December 09, 2024 |
Share on

ട്രംപിന്റെ ഭീഷണികള്‍

പണം നല്‍കാത്ത രാജ്യങ്ങള്‍ക്ക് സഹായവുമില്ലെന്ന് നാറ്റോയ്ക്ക് മുന്നറിയിപ്പ്

വീണ്ടും അമേരിക്കയുടെ പ്രസിഡന്റാകാനുള്ള ശ്രമങ്ങളിലാണ് ഡോണാള്‍ഡ് ട്രംപ്. ഒരു വശത്ത് കേസുകള്‍ മുറുകി നില്‍ക്കുന്നുണ്ടെങ്കിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടിയുള്ള പ്രചാരണത്തില്‍ മുന്‍ പ്രസിഡന്റിനാണു മുന്‍തൂക്കം. എങ്ങനെയെങ്കിലും വൈറ്റ് ഹൗസില്‍ രണ്ടാമതൊരിക്കല്‍ കൂടി കയറി ചെല്ലാന്‍ വേണ്ടിയുള്ള പ്രയത്‌നത്തിന്റെ ഭാഗമായി ചെയ്യുന്നതും പറയുന്നതുമായ ഓരോ കാര്യങ്ങളും ട്രംപിനെ കൂടുതല്‍ വിവാദത്തിലാക്കുകയാണ്. എന്നാലത് അമേരിക്കന്‍ ജനതയ്ക്ക് അയാളെ തങ്ങളുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കുന്നതിന് തടസമാകണമെന്നില്ല.

ട്രംപുണ്ടാക്കിയിരിക്കുന്ന ഏറ്റവും പുതിയ വിവാദത്തില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത് യൂറോപ്യനും യൂണിയനും നാറ്റോയും ആണെന്നതാണ് ശ്രദ്ധേയം.

തങ്ങളുടെ സാമ്പത്തിക കടമ നിര്‍വഹിക്കാത്ത ഏതൊരു നാറ്റോ അംഗരാജ്യത്തെയും ആക്രമിക്കുന്നതില്‍ റഷ്യയെ പ്രോത്സാഹിപ്പിച്ചാണ് ഡോണള്‍ഡ് ട്രംപ് സകലരെയും ഞെട്ടിച്ചിരിക്കുന്നത്. സൗത്ത് കരോലിനയില്‍ ശനിയാഴ്ച്ച രാത്രിയില്‍ നടന്ന പ്രചാരണ കാമ്പയിനിലാണ്, തങ്ങളുടെ ന്യായമായ വിഹിതം നല്‍കുന്നില്ലെന്നു കരുതുന്ന ഏതൊരു നാറ്റോ സഖ്യകക്ഷികളെയും ആക്രമിക്കുന്നതില്‍ റഷ്യയെ ‘ പ്രോത്സാഹിപ്പിക്കും’ എന്ന് യാതൊരു മടിയുമില്ലാതെ ട്രംപ് വിളിച്ചു പറഞ്ഞത്.

ട്രംപിന്റെ ഈ ‘ ഭീഷണി’ ഗൗരവത്തിലെടുത്താണ് നാറ്റോ പ്രതികരണം നടത്തിയിരിക്കുന്നത്. അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും അപകടത്തിലാക്കുന്ന പ്രസ്താവനയാണ് ട്രംപില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് നാറ്റോ തലവന്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബര്‍ഗ് പ്രതികരിച്ചത്. പാശ്ചാത്യ സൈനിക സഖ്യത്തിനെതിരായ ഏതാക്രമണത്തിനും ‘ ഒരുമിച്ചുള്ളതും ശക്തവുമായ പ്രതികരണം’ ഉണ്ടാകുമെന്നാണ് നാറ്റോ തലവന്‍ ട്രംപിനെ തള്ളിക്കൊണ്ട് പറയുന്നത്. ‘ സഖ്യകക്ഷികള്‍ പരസ്പരം പ്രതിരോധിക്കില്ലെന്ന തീരുമാനം അമേരിക്കയുടെതുള്‍പ്പെടെ നമ്മുടെയെല്ലാ സുരക്ഷയെയും അട്ടിമറിക്കും. ഇത് അമേരിക്കന്‍-യൂറോപ്യന്‍ യൂണിയന്‍ സൈനികരെ കൂടുതല്‍ അപകടത്തിലാക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും അമേരിക്ക ശക്തവും പ്രതിബദ്ധതയുമുള്ള സഖ്യകക്ഷിയായി നാറ്റോയില്‍ തുടരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’- പുറത്തുവിട്ടൊരു പ്രസ്താവനയില്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് പറയുന്നു. തങ്ങളുടെ എല്ലാ സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ നാറ്റോ തയ്യാറാണെന്നും അതിനുള്ള കഴിവുണ്ടെന്നും സ്‌റ്റോള്‍ട്ടെന്‍ബെര്‍ഗ് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ഭ്രാന്തവും ഭയാനകവുമായി പ്രതികരണം’ എന്നായിരുന്നു വൈറ്റ് ഹൗസ് ട്രംപിനെ തള്ളിക്കൊണ്ട് പ്രസ്താവിച്ചത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനെതിരേ സ്വയം പ്രതിരോധിക്കുന്നതിന് യുക്രെയ്‌ന് സഹായം ചെയ്യുന്നതില്‍ ട്രംപ് തനിക്കുള്ള സംശയം പ്രകടിപ്പിച്ചിരുന്നു. അതുപോലെ നാറ്റോയുടെ നിലപാടിലും. 31 രാജ്യങ്ങളടങ്ങിയ ഈ സൈനിക സഖ്യത്തിന് ആവശ്യമുള്ളപ്പോള്‍ പ്രതിരോധം ഏര്‍പ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായ യു എസ്സില്‍ നിന്നു തന്നെയാണ് ട്രംപ് ഇത്തരത്തില്‍ വിളിച്ചു പറയുന്നതെന്നതിലാണ് നാറ്റോയും യൂറോപ്യന്‍ യൂണിയനുമെല്ലാം അത്ഭുതപ്പെടുന്നത്.

തന്റെ കീഴില്‍ അമേരിക്ക ‘ കൃത്യവിലോപം കാണിക്കുന്ന ഒരു രാജ്യത്തെയും പ്രതിരോധിക്കില്ലെന്ന്’ താന്‍ ഒരു നാറ്റോ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൗത്ത് കരോലിനയിലെ പ്രസംഗത്തില്‍ ട്രംപ് അവകാശപ്പെട്ടത്.

‘ഒരു വലിയ യൂറോപ്യന്‍ രാജ്യത്തിന്റെ പ്രസിഡന്റ് എഴുന്നേറ്റ് നിന്ന് എന്നോടു ചോദിച്ചത്, ഞങ്ങള്‍ പണം നല്‍കുന്നില്ലെന്നു കരുതുക, അപ്പോള്‍ റഷ്യ ഞങ്ങളെ ആക്രമിക്കുകയാണെങ്കില്‍, നിങ്ങള്‍ ഞങ്ങളെ സംരക്ഷിക്കുമോ? എന്നായിരുന്നു. ഞാന്‍ പഞ്ഞു; നിങ്ങള്‍ പണം നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ കൃത്യവിലോപം കാണിക്കുന്നു, അതുകൊണ്ട് ഞാന്‍ നിങ്ങളെ സംരക്ഷിക്കുകയല്ല. വാസ്തവം പറഞ്ഞാല്‍, അവരെന്ത് നാശം ചെയ്യാനാണെങ്കിലും ഞാനവരെ പ്രോത്സാഹിപ്പിക്കുകയെയുള്ളൂ. നിങ്ങള്‍ പണം അടയ്ക്കൂ, നിങ്ങള്‍ നിങ്ങളുടെ ബില്ലുകള്‍ അടയ്ക്കു’- അന്നത്തെ യോഗത്തില്‍ താന്‍ പറഞ്ഞതായി ട്രംപ് പ്രസംഗത്തില്‍ ആവര്‍ത്തിച്ച കാര്യങ്ങളാണിത്.

ട്രംപിന്റെ ‘ഭീഷണി’ക്കെതിരേ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. എല്ലാവര്‍ക്കും വേണ്ടി ഒന്ന്, ഒന്നിനു വേണ്ടി എല്ലാവരും എന്നാണ് നാറ്റോയുടെ മുദ്രാവാക്യം, അതൊരു അമൂര്‍ത്തമായ പ്രതിബദ്ധതയാണ്’ എന്നായിരുന്നു പോളണ്ട് പ്രതിരോധ മന്ത്രി വാഡിസ്ലോ കൊഷിയാക് കാമിസ് എക്‌സില്‍ കുറിച്ചത്. സഖ്യകക്ഷികളുടെ വിശ്വാസ്യത തകര്‍ക്കുകയെന്നാല്‍, അതു നാറ്റോ എന്ന പ്രസ്ഥാനത്തെ മൊത്തത്തില്‍ ദുര്‍ബലമാക്കുന്നതിന് തുല്യമായിരിക്കും’ എന്നും പോളിഷ് പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. സഖ്യരാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കളികള്‍ കളിച്ചിട്ട് തെരഞ്ഞെടുപ്പ് എന്ന ന്യായീകരണം പറയരുതെന്ന മുന്നറിയിപ്പും പോളണ്ട് നല്‍കുന്നുണ്ട്.

നാറ്റോയുടെ സുരക്ഷയെയും ഐക്യദാര്‍ഢ്യത്തെയും കുറിച്ചുള്ള ‘അശ്രദ്ധമായ പ്രസ്താവനകള്‍’ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ താല്‍പ്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതായി പോയെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ ആരോപിച്ചത്. നാറ്റോയെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായത്തില്‍ പുതുമയൊന്നും ഇല്ലെന്നും ഇതൊക്കെ മുമ്പും കേട്ടിട്ടുള്ളതാണെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റ് കമ്മീഷണര്‍ തിയറി ബ്രെട്ടണ്‍ ഫ്രഞ്ച് ടി വി ചാനലായ എല്‍സിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പരിഹസിച്ചത്. യൂറോപ്യന്‍ യൂണിയന്‍ സ്വയമേവ അതിന്റെ സൈനിക ചെലവുകളും ശേഷിയും പരമാധികാര സംരക്ഷണവും പ്രത്യേകം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യൂറോപ്യന്‍ നേതാക്കള്‍ മനസ്സിലാക്കുന്നുണ്ടെന്നും ബ്രെട്ടണ്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നാല് വര്‍ഷം കൂടുമ്പോഴും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ടോസ് ഇട്ട് നോക്കേണ്ട സാഹചര്യം വരരുതെന്നാണ് തിയറി ബ്രെട്ടന്‍ പറയുന്നത്.

ഒരു വലിയ യൂറോപ്യന്‍ രാജ്യത്തിന്റെ പ്രസിഡന്റ് ട്രംപിനോട് അങ്ങനെ ചോദിച്ചു എന്നത് വിശ്വസനീയമല്ലെന്നാണ് യുകെ പാര്‍ലമെന്റ് മുന്‍ അംഗവും ബ്രസല്‍സില്‍ നാറ്റോയുടെ സ്ഥിരം പ്രതിനിധിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള പീറ്റര്‍ റിക്കെറ്റസ് തന്റെ എക്‌സ് അകൗണ്ടില്‍ കുറിച്ചത്. ‘ ട്രംപ് കരുതിയിരിക്കുന്നത് നാറ്റോ എന്നാല്‍ വെറുമൊരു ക്ലബ് ആണെന്നണ്. നിങ്ങള്‍ നിങ്ങളുടെ ജിഡിപിയുടെ രണ്ട് ശതമാനം യു എസ്സിന് നല്‍കിയാല്‍ അവര്‍ നിങ്ങള്‍ക്ക് പ്രതിരോധ സേവനങ്ങള്‍ നല്‍കുന്നുവെന്നാണോ. ഇത്തരം പ്രസ്താവനകള്‍ സഖ്യകക്ഷികള്‍ക്കിടയിലെ വിശ്വാസ്യതയെ ആഴത്തില്‍ ബാധിക്കും’

‘കൊലയാളി ഭരണകൂടങ്ങള്‍ നമ്മുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളുടെ മേല്‍ നടത്തുന്ന അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നത് ഭ്രാന്തവും ഭയപ്പെടുത്തുന്നതുമായ കാര്യമാണ്. ഇത് അമേരിക്കന്‍ ദേശീയ സുരക്ഷയെയും ആഗോള സ്ഥിരതയെയും നമ്മുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെയും അപകടപ്പെടുത്തും’ ട്രംപിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായി വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്‌സ് പറഞ്ഞതിങ്ങനെയാണ്.

നാറ്റോ ഉടമ്പടിയില്‍ അംഗരാജ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പരസ്പര പ്രതിരോധം ഉറപ്പുനല്‍കുന്ന ഒരു വ്യവസ്ഥയുണ്ട്. ട്രംപ് വെല്ലുവിളിക്കുന്നത് ഇത്തരം പരസ്പര സഹായ ഉടമ്പടികളെയാണ്. യുക്രെയ്‌ന്റെ ക്രിമിയന്‍ ഉപദ്വീപ് റഷ്യ പിടിച്ചടക്കിയതിന് ശേഷമുള്ള സാഹചര്യത്തില്‍ നാറ്റോ രാജ്യങ്ങള്‍ 2024-ഓടെ തങ്ങളുടെ ജിഡിപിയുടെ 2% പ്രതിരോധത്തിനായി ചെലവഴിക്കാന്‍ 2014-ല്‍ സമ്മതിച്ചിരുന്നു. ആ സമയത്ത് മൂന്നു സഖ്യരാജ്യങ്ങള്‍ മാത്രമായിരുന്നു ഈ സാമ്പത്തിക ഉത്തരവാദിത്തം പാലിച്ചിരുന്നതെങ്കില്‍, 2022 ലെ റിപ്പോര്‍ട്ട് പ്രകാരം മൊത്തം 31 അംഗരാജ്യങ്ങളില്‍ ഏഴ് പേര്‍ സാമ്പത്തിക ചുമതല നിര്‍വഹിക്കുന്നുണ്ട്. 2022-ലെ റഷ്യുടെ യുക്രെയ്ന്‍ അധിനിവേശം ചില നാറ്റോ അംഗരാജ്യങ്ങള്‍ക്ക് അധിക സൈനിക ചെലവിന് കാരണമായിട്ടുണ്ട്.

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, തന്റെ നേതൃത്വത്തിലുള്ള അമേരിക്ക നാറ്റോ ഉടമ്പടിയിലെ പ്രതിബദ്ധതകള്‍ ഉപേക്ഷിച്ച് സഖ്യത്തിന്റെ 2% ശതമാനം സാമ്പത്തിക കടമ പാലിക്കുന്ന രാജ്യങ്ങളുടെ മാത്രം പ്രതിരോധത്തിനെ സഹായിക്കൂ എന്നു പാശ്ചാത്യ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്താനെന്നോണം ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

×