UPDATES

ഓഫ് ബീറ്റ്

ഞങ്ങള്‍ ഭരിക്കും, കണ്ടോളൂ…

രാഷ്ട്രീയ ഇടവഴി;പരമ്പര, ഭാഗം-51

                       

ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെ ഇറക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തില്‍ വിമോചന സമരം തുടങ്ങി. കേരള സംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ല്‍ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു വിമോചനസമരം. 1957 ഏപ്രില്‍ അഞ്ചിന് ഇ.എം.എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം, ടി.വി. തോമസ്, സി. അച്യുതമേനോന്‍, കെ.സി. ജോര്‍ജ്ജ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആര്‍. മേനോന്‍, കെ.പി. ഗോപാലന്‍, വി.ആര്‍. കൃഷ്ണയ്യര്‍, ടി.എ. മജീദ്, പി.കെ. ചാത്തന്‍, കെ.ആര്‍. ഗൗരിയമ്മ എന്നിവരും മന്ത്രിമാരായി.

ചെന്നായ് വരുന്നേ ചെന്നായ്…

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വിജയം പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഒഴികെ ആര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. കേരളത്തിലെ അന്നത്തെ ഗവര്‍ണര്‍ രാമകൃഷ്ണറാവു മുന്‍കാലത്ത് കോണ്‍ഗ്രസ്സ് നേതാവും മുഖ്യമന്ത്രിയും കൂടിയായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെ അദ്ദേഹം മാനസികമായി എതിര്‍ത്തിരുന്നു. കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് കമ്യൂണിസ്റ്റ് മുന്നേറ്റം അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. ഭാരതത്തിന്റെ ഭാവിക്കുമേല്‍ പതിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിട്ടാണ് അവര്‍ അന്നേവരെ കമ്യൂണിസ്റ്റ് ആശയങ്ങളെ കണ്ടിരുന്നതും മറ്റുള്ളവരെ ബോധവല്‍ക്കരിച്ചിരുന്നതും. എന്തുവിലകൊടുത്തും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഇല്ലാതാക്കുന്നതിനായി ശ്രമം തുടങ്ങി. സിറോ മലബാര്‍ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി(എന്‍.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ചേര്‍ന്ന് കേരള സര്‍ക്കാരിനെതിരെ വിമോചന സമരം തുടങ്ങി.

കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിര ഗാന്ധിയുടെ താത്പര്യത്തിന്റെ ഭാഗമായി ഗവര്‍ണ്ണര്‍ രാമകൃഷ്ണറാവു കേരളത്തിലെ വിമോചന സമരകാലത്തെ ക്രമസമാധാന തകര്‍ച്ച ചൂണ്ടി കാട്ടി റിപ്പോര്‍ട്ട് നല്‍കി. അങ്ങനെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമര പ്രക്ഷോഭം 1959-ല്‍ മന്ത്രിസഭയുടെ പുറത്താക്കലില്‍ കലാശിച്ചു.

1959 ജൂലൈ 1ന് കാര്‍ട്ടൂണിസ്റ്റ് ടോംസ് മലയാള മനോരമയില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ആറ്റം എന്ന പേരിലാണ് കെ. എസ് പിള്ളയുടെ ശൈലിയില്‍ ടോംസ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. 1957ല്‍ കേരളത്തില്‍ 28 ദിനപത്രങ്ങളും ഡസന്‍ കണക്കിന് വാരികകളും മാസികകളും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ഇ.എം.എസ് തോണിയിലെ മുഖ്യ തുഴക്കാരനായി തുഞ്ചത്ത് തന്നെ ഉണ്ട്. മന്ത്രിസഭാ അംഗങ്ങള്‍ തുഴക്കാരുമാണ്. തോണി പക്ഷെ വെള്ളം ഇല്ലാതെ ചെളിയില്‍ പതിഞ്ഞിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും നോട്ടീസും മറ്റും ചേര്‍ത്ത് കാറ്റിന്റെ ശക്തിയില്‍ തോണി മുന്നോട്ട് പോകാന്‍ വലിയ പായ് ഒരുക്കിയിട്ടുണ്ട്. എ.കെ.ജിയും, അജയഘോഷും, എം.എന്‍. ഗോവിന്ദന്‍ നായരും ഊതുന്നുമുണ്ട്. വെള്ളവും കാറ്റുമില്ലെങ്കിലും 1962 വരെ ഞങ്ങള്‍ ഭരിക്കുമെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുന്നതാണ് കാര്‍ട്ടൂണ്‍.

Share on

മറ്റുവാര്‍ത്തകള്‍