UPDATES

വിദേശം

ഇന്ത്യന്‍ പ്രദേശങ്ങളുള്‍പ്പെടുത്തി നേപ്പാള്‍ ഭുപടം; നൂറു രൂപ നോട്ടില്‍ ഇന്ത്യ-നേപ്പാള്‍ തര്‍ക്കം

നേപ്പാളിന്റെ പുതിയ നീക്കം ഇപ്പോഴും തുടരുന്ന ഇന്ത്യ-നേപ്പാള്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാക്കിയേക്കും

                       

നൂറു രൂപ നോട്ടില്‍ കൊമ്പ് കോര്‍ത്ത് ഇന്ത്യയും നേപ്പാളും. ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉള്‍പ്പെടുത്തി കറന്‍സി പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കമാണ് അയല്‍രാജ്യവുമായി ഇന്ത്യ ഇടയാന്‍ കാരണമായിരിക്കുന്നത്. ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളാണ് ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ. 2020 ജൂണ്‍ 18-ന് ഭരണഘടന ഭേദഗതി ചെയ്ത് നേപ്പാള്‍ അവരുടെ രാഷ്ട്രീയഭൂപടം പുതുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ പ്രകോപനം. പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരിഷ്‌കരിച്ച ഭൂപടം നോട്ടില്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം നേപ്പാള്‍ സര്‍ക്കാര്‍ വക്താവായ രേഖ ശര്‍മയാണ് വ്യക്തമാക്കിയത്. സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി നേപ്പാള്‍ 1,850 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍.

അതേസമയം, വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിട്ടുണ്ട്. വ്യാജ ഭൗമ വിപൂലികരണമെന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്. നേപ്പാളുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെ അവര്‍ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ചില നീക്കങ്ങള്‍ നടത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.നേപ്പാളിന്റേത് കൃത്രിമ വിപുലീകരണമാണെന്ന് നടപടികളെ എതിര്‍ത്ത് ഇന്ത്യ മുമ്പും പ്രതികരിച്ചിരുന്നു. എന്നാല്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമില്ലാതെയാണ് നേപ്പാള്‍ ഭൂവിസ്തൃതി വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറയുന്നത്. നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള അവകാശവാദം 1817ല്‍ തള്ളിയിരുന്നതാണ്.

അതേസമയം, ഭൂപട പരിഷ്‌കരണത്തിന് പിന്നാലെ തന്നെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനും നേപ്പാള്‍ സൈന്യം നടപടിയെടുത്തിരുന്നു. അതിര്‍ത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മേധാവി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ റോഡ് നിര്‍മ്മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നതായും കലാപാനിക്കടുത്തുള്ള ചാങ്രുവില്‍ ഞങ്ങള്‍ സായുധ പൊലീസ് സേനയുടെ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചതായും അവര്‍ അറിയിച്ചിരുന്നു. നേപ്പാളിന്റെ പുതിയ നീക്കം ഇപ്പോഴും തുടരുന്ന ഇന്ത്യ-നേപ്പാള്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാക്കിയേക്കും.

 

content summary; Nepal to introduce new currency note featuring disputed territories with India

Share on

മറ്റുവാര്‍ത്തകള്‍