സൗബിനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അയാളുടെ കൂട്ടുകാരെ കുറിച്ച് പറഞ്ഞുതീര്‍ക്കേണ്ടിവരും
2012 ജൂണിലാണ് സൗബിനെ ആദ്യം കാണുന്നത്. ആഷിഖ് അബു സംഘത്തിനൊപ്പം. 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് ആഷിഖിന്റെ ഒരു അഭിമുഖം അന്നു പ്രവര്‍ത്തിച്ചു വന്നിരുന്ന മാഗസിനു വേണ്ടി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്റര്‍വ്യൂ വിത്ത് ഫോട്ടോ ഷൂട്ട് രീതിയിലായിരുന്നു പ്ലാന്‍ ചെയ്തത്. കൊച്ചിയില്‍ ജോര്‍ജ് ഈഡന്‍ റോഡിലുള്ള, ഫോട്ടോഗ്രാഫര്‍ നിയാസ് മരിക്കാറുടെ വീട്ടിലാണ് ഷൂട്ട്. അങ്ങോട്ട് എത്തിക്കോളാമെന്ന് ആഷിഖ് വാക്കു തന്നു. ഉച്ച കഴിഞ്ഞാണ് എത്താമെന്നു പറഞ്ഞിരുന്നത്. ഭക്ഷണം കഴിഞ്ഞ് സംവിധായകനെയും കാത്തിരിക്കുകയാണ്. രണ്ടു ചെറിയ കാറുകള്‍ വീടിനു മുന്നില്‍ വന്നു നിന്നു. അതൊരല്‍പ്പം അത്ഭുതമുണ്ടാക്കി. ആഷിഖിനെയും ഒപ്പം ശ്യാമിനെയും ദിലീഷിനെയും (22 എഫ് കെയുടെ രചയിതാക്കളായ ശ്യാം പുഷ്‌കരനും ദിലീഷ് നായരും) പ്രതീക്ഷിച്ചിരുന്നു. പക്ഷേ രണ്ടു വണ്ടി നിറയെ വരാന്‍ ആരൊക്കെ?
അന്നവര്‍ ഒമ്പതു പേരാണ് ഇറങ്ങിയത്. ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍, ഷൈജു ഖാലിദ്, സന്ദീപ്, സൗബിന്‍ ഷാഹിര്‍, മധു, വിഷ്ണു. ഇപ്പോഴിവരെയാരെയും പ്രത്യേകം എടുത്തു പറഞ്ഞു പരിചയപ്പെടുത്തേണ്ടതില്ലല്ലോ!
അന്നത്തെ അഭിമുഖത്തില്‍ ഒന്നും സംസാരിച്ചില്ലെങ്കിലും, ഒരിക്കലും പിരിഞ്ഞുപോകില്ലെന്ന വാശിപോലെ മുഖത്ത് വന്നിരിക്കുന്ന ചിരിയുമായി, അത്രനേരവും ആ കൂട്ടത്തിന്റെ ഓളത്തിനൊപ്പം ഒഴുകിക്കൊണ്ടിരുന്ന ചെറുപ്പക്കാരനായിരുന്നു സൗബിന്‍. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള അടുത്ത സംവിധായകനെന്ന നിലയിലാണ് ആഷിഖ് സൗബിനെ പരിചയപ്പെടുത്തിയത്. നല്ലൊരു സിനിമയുമായി വരുന്ന സംവിധായകനെ പ്രതീക്ഷിച്ചെങ്കിലും സൗബിനെ വീണ്ടും കാണുന്നത് അന്നയും റസൂലും എന്ന ചിത്രത്തിലാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരാളെ തിരിച്ചറിയുന്നതുപോലെ, ആ സിനിമയില്‍ സൗബിനെ പെട്ടെന്നു മനസിലായതും ഒരു വര്‍ഷം മുന്‍പത്തെ ആ കൂടിക്കാഴ്ച മനസില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്.
കാമറയ്ക്കു പിന്നില്‍ നില്‍ക്കേണ്ടയാള്‍ അതിനു മുന്നിലേക്ക് വന്നതിനു കാരണം അയാളുടെ കൂട്ടുകാരായിരുന്നു. കൊച്ചിയിലെ സിനിമാക്കാര്‍ എന്നു പറഞ്ഞാല്‍ അതൊരു ചങ്ങാത്ത സംഘമാണ്. മദ്രാസില്‍ നിന്നും തിരുവനന്തപുരത്തു നിന്നുമെല്ലാം കൊച്ചിയില്‍ വന്ന് മലയാള സിനിമ കൂടുകൂട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും മലയാള സിനിമാ ലോകത്ത് ഒരു റിബല്‍ അല്ലെങ്കില്‍ ലിബറല്‍ ഗ്രൂപ്പ് ഉണ്ടാകുന്നത് മേല്‍പ്പറഞ്ഞ ചങ്ങാതിമാരുടെ കൂട്ടമാണ്. അവരെ, ഒന്നുകൂടി ചുരുക്കി മഹാരാജാസിലെ സിനിമാക്കാര്‍ എന്നും വിളിക്കാം. രാജീവ് രവി, പിന്നാലെ അമല്‍ നീരദ്, തുടര്‍ന്ന് അന്‍വര്‍ റഷീദ്, വിനോദ് വിജയന്‍, ആഷിഖ് അങ്ങനെ ഒരു ചെയിന്‍പോലെ നില്‍ക്കുന്ന സിനിമാക്കാര്‍, അവരില്‍ നിന്നും വീണ്ടും മുളച്ചു വളര്‍ന്നവരും.
90കള്‍ക്ക് ഇപ്പുറത്തേക്ക് മലയാള സിനിമയെ എപ്പോഴും ഒരു സുഹൃദ് സംഘം നിയന്ത്രിച്ചിരുന്നു. ഒരിക്കല്‍ പ്രബലരായിരുന്നവര്‍ തിരുവനന്തപുരത്തുകാരായിരുന്നു. ഇവര്‍ക്കു ബദലായി കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു സംഘം രൂപപ്പെട്ടു വന്നെങ്കിലും ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീട് സിനിമ കൊച്ചിയില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥലനാമങ്ങള്‍ മാറി, വ്യക്തിനാമങ്ങളായി. അതേക്കുറിച്ചൊന്നും കൂടുതലായി വിശദീകരിക്കേണ്ടതില്ലല്ലോ. ഇങ്ങനെയെല്ലാം മലയാള സിനിമ പോകുന്നതിനിടയിലാണ്, ഒറ്റയ്ക്കൊറ്റയ്ക്ക് തുടങ്ങുകയും പിന്നീട് ഒറ്റക്കാലില്‍ നില്‍ക്കാന്‍ ഓരോരുത്തരും പ്രാപ്തരായപ്പോള്‍ ഒരുമിച്ചു കൂടിയും തങ്ങളുടെതായൊരു സിനിമ സംസ്‌കാരം ഒരു കൂട്ടര്‍ മലയാള സിനിമയില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. അവരാണ് മേല്‍പ്പറഞ്ഞ സിനിമാക്കാര്‍.
മുന്‍പ് തിരുവനന്തപുരത്തും കോഴിക്കോടും പിന്നീട് കൊച്ചിയിലുമൊക്കെ ഓരോ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞല്ലോ, അവരൊക്കെ നന്നായി ഗ്രൂപ്പിസം കളിച്ചിരുന്നവര്‍ തന്നെയാണ്. സഹായിക്കുന്നതിനെക്കാള്‍ ഒഴിവാക്കുന്നതിലായിരുന്നു അവര്‍ക്ക് രസം. മതവും ജാതിയുമെല്ലാം അതിനവര്‍ക്കു കാരണമായിരുന്നു. പിന്നീട് ഈ ഗ്രൂപ്പുകളി എത്രത്തോളം വലുതായെന്നും സിനിമയെ അതെത്രമാത്രം ദ്രോഹിച്ചെന്നുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നകാര്യങ്ങള്‍. ഇത്തരം വിധ്വസംകപ്രവര്‍ത്തനങ്ങള്‍ സിനിമയ്ക്കുള്ളില്‍ തന്നെ നടക്കുമ്പോഴാണ് കൊച്ചിക്കാരായ കൂട്ടുകാര്‍ ഇതിനെല്ലാം അപവാദമായി സിനിമയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ആദ്യമെല്ലാം അതിനവര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. നല്ല സിനിമകള്‍ നല്‍കി പ്രേക്ഷകരുടെ വിശ്വാസം നേടി നിലയുറപ്പിക്കാന്‍ കഴിഞ്ഞതോടെ മലയാള സിനിമയെ നല്ലരീതിയില്‍ മാറ്റിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
പറഞ്ഞുവന്നത് സൗബിനെ കുറിച്ചായിരുന്നല്ലോ. സംവിധായകനായി വരുന്നതും കാത്തിരുന്നയാള്‍ നടനായി മാറുന്നതും പിന്നീട് തിരക്കേറിയ താരമായി തീരുന്നതുമെല്ലാം എങ്ങനെയാണ് സംഭവിച്ചതെന്നും ഒറ്റവാക്കില്‍ പറഞ്ഞാല്‍; സൗഹൃദം, അതുതന്നെ. സംവിധായകനാകേണ്ട സൗബിനെ നടനായി പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോഴും അയാള്‍ ചെയ്യേണ്ട സിനിമയെക്കുറിച്ച് അയാള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉത്തമ ബോധ്യമുണ്ടായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറമാണ്, 2017-ല്‍ സൗബിന്‍ സംവിധായകനാകുന്നത്. ‘പറവ’ പറന്നുയര്‍ന്നു. സൗബിനെക്കാള്‍ ആ വിജയത്തില്‍ ആഘോഷിച്ചത് അയാളുടെ കൂട്ടുകാരായിരുന്നു.
സൗബിനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അയാളുടെ കൂട്ടുകാരെ കുറിച്ച് പറഞ്ഞുതീര്‍ക്കേണ്ടിവരും. പറവയുടെ വിജയത്തിനു പിന്നാലെ സൗബിനെക്കുറിച്ച് ആഷിഖ് അബുവിന്റെയൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു; ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യന്ധത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. മഞ്ഞുമ്മല്‍ ബോയ്‌സ് അതിനു മറ്റൊരു തെളിവ്.