‘ഇവിടെയിരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരേയും പല അര്‍ദ്ധ രാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുള്ള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. അതിന് നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’.
എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ആ സായാഹ്നത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയര്‍പ്പിക്കാന്‍ മലയാള സിനിമ മേഖല ഒത്തുകൂടിയപ്പോള്‍ കേട്ടതില്‍ വച്ച്, ഹൃസ്വമെങ്കിലും ഏറ്റവും ശക്തമായ വാക്കുകള്‍ വന്നത് മഞ്ജു വാര്യരില്‍ നിന്നായിരുന്നു.
ഇന്ന്, അതേ കേസിന്റെ വിധി പ്രസ്താവന ദിവസത്തില്‍, കുറ്റ വിമുക്തനാക്കപ്പെട്ടശേഷം ദിലീപ് നടത്തിയ പ്രതികരണത്തില്‍, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ മഞ്ജുവിന്റെ വാക്കുകളെ, തനിക്കെതിരായ ഗൂഡാലോചനയാക്കി ചിത്രീകരിക്കുകയാണ്. താനായിരുന്നു യഥാര്‍ത്ഥ ഇരയെന്ന് പറഞ്ഞു വയ്ക്കുകയാണ്.
ആ പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു സിനിമ ലോകം അവള്‍ക്ക് പിന്തുണയുമായി ഒത്തു കൂടിയത്. പലരുമന്ന് സംസാരിച്ചു, വികാരം കൊണ്ടു, ആവേശം കൊണ്ടു, കണ്ണീരൊഴുക്കി, കൈയടി വാങ്ങി. പക്ഷേ മഞ്ജുവിന്റെ വാക്കുകളായിരുന്നു ഒരു സിനിമ സ്റ്റൈല്‍ ട്വിസ്റ്റിലേക്ക് കാര്യങ്ങള്‍ മാറ്റിയത്.
അക്ഷോഭ്യമായി മഞ്ജു അന്ന് പറഞ്ഞത്, മഞ്ജു മാത്രം പറഞ്ഞത്; ഇതിനു പിന്നില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നായിരുന്നു. ആയിരിക്കാമെന്നോ, സംശയിക്കാമോ എന്നുപോലുമല്ല. ഉറപ്പിച്ചു തന്നെയാണ് പറഞ്ഞത്. ഇതു ഗൂഡാലോചനയാണ്, ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് പറഞ്ഞത്. അതും മലയാള സിനിമാ ലോകം ഭരിക്കുന്നവരുടെയും ചാനല്‍ ക്യാമറകളുടെയും മധ്യത്തില്‍, പൊതുജന മധ്യത്തില്‍, തല ഉയര്‍ത്തിപ്പിടിച്ച്. ഉള്ളില്‍ തിളയ്ക്കുന്ന ക്ഷോഭത്തില്‍ എവിടെയൊക്കെയോ വാക്കുകള്‍ക്കിടയില്‍ അകലം ഉണ്ടായെങ്കിലും ആ ഹ്രസ്വമായ പ്രസംഗം ഒരാഹ്വാനമായിരുന്നു.
ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചു കിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട് എന്നു കൂടി പറഞ്ഞിരുന്നു തന്റെ സംസാരം അവസാനിപ്പിക്കുന്നതിനു മുമ്പായി മഞ്ജു. ഒരോര്‍മപ്പെടുത്തല്‍. മഞ്ജു വാര്യര്‍ നൂറു കണക്കിന് മലയാള ചലച്ചിത്ര നടികളില്‍ ഒരാള്‍ മാത്രമാണ്. ഇന്‍ഡസ്ട്രിയില്‍ സ്വാധീനമുണ്ടായിരുന്ന എത്രയോ നടികള്‍ അവരുടെ മുന്‍ഗാമികളായി ഉണ്ടായിരുന്നു. പക്ഷേ ഒരു സ്ത്രീയുടെ കരുത്തില്‍, മലയാള സിനിമയുടെ ആണ്‍ഗരിമയ്ക്കു മുന്നില്‍ നിന്ന് ശബ്ദമുറച്ച് പറയാന്‍ ഒരു മഞ്ജു വാര്യരേ ഉണ്ടായിരുന്നുള്ളൂ. ഒരു നടിയെന്ന നിലയില്‍ മാത്രമല്ല, ഒരു സ്ത്രീയെന്ന നിലയില്‍ കൂടി അവര്‍ക്ക് പകര്‍ന്നു കിട്ടിയ അനുഭവങ്ങളായിരിക്കണം അവര്‍ക്ക് കരുത്തായത്.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ആവേശത്തിനപ്പുറത്തേക്ക് ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് മഞ്ജുവിനെപോലെ ചിലര്‍ ആ ചടങ്ങിനും മുന്നേ തിരിച്ചറിഞ്ഞിരിക്കണം. ആ തിരിച്ചറിവാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. അവള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്നു വ്യക്തമാക്കി ഒരു കൂട്ടം സ്ത്രീകള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് മഞ്ജുവിനെ പോലുള്ളവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളില്‍ നിന്നാകണം. നാളെ ഏതൊരു സ്ത്രീയുമാകാം ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് എന്നവര്‍ മനസിലാക്കി.
ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നതിനെതിരായാണ് മഞ്ജു നിലകൊണ്ടത്, തന്റെ നഷ്ടങ്ങള്‍ക്കപ്പുറം ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വിശ്വാസത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങാന്‍ സാധിക്കണം എന്നു മാത്രമായിരിക്കണം മഞ്ജുവിന്റെ മനസില്‍ ഉണ്ടായിരുന്നത്.
ഇന്നത്തെ ‘ വിധി ദിനം’ മഞ്ജുവിനെതിരായി ഉണ്ടാകാന്‍ പോകുന്ന ആക്രമണത്തിന്റെ ആഹ്വാനം കൂടിയായി മാറിയിട്ടുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ടശേഷം പുറത്തു വന്ന ദിലീപ്, മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞാണ് തനിക്കെതിരായ പരാതികളെ ‘കള്ളക്കഥ’യാക്കി മാറ്റിയത്. ഈ കേസില്‍ ക്രിമിനല്‍ ഗൂഡാലോചന ഉണ്ട്, ആ ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഡാലോചന ആരംഭിച്ചത് എന്നായിരുന്നു നടന്റെ വാക്കുകള്‍. ഒരു പൊലീസ് ഉദ്യോഗസ്ഥയും ഒരു ക്രിമിനലും ചേര്‍ന്ന് പിന്നീട് ഉണ്ടാക്കിയ കള്ളക്കഥയാണ് ശേഷം കണ്ടെതെന്നാണ് അയാളുടെ വാദം.
താനാണ് ഇരയെന്ന് സമര്‍ത്ഥിക്കാന്‍ തന്റെ അനുയായികള്‍ക്ക് മഞ്ജുവിനെ ഇരയാക്കി ഇട്ടു കൊടുക്കുകയാണ് ദിലീപ് ചെയ്തിരിക്കുന്നത്. വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ അതിനുള്ള തെളിവുകള്‍ വരും. അതുകൊണ്ട് അതിജീവിതയ്‌ക്കൊപ്പം മാത്രമല്ല, മഞ്ജുവിനൊപ്പം കൂടി നില്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം സമൂഹത്തിനുണ്ട്.
Content Summary; Actress attacking case, What did Manju Warrier say at the Durbar Hall grounds? dileep’s allegation against Manju