ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ്ത ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന സാര്‍വലൗകിക ദര്‍ശനത്തെ മുറിച്ചുമാറ്റി, കേരളത്തിന്റെ മതേതര മണ്ണില്‍ വര്‍ഗീയതയുടെ വിത്തുകള്‍ പാകുന്ന വെറുപ്പിന്റെ വ്യാപാരിയായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധപതിച്ചിരിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ള വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയിട്ട് കാലം കുറച്ചധികമായി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വച്ച് രാജ്യം മതാധിപത്യത്തിലേക്കാണെന്നും മുസ്ലീങ്ങള്‍ സംഘടിച്ച് എല്ലാ അവകാശങ്ങളും കൊണ്ടുപോകുന്നുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
ഈഴവ സമുദായത്തിന്റെ അവകാശ സംരക്ഷകന്‍ എന്ന മുഖംമൂടിയണിഞ്ഞ് വെള്ളാപ്പള്ളി നടത്തുന്ന ഓരോ പ്രസ്താവനകളും കേരളം ദശാബ്ദങ്ങളായി കാത്തുസൂക്ഷിക്കുന്ന സാമൂഹിക ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈഴവരുടെ അവകാശങ്ങള്‍ക്കായാണ് താന്‍ വാദിക്കുന്നതെന്ന് ആവര്‍ത്തിക്കുമ്പോഴും മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണം തുടരുകയാണ് വെള്ളാപ്പള്ളി.
സമീപകാലത്തായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രസ്താവനകള്‍ പരിശോധിച്ചാല്‍ കൃത്യമായ ഒരു വര്‍ഗീയ അജണ്ട അതില്‍ ദൃശ്യമാണ്. മുസ്ലീം സമുദായത്തെയും ക്രൈസ്തവ സമുദായത്തെയും പരസ്പരം അകറ്റാനും, ഒരു വിഭാഗത്തെ മാത്രം അപരവല്‍ക്കരിക്കാനുമുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്. വെള്ളാപ്പള്ളിയുടെ വിഷലിപ്തമായ ഈ കടന്നാക്രമണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ സമാധാനത്തിന് തന്നെ ഭീഷണിയാകുന്നവയാണ്.
2025 ഏപ്രില്‍ 5 നായിരുന്നു മലപ്പുറം ജില്ലയെ അപരവത്കരിച്ചും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യം വച്ചും മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞത്. കൂടാതെ മലപ്പുറത്തെ പിന്നാക്ക സമുദായങ്ങള്‍ നിരന്തരമായ ഭയത്തിലാണെന്നും അവര്‍ അവിടെ സ്വതന്ത്രമായി ശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മാനവിക ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു സംഘടനയുടെ അമരത്തിരുന്ന്, ഒരു ജില്ലയെയും അവിടുത്തെ ഭൂരിപക്ഷ സമുദായത്തെയും ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മലപ്പുറത്തെ ഒരു പ്രത്യേക രാഷ്ട്രമായി ചിത്രീകരിക്കുന്നതിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന വിമര്‍ശനവും അന്ന് ശക്തമായിരുന്നു.
പിന്നീടിങ്ങോട്ടും വര്‍ഗീയ വിഷം ചീറ്റുന്ന വെറുപ്പിന്റെ വ്യാപാരിയായി വെള്ളാപ്പള്ളി മാറുകയായിരുന്നു. 2025 ജൂലൈ 20 ന് ആലുവ അദ്വൈതാശ്രമത്തില്‍ വച്ച്, മുസ്ലീം ലീഗിന് മുന്നില്‍ ഇടത് സര്‍ക്കാര്‍ മുട്ടിലിഴയുന്നുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും പറഞ്ഞാല്‍ മിണ്ടുമോയെന്ന് ചോദിച്ച അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനം മുന്നില്‍ കണ്ടാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നുമായിരുന്നു പരാമര്‍ശം.
2025 നവംബര്‍ രണ്ടിന് മുസ്ലിം ലീഗിനെ ‘വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്’ എന്നാണ് വിശേഷിപ്പിച്ചത്. മുസ്ലീം ലീഗ് ഭരിച്ചാല്‍ നമ്മള്‍ നാടുവിടേണ്ടി വരുമെന്ന് പ്രസംഗിച്ച അദ്ദേഹം മന്ത്രി ഗണേഷ് കുമാറിനെ ‘തറ’ എന്ന് വിളിച്ച് അധിക്ഷേപിക്കാനും മറന്നില്ല.
2025 ജനുവരി 2-ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചപ്പോള്‍ അശ്ലീലമായ ആംഗ്യം കാണിക്കുകയും പിന്നീട് അയാളെ ‘തീവ്രവാദി’ എന്ന് വിളിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ചോദ്യം ചോദിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സമീപനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. 89 വയസ്സായിട്ടും മര്യാദയോ തെളിവോ ഇല്ലാതെ ആരെയും തീവ്രവാദിയാക്കാമെന്ന ധിക്കാരമാണ് അദ്ദേഹം കാണിക്കുന്നത്.
2026 ജനുവരി 16 ന് പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും പറഞ്ഞ് സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചു.
2026 ഏപ്രില്‍ 16ന് ക്രിസ്ത്യന്‍ സിസ്റ്റര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെ പരിഹസിച്ചുകൊണ്ട് വര്‍ഗീയ ചുവയുള്ള പരാമര്‍ശം നടത്തി.
വിഷലിപ്തമായ പ്രസംഗങ്ങള്‍ക്കിടയിലും ഇടതുപക്ഷ സര്‍ക്കാര്‍ വെള്ളാപ്പള്ളിയോട് പുലര്‍ത്തുന്ന മൃദുസമീപനം ഗൗരവകരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ തന്റെ കാറില്‍ കയറ്റി യാത്ര ചെയ്തത് വെറുമൊരു മര്യാദയായി കാണാനാവില്ല. അത് വലിയൊരു രാഷ്ട്രീയ അടയാളപ്പെടുത്തലായിരുന്നു.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുകളിലും ഇ.ഡി അന്വേഷണങ്ങളിലും ഉഴലുന്ന വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ ഈ സംരക്ഷണം ഒരു കവചമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ കാണിച്ച അമിത താല്പര്യവും കോടതി അതിനെ തടഞ്ഞതും ഈ കൂട്ടുകെട്ടിന് ഏറ്റ പ്രഹരമാണ്. വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തില്‍ 2018 ല്‍ കൊച്ചിയിലെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളാപ്പള്ളിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആ കേസിന് എന്ത് സംഭവിച്ചുവെന്നതിന് ഒരു ഉത്തരവുമില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായ ഘടകങ്ങളില്‍ ഒന്ന് നടേശനൊപ്പമുള്ള വിജയന്റെ കാര്‍ യാത്രയാണെന്ന് സിപിഐ പോലും കുറ്റപ്പെടുത്തിയിരുന്നു.
പണ്ട് ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോള്‍ അത് ‘നായാടി മുതല്‍ നസ്രാണി വരെ’ എന്ന് പരിഷ്‌കരിച്ചത് കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമാണ്. മുസ്ലീം വിഭാഗത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു വര്‍ഗീയ ഐക്യം രൂപപ്പെടുത്തി സംഘപരിവാറിന്റെ രാഷ്ട്രീയ ആഖ്യാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത്. ഗുരുദേവന്റെ ദര്‍ശനങ്ങളെ സ്വന്തം താല്പര്യങ്ങള്‍ക്കായി പണയം വെക്കുന്ന വെള്ളാപ്പള്ളി, വംശവെറിയുടെയും വിഭാഗീയതയുടെയും പ്രതീകമായി മാറിക്കഴിഞ്ഞു. മതേതരത്വം വാതോരാതെ പറയുന്ന പിണറായി സര്‍ക്കാര്‍ ഇത്തരമൊരു വെറുപ്പിന്റെ വ്യാപാരിയെ പൊതിഞ്ഞുപിടിക്കുന്നത് കേരളത്തിന്റെ മതേതര മനസ്സിന് ഏല്‍പ്പിക്കുന്ന ആഴത്തിലുള്ള മുറിവാണ്.
Content Summary: Vellappally Natesan’s descent into hate speech: a threat to Kerala’s secular fabric