UPDATES

മഞ്ഞുമ്മലെ പിള്ളേരും കാതലര്‍ എഴുതും കവിതയും

അഭിമാനത്തോടെ വരും കാലത്തെ നോക്കാനിപ്പോള്‍ കഴിയും എന്നാണ്, ‘മഞ്ഞുമ്മല്‍ ബോയ്സ്’ നമ്മുക്ക് തരുന്ന ഉറപ്പ്

                       

കണ്‍മണീ, അന്‍പോട് കാതലന്‍ നാനെഴുതും കടിതമേ… എന്ന് പാടിയാണ് ഞങ്ങള്‍ വളര്‍ന്നത്. ഇളയരാജയും ഗുണയും കമലഹാസനും രക്തത്തിലുള്ളതാണ്.

പ്രിയപ്പെട്ടവളേ, നിന്റെ ഞാന്‍, ഏറ്റവും സ്നേഹത്തോടെ എഴുതുന്നതെന്തെന്നാല്‍, പൊന്‍ മണീ, നിനക്ക് സുഖമല്ലേ? എനിക്കിവിടെ സുഖം(പൊന്‍മണീ, നിന്‍ വീട്ട് സൗഖ്യമാ? നാന്‍ ഇങ്ക് സൗഖ്യമേ!). ഇതിലെല്ലാം ഉണ്ട്. നിന്നെ എന്നി പാര്‍ക്കയില്‍ കവിത കൊട്ടത്, അത് എഴുത നിനക്കയില്‍ വാര്‍ത്ത മുട്ടത്. നിന്നെ കാണുമ്പോഴെല്ലാം കവിത വരും. പക്ഷേ അത് എഴുതാനെനിക്ക് ഭാഷയില്ല.

കമലഹാസന്‍ മാത്രമല്ല, മലയാളത്തിന്റെ മഹാനായ സിനിമാറ്റോഗ്രാഫര്‍ വേണും ചേര്‍ന്നുണ്ടാക്കിയതാണ് ഗുണ. മലയാളനാടും തമിഴ്നാടും സ്വന്തമാണ് എന്ന് പറയുന്ന സിനിമ. മഞ്ഞുമ്മല്‍ ബോയ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഗുണയാണ്.

‘മനിതര്‍ ഉണര്‍ന്തുകൊള്ള, ഇത് മനിത കാതല്‍ അല്ല, അല്ലെ അല്ലെ, അല്ലെ, അതെയും താണ്ടി പുനിതമാനത്…” എന്ന് കമലഹാസന്റെ ആഹ്ലാദക്രോശത്തില്‍ നിന്നാണ് മഞ്ഞുമ്മലെ പിള്ളേരുടെ സൗഹൃദാഘോഷത്തിന്റെ പിറപ്പ്.

പത്ത് പതിനഞ്ചിരുപത് കൊല്ലം മുമ്പാകണം, സര്‍വ്വര്‍ക്കും മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത കാലമാകണം, ഉള്ളവരുടെ തന്നെ ഫോണില്‍ ക്യാമറയും ഫ്ളാഷ് ലൈറ്റുമൊന്നും വന്നിട്ടില്ലാത്ത കാലത്താകണം, എറണാകുളത്തെ ഏലൂരിനുടുത്ത് മഞ്ഞുമ്മലില്‍ നിന്ന് പതിനൊന്ന് പിള്ളേര്‍ ഒരു ക്വാളിസില്‍ കുത്തിനിറച്ചിരുന്ന് കൊടൈക്കനാല്‍ വരെ ടൂറ് പോയി.

അതൊക്കെ അക്കാലത്ത് പതിവായിരുന്നു. ആമ്പിള്ളേരുടെ നാട്ടിന്‍പുറസംഘങ്ങളൊക്കെ ഒരുമിച്ച് ടൂറ് പോകും. പുതുനാട് കാണുന്നതിലുള്ള ഹരമല്ല, ഒരുമിച്ചുള്ള യാത്രയുടെ ഹരമാണ് അവരെ നയിക്കുന്നത്. ഏത് നേരവും പരസ്പരം പിണങ്ങും, പറയാന്‍ പാടില്ലത്തതൊക്കെ പരസ്പരം പറയും. വിലകുറഞ്ഞ മദ്യത്തില്‍ സ്വയം മുക്കും. കൂട്ടത്തില്‍ കള്ളുകുടിക്കാത്തവന്‍ മടുപ്പില്ലാതെ സര്‍വ്വരേയും ചുമക്കും. അവസാനം കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. അതിര്‍ത്തികളില്‍ മാസങ്ങളോളം ക്യാമ്പുകളില്‍ ഒരുമിച്ച് കഴിയുന്ന പട്ടാളക്കാരെ കുറിച്ച് സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയും: സര്‍വ്വര്‍ക്കും കൂട്ടത്തിലുള്ള സര്‍വ്വരുടേയും അണ്ടര്‍വെയര്‍ കണ്ടാല്‍ പോലും വേര്‍ തിരിച്ചറിയാന്‍ പറ്റുന്ന പരിചയത്തിലേയ്ക്ക് വരുമെന്ന്. ഉണ്ണുന്നതും ഉറങ്ങുന്നതും അലക്കുന്നതും കുളിക്കുന്നതും ഒരുമിച്ചാണ്. അതുപോലൊരു ആണ്‍കൂട്ടാണ് ഇവരുടേതും.

പക്ഷേ, കൂട്ടത്തിലൊരുവന്റെ ഉയിര് പോകുമെന്ന് കണ്ടാല്‍ ഇവര്‍ ചങ്ക് പറച്ച് കൂടെ നില്‍ക്കും. നിങ്ങളിവിടെയിട്ട് കത്തിക്കുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാലും അവനില്ലാതെ തിരികെ പോകില്ല എന്ന് കൂട്ടത്തിലേറ്റവും ധൈര്യം കുറഞ്ഞവന്‍ വരെ പറയും. അതാണ് കൂട്ടുകളെ കൂട്ടുകളായി നിലനിര്‍ത്തുന്നത്. അവരങ്ങനെയാണ് വളര്‍ന്നത്. അവരുടെ ജീവിതത്തിലെ സകല ഒളിച്ച് കളികളിലും അവര്‍ വീണ്ടും വീണ്ടും അവരെ തന്നെ കണ്ടെത്തി ആഹ്ലാദിച്ചു.

അനേകം പേര്‍ നാട്ടിന്‍പുറങ്ങളില്‍ നിന്ന് അക്കാലത്തും പില്‍ക്കാലത്തും യാത്രപോയി. അതിലീ മഞ്ഞുമ്മലെ പിള്ളേരുടെ യാത്രയില്‍ ഒരു സംഭവമുണ്ടായി. ചെറിയൊരു സംഭവമേ ഉള്ളുവെന്നാണ് അവര്‍ക്ക് തോന്നിയത്. പക്ഷേ അത് ഒരു അത്ഭുതാവഹമായ, മനോഹര സിനിമയോളം വലുതായി ഇന്ന് നില്‍ക്കുന്നു.

അക്കാലത്ത് മഞ്ഞുമ്മല് നടക്കാവുന്ന കല്യാണ രാത്രികളിലൂള്ള സ്വഭാവികമായ ഒരു വിരുന്നിലാണ് എല്ലാം ആരംഭിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറയുമായി ഒരു കല്യാണ വീട്ടില്‍ പ്രവേശിക്കുന്നത് പോലെ സ്വഭാവികം. അവിടെ കൗട്ടയായി പെടച്ച് നിന്ന് ബ്രേക്ക് ഡാന്‍സ് കളിക്കുന്ന സുഭാഷും കര്‍മ്മ നിരതനായ കുട്ടനും കുപ്പായം ചുളുങ്ങാത്ത സുധീഷും പ്രാന്തനായ സിജുവും അവന്റനിയന്‍ സിക്സണും അടക്കം കുറേ പേര്. ജീവിതത്തില്‍ ഒരു വടംവലിയും ജയിക്കാത്ത, പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന മിടുക്കോ കഴിവോ പ്രതിഭയോ ഇല്ലാത്ത ഒരു സംഘം പിള്ളേര്‍. പിള്ളേരെന്ന് പറയുമ്പോ എല്ലാവരും പിള്ളേരൊന്നുമല്ല. കെട്ട് പ്രായം കഴിഞ്ഞ്, മൊട്ടയായി തുടങ്ങിയ കുട്ടന്‍ മുതല്‍ കട്ടക്കലിപ്പും പട്ടിണിയുമല്ലാതെ കയ്യിലൊന്നുമില്ലാത്ത സുഭാഷ് വരെ ഒരു സംഘം വെടിപ്പല്ലാത്ത ചെറുപ്പക്കാര്‍. പക്ഷേ അവരുടെ ജീവിതത്തിലേയ്ക്ക് പതുക്കെ നമ്മളെ ക്ഷണിക്കുകയാണ് സിനിമ. അവര്‍ നമുക്ക് സുപരിചിതരാകും വൈകാതെ. ആത്യന്തികമായി, വിചിത്രങ്ങളായ സ്വഭാവ വിശേഷങ്ങളും രീതികളുമുള്ള, ഒരു സംഘം സാധുക്കളാണ് അവര്‍ എന്ന് നമ്മളോട് സിനിമ പറയുന്നുണ്ട്.

പഴയ ബ്രേക്ക് ഡാന്‍സിലും വടംവലിയെന്ന ഗ്രാമീണ മലയാളി യുവാക്കളുടെ ആണ്‍പോരിമയിലും മറ്റെന്തിനും അപ്പുറത്തായി ഉള്ള സൗഹൃദങ്ങളിലും തടഞ്ഞ് നില്‍ക്കുമ്പോഴും, നമുക്കറിയാം, ഇതിന്റെ കഥയെന്താണ് എന്ന്. നമ്മള്‍ ഗുണയിലെ പാട്ടുകേട്ടു. കൊടൈക്കനാലിലേയ്ക്കാണ് ഇവര്‍ പോകുന്നത് എന്നറിഞ്ഞു. നമുക്കറിയാം എന്ത് സംഭവിക്കുമെന്ന്. കാത്തിരിക്കാന്‍ നമ്മള്‍ തയ്യാറാണ്.

പിന്നെയൊന്നുമില്ല. പിന്നെയെല്ലാം സ്വഭാവികമാണ്. എല്ലാ ടൂറുകളും പോലെ. ആണൂക്കും മണ്ടത്തരങ്ങളും കള്ളിന്റെ പൊളിയും വെളിവ് കേടും നിറഞ്ഞ രണ്ട് ദിവസം. പക്ഷേ സകല രസവും പാളിപ്പോകുന്ന ഒരു യാദൃശ്ചികത വരും. അവസാനമൊരു നിമിഷം ഏറ്റവും സന്തോഷത്തോടെ, സ്വഭാവികമായി ഏറ്റവും ആനന്ദത്തില്‍ നാം നടക്കുന്ന ഒരു നേരമാകും അത്. മുന്നില്‍ നടന്ന് പോയ ചങ്ങാതിയെ ഒരു നിമിഷം നമ്മള്‍ കാണില്ല. അവന്‍ പോയി മറഞ്ഞ ഗര്‍ത്തമേത് എന്ന് അത്ഭുതപ്പെടും. അപ്പോള്‍ നമ്മള്‍ നിരായുധരും നിസഹായരും നിസ്വരും നിശബ്ദരും നില്‍ക്കക്കള്ളിയില്ലാത്തവരുമാകും. നമ്മളെ പോലെ ഭാഗ്യഹീനര്‍ വേറെയുണ്ടാകില്ല.

സുഭാഷ് ദൈവത്തെ കണ്ടിട്ടില്ല. ആകാശത്ത് നിന്ന് വരുന്നൊരു വെളിച്ചത്തെ കുറിച്ചുള്ള കൂട്ടുകാരന്റെ വാക്കുകേട്ട് മുകളിലേക്ക് നോക്കുമ്പോള്‍ ഇരുട്ടല്ലാതെ വേറൊന്നും കാണില്ല. പക്ഷേ, അവന്‍ വെളിച്ചത്തെ മോഹിക്കുന്ന ദിവസം വരുമെന്ന് നമുക്കറിയാം. ആകാശത്ത് നിന്ന് വരുന്ന വെളിച്ചം അത്ഭുതം തന്നെ; പക്ഷേ അതൊരുക്കുന്നവന്‍ ദൈവമല്ല, ദൈവമായി മാറാന്‍ ശേഷിയുള്ള നിങ്ങളുടെ ചങ്ങാതിയാണ് എന്നാണ്, പക്ഷേ അവനും നമ്മളും തിരിച്ചറിയുന്നത്.

യാര്‍ യാര്‍ ശിവം ? നീ , നാന്‍ ശിവം ! ആരാണ് ദൈവം? നീയും ഞാനുമാണ് ദൈവം !

മഞ്ഞുമ്മല്‍ ബോയ്സ് ആത്യന്തികമായി ഒരു സര്‍വൈവല്‍ ത്രില്ലറാണ്. പക്ഷേ അതുമാത്രമല്ല. മാളൂട്ടിയോ നമ്മള്‍ പരിചയിച്ച പതിവ് സിനിമകളോ അല്ല ഇത്. ഇതിന്റെ ജനുസും മാനിഫെസ്റ്റേഷനും വേറെയാണ്. അത് സിനിമയെ അപാരമായ കണ്‍വിക്ഷനോടെ സമീപിക്കുന്ന ഒരു പുതു സംഘം ചെറുപ്പക്കാരുടെ പ്രയത്നത്തിന്റെ അടയാളമാണ്.

ഇവിടെ സിനിമാറ്റോഗ്രാഫിയും എഡിറ്റിങും സൗണ്ട് ഡിറക്ഷനും മ്യൂസിക്കും പ്രൊഡക്ഷന്‍ ഡിസൈനും എഴുത്തും കൈകോര്‍ത്ത് നില്‍ക്കും. സൗബിനോ ഭാസിയോ ബാലുവോ അഭിറാമോ ദീപകോ ജീന്‍പോളോ സലിമിന്റെ മകന്‍ ചന്തുവോ ഇവിടെ കൂടുതലായി ഒന്നും ചെയ്യുന്നില്ല. മഞ്ഞുമ്മലെ പിള്ളേരുടെ ഡ്രൈവര്‍ ആയി ഒരുവനുണ്ട്. യാത്രയില്‍ അവരില്‍ ഒരാളാകുന്ന, ഒരുവന്‍. ഉണ്ടയും തല്ലുമാലയുമൊക്കെ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഖാലിദ് റഹ്‌മാനല്ലേ എന്ന് നാം സംശയിക്കുന്നതാ. അത് മഞ്ഞുമ്മലെ പിള്ളേരുടെ ചങ്ങാതിയാണ്. അങ്ങനെയാണ് അസാമാന്യമായ കൈയ്യൊതുക്കത്തോടെ അവരെ കഥാപാത്രങ്ങളായി ചിദംബരം എന്ന സംവിധായകന്‍ നിലനിര്‍ത്തുന്നത്.

നമ്മള്‍ കണ്ടത് താരങ്ങളെ അല്ല. സൗബിന്‍ ഷാഹിര്‍ എന്ന വലിയ ആക്ടര്‍/പ്രൊഡ്യൂസര്‍/സംവിധായകനെ നമ്മള്‍ കണ്ടിട്ടില്ല. കുട്ടനുണ്ടായിരെുന്നു സിനിമയില്‍, അത്രതന്നെ. അങ്ങനെ പലരും. പക്ഷേ സുഷിന്‍ ശ്യാമിനേയും ഷൈജു ഖാലിദിനേയും അജയന്‍ ചാലിശേരിയേയും വിവേക് ഹര്‍ഷനേയും നമ്മള്‍ കാണും. കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന മ്യൂസിക് ഡയക്ടറും സിനിമോട്ടോഗ്രാഫറും പ്രൊഡക്ഷന്‍ ഡിസൈനറും എഡിറ്ററും. അവരാണ് ‘ജാനേമന്‍’ എന്ന കോമഡി ഡ്രാമയില്‍ നിന്ന് ഇത്തരമൊരു സിനിമാറ്റിക് അനുഭവത്തിലേയ്്ക്ക് വളരാന്‍ ചിദംബരത്തിന് കൂട്ട് നില്‍ക്കുന്നത്.

ഒന്നാം പകുതിയില്‍, ആഹ്ലാദത്തിന്റെ ഏതാണ്ടൊരു മൂര്‍ദ്ധന്യത്തില്‍, ഒരു സെക്കന്‍ഡ് കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരഭാവവും അതിന് ശേഷമുള്ള ഒരു നിശബ്ദതയുമുണ്ട്. അതിന്റെ ഒരു കട്ടുണ്ട്. ഒരു എഡിറ്റ് ടേബിളില്‍ സൃഷ്ടിക്കപ്പെടുന്ന മൂഡ് ഷിഫ്്റ്റ്! വൗ എന്ന് കൈയ്യടിക്കാന്‍ തോന്നും.

കിളി പോയി എന്ന് നമ്മള്‍ വിധിച്ചവന്‍ രണ്ടാം പകുതിയില്‍ ഒരിടത്ത് അന്തം വിട്ട് നില്‍ക്കും. അവനാണ് പക്ഷേ പരിചിതമായ ഒരു താളത്തിലേയ്ക്ക് നമ്മളെ തിരിച്ച് കൊണ്ടുവരുന്ന സാമന്യ ബുദ്ധിയുടെ വെളിച്ചം വീശുന്നത്. ശോ, അതിന്റെ അവതരണത്തില്‍ തീയേറ്ററിന്റെ ഇരുട്ടില്‍ സൃഷ്ടിക്കപ്പെടുന്ന രോമാഞ്ചമുണ്ട്. ‘ഗുണ’ എന്ന സിനിമ നൊസ്റ്റാള്‍ജ്യ പൊളിച്ച് പുറത്ത് വന്ന് യഥാര്‍ത്ഥ അനുഭവമാകുമ്പോള്‍. തീയേറ്റര്‍ കോരിത്തരിക്കും. കൈയടികള്‍കൊണ്ട് നമ്മള്‍ ഉന്മത്തരാകും. വെളിച്ചം ദൈവമായി ഇരുട്ടിനെ അപഹരിക്കും. നൂറടിക്ക് താഴെയുള്ള ഓക്സിജനില്ലായ്മയില്‍ നിന്ന് നാം ദീര്‍ഘശ്വാസമെടുത്ത് തിരിച്ച് കയറും.

അതുകൊണ്ട് അവിടെ തീരുന്നതാണ് സിനിമ എന്ന് തെറ്റിദ്ധരിക്കരുത്.

കുട്ടന്റെ അച്ഛനും സുഭാഷിന്റെ അമ്മയും ഒരു കൂട്ടം നാട്ടുകാരും കൂട്ടുകാരും ടെമ്പോട്രാവലറിലായിരുന്നു ടൂറെങ്കില്‍ കൂടെയുണ്ടാകാമായിരുന്ന മറ്റുള്ളവരും ചേര്‍ന്നുള്ള ഒരു വലിയ മഞ്ഞുമ്മലുണ്ട്. അവിടെ സുഭാഷും കുട്ടനും വേറെയുമുണ്ട്. നാമവരെ പരിചയപ്പെട്ടിട്ടില്ല എന്നേ ഉള്ളൂ. ആ ഗ്രാമത്തിന്റെ കഥ കൂടിയാണിത്. കുട്ടന്റെ അച്ഛന്‍ കൊടൈക്കനാലിലേയ്ക്കുള്ള വഴികള്‍ പലതുണ്ട് എന്ന് പറയുന്നുണ്ട്. മഞ്ഞുമ്മലെ മുന്‍ തലമുറ സഞ്ചരിച്ച വഴികളേത്, അവര്‍ ടൂറുപോയ ദേശങ്ങളേത് എന്ന് നമുക്കറിയില്ല എന്നേ ഉള്ളൂ. അവരുടെ കഥ ഒരു തമിഴ് പത്രത്തിലും അച്ചടിച്ച് വന്നിട്ടില്ല എന്നേയുള്ളൂ.

സിനിമയുടെ കാതലര്‍ എഴുതുന്ന കടിതമാണ് മഞ്ഞുമ്മല്‍ ബോയ്സ്! പ്രേമ കടിതം. ഗുണയ്ക്ക്, കമല ഹാസന്, സന്താനഭാരതിക്ക്, വേണുവിന്, ഇളയരാജയ്ക്ക്, ജാനകിക്ക്, എസ്.പിക്ക്…ഭൂതകാലത്തിന് ആനന്ദത്തോടെ നന്ദി പറഞ്ഞുകൊണ്ട് തന്നെ അഭിമാനത്തോടെ വരും കാലത്തെ നോക്കാനിപ്പോള്‍ കഴിയും എന്നാണ്, ‘മഞ്ഞുമ്മല്‍ ബോയ്സ്’ നമ്മുക്ക് തരുന്ന ഉറപ്പ്. അതിന് നന്ദി.

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍