UPDATES

സയന്‍സ്/ടെക്നോളജി

വേണമെങ്കില്‍ തിരക്കഥയും എഴുതും, ആരെ വേണമെങ്കിലും അഭിനയിപ്പിക്കുകയും ചെയ്യും; ഇന്ത്യന്‍ സിനിമയ്ക്കും വില്ലനാകുമോ എ ഐ ?

എ ഐ യുടെ ഭീഷണി ആശങ്കപ്പെടുത്തുന്നത് ഇന്ത്യന്‍ സിനിമ മേഖലയില്‍ തൊഴിലെടുക്കുന്ന എട്ടരലക്ഷത്തോളം മനുഷ്യരെയാണ്

                       

അതിവേഗം ബഹുദൂരം കാലത്തിന് മുന്നേ ടെക്നോളജി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ആ ഓട്ടത്തില്‍ മുന്‍പന്തിയിലുണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. സിനിമകളിലടക്കം പല മേഖലകളിലും എ ഐ യുടെ ഉപയോഗം വ്യാപകമായി കഴിഞ്ഞിരിക്കുന്നു. ഗുണത്തോടൊപ്പം ദോഷവും ചെയ്യുന്ന എ ഐ പലകാര്യങ്ങളിലും മനുഷ്യനെക്കാള്‍ വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഇതിന്റെ ഗുണദോഷങ്ങള്‍ പല മേഖലകളെയും ബാധിക്കും.

ടെക്‌നോളജിയുടെ ഉപയോഗവും കാലത്തിനനുസരിച്ച് വ്യത്യാസപ്പെടുകയാണ്. ഭൂമിക്ക് താഴെ എന്തും ഗൂഗിള്‍ ചെയ്യാം എന്നതൊക്കെ പഴങ്കഥയാവുകയാണ്. ഇതുവരെ ഗൂഗിളിന്റെ സെര്‍ച്ച് ലിസ്റ്റില്‍ കിട്ടുന്ന ലിങ്കുകളില്‍ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കേണ്ടത് ഉപയോഗിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്തമായിരുന്നു. അത് തന്നെ ആയിരുന്നു ഗൂഗിളിന്റെ വരുമാനവും. എന്നാലിപ്പോള്‍ മനുഷ്യ വിചാരങ്ങളും വികാരങ്ങളും പോലും യന്ത്രംകയ്യടക്കുമെന്ന ആശങ്കയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ഈ ലോകം കൂടുതല്‍ കലുഷിതമാകും. ഇന്നത്തെ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഡിജിറ്റല്‍ ഇടങ്ങളിലാണെന്നോര്‍ക്കണം. ഇനിയുള്ള കാലത്ത് ഡിജിറ്റല്‍ സാക്ഷരത ഇല്ലാതെ ജീവിക്കുക അസാധ്യമാണ്.

തിരിച്ചറിയാന്‍ സാധിക്കാതെ വിധം കൃത്രിമമായി ചെയ്യാന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കുമെന്നതിനാല്‍ അതുയര്‍ത്തുന്ന ആശങ്കകള്‍ വളരെ വലുതാണ്. ഇതില്‍ എ ഐ ഏറ്റവും കൂടുതല്‍ ആശങ്കയുളവാക്കുന്ന ഒരു മേഖല സിനിമയാണ്. ഒരു സിനിമയുടെ പ്രാരംഭ ഘട്ടം മുതല്‍ അത് റിലീസ് ആകുന്നത് വരെ ഒരുപാട് മനുഷ്യരുടെ അദ്ധ്വാനവും അതുപോലെ സമയവും ആവശ്യമാണ്. എന്നാല്‍ എ ഐ ഇപയോഗിച്ചു കൊണ്ട് ഈ അദ്ധ്വാനവും സമയവും നേര്‍ പകുതിയാക്കി കുറക്കാന്‍ സാധിക്കും.

ഡീപ്പ് ഫേക്ക് പോലുളള എ ഐ യുടെ സാധ്യതകളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പല വാര്‍ത്തകളും പല വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ വലിയ വാര്‍ത്ത വിഷയമായപ്പോഴും പതിനായിരിക്കക്കണക്കിന് ആളുകളുടെ ജീവനോപാധിയായ ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ എ ഐ മൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ പറ്റി ആര്‍ക്കും ഒന്നും പറയാനില്ലായെന്നത് വളരെ വിചിത്രമാണ്.

സംവിധായകന്‍ ശേഖര്‍ കപൂര്‍, 1983 പുറത്തിറങ്ങിയ തന്റെ അരങ്ങേറ്റ ചിത്രമായ മസൂം-ന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ എ ഐയുടെ സഹായം തേടുകയുണ്ടായി. അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് സിനിമയുടെ സങ്കീര്‍ണതകള്‍ മനസിലാക്കി നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് എ ഐ സ്‌ക്രിപ്റ്റ് തയ്യാറാക്കി നല്‍കിയത്. ഒരു കൂട്ടം തിരക്കഥാകൃത്തുക്കള്‍ ആഴ്ചകളോളം സമയമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ചെയ്ത് തീര്‍ക്കാന്‍ നിമിഷങ്ങള്‍ മാത്രം മതിയെന്നതിനാല്‍ എ ഐ യുടെ ഭാവി ഒരു പക്ഷെ അരാജകത്വം നിറഞ്ഞതായിരിക്കുമെന്നാണ് ശേഖര്‍ കപൂര്‍ പറയുന്നത്.

2019-ലെ ഡിലോയിറ്റ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 850,000 ആളുകള്‍ ജോലി ചെയുന്ന ലോകത്തിലെ വലിയ ചലച്ചിത്ര വ്യവസായങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രി. ഇവിടെ എ ഐ വ്യാപകമായി അതിന്റെ വേരുറപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ആശങ്കയിലാഴ്ത്തുന്നത് ഈ 850,000 മനുഷ്യരെ കൂടിയാണ്. കൂടാതെ എ ഐയുടെ മറ്റൊരു സാധ്യതയായ ഡീപ്പ് ഫേക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോകള്‍ ഇന്റര്‍നെറ്റ് കീഴടക്കുമ്പോള്‍ എ ഐ യുടെ ഉപയോഗം ധാര്‍മികപരമായ ചോദ്യങ്ങളും ഉയര്‍ത്തുന്നു.

2023 ല്‍ യു എസില്‍ നടന്ന അഭിനേതാക്കളുടെയും എഴുത്തുകാരുടെയും സമരത്തിന്റെ പ്രധാന കാരണം ടെലിവിഷന്‍ സിനിമ നിര്‍മാണ രംഗത്തുള്ള എ ഐ യുടെ അമിതമായ ഉപയോഗമായിരുന്നു. മാസങ്ങളോളം ഹോളിവുഡിനെ സ്തംഭിപ്പിക്കാന്‍ പോന്ന തരത്തിലുള്ളതായിരുന്നു സമരം. സത്യത്തില്‍ ഇന്ത്യയില്‍ സിനിമ ടെലിവിഷന്‍ നിര്‍മാണ രംഗത്തെ എ ഐയുടെ ഉപയോഗത്തെ പറ്റി ഇതുവരെ യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി വേണ്ട തീരുമാനങ്ങളെടുക്കേണ്ട സമയം സമാഗതമായിരിക്കുന്നുവെന്നും എ ഐ ഓരോ നിമിഷവും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ പറയുന്നു.

2021-ല്‍ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് കാഡ്ബറി ആരംഭിച്ച പരസ്യ ക്യാമ്പയിനായി തന്റെ മുഖവും ശബ്ദവും നല്‍കിയ ആദ്യത്തെ ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. ഈ പരസ്യം വഴി കൊവിഡ് മഹാമാരിയുടെ കാലത്ത് കാഡ്ബറിയുടെ വില്പന വര്‍ധിപ്പിക്കുന്നതിന് വലിയ രീതിയില്‍ സഹായകമായിരുന്നു.

കാഡ്ബറിയുടെ പരസ്യ ക്യാമ്പയ്ന്‍ രാജ്യത്തുടനീളം 300,000 പരസ്യങ്ങള്‍ സൃഷ്ടിച്ചുവെന്നാണു പരസ്യ ഏജന്‍സിയായ ഒഗില്‍വി ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ സുകേഷ് നായക് പറഞ്ഞത്. പലതരത്തിലുള സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് തങ്ങള്‍ ഈ പരസ്യ ക്യാമ്പയ്ന്‍ കൈകാര്യം ചെയ്തതെന്നും തെരഞ്ഞെടുത്ത വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തങ്ങളുടെ ക്യാമ്പയ്ന്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂവെങ്കില്‍ കൂടിയും അത് വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍