ഈ വിധിയിലൂടെ അവസാനമാകും.

‘ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ വിചാരണ വളരെ പ്രധാനപ്പെട്ടതും തന്റെ ബിസിനസ് താത്പര്യങ്ങള്‍ക്ക് വളരെ അധികം ആഘാതം ഏല്‍പ്പിക്കുന്നതുമാണ്. അദ്ദേഹത്തിന് പണമാണ് എല്ലാം. തന്റെ ജീവിതകാലം മുഴുവനും നുണയും കള്ളവും മാത്രം പറഞ്ഞൊരു വ്യക്തിയാണ് ഡോണള്‍ഡ് ട്രംപ്, ഇത്രയധികം ആളുകളോട് നുണ പറഞ്ഞതിനും വഞ്ചിച്ചതിനുമുള്ള അവിശ്വസനീയമായ റെക്കോര്‍ഡ് ഉണ്ടാകും’; ട്രംപ് വിമര്‍ശകനും ദി ബിഗ് ചീറ്റിന്റെ രചയിതാവുമായ ഡേവിഡ് കെ ജോണ്‍സ്റ്റണ്‍ പറയുന്നു.

പ്രശ്നങ്ങളില്‍ നിന്ന് കരകയറുന്നതില്‍ ട്രംപ് മുന്‍കാലങ്ങളില്‍ മിടുക്കനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇത്തവണ പക്ഷേ, സാഹചര്യം അദ്ദേഹത്തിനെതിരാണന്നൊണ് വിവരം. വ്യാജ ബിസിനസ് രേഖകള്‍ കെട്ടിച്ചമയ്ക്കുന്നതും അത് ബിസിനസ് ഇടപാടുകളില്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ട്രംപിന്റെ വഞ്ചനകള്‍ക്കെതിരേ അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് അധികാരം നല്‍കുന്ന നിയമം പ്രോസിക്യൂട്ടര്‍മാര്‍ അംഗീകരിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച രേഖകളില്‍ തട്ടിപ്പിന്റെ തെളിവുകള്‍ കണ്ടതായി ജഡ്ജി എന്‍ഗോറോണ്‍ തന്റെ വിധിയില്‍ പറയുന്നുണ്ട്.

ലെറ്റീഷ്യ ജെയിംസിന്റെ അന്വേഷണം ആയാസകരമായ ഒന്നായിരുന്നു. ട്രംപ് ഓര്‍ഗനൈസേഷന്റെ 23 വ്യത്യസ്ത സ്ഥാപനങ്ങളിലും ക്രമക്കേടുകള്‍ കണ്ടത്തിയതായി ലെറ്റീഷ്യയുടെ ഓഫീസ് അറിയിച്ചു. ട്രംപില്‍ നിന്ന് റിസീവര്‍ കമ്പനി ഏറ്റെടുക്കണമെന്നും, ന്യൂയോര്‍ക്കിലെ വസ്തുവകകള്‍ വില്‍കണമെന്നും ജഡ്ജി എന്‍ഗോറോന്റെ വിധിയിലുണ്ട്. കോടതി നിയോഗിച്ച സ്വതന്ത്ര മോണിറ്ററായ മുന്‍ ജഡ്ജി കൂടിയായ ബാര്‍ബറ ജോണ്‍സ് റിസീവറാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ട്രംപിന്റെ അഭിഭാഷകര്‍ക്ക് റിസീവര്‍ സ്ഥാനത്തേക്കുള്ള അവരുടെ സ്വന്തം സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൊണ്ടുവരാന്‍ എന്‍ഗോറോണ്‍ ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.

വിചാരണയ്ക്ക് മുമ്പുള്ള വിധിയില്‍ ട്രംപ് കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കുമ്പോള്‍, വിധി എത്രത്തോളം ട്രംപിന്റെ സാമ്രാജ്യത്തെ ബാധിക്കുമെന്ന് അറിയാന്‍ കാത്തിരിക്കേണ്ടിവരും. തന്റെ സാമ്പത്തിക നേട്ടത്തിനായി അദ്ദേഹം മനഃപൂര്‍വം തന്റെ ആസ്തികള്‍ പെരുപ്പിച്ചു കാട്ടി. എന്നാല്‍ ട്രംപ് എല്ലം നിഷേധിക്കുകയാണ്. വിചാരണക്ക് മുമ്പുള്ള ഹിയറിംഗുകളില്‍ ട്രംപിന്റെ അഭിഭാഷകര്‍ ട്രംപ് ”ഒരു നിക്ഷേപ പ്രതിഭ” ആണെന്നും രാജ്യത്തെ ഏറ്റവും വിജയകരമായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒരാളാണെന്നും” വാദിച്ചിരുന്നു. എന്നാല്‍ വ്യാജ വാദങ്ങള്‍’ ആവര്‍ത്തിച്ചതിന് എന്‍ഗോറോണ്‍ ട്രംപിന്റെ അഞ്ച് അഭിഭാഷകര്‍ക്കെതിരെ 7,500 ഡോളര്‍ വീതം പിഴ ചുമത്തിയിരുന്നു.

വിചാരണയ്ക്ക് മുമ്പുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ അഭിഭാഷകര്‍ പറഞ്ഞു. എല്ലാ അമേരിക്കന്‍ ബിസിനസ്സ് ഉടമകളെയും പോലെ മുന്‍ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോടതിയില്‍ അവരുടെ അവരുടെ ഭാഗം വിശദീകരിക്കാന്‍ അര്‍ഹതയുള്ളതിനാല്‍ ഈ തീരുമാനത്തിനെതിരെ ഉടന്‍ അപ്പീല്‍ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്,” ട്രംപിന്റെ അറ്റോര്‍ണി അലീന ഹബ്ബ ഒരു പ്രസ്താവനയില്‍ പറയുന്നുണ്ട്.

ട്രംപ് ടവര്‍ പണികഴിപ്പിച്ച തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വിസമ്മതിച്ചത് മുതല്‍ വന്‍ അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ ട്രംപ് സര്‍വകലാശാല അടച്ചുപൂട്ടുന്നത് വരെയുള്ള ട്രംപ് അഴിമതികള്‍ സിറാക്കൂസ് സര്‍വകലാശാലയിലെ വിസിറ്റിംഗ് ലോ ലക്ചററായ ജോണ്‍സ്റ്റണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ ഇതുവരെ അയാള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ജെയിംസും, ട്രംപിന്റെ കരിയറിലെ ഈ വിചാരണയെ സൂക്ഷ്മമായി നിരീക്ഷിച്ച ചിലരും, ട്രംപിന്റെ ‘സത്യമായ അതിഭാവുകത്വം’ ഒടുവില്‍ ഒരു അഴിമതിയായി തുറന്നുകാട്ടപ്പെടുന്ന നിമിഷമാണിതെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍