സ്വാതന്ത്ര്യാനന്തരം, ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വിഭജിക്കുന്ന കാര്യത്തില്‍ പല നേതാക്കളും വിയോജിക്കുകയുണ്ടായി. ഭാഷയും സംസ്‌കാരവും പരസ്പരം ഇഴചേര്‍ന്നിരിക്കുന്നതിനാല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ എല്ലാവരും അംഗീകരിക്കുകയാണുണ്ടായത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ തത്വം അംഗീകരിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളും ഉടനടി ഭാഷാപരമായ സംസ്ഥാനങ്ങളായി മാറിയില്ല. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ 1960-ല്‍ സൃഷ്ടിക്കപ്പെട്ടു, ഇതിനുമുമ്പ് മറാത്തി, ഗുജറാത്തി സംസാരിക്കുന്ന ജനങ്ങളുള്ള ദ്വിഭാഷാ ബോംബെ സംസ്ഥാനം ഒരു പരീക്ഷണം നടന്നിരുന്നു. പഞ്ചാബ് സംസ്ഥാനത്ത് രണ്ട് ഭാഷാ വിഭാഗങ്ങളുണ്ടായിരുന്നു -പഞ്ചാബി സംസാരിക്കുന്നവരും ഹിന്ദി സംസാരിക്കുന്നവരും. പഞ്ചാബി സംസാരിക്കുന്ന ജനങ്ങള്‍ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. എന്നിരുന്നാലും, 1956-ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം, 1966-ല്‍ മാത്രമാണ് സംസ്ഥാന വിഭജനം യാഥാര്‍ത്ഥ്യമായത്. ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ പഞ്ചാബ് സംസ്ഥാനത്തില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടു.
സമ്പന്നമായ സാഹിത്യ പാരമ്പര്യമുള്ള മലയാള ഭാഷ മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നീ മൂന്ന് പ്രദേശങ്ങളിലെ ജനങ്ങളുടെ വൈകാരികവും സാംസ്്കാരികവുമായ സമന്വയത്തില്‍ എല്ലായ്‌പ്പോഴും ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിപ്പിച്ച് മലയാളം സംസാരിക്കുന്നവര്‍ക്കായി ഒരു പ്രദേശം എന്ന ആശയം രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ മൂന്നു പ്രദേശങ്ങളും കൂട്ടിയോജിപ്പിച്ച് ഐക്യകേരളം രൂപീകരിക്കുന്നതിനെക്കുറിച്ച് എഴുതിയിരുന്നു. മലയാളം സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ഭൂവിഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടുള്ള ഐക്യകേരളം എന്ന ആശയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സംഘടിതമായി പ്രചരിപ്പിച്ചിട്ടുണ്ട്. 1952 ഏപ്രില്‍ 4, 5, 6 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ എടുത്ത സുപ്രധാനമായ തീരുമാനം ഐക്യകേരളത്തിനുവേണ്ടി വമ്പിച്ച പ്രക്ഷോഭം നടത്തുക എന്നതായിരുന്നു. ആദ്യം മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സംസ്ഥാന രൂപീകരണത്തെ എതിര്‍ത്തിരുന്നെങ്കിലും ഐക്യകേരള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന സമ്മേളനം മലബാറില്‍ ഐക്യകേരളം രൂപീകരിക്കുന്നതിന് അനുകൂലമായി.
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റും ചിന്തകനുമായിരുന്ന കെ. കേളപ്പന്‍ മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാടിന് നേത്യത്വം നല്‍കിയ വ്യക്തിയാണ്. ഐക്യകേരള രൂപീകരണത്തില്‍ അദ്ദേഹം ത്യപ്തനായിരുന്നില്ല. ഒടുവില്‍ അദ്ദേഹം മനസില്ലാ മനസോടെ സമ്മതിക്കുകയും, പിന്നീട് കേരള ഗാന്ധി എന്ന് അറിയപ്പെടുകയും ചെയ്തു എന്നത് ചരിത്രം. ഈ ഒരു സാഹചര്യം ചിത്രീകരിച്ച് കെ. എസ്. പിള്ള ദേശബന്ധുവില്‍ 1949 മാര്‍ച്ച് 29ന് വരച്ച കാര്‍ട്ടൂണ്‍ അക്കാലത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ വിമര്‍ശനാത്മകമായ നേര്‍ ചിത്രമാണ്