June 14, 2026 |
Share on

17 വര്‍ഷത്തിനുശേഷം ആമിറും ദര്‍ശീലും; ഇത്തവണ മുത്തച്ഛനും കൊച്ചുമകനും

താരെ സമീന്‍ പര്‍-ന്റെ രണ്ടാം ഭാഗമായിരുന്നു ആരാധകര്‍ കാത്തിരുന്നത്‌

താരെ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ സുപരിചിതനായ ബാല താരമാണ് ദര്‍ശീല്‍ സഫാരി. ആമിര്‍ ഖാന്റെയും ദര്‍ശീലിന്റെയും പ്രകടനങ്ങള്‍ താരെ സമീന്‍ പര്‍-നെ ഒരു ബോളിവുഡ് ക്ലാസിക് ആയി ഉയര്‍ത്തി. 2007-ല്‍ ഇറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത കുറച്ചു നാളുകളായി കറങ്ങി നടക്കുന്നുണ്ട്. തന്റെ അടുത്ത ചിത്രത്തിന്റെ പേര് സിതാരെ സമീന്‍ പര്‍ എന്നായിരിക്കുമെന്ന് ആമിര്‍ പ്രസ്താവിച്ചതും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി. ആമിറിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപട്ട ലേഡീസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു അടുത്ത സിനിമയുടെ പേരിന്റെ സൂചന ഖാന്‍ നല്‍കിയത്. ഇതിനു പിന്നാലെ ദര്‍ശീല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആമിറിനൊപ്പമുള്ള ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ പ്രേക്ഷകര്‍ താരെ സമീന്‍ പര്‍-ന്റെ രണ്ടാം ഭാഗം ഉറപ്പിച്ചു.

എന്നാല്‍, പ്രതീക്ഷിച്ചതല്ല നടന്നത്. ആമിറും ദര്‍ശീലും 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചത് സിനിമയ്ക്കു വേണ്ടിയല്ല, ഒരു പരസ്യ ചിത്രത്തിനുവേണ്ടിയാണ്. ഒരു എനര്‍ജി ഡ്രിങ്കിന്റെ പരസ്യത്തില്‍ മുത്തച്ഛനും കൊച്ചുമകനുമായാണ് രണ്ടുപേരും അഭിനയിച്ചിരിക്കുന്നത്. ഒമ്പതുകാരനില്‍ നിന്നും 26 കാരനായി വളര്‍ന്നിരിക്കുന്ന ദര്‍ശീലിന്റെ ‘ദാഡു’ ആയി കിടിലന്‍ മേക്ക് ഓവറിലാണ് ആമിര്‍ എത്തുന്നത്. ജീവിതത്തില്‍ നിരാശനായി നില്‍ക്കുന്ന കൊച്ചുമകന് എനര്‍ജി ഡ്രിങ്ക് കൊടുത്ത് ആവേശത്തിലാക്കുകയാണ് ദാഡു. ഓരോ കവിള്‍ കുടിക്കുമ്പോഴും കൊച്ചുമകന്റെ മുന്നില്‍ തെളിയുന്നത് തന്റെ മുത്തച്ഛന്റെ ഓരോരോ കാലത്തെ സഹാസികതകളാണ്. കാണുന്നവരെ ആഹ്ലാദിപ്പിക്കുന്ന തരത്തിലാണ് ആമിറിന്റെ വിവിധ വേഷങ്ങള്‍.

2022-ല്‍ ഏറെ പ്രതീക്ഷകളോടെയിറങ്ങിയ ലാല്‍സിംഗ് ചദ്ദയുടെ പരാജയത്തിനു പിന്നാലെ സിനിമയില്‍ നിന്നും നീണ്ട അവധിയെടുക്കുകയായിരുന്നു ആമിര്‍. അടുത്ത സിനിമ ഉടന്‍ ഉണ്ടാകുമെന്ന സൂചനയ്‌ക്കൊപ്പം ഈ പരസ്യം കൂടി പുറത്തു വന്നതോടെ ആമിര്‍ ആരാധകര്‍ സന്തോഷത്തിലാണ്. മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ മറ്റൊരു മായാജാലത്തിനായി അവര്‍ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×