കമ്പനി നടത്തിപ്പിനായി അധികവായ്പലഭിക്കാൻ വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന കേസിൽ യു.എസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 355 കോടി ഡോളർ മാൻഹട്ടൻ കോടതി (2946 കോടിയോളം രൂപ) പിഴ ചുമത്തിയിരിക്കുകയാണ്. സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവിൽ തട്ടിപ്പ് കേസിലാണ് കഴിഞ്ഞ ദിവസം ന്യൂയോർക്ക് കോടതി ട്രംപിനെതിരെ പിഴ ചുമത്തിയത്. എന്നിരുന്നാലും പുതിയ കച്ചവടസംരംഭവുമായി എത്തിയിരിക്കുകയാണ് ട്രംപ്, ഇത്തവണ സ്വന്തം ഷൂ ബ്രാൻഡുമായാണ് ട്രംപ് എത്തിയിരിക്കുന്നത്. ഫിലാഡെൽഫിയയിൽ നടന്ന പ്രശസ്തമായ സ്നീക്കർ കോൺ കൺവെൻഷനിടെയാണ് 399 ഡോളർ (33,123 രൂപ) വില വരുന്ന സ്വർണ നിറത്തിലെ ഷൂ മോഡൽ ട്രംപ് അവതരിപ്പിച്ചത്. ഹൈ – ടോപ്സ് ആൻഡ് സ്നീകേർസ് എന്നാണ് ട്രംപിന്റെ പുതിയ സംരംഭത്തിന്റെ പേര്. “T” എന്ന അക്ഷരത്തിലുള്ള ലോഗോയും അമേരിക്കൻ പതാകയും ഷൂസിൽ പതിപ്പിച്ചിട്ടുണ്ട്.
താൻ ഇത്തരത്തിൽ ഒരു സംരംഭത്തിലേക്ക് ഇറങ്ങണമെന്ന് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യമാണെന്നും, ഇത് വലിയ വിജയങ്ങൾ കൊയ്യുമെന്നാണ് താൻ കരുതുന്നതെന്നും ഡോണൾഡ് ട്രംപ് തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. “നെവർ സറണ്ടർ ഹൈ-ടോപ്‌സ്” എന്നാണ് ഈ ഷൂസിനു നൽകിയിരിക്കുന്ന പേര്. ഇതാദ്യമായല്ല ട്രംപ് തന്റെ അനുയായികൾക്കിടയിലേക്ക് ഒരു ഉത്പന്നം ഇറക്കുന്നത്. നെവർ സറണ്ടർ ഹൈ-ടോപ്‌സിനു മുന്നേ ഷർട്ടുകളും ട്രംപ് ബ്രാൻഡഡ് വോഡ്ക, കൊളോൺ, ടൈകൾ, ഫർണിച്ചറുകളും വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഈ ഷൂസ് “സൂപ്പർ ലിമിറ്റഡ്” ആണെന്നും ഇത് വരെ 1000 ജോഡികൾ മാത്രമേ വിറ്റഴിക്കപെട്ടിലുള്ളുവെന്നുമാണ് ട്രംപിൻ്റെ സ്‌നീക്കറുകൾ വിൽക്കുന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം.
ഡോണൾഡ് ട്രംപോ അദ്ദേഹത്തിന്റെ ഓർഗനൈസേഷനോ അല്ല ഷൂസ് രൂപകൽപ്പന ചെയ്തതും, നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും മറിച്ച് 45 ഫുട് വെയർ, എൽഎൽസി എന്ന കമ്പനിയാണ്. ലൈസൻസ് കരാറിന് കീഴിൽ ട്രംപിൻ്റെ പേരും പ്രസക്തിയും ഉപയോഗിക്കുന്ന കമ്പനിയാണ് 45 ഫുട്വെയർ, എൽഎൽസി. ഷൂസിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയമില്ലെന്നും, രാഷ്ട്രീയ പ്രചരണങ്ങളുമായി ഇതിന് യാതൊരു വിധത്തിലുള്ള ബന്ധമില്ലെന്നും സൈറ്റ് അവകാശപെടുന്നുണ്ട്. എന്നാൽ യുവ വോട്ടർമാരിലേക്ക് എത്താനുള്ള ട്രംപിന്റെ ശ്രമമാണ് ഇതെന്ന് ചില ആരോപണങ്ങളും വാദങ്ങളും ഉയരുന്നുണ്ട്. ഫെബ്രുവരി 18 ഞായറാഴ്ച രാവിലെയോടെ ഷൂസുകൾ വിറ്റഴിക്കപ്പെട്ടതായാണ് വിവരം. ജൂലൈയിൽ ബുക്ക് ചെയ്ത എല്ലാവരിലേക്കും ഷൂസ് എത്തിക്കുമെന്നാണ് ട്രംപിൻ്റെ സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. ‘ട്രംപിനെപ്പോലെ നിർഭയവും ദൃഢവും പൊന്നുപോലെയുള്ളതുമായ ഷൂസ് ധരിച്ച് പോരാടി ജയിക്കൂ’ എന്നാണ് വെബ്സൈറ്റിലെ ആഹ്വാനം ചെയ്തിരിക്കുന്നത്.
പിഴ അടക്കാൻ ഷൂ വിൽക്കാൻ ഇറങ്ങിയിരിക്കുകയാണ് ഡോണൾഡ് ട്രംപ് എന്നാണ് ട്രംപ് വിമർശകർ പറയുന്നത്. സ്വന്തം കമ്പനിയുടെയും മറ്റ് സ്വത്തുവകകളുടെയും മൂല്യം പെരുപ്പിച്ചുകാട്ടി ബാങ്കിങ്-ഇൻഷുറൻസ് സ്ഥാപനങ്ങളെ വഞ്ചിച്ചെന്നതാണ് നിലവിൽ ട്രംപിനെതിരേയുള്ള കേസ്. എന്നാൽ കേസ് വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും തിരഞ്ഞെടുപ്പിലെ തന്റെ മുന്നേറ്റം തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പ്രതികരിച്ചു. വിധിക്കേതിരെ അപ്പീൽപോകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി ജഡ്ജി ജസ്റ്റിസ് ആർതർ എൻഗൊറോൺ ആണ് വിധി പ്രഖ്യാപിച്ചത്. കേസിൽ മൂന്നുമാസമായി വിചാരണ നടക്കുകയായിരുന്നു. ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറായോ പ്രവർത്തിക്കുന്നതിൽനിന്ന് മൂന്നുവർഷത്തേക്ക് ട്രംപിനെ കോടതി വിലക്കുകയും ചെയ്തു. ബാങ്കുകളിൽ പുതിയ വായ്പകൾക്ക് അപേക്ഷിക്കുന്നതിനും വിലക്കുണ്ട്. കൂടാതെ ട്രംപിന്റെ ബിസിനസ് കാര്യങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.