ഉച്ചവെയിലിന്റെ ചൂടിൽ ബാങ്കിലേക്ക് കയറിച്ചെല്ലുമ്പോൾ ഭംഗിയായി വസ്ത്രം ധരിച്ച്, കറങ്ങുന്ന കസേരയിൽ, എ സി മുറികളിൽ ഇരുന്ന് ജോലി ചെയ്യുന്നവരെ ഒരിക്കലെങ്കിലും അസൂയയോടെ നോക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അന്നത്തെ ടാർഗെറ്റ് തികക്കാത്തത് കൊണ്ട് വീട്ടിൽ പോകാൻ സാധിക്കുമോ എന്ന ആകുലതയിലാണവർ ഇരിക്കുന്നതെന്ന് ആർക്കും അറിയില്ല. തങ്ങളെ കാത്ത് ഒരു കുടുംബം മുഴുവൻ ഉണ്ടെന്ന വ്യാകുലതയും അവരിൽ ഓരോരുത്തരിലുമുണ്ടാകും. സ്ത്രീകൾ ജോലിക്ക് പോകുമ്പോൾ അടുക്കളയും അരങ്ങും ഒരു പോലെ കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് ഇന്ന്. കുടുംബവും ജോലിയും ഒരു പോലെ കൊണ്ടുപോകാൻ പലപ്പോഴും കഴിയാറില്ല. ജീവിക്കാൻ വേണ്ടി ജോലിചെയ്യുന്നതിനു പകരം ജോലിക്ക് വേണ്ടി ജീവിക്കേണ്ട അവസ്ഥയാണ് പലർക്കും. toxic banking sector
ജോലി സമ്മർദം മൂലം ആത്മഹത്യ ചെയ്യുന്നവരും വിഷാദ രോഗികളുടേയും എണ്ണം ബാങ്കിങ് മേഖലയിൽ കൂടി കൊണ്ടിരിക്കുകയാണ്. സ്വന്തം കുടുംബം പോലും മറന്ന് ബാങ്കിന് അമിത ലാഭം ഉണ്ടാകണം എന്ന നയമാണ് പല ബാങ്കുകളിലും. ബാങ്കിലെ ഉദ്യോഗം എന്ന് കേൾക്കുമ്പോൾ തന്നെ ജീവിതം സുരക്ഷിതമായി എന്ന ചിന്ത ഒക്കെ മാറിയിട്ട് കാലങ്ങൾ ഏറെയായി. ടാർഗറ്റ് തികയ്ക്കാത്തതിന് ജൂനിയർ ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും മേലുദ്യോഗസ്ഥരുടെ വീഡിയോ ഈ അടുത്താണ് പുറത്തുവന്നത്. ജോലിയേക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകരുതെന്നാണ് മേലുദ്യോഗസ്ഥരുടെ ഉപദേശം. സേവനത്തിൽ നിന്ന് വഴിമാറി സമ്മർദത്തിന്റെ മാത്രം ജോലി ആയികൊണ്ടിരിക്കുകയാണ് ബാങ്ക് ഉദ്യോഗം എന്നാണ് കുടുംബിനി കൂടിയായ ബാങ്കുദ്യോഗസ്ഥ അഴിമുഖത്തോട് പറയുന്നത്.
ആത്മഹത്യക്കും ജീവിതത്തിനും ഇടയിൽ; ബാങ്ക് ജീവനക്കാർക്ക് എന്താണ് സംഭവിക്കുന്നത് ?
കുടുംബം മറക്കുന്നുവെന്ന കുറ്റബോധം
കുടുംബത്തിന് വേണ്ടി മാറ്റി വെക്കേണ്ടസമയം പോലും ജോലിയിൽ മുഴുകേണ്ട അവസ്ഥയാണ് പലർക്കും. പ്രമുഖ ബാങ്കുകളിൽ പലതിലും മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നവരാണ്. കടുത്ത വിഷാദ രോഗികൾ മുതൽ, മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നവർ വരെ നീളുന്നതാണ് ബാങ്ക്ജീവനക്കാരുടെ നിര. മാതാപിതാക്കൾക്ക് ജോലിയുടെ പിറകെ പോകേണ്ടി വരുമ്പോൾ മക്കളുടെ കാര്യമാണ് പരിങ്ങലിലാകുന്നത്. ഭാര്യയും ഭർത്താവും ഒരു പോലെ സമ്മർദം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നാണ് ജോലി കഴിഞ്ഞു വരുന്നതെങ്കിൽ കുടുംബ ജീവിതം താറുമാറാകും. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും അമ്മക്ക് പകരമാകാൻ ആർക്കും സാധിക്കില്ല. ജോലിക്കാരെ നിർത്തുന്നത് എല്ലാം ഒരു പരിധിവരെയെ ഉപകരിക്കൂ. മക്കളെ സ്നേഹിച്ച് വേണം വളർത്താൻ, ഈ കഷ്ടപ്പെടുന്നതെല്ലാം അവർക്കു വേണ്ടിയാണ്. അതിനുള്ള പരക്കം പാച്ചിലിൽ അവർക്ക് വേണ്ട സമയത്ത് ഒപ്പം ഉണ്ടാകാൻ കഴിയാത്തതിന്റെ കുറ്റബോധം നമ്മെ വിഴുങ്ങുകയും ചെയ്യും. ജോലി സമ്മർദം ലഘൂകരിക്കാൻ കൗൺസിലിങ്ങുകളോ മറ്റു പദ്ധതികളോ ഒരു ബാങ്കും നൽകുന്നില്ല. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഇനിയും ആത്മഹത്യകളുടെ എണ്ണം കൂടും. ജീവനക്കാരുടെ സുഹൃത്ബന്ധവും, കുടുംബ ബന്ധങ്ങളും ഒരു പോലെ തകരാറിലായിക്കൊണ്ടിരിക്കുകയാണ്. ബാങ്കിങ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് ബ്രാഞ്ച് മാനേജർമാരാണ്. എങ്ങനെ ബ്രാഞ്ച് മാനേജർ ആകാതിരിക്കാം എന്ന് ചിന്തിച്ച് പോകുന്ന അവസ്ഥയാണ്.
ട്രാന്‍സ്ഫര്‍ മുതല്‍ ലൈംഗീക ചൂഷണം വരെ; ജീവനെടുക്കുന്ന ബാങ്ക് ഉദ്യോഗം
ഈ ജോലിയിൽ നിൽക്കുമ്പോൾ കുടുംബവുമായുള്ള ബന്ധം തന്നെ ശോഷിച്ചു പോകുന്ന അവസ്ഥയാണ്. ആരുടേയും കാര്യം അങ്ങോട്ട് വിളിച്ച് അന്വേഷിക്കാനുള്ള സമയമൊന്നും ലഭിക്കില്ല. ജോലിക്ക് കയറി കഴിഞ്ഞാൽ വീടോ, വീട്ടിലുള്ള സുഖമില്ലാത്തവരെ കൂടി ഓർക്കാനുള്ള സമയം ലഭിക്കില്ല എന്നതാണ് സത്യം. തങ്ങളുടെ കുടുംബങ്ങളെ മറന്നാണ് ഓരോരുത്തരും ജോലി ചെയ്യുന്നത് എന്നത് ഒരു യാഥാർഥ്യമാണ്. മറ്റൊരു പ്രശ്നമാണ് വായ്പ വീണ്ടെടുക്കൽ. കുടിശ്ശിക ഉള്ളവരെ കൊണ്ട് വായ്പകൾ തിരിച്ചടപ്പിക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഒരു വ്യക്തി ഭർത്താവിന്റെയോ കുടുംബക്കാരെയോ വിളിക്കുന്നതിൽ കൂടുതൽ വായ്പ തിരിച്ചടക്കാനുള്ളവരെ ആയിരിക്കും വിളിക്കുന്നത്. ഒരു സ്ത്രീ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സന്തോഷവതി ആയിരിക്കണം. കാരണം അവരെയും പ്രതീക്ഷിച്ച് നിൽക്കുന്നവരാണ് വീട്ടിലെ എല്ലാവരും. ഓഫീസിലെ സമ്മർദങ്ങൾ പലപ്പോഴും വീട്ടിലുള്ളവരെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ അനുവദിക്കാറില്ല. വൈകി ചെല്ലുന്ന ദിവസങ്ങളിൽ എല്ലാവരും ഉറക്കം പിടിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും. ഐ ടി ജോലി പോലെ ചെയ്യാൻ പറ്റിയതല്ല ബാങ്കിങ്. അവിടെ യന്ത്രങ്ങളോട് ഇടപഴകുന്നത് പോലെ ബാങ്കിൽ വരുന്ന മനുഷ്യരോട് ഇടപഴകാൻ സാധിക്കില്ല. ബാങ്കിൽ ജോലി ചെയ്യുന്ന പലർക്കും ഒരു ജീവിതം ഇല്ല എന്ന് പറയുന്നതായിരിക്കും ശരി.
സേവനത്തിൽ നിന്ന് കച്ചവടത്തിലേക്ക്
അമിത ലാഭം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിങ് മേഖലയിലേക്ക് ഇൻഷുറൻസ് കൊണ്ട് വരുന്നത്. ജനങ്ങൾക്ക് ഉപകാരമുള്ള പദ്ധതികളും പോളിസികളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഞങ്ങൾ ഓരോരുത്തരും ശ്രമിക്കാറുള്ളത്. സേവനം എന്ന ചിന്ത മനസ്സിൽ ഉള്ളത് കൊണ്ടും സർക്കാരിന്റേതടക്കം പല പദ്ധതികൾ ബാങ്ക് വഴിയാണ് ജനങ്ങളിലേക്ക് എത്തുന്നത് എന്നുള്ളത് കൊണ്ടും ഞങ്ങളോടുള്ള എല്ലാവരുടെയും പെരുമാറ്റം അല്പം മാന്യമായിരിക്കണം എന്ന ആഗ്രഹം ഉണ്ട് മനസ്സിൽ. പലപ്പോഴും മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ചില ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും അത് ലഭിക്കാറില്ല. ജനങ്ങൾക് വേണ്ടി നില കൊള്ളുന്നതിൽ ഒരു ബാങ്ക് ജീവനക്കാരും മനപൂർവം പിന്നോട്ട് പോകില്ല. 2015 വരെ ഏത് ബാങ്കും പ്രവർത്തിച്ചിരുന്നത് അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ ഇന്നതല്ല സ്ഥിതി. ബാങ്കിങ് മേഖലയിൽ കൂടുതൽ വിരമിക്കലുകൾ നടന്ന സമയം കൂടിയായിരുന്നു അത്. പക്ഷെ അതിനനുസരിച്ച് വേണ്ട നിയമനങ്ങൾ നടന്നിട്ടില്ല എന്നതാണ് വാസ്ഥവം. ജോലി ഭാരം കൂടുന്നതിൽ ഇത് വലിയ ഒരു ഘടകമാണ്. ഈ സാഹചര്യം നിലനിൽക്കെ തന്നെയാണ് പലതരത്തിലുള്ള ക്യാമ്പെയ്‌നുകളും ടാർഗെറ്റുകളും നൽകി കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത്.
ബാങ്കിങ് മേഖലയിൽ ഒരു ‘രക്തസാക്ഷി ‘ കൂടി
ടാർഗെറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ വീട്ടിൽ പോകണ്ട
നിലവിൽ ഏറ്റവും കൂടുതൽ തലവേദന തരുന്നത് ദിവസവുമുള്ള ടാർഗെറ്റ് തികക്കാനാണ്. ഒരു ദിവസവും ഒരു നിശ്ചിത എണ്ണം അക്കൗണ്ടുകൾ ഓരോ ബാങ്കിലും തുറന്നിരിക്കണം. അല്ലെങ്കിൽ ആ ദിവസം അവസാനം നടത്തുന്ന ഇടപാടിനെ ഡേ എൻഡ് എന്നാണ് പറയുക. അത് റീജിയണൽ ഓഫീസിൽ നിന്ന് ബ്ലോക്ക് ചെയ്യും. ആരാണോ ടാർഗറ്റ് പൂർത്തിയാക്കിയത് അവരുടെ ബ്ലോക്ക് മാത്രം മാറ്റും. ചുരുക്കത്തിൽ ടാർഗറ്റ് പൂർത്തിയാക്കിയതിന് ശേഷം മാത്രം വീട്ടിൽ പോയാൽ മതിയെന്നാണ് ഉദ്ദേശിക്കുന്നത്. ഇത് യഥാർത്ഥത്തിൽ നിയമവിരുദ്ധമായ ഒരു നടപടിയാണ്. പക്ഷെ ഈ സമയം ആകുമ്പോഴേക്കും എല്ലാവരുടെയും മാനസികാവസ്ഥ ആകെ മാറും. ആറ് മണിക്കോ, അഞ്ച് മണിക്കോ ഓഫീസിൽ നിന്ന് ഇറങ്ങേണ്ട ഒരു ജീവനക്കാരി ചിലപ്പോൾ ഇറങ്ങുക ഒൻപത് മണിക്ക് ആയിരിക്കും. ഓഫീസിലെ ജോലികൾ തീർത്തതിനു ശേഷം വേണമല്ലോ വീട്ടിലെ ജോലികൾ ചെയ്യാൻ. ഇതാണ് എല്ലാ ദിവസവും സംഭവിക്കുന്നത്, സ്ഥിരം സംഭവം ആകുമ്പോൾ ഒരു തരം മടുപ്പ് ബാധിക്കാൻ തുടങ്ങും.
ഗ്രാമപ്രദേശങ്ങളെയും നഗര പ്രദേശങ്ങളെയും ഒരു പോലെ കണ്ടു കൊണ്ട് ഒരു പദ്ധതിയും നടപ്പിലാക്കാൻ സാധിക്കില്ല. ഇത്രയധികം അക്കൗണ്ടുകൾ തുറക്കാനുള്ള ജനസാന്ദ്രത ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് പലപ്പോഴും ടാർഗെറ്റുകൾ തരുന്നത്. ഇനി അഥവാ പരിചയത്തിന്റെ പുറത്തോ സുഹൃത്ബന്ധത്തിന്റെ പുറത്തോ അക്കൗണ്ടുകൾ തുടങ്ങിയാൽ തന്നെ മിനിമം ബാലൻസ് കൂടി അക്കൗണ്ടുകളിൽ ഉണ്ടാകണം. അഞ്ച് അക്കൗണ്ട് ഉണ്ടെകിൽ അഞ്ചിലും 500 , 1000 രൂപയൊന്നും നിക്ഷേപിക്കാൻ എല്ലാവരുടെ കയ്യിലും ഉണ്ടാകണം എന്നില്ല. ഇത് കൂടാതെ എ ടി എം കാർഡുകൾ, ഡിജിറ്റൽ ബാങ്കിങ് സംവിധാനം തുടങ്ങിയവും ഉപഭോക്താക്കൾക്ക് നൽകുകയും വേണം. ചില ബാങ്കുകളിൽ ഇതിന്റെ കൂടെ ഇൻഷുറൻസ് കൂടി നിർബന്ധിച്ച് ഉപയോക്താക്കളെ കൊണ്ട് എടുപ്പിക്കും. ഇൻഷുറൻസ് ഒരു വ്യക്തിയുടെ സ്വന്തം തീരുമാനമാണ് അത് ആരിലും അടിച്ചേൽപ്പിക്കാനുള്ളതല്ല. ഉപഭോക്താക്കളെ പറ്റിച്ചുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പലരും ഏൽപ്പിക്കുന്നത്. അവർക്ക് കൂടി ഉപകാരം ഉള്ള കാര്യമാണെങ്കിൽ പിടിച്ചേൽപ്പിക്കുന്നതിൽ ഒരു അർഥം ഉണ്ടെന്ന് കരുതാം പക്ഷെ പലപ്പോഴും സ്ഥിതി അതല്ല.
പ്രസവാവധിക്ക് പോലും കാലു പിടിക്കണം
ഒരു അത്യാവശ്യം വരുമ്പോൾ പോലും അവധിയെടുക്കാൻ അനുവദിക്കില്ല. തന്നിട്ടുള്ള ടാർഗെറ്റുകൾ പൂർത്തിയാക്കിയാൽ മാത്രം ലീവ് എടുത്തോളൂ എന്നാണ് പൊതുവെ പറയാറുള്ളത്. അത്ര അത്യാവശ്യം ഉള്ള കാര്യങ്ങൾക്കായിരിക്കും ചോദിക്കുന്നത്. പക്ഷെ അനുവദിക്കില്ല. ചിലപ്പോൾ ഉദ്ദേശിച്ച കാര്യങ്ങൾക്ക് എത്താൻ കഴിയാതെ വരും. അതിൽ നിന്നുണ്ടാകുന്ന മാനസിക സമ്മർദ്ദം കൂടി താങ്ങേണ്ടിവരും. അവധി അനുവദിക്കാത്തതിനാലാണ് എത്താൻ സാധിക്കാതെന്നു പറഞ്ഞാൽ എല്ലാവർക്കും മനസിലായിക്കൊള്ളണം എന്നില്ല. അവധി എടുക്കുക എന്നത് തന്നെ വലിയ ഒരു ചടങ്ങാണ്. അഥവാ ലീവ് അനുവദിക്കുകയാണെങ്കിൽ കൂടി ഓൺലൈൻ മീറ്റിംഗുകളും മറ്റ് ഫോൺ കോളുകളും വന്നുകൊണ്ടിരിക്കും. ഒഴിവ് ദിവസങ്ങളിൽ കൂടി വന്നു ടാർഗെറ്റ് തികക്കാനുള്ള നിർദ്ദേശങ്ങളും കുറവല്ല. ഇത്തരം പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത് സ്ഥിരം സംഭവമാണ്. പ്രധാനമായും ട്രാൻസ്ഫർ ആണ് ഭീഷണി. പ്രതികാര നടപടികൾ സ്വീകരിക്കുന്നതും ട്രാൻസ്ഫർ എന്ന ആയുധം ഉപയോഗിച്ചാണ്. കൊല്ലും എന്ന് പറയുന്നത് പോലെയാണ് ട്രാൻസ്ഫർ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. ആരെയും കുറ്റം പറയാൻ പറ്റില്ല, ഇതൊക്കെ ചെയ്താലേ വീട്ടിൽ പോകാൻ സാധിക്കു.
ശാരീരികമായി ഉപദ്രവിക്കുന്ന സാഹചര്യങ്ങൾ പലതും ഉണ്ടാകാം. അതിനോട് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കേണ്ടി വരും പലപ്പോഴും.
പ്രസവാവധി ചോദിച്ചാൽ പോലും മുഖം ചുളിക്കുന്ന മേലുദ്യോഗസ്ഥരാണ് കൂടുതലും. തരാതിരിക്കാൻ കഴിയാത്തത് കൊണ്ട് തരുന്നതാണ്. പ്രസവാവധി കഴിഞ്ഞ് വരുന്നവരോട് പലപ്പോഴും മോശമായാണ് പെരുമാറാറുള്ളത്. ഒരു ശിക്ഷപോലെ കാണുന്ന പ്രവണതയാണ് പ്രസവാവധിക്ക് പോകുന്നവരോട്. ഒരുപക്ഷെ കുഞ്ഞിന് എന്തെകിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടെകിൽ അവധി നീട്ടി ചോദിച്ചാൽ മാനസികമായി വല്ലാതെ തളർത്തുന്ന പെരുമാറ്റമാണ് ഉണ്ടാകാറുള്ളത്.
content summary : toxic work culture in banking sector