UPDATES

ഓഫ് ബീറ്റ്

വിഭജന തര്‍ക്കം

രാഷ്ട്രീയ ഇടവഴി; പരമ്പര,ഭാഗം-34

                       

ഇന്ത്യന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ സ്റ്റേറ്റുകള്‍ ചേര്‍ന്ന് ഐക്യകേരളം നിലവില്‍ വന്നു. ഐക്യകേരളം എന്ന ആശയം സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നതിന് എത്രയോ മുമ്പുതന്നെ മലയാളികളുടെ സ്വപ്നമായിരുന്നു. തിരുവിതാംകൂറില്‍നിന്ന് പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഇതേപ്പറ്റി പത്രത്തില്‍ ആദ്യം എഴുതിയവരിലൊരാളാണ്.

ഐക്യകേരളം

കേരളം എന്ന സംസ്ഥാനം രൂപീകരിച്ചത് 1956 നവംബര്‍ ഒന്നാം തീയതിയാണ്. തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്ന് സുന്ദരമായ ഒരു സംസ്ഥാനം രൂപീകൃതമായി എന്ന് നമുക്ക് അഭിമാനത്തോടെ പറയാവുന്ന ആ ദിവസം നമ്മള്‍ കേരളപ്പിറവിയായി ആഘോഷിക്കുന്നു. ഭാഷാപരമായും സാഹിത്യപരമായും സാംസ്്കാരികപരമായും വേറിട്ട ഒരു ഭൂപ്രദേശമായ കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എന്തുകൊണ്ടും സുന്ദരമാണ്. സരസ്വതിയുടെ പ്രതിരൂപമാണ് കേരളം എന്നും പറയാറുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മള്‍ നമ്മുടെ നാടിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു.

മാതൃഭൂമി പത്രത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ചു തുടങ്ങുകയും പില്‍ക്കാലത്ത് ഏറെ പ്രശസ്തനുമായ കാര്‍ട്ടൂണിസ്റ്റ് തോമസ് ഒരു കാര്‍ട്ടൂണ്‍ വരച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ വേറിട്ടു നില്‍ക്കുന്ന വ്യത്യസ്ത പ്രദേശങ്ങളെ ഒന്നിപ്പിച്ച് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ആ സൗന്ദര്യം പൂര്‍ത്തീകരിക്കുന്നു എന്ന് സംസാരം ഉണ്ടായിരുന്ന കാലത്താണ് തോമസ് കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളത്. ഐക്യകേരളമാകുന്ന വീണയേന്തിയ കേരള ദേവീ രൂപത്തില്‍ മലബാര്‍ മേഖലയെ കൈയായി ചിത്രീകരിച്ചിരിക്കുന്നു. പ്രതിമയെ പൂര്‍ണരൂപത്തില്‍ എത്തിക്കാന്‍ വിട്ടുനില്‍ക്കുന്ന കൈ ഭാഗം ചേര്‍ത്ത് വെയ്ക്കാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ പൊതുജനമാകുന്ന ശില്‍പിയുടെ ശ്രമമാണ് കാര്‍ട്ടൂണില്‍ കാണുന്നത്.

Share on

മറ്റുവാര്‍ത്തകള്‍