UPDATES

ഓഫ് ബീറ്റ്

തലസ്ഥാനത്തെ ചൊല്ലി തര്‍ക്കം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-38

                       

1956 ല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന ഉണ്ടായപ്പോള്‍ ചെറിയ സംസ്ഥാനമായ കേരളത്തിന് രണ്ട് തലസ്ഥാനം എന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല. എന്നാലും കേരളത്തിന്റെ തലസ്ഥാനത്തെ ചൊല്ലി തിരുവിതാംകൂറും, കൊച്ചിയും തമ്മില്‍ തര്‍ക്കമുണ്ടായി. കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പേ തലസ്ഥാനത്തെ ചൊല്ലി ഏറ്റുമുട്ടലും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ വളരെ വിപുലവും, താരതമ്യേന സമ്പന്നവും ആയിരുന്നു. നവോഥാന പ്രസ്ഥാനങ്ങള്‍, ശ്രീ മൂലം പ്രജാസഭ, പലവിധ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, കൃത്യമായ ഭരണ സംവിധാനം (വിപുലമായ ഹജൂര്‍ കച്ചേരി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ ഉള്‍പടെ) എന്നിവ മൂലം കൊച്ചിയേക്കാള്‍ രാഷ്ട്രീയ പ്രാധാന്യം തിരുവിതാംകൂറിനു ലഭിച്ചിരുന്നു. നാഗരികത എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം മുതലുള്ള പരിശ്രമങ്ങളാല്‍ തിരുവനന്തപുരം നഗരം കൊച്ചിയേക്കാള്‍ അക്കാലത്ത് ആധുനികമായിരുന്നു. നിലനിന്ന രാഷ്ട്രീയ മുന്‍തൂക്കം കാരണം തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായി മാറി. തൃശൂരും തലസ്ഥാനമാകുന്നതിന് ശ്രമം നടത്തിയിരുന്നു.

മലയാളത്തിന് കേരള സംസ്ഥാനം

1949 നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ഭാഗമായി തുടര്‍ച്ചയായി പല ചര്‍ച്ചകളും ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്ന കാര്യത്തില്‍ രാജ്യ തന്ത്രമായ മലയാളി കൂടിയായ വി പി മേനോനും ചേര്‍ന്നായിരുന്നു എല്ലാ യോഗങ്ങളും നിയന്ത്രിച്ചിരുന്നത്. കൊച്ചിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തിരുന്നത് പനമ്പള്ളി ഗോവിന്ദമേനോനും കെ പി മാധവന്‍ നായരും ആയിരുന്നു. പറവൂര്‍ പി കെ നാരായണപിള്ളയും ടി കെ മന്ത്രിസഭയിലെ നിയമ മന്ത്രി ഗംഗാധരമേനോനും മന്ത്രി ജോണ്‍ ഫിലിപ്പോസ് ആയിരുന്നു തിരുവിതാംകൂറിന്റെ പ്രതിനിധികളായി യോഗത്തില്‍ പങ്കെടുത്തിരുന്നത്. കേരളത്തിന്റെ തലസ്ഥാനം കൊച്ചിയില്‍ വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത് പനമ്പള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു. എന്നാല്‍ തലസ്ഥാനം തിരുവനന്തപുരം തന്നെ വേണമെന്ന് വാദിച്ചത് മന്ത്രിയായ ജോണ്‍ ഫിലിപ്പോസ് ആയിരുന്നു. പറവൂര്‍ ടി.കെ. നാരായണപിള്ളയും ഗംഗാധരമേനോനും പിന്താങ്ങിയതോടുകൂടിയാണ് തിരുവനന്തപുരം തലസ്ഥാനമായി മാറിയത്. പനമ്പള്ളി ഗോവിന്ദമേനോന്റെ താല്പര്യ പ്രകാരമാണ് കേരളത്തിന്റെ ഹൈക്കോടതി കൊച്ചിയില്‍ തുടരുവാന്‍ തീരുമാനമായത് തന്നെ. അഭിഭാഷകന്‍ കൂടിയായ പനമ്പിള്ളിക്ക് സംസ്ഥാനത്തിന്റെ ഉന്നത നീതിപീഠത്തിന്റെ പ്രാധാന്യം നന്നായി അറിയുമായിരുന്നു.

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം പല പ്രദേശങ്ങളില്‍ ഉള്ളവര്‍ ആവശ്യപ്പെടുകയും അത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുകയും ചെയ്ത സാഹചര്യത്തില്‍ വരയ്ക്കപ്പെട്ട കാര്‍ട്ടൂണ്‍ ശ്രദ്ധേയമായി. മാതൃഭൂമി ദിനപത്രത്തില്‍ ശിവറാം വരച്ചതായിരുന്നു ഈ കാര്‍ട്ടൂണ്‍. തിരുവിതാംകൂറും എറണാകുളം തൃശൂരും എല്ലാം തലസ്ഥാന നഗരമാകുന്നതിനായി ബലപ്രയോഗം നടത്തുന്നതാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍