UPDATES

‘നിങ്ങള്‍ എത്ര വേണമെങ്കിലും ചോര്‍ത്തൂ, ഞങ്ങള്‍ ഭയക്കില്ല, നിശബ്ദരാകില്ല’

ആപ്പിളിന്റെ ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്തു പ്രതിപക്ഷം

                       

രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം. കോണ്‍ഗ്രസ്, സിപിഎം, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് തങ്ങളുടെ ഐ ഫോണുകളിലേക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി വെളിപ്പെടുത്തിയത്. അതേസമയം, ഇത്തരം നോട്ടിഫിക്കേഷനുകള്‍ ചിലപ്പോള്‍ തെറ്റായ മുന്നറിയിപ്പ് ആയേക്കാമെന്നൊരു വാദം ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനുണ്ട്. 2021 -ന്റെ അവസാനത്തോടെയാണ് ആപ്പിള്‍ ഇത്തരത്തില്‍ അലര്‍ട്ടുകള്‍ അയക്കാന്‍ തുടങ്ങിയത്. 150 രാജ്യങ്ങളിലെ വ്യക്തികള്‍ക്ക് ഇത്തരം മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ട്.

ഭരണകൂടം പിന്തുണയ്ക്കുന്ന ഹാക്കര്‍മാര്‍ നിങ്ങളെ ലക്ഷ്യമിടുന്നതായി ആപ്പിള്‍ വിശ്വസിക്കുന്നതായുള്ള സന്ദേശമാണ് മധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കെള്‍ക്കും കിട്ടിയത്. ഏകദേശം 20 ഓളം പേര്‍ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര, ശിവസേന(ഉദ്ധവ് വിഭാഗം) എംപി പ്രിയങ്ക ചതുര്‍വേദി, എഎപി എംപി രാഘവ് ഛദ്ദ, കോണ്‍ഗ്രസ് എം പി ശശി തരൂര്‍, അസാദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഡെക്കാന്‍ ക്രോണിക്കള്‍ റസിഡന്റ് എഡിറ്റര്‍ ശ്രിറാം കാറി, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റ് സമിര്‍ സരണ്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തക രേവതി, കോണ്‍ഗ്രസ് എം പി കെ സി വേണുഗോപാല്‍, എന്‍സിപി എംപി സുപ്രിയ സുലെ, കോണ്‍ഗ്രസ് എംപി രേവതി റെഡ്ഡി, ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എസ് സിന്‍ഗ്‌ദോ, ഒസിസിആര്‍പി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍, ഭരതീയ രാഷ്ട്രസമിതി(ബിആര്‍എസ്) നേതാവും തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു, ഒസിസിആര്‍പി സൗത്ത് ഏഷ്യ റിജീയണല്‍ എഡിറ്റര്‍ ആനന്ദ് മന്‍ഗന്‌ലെ എന്നിവരുടെയും രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ചില ജീവനക്കാരുടെയും ഫോണുകളാണ് ചോര്‍ത്തുന്നതായി മുന്നറിയിപ്പ് കിട്ടിയിരിക്കുന്നത്.

നിങ്ങള്‍ ആരാണെന്നതും നിങ്ങള്‍ ചെയ്യുന്നത് എന്താണെന്നതിനാലും നിങ്ങളെ ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്(ALERT) എന്ന് രേഖപ്പെടുത്തിയ ഇമെയ്ല്‍ സന്ദേശത്തില്‍ പറയുന്നത്. ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഐഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് വഴി അവര്‍ നിങ്ങളുടെ ഫോണിലുള്ള നിര്‍ണായക രേഖകളും, നിങ്ങള്‍ നടത്തുന്ന ആശയവിനിമയങ്ങളും, ഒരുവേള നിങ്ങളുടെ ഫോണ്‍ കാമറയും മൈക്രോഫോണും വരെ ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ആപ്പിളിന്റെ മുന്നറിയിപ്പ്.

‘ഭരണകൂട പിന്തുണയുള്ള ആക്രമണകാരികള്‍ വളരെ സ്വാധീനം ഉള്ളവരാണ്. അവരുടെ ആക്രമണങ്ങള്‍ കാലക്രമേണ കൂടി വരികയാണ്. അത്തരം ആക്രമണങ്ങള്‍ കണ്ടെത്തുന്നത് പലപ്പോഴും അപൂര്‍ണമായ അപകട ഇന്റലിജന്‍സ് സിഗ്‌നലുകളെ ആശ്രയിച്ചാണ്. ആപ്പിളിന്റെ ചില മുന്നറിയിപ്പുകള്‍ തെറ്റായ അലാറം ആയിരിക്കാം”. ആപ്പിള്‍ ടെക് കമ്പനി ഈ പ്രശ്‌നത്തില്‍ നടത്തുന്ന പ്രസ്താവന ഇങ്ങനെയാണ്. ‘ഇത്തരത്തിലുള്ള അറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതിന് പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല. കാരണം, ഭാവിയില്‍ ഇത്തരം അപകടങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആക്രമണകാരികള്‍ അത് ദുരുപയോഗം ചെയ്‌തേക്കാം’ എന്നും ആപ്പിള്‍ പറയുന്നു.

അതേസമയം, തങ്ങളുടെ ഫോണുകളില്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്ന സന്ദേശം കിട്ടിയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരിനെതിരേ പരിഹാസപൂര്‍ണമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഞങ്ങളെപ്പോലെ നികുതി നല്‍കുന്നവരുടെ ചെലവില്‍ ജോലിയില്ലാതെയിരിക്കുന്ന ചില ഉദ്യോഗസ്ഥരെ തിരക്കിലാക്കിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു ‘ എക്‌സി’ലൂടെ ശശി തരൂര്‍ പരിഹസിച്ചത്.

തന്റെ ഓഫിസ് ജീവനക്കാരുടെയടക്കം, പ്രതിപക്ഷത്തെ നേതാക്കളുടെ ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചിട്ടുണ്ട്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. എത്രവേണമെങ്കിലും ഫോണ്‍ ചോര്‍ത്തിക്കോളാനും തങ്ങള്‍ ഭയക്കില്ലെന്നും അദാനിക്കെതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ‘ നിങ്ങള്‍ വേണ്ടത്ര ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തിക്കോളൂ, പക്ഷേ ഞങ്ങള്‍ നിങ്ങളെ ചോദ്യം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും’. രാഹുലിന്റെ വാക്കുകള്‍.

നിങ്ങളുടെ ഭയം കണ്ടിട്ട് പുച്ഛം തോന്നുന്നുവെന്നായിരുന്നു തൃണമൂല്‍ എം പി മഹുവ മൊയ്ത്ര പ്രതികരിച്ചത്. എന്തിനാണ് മോദി സര്‍ക്കാര്‍ എങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു പവന്‍ ഖേരയുടെ ചോദ്യം. നാണക്കേടെന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ ആക്ഷേപം.

Related news


Share on

മറ്റുവാര്‍ത്തകള്‍