UPDATES

ഓഫ് ബീറ്റ്

വിഭജന തര്‍ക്കം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-52

                       

ഇന്ത്യന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956. സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാ വാദം ശക്തമായി. മദ്രാസ് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഉള്ള തെലുങ്ക് പ്രദേശങ്ങള്‍ അവരുടെ സ്വന്തം സംസ്ഥാനത്തിനായി വാദം ഉന്നയിച്ചു. 1953ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ 16 തെലുങ്ക് ജില്ലകള്‍ ചേര്‍ത്ത് ആന്ധ്ര സംസ്ഥാനം രൂപം കൊടുത്തു. ഇത് വലിയ തര്‍ക്കത്തിന് കാരണമായി. ആന്ധ്രാ സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് മദ്രാസ് കൂടി ചേര്‍ക്കണമെന്ന് മദ്രാസ് പ്രസിഡന്‍സിയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഇന്ത്യന്‍ നിയമജ്ഞനും രാഷ്ട്രീയ നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവും കൊളോണിയല്‍ വിരുദ്ധ ദേശീയവാദിയുമായിരുന്ന ടംഗുതൂരി പ്രകാശം വാദിച്ചു.

ഞങ്ങള്‍ ഭരിക്കും, കണ്ടോളൂ…

മദ്രാസ് സംസ്ഥാനത്തിലെ തെലുങ്ക് സംസാരിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി പോറ്റി ശ്രീരാമുലു പുതിയ സംസ്ഥാനം വേണമെന്ന ആവശ്യവുമായി 1952-ല്‍ മരണം വരെ നിരാഹാരം നടത്തുകയുണ്ടായി. അതാണ് ആന്ധ്രാ സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ചത് എന്ന് ചരിത്രം. തെലുങ്ക് സംസാരിക്കുന്ന ആന്ധ്രാ സംസ്ഥാനം മദ്രാസ് സംസ്ഥാനത്തില്‍ നിന്ന് വേര്‍പെടുത്തിയത് 1953 ഒക്ടോബര്‍ ഒന്നിനായിരുന്നു. അങ്ങനെ മദ്രാസ് പട്ടണം ലഭിച്ചില്ലെങ്കിലും ടംഗുതൂരി പ്രകാശം ആദ്യ മുഖ്യമന്ത്രിയായി. 1956-ലെ മാന്യന്മാരുടെ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍, 1956 നവംബര്‍ 1-ന് ഹൈദരാബാദ് സംസ്ഥാനത്തിന്റെ അയല്‍പക്കത്തെ തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങള്‍ ഹൈദരാബാദുമായി ലയിപ്പിച്ചുകൊണ്ട് സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം ആന്ധ്രാപ്രദേശ് രൂപീകരിച്ചു.

ഈ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ മാതൃഭൂമി പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശിവറാം ഒരു കാര്‍ട്ടൂണ്‍ വരച്ചു. പത്രവായനക്കാര്‍ക്ക് വളരെ ലളിതമായി വിഷയം മനസിലാക്കുന്ന രീതിയിലുള്ളതാണ് ശിവറാമിന്റെ കാര്‍ട്ടൂണ്‍. മദ്രാസ് പട്ടണമെന്ന ആഭരണപ്പെട്ടിക്ക് മുകളില്‍ രാജഗോപാലാചാരി എന്ന രാജാജി കാവലാളായി ഇരിക്കുന്നു. മദ്രാസ് പട്ടണം തമി്‌നാടിനൊപ്പം വേണമെന്നാണ് രാജാജിയുടെ പക്ഷം. അതേസമയം ടംഗുതൂരി പ്രകാശം മദ്രാസ് പട്ടണവും ആന്ധ്രയുടെ കൂടെ വേണമെന്ന ആവശ്യവുമായി നില്‍ക്കുന്നു. സമീപം സുന്ദരിയായ ആന്ധ്രയെന്ന സ്ത്രീയും പ്രധാനമന്ത്രി നെഹ്‌റുവും, കോണ്‍ഗ്രസ് നേതാവും ഭരണഘടനാ നിര്‍മ്മാണ സഭാംഗവുമായ പുരുഷോത്തംദാസ് ടണ്ഡനും കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി.

 

Share on

മറ്റുവാര്‍ത്തകള്‍